Friday 19 February 2021 12:51 PM IST

നാല് സെന്റിൽ ഇത്രയും സൗകര്യങ്ങളോ! ചെലവ് കുറയ്ക്കാനും എട്ട് മീറ്റർ മാത്രമുള്ള പ്ലോട്ടിലെ വീടിനു വലുപ്പം തോന്നിക്കാനും ആർക്കിടെക്ട് ചില കാര്യങ്ങൾ ചെയ്തു.

Ali Koottayi

Subeditor, Vanitha veedu

josna 1

വീട് കാണുമ്പോൾ ഭംഗിയുണ്ടാവണം, പ്ലോട്ട് ചെറുതാണെങ്കിലും മന‍സ്സിൽ കണ്ട സൗകര്യങ്ങൾ എല്ലാം വേണം, വലിയ ചെലവില്ലാതെ പണിതു തീർക്കണം. പാലക്കാട് കൽമണ്ഡപത്തുള്ള ഷാഹിദ് റഹ്മാനും ജസ്ന ഫാത്തിമയും വീടു പണിയാൻ തീരുമാനിക്കുമ്പോൾ ആർക്കിടെക്ടിനോട് പറയാനായി മനസ്സിൽ കരുതിയിരുന്ന കാര്യങ്ങളാണ് ഇതെല്ലാം. പ്ലോട്ട് കണ്ട്, വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം കേട്ടറിഞ്ഞ് താങ്ങാവുന്ന ചെലവിൽ തന്നെ ആർക്കിടെക്ട് ജോസ്ന റാഫേൽ വീട് ഡിസൈൻ ചെയ്തു. ചെറിയ പ്ലോട്ടിൽ ഇടുങ്ങിയ വീടാവുമോ എന്ന ആശങ്ക മറികടന്നതാണ് താമസം തുടങ്ങിയ ശേഷമുളള വീട്ടുകാരുടെ വലിയ സന്തോഷം. വിശാലത തോന്നിക്കാൻ ആർക്കിടെക്ട് കൊണ്ടുവന്ന ടെക്നിക്കുകളാണ് വീടിന്റെ പ്രധാന ഹൈലൈറ്റ്. ഒപ്പം 1400 ചതുരശ്രയടി കന്റെംപ്രറി ശൈലിയിൽ ആകർഷകമായ ഡിസൈനും.

josna6

വീട് വലുതായി തോന്നിച്ചതിന്റെ മറ്റൊരു കാരണം ഇടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയതാണ്. അതായത് വെറുതെ കിടക്കുന്ന ഒരു ഇഞ്ച് സ്ഥലം പോലും ഇല്ല എന്ന് ചുരുക്കം. വീട്ടുകാരുടെ ഇടങ്ങളായി ഒരോ മുക്കും മൂലയും മാറുന്നു. അത്യാവശ്യം മുറ്റം നിലനിർത്തി വീട് പണിയുകയും അത് ഭംഗിയായി ഒരുക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. വീടിന്റെ സൈഡിലാണ് പോർച്ച് നൽകിയത്. കാർ പാർക്ക് ചെയ്ത് ഡൈനിങ്ങിലേക്ക് കയറാവുന്ന രീതിയിലുള്ള ക്രമീകരണം. കാർ പോർച്ച് ട്രസ്സ് ചെയ്ത് ചുറ്റുമതിലിനോട് ചേർന്ന് നൽകിയതുകൊണ്ടുതന്നെ കൂടുതൽ സ്ഥലം അപഹരിച്ചില്ല. ഇവിടുത്തെ പാഷ്യോ കടന്നാണ് അകത്തേക്കുള്ള പ്രവേശനം. ഒപ്പം മുൻവശത്ത് നിന്ന് സിറ്റ്ഔട്ടിലേക്കും കയറാം.

