Friday 24 July 2020 02:25 PM IST

ആർകിടെക്റ്റ് സ്വന്തം വീട് പണിതാല്‍ എങ്ങനെയുണ്ടാകും: ഇത് ബുദ്ധിപൂർവം ഒരുക്കിയ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

8

മറ്റുള്ളവരുടെ സ്വപ്നങ്ങളെ വീടുകളാക്കി മാറ്റുന്ന മാന്ത്രികരാണ് ആർക്കിടെക്ടുമാർ.  അവർ സ്വന്തമായി വീടു പണിയുമ്പോൾ എന്തൊക്കെ മാജിക് ആയിരിക്കും അവിടെ നിറയ്ക്കുക!! ഫില്ലർ സ്ലാബ്, ജാക്ക് ആർച്ച്, ഓക്സൈഡ് ഫ്ലോറിങ് തുടങ്ങിയ ചില സൂപ്പർ വിദ്യകൾക്കിടം കൊടുത്താണ് ആർക്കിടെക്ട് അമീറ ബെംഗളൂരുവിലുള്ള സ്വന്തം വീട് ഡിസൈൻ ചെയ്തത്. ‘‘ക്ലയന്റിനെ ഇതിനായി പ്രേരിപ്പിച്ചാൽ മാത്രം പോരല്ലോ, സ്വന്തം വീട്ടിൽ ചെയ്തു കാണിക്കണമല്ലോ,’’ആർക്കിടെക്ടിന്റെ പ്രതിബദ്ധത അമീറയുടെ വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ട്.

8

എട്ട് സെന്റിൽ 3,400 ചതുരശ്രയടിയുള്ള പുതിയ വീട്ടിൽ അമീറയും കുടുംബവും താമസം തുടങ്ങിയിട്ട് ആറ് മാസമാകുന്നു. സുഖപ്രദമായിരിക്കണം, എല്ലാ നിലകളും തമ്മിൽ വെർട്ടിക്കൽ കണക്ട് വേണം... കാരണം കുട്ടികൾ വേറെ നിലയിലാണെങ്കിലും കണ്ണെത്തേണ്ടതുണ്ട്, അത്യാവശ്യം പച്ചപ്പ് വേണം, കഴിവതും നാച്വറൽ ആയിരിക്കണം എന്നിങ്ങനെ ചില ആഗ്ര‍‍ഹങ്ങളിലൂന്നിയാണ് അമീറ വീട് വരഞ്ഞെടുത്തത്.

3

എക്സ്റ്റീരിയറിലും ഇന്റീരിയറിലും അനുവർത്തിച്ചിരിക്കുന്ന ആകൃതികളുടെയും ഫിനിഷുകളുടെയും മിശ്രണമാണ് ഈ വീടിന്റെ ഹൈലൈറ്റ്. സൂര്യപ്രകാശത്തെയും പച്ചപ്പിനെയും വീടിനുള്ളിലേക്ക് കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. പ്രകൃതിദത്ത ഫിനിഷുകളോടും ടെക്സ്ചറുകളോടും ഘടകങ്ങളോടുമുള്ള ഇഷ്ടത്തിലൂന്നിയാണ് രൂപകൽപന. ഇഷ്ടിക പാകിയ വഴിയിലൂടെയാണ് വീട്ടിലേക്കു പ്രവേശനം. കിഴക്ക് അഭിമുഖമായാണ് ഫോയർ. പുറത്തെ പച്ചപ്പിലേക്കു തുറക്കുന്ന ജനാലയാണ് വാതിൽ തുറക്കുമ്പോൾ കണ്ണിൽ പെടുക.
ലിവിങ് റൂമിലെ ചെറിയ കോർട്‌യാർഡ് വീടിനകം ഹരിതാഭമാക്കുന്നതോടൊപ്പം ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിനോടു ചേർന്നാണ് ഡൈനിങ് ഏരിയ. ഡൈനിങ്ങിന്റെ മറുവശം തുറക്കുന്നത് മാവ് തണൽ വിരിക്കുന്ന കോർട്‌യാർഡിലേക്കാണ്. എപ്പോൾ വേണമെങ്കിലും ദിശ മാറി വീശുന്ന ബെംഗളൂരു കാറ്റിനെ വിശ്വസിക്കാൻ പറ്റില്ല. എന്നിട്ടും ഈ കോർട്‌യാർഡിലൂടെ  എപ്പോഴും കാറ്റ് വീടിനകത്തേക്ക് ഒഴുകുന്നു.