josna4

സ്റ്റെയർകെയ്സിനു താഴെയുള്ള ഭാഗം ചെറിയ കോർട്‌യാർഡാക്കിയിട്ടുണ്ട്. വെളുത്ത പെബിൾസ് നിരത്തി ആകര്‍ഷകമാക്കി. വാഷ്ഏരിയയാണ് ലിവിങ്ങിനെയും സ്റ്റെയറിനെയും വേർതിരിക്കുന്നത്. ഡൈനിങ്ങിനെയും കിച്ചനെയും വേർതിരിക്കുന്നതാവട്ടെ ടിവി യൂണിറ്റും. ഓപൻ കിച്ചന്‍ ആണെങ്കിലും സ്വകാര്യത സംരക്ഷിക്കുന്നു. സ്റ്റെയറിനു നേരെ മുകളിൽ നൽകിയ പർഗോളയാണ് വീടിനകത്ത് വെളിച്ചമെത്തിക്കുന്നതിൽ പ്രധാനി. ആവശ്യത്തിന് നാച്വറൽ ലൈറ്റ് ഇതുവഴി ലഭ്യമാകുന്നു. പകൽ സമയത്ത് അകത്ത് ലൈറ്റിടേണ്ടെന്ന് ചുരുക്കം. ചരിഞ്ഞ മേൽക്കൂര നൽകിയതും അകത്തളത്തില്‍ ചൂട് കുറയ്ക്കുന്നതിനാണ്. കന്റെംപ്രറി ഡിസൈനിനും ചരിഞ്ഞ മേൽക്കൂര ഭംഗി തന്നെയാണ്. പോർച്ചിൽ നിന്ന് ഡൈനിങ്ങിലേക്ക് തുറക്കുന്നത് വലിയ വാതിലാണ്. അകത്തളത്തിൽ കാറ്റ് നിറയ്ക്കാൻ ഇത് ധാരാളം. വലിയ ജനലുകൾ തന്നെയാണ് നൽകിയത്. ഒപ്പം ക്രോസ് വെന്റിലേഷൻ രീതിയിലുള്ള ക്രമീകരണം. കൂടുതൽ വെയിൽ നേരിട്ട് വീടിനകത്തെത്തുന്ന തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ കൂടുതൽ ഓപനിങ് നൽകിയില്ല, പകരം വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് വലിയ ജനലുകള്‍ കൂടുതൽ നൽകിയത്.

josna2

ലളിതമായി, ആവശ്യത്തിന് മാത്രമുള്ളവ ഉൾപ്പെടുത്തിയാണ് അകത്തളം ക്രമീകരിച്ചത്. കൂടുതൽ അലങ്കാരങ്ങൾക്ക് മുതിർന്നിട്ടില്ല. എന്നാൽ ആവശ്യമുള്ളവ വേണ്ടെന്നും വച്ചിട്ടില്ല. കൂടുതൽ ആകർഷകമായി തോന്നുന്ന രീതിയിലാണ് മൂന്ന് കിടപ്പുമുറികളും ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുറികൾ വിശാലമായി തോന്നിക്കുന്നതും. താഴത്തെ നിലയിൽ രണ്ടും മുകളിലെ നിലയിൽ ഒരു കിടപ്പുമുറിയുമാണ് ഒരുക്കിയത്. ഭാവിയിൽ കൂടുതല്‍ കിടപ്പുമുറികൾ ആവശ്യം വരുമ്പോള്‍ ഓപൻ ടെറസ് പ്രയോജനപ്പെടുത്താം.

josna3

ടൈലാണ് ഫ്ലോറിൽ വിരിച്ചത്. നടപ്പാത പോലെ ഹാളിൽ രണ്ട് നിറത്തിലുള്ള‍ ടൈൽ നൽകിയതും ആകർഷകമാണ്. അകത്തളത്തിലെ വെളുത്ത നിറവും വിശാലത തോന്നിക്കാൻ സഹായിക്കുന്നുണ്ട്. ഓരോ ഇടത്തിനും അനുയോജ്യമായ ഫർണിച്ചറും ക്രമീകരിച്ചു. ഇരൂൾ കൊണ്ടാണ് വാതിലുകൾ, വെളുത്ത പെയിന്റ് നൽകി അകത്തളത്തിനോട് ചേരുന്ന രീതിയില്‍ ഒരുക്കി. ഫെറോസിമന്റ് സ്ലാബുകൾ നൽകിയും പ്ലൈവുഡ്, അലുമിനിയം ഷീറ്റിൽ ഷട്ടർ നൽകിയുമാണ് കിച്ചൻ കാബിനറ്റ് ഒരുക്കിയത്. 1400 ചതുരശ്രയടി വീട് 30 ലക്ഷത്തിൽ താഴെ ചെലവിൽ ചെയ്തെടുക്കാൻ കഴിയും എന്നതിന് ഉദാഹരണം കൂടിയാണ് ഈ വീട്.

josna5

 ഡിസൈന്സ്നൻ : ആർക്കിടെക്ട്  ജോസ്ന റാഫേൽ

കാവ്യം ഡിസൈൻസ്, തൃശൂർ, josnaraphaelp@gmail.com

Tags:
  • Vanitha Veedu