4

ഡൈനിങ്ങിൽ നിന്ന് വീടിന്റെ ഹൃദയമായ ഡബിൾ ഹൈറ്റിലുള്ള ഫാമിലി ലിവിങ്ങിലേക്ക് പ്രവേശിക്കാം. വലിയ സ്ലൈഡിങ് വാതിലുകൾ തുറക്കുന്നത് ചെറിയ വരാന്തയിലേക്കും വടക്കുകിഴക്കായി ഒരുക്കിയ കൊച്ചു ഗാർഡനിലേക്കുമാണ്. ഡബിൾ ഹൈറ്റ് സ്പേസിന്റെ ജാക്ക് ആർച്ച് സീലിങ് (സ്ലാബിന്റെ കനം കുറയ്ക്കാനായി ഇഷ്ടിക കൊണ്ട് ആർച്ച് കെട്ടുന്ന രീതി) ഒന്നാം നിലയുമായി വെർട്ടിക്കൽ കണക്ട് നൽകുന്നു.

6

താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ് ഏരിയകൾ കൂടാതെ ഒരു ബെഡ്റൂം, പൗഡർ റൂം, പാൻട്രി, അടുക്കള, സർവന്റ്സ് ടോയ്‌ലറ്റ് എന്നിവയാണുള്ളത്. എപ്പോഴും സുഹൃത്തുക്കൾ ഒത്തുകൂടുന്നതിനാൽ പെട്ടെന്ന് കാപ്പിയുണ്ടാക്കാനും ബേക് ചെയ്യാനുമൊക്കെയായി ഒരു കിച്ചനെറ്റ് നൽകി. പ്രധാന കിച്ചൻ വേറിട്ടുതന്നെ നിൽക്കുന്നു.

7

ഒന്നാംനിലയിൽ കാത്തിരിക്കുന്നത് ജീവസ്സുറ്റ കോറിഡോറാണ്. ഈ ഇടനാഴിയിൽ നിന്ന് മൂന്നു കിടപ്പുമുറികളിലേക്കും ലോൺട്രി, സ്റ്റഡി എന്നിവിടങ്ങളിലേക്കും പോകാം. രണ്ടാംനില എന്റർടെയിൻമെന്റ് സോൺ ആയാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ പ്ലേ ഏരിയ–കം–ഹോംതിയറ്റർ ഇവിടെ സ്ഥാനം പിടിച്ചു. റൂഫ് സ്ലാബിൽ കട്ട്ഒൗട്ട് ചെയ്ത് സ്കൈലൈറ്റിൽ ടെറാക്കോട്ട ജാളി നൽകി. ഇതുവഴിയെത്തുന്ന പ്രകാശം ചുമരിൽ നിഴൽച്ചിത്രങ്ങൾ തീർക്കുന്നു.

9

ഫർണിച്ചറിന്റെ ഭൂരിഭാഗവും തെക്കേ ഇന്ത്യൻ ആന്റിക് ഫർണിച്ചർ മാർക്കറ്റുകളിൽനിന്ന് കണ്ടെടുത്ത് പുനരുപയോഗിച്ചു. പഴയ ഫർണിച്ചറിന് പുതിയ ഉപയോഗം കണ്ടെത്തി മാറ്റിയെടുക്കുകയും ചെയ്തു. പോറോതെം കട്ടകൾ കൊണ്ടു കെട്ടിയ വീടിന്റെ കൂടുതൽ ഭാഗവും തേക്കാതെ നിലനിർത്തി. വെള്ള നിറത്തിലുള്ള ചുമരുകളോടും കോൺക്രീറ്റ് ഫിനിഷിനോടും മനോഹരമായി ഇഴുകിച്ചേരുന്നു ഈ തേക്കാത്ത ചുമരുകൾ. എക്സ്റ്റീരിയറിൽ എത്‌നിക്, പ്രാദേശിക ഫിനിഷുകൾ ആധുനിക ഭംഗിയിൽ ആവിഷ്കരിച്ചു.

10


വാസ്തുനിയമങ്ങൾക്കനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. ഇറ്റാലിയൻ മാർബിൾ, തടി, മഞ്ഞ ഓക്സൈഡ് ഫ്ലോറിങ്, സിമന്റ് ടൈൽ, വിട്രിഫൈഡ് ടൈൽ എന്നിവയെല്ലാം പലയിടങ്ങളിൽ ഫ്ലോറിങ്ങിന് ഉപയോഗിച്ചു. ഓരോ ഇടത്തിന്റെയും സ്വഭാവം നിശ്ചയിക്കുന്നതിൽ ഫ്ലോറിങ് പ്രധാന പങ്ക് വഹിക്കുന്നു. കാഴ്ചയിലൂടെയും രചനാഭാഷ്യത്തിലൂടെയും ഈ വീട് നമ്മെ കീഴടക്കുന്നു.
കടപ്പാട്: ബോധി ഡിസൈൻ സ്റ്റുഡിയോ, ബെംഗളൂരു, amirah@bodhidesignstudio.in