Tuesday 05 September 2023 02:48 PM IST : By Sinu K. Cherian

ഈ വീട് വീട്ടുകാരുടേത് മാത്രമല്ല; ഇത് വേണ്ടപ്പെട്ടവരുടെയെല്ലാം വീലോകം

Jil1

വേറിട്ട വീടാണ് ‘വീ ലോകം’. വീട്, വീട്ടുകാരുടേതു മാത്രമാകണം എന്ന വർത്തമാനകാല മനോഭാവം ഇവിടെ പ്രകടമല്ല. വീട്ടുകാർക്കു മാത്രമല്ല; വേണ്ടപ്പെട്ടവർക്ക്, പ്രത്യേകിച്ച് അയൽക്കാർക്കും സുഹൃത്തുക്കൾക്കും കൂടി ഇടവും പരിഗണനയും നൽകുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ‘ഞങ്ങളുടെ ലോകം’ എന്ന അർഥത്തിൽ ‘വീ ലോകം’ (V Lokam) എന്ന് വീടിനു പേരിടാനുള്ള കാരണവും ഇതുതന്നെ.

എറണാകുളത്ത് ഇടപ്പള്ളി ജംക്‌ഷന് സമീപത്താണെങ്കിലും ശാന്തസുന്ദരമായതും പച്ചപ്പ് നിറഞ്ഞതുമായ അന്തരീക്ഷം. അവിടെയുള്ള എഴ് സെന്റിൽ നാലുകെട്ട് മാതൃകയിലൊരു വീട് വേണമെന്ന ആവശ്യവുമായാണ് ലക്ഷ്മിയും വിമലും ആർക്കിടെക്ട് സൗമ്യയെയും ജിൽസിനെയും സമീപിക്കുന്നത്.

Jil2 Sitout & Foyer, Courtyard

14 സെന്റിലുണ്ടായിരുന്ന പഴയ തറവാട് പൊളിച്ച ശേഷം ലക്ഷ്മിയുടെ മാതാപിതാക്കൾ സ്ഥലം രണ്ട് മക്കൾക്കായി വീതിച്ചു നൽകുകയായിരുന്നു. വീതി കുറഞ്ഞ് നീളം കൂടിയ രീതിയിലാണ് പ്ലോട്ട്. ഇവിടെ നാലുകെട്ട് രീതിയിൽ ഒറ്റനില പണിയുക പ്രായോഗികമായിരുന്നില്ല. ഇതു ബോധ്യമായതോടെ, പ്ലോട്ടിന്റെ പ്രത്യേകതകൾക്ക് യോജിക്കുന്ന ‘ട്രോപ്പിക്കൽ ഡിസൈൻ’ എന്ന ആശയത്തിലേക്ക് വീട്ടുകാരെത്തി.

തലമുറകളായി താമസിക്കുന്ന സ്ഥലമാണ്. ചുറ്റുമുള്ളവരെല്ലാം ചിരപരിചിതർ. അയൽക്കാരുമായുള്ള ബന്ധം മുറിയാത്ത രീതിയിൽ വീടൊരുക്കണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആഗ്രഹം. വളരെ പഴക്കമുള്ള ഒരു കണിക്കൊന്ന പറമ്പിലുണ്ടായിരുന്നു. ഇത് മുറിക്കരുതെന്നും ഉണ്ടായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം ഈ രണ്ടു കാര്യങ്ങൾ കൂടി പരിഗണിച്ചാണ് വീടിന്റെ ഡിസൈൻ രൂപപ്പെട്ടത്.

Jil3 Living and Courtyard, Corridor

ചുറ്റുമതിൽ തൊട്ടുതന്നെ ഈ നയത്തിന്റെ പ്രതിഫലനം കാണാം. ഉയരം കുറച്ച്, ഇടയ്ക്ക് ഇരിപ്പിടങ്ങൾ കൂടി വരുന്ന രീതിയിലുള്ള മതിൽ ‌ചുറ്റുപാടുകളെയും ചുറ്റുമുള്ള മനുഷ്യരെയും അകറ്റിനിർത്തുന്നില്ല; പകരം ഒരുമിച്ചിരിക്കാനും ഒത്തുചേരാനുമുള്ള വേദിയാകുന്നു.

വീട്ടുകാർക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള കണിക്കൊന്ന നിലനിർത്താനായി അതിനോട് ചേർന്നുള്ള ഭാഗത്ത് ‘റ’ ആകൃതിയിൽ വളച്ച് ചുമരൊരുക്കി. രണ്ടു നിലയിലും വാതിലിനോളം വലുപ്പത്തിൽ ഗ്ലാസ്സ് ഭിത്തി നൽകിയതിനാൽ അകത്തിരുന്നും കണിക്കൊന്ന കാണാം. രണ്ടാം നിലയിലെ ഓപ്പൻ ടെറസിൽ കണിക്കൊന്നയ്ക്കു ചുറ്റുമായി വരുംവിധം നിർമിച്ച ഇൻബി ൽറ്റ് ഇരിപ്പിടത്തിൽ കാറ്റുകൊണ്ടിരിക്കാം.

Jil4 Stair area, Inbuilt seating

തെക്ക് ദർശനമായുള്ള വീട്ടിൽ താഴെ ഒന്നും മുകളിൽ രണ്ടുമായി മൂന്ന് കിടപ്പുമുറികളാണുള്ളത്. ആവശ്യം വന്നാൽ താഴത്തെ നിലയിലെ ടിവി റൂം ഗെസ്റ്റ് ബെഡ്റൂം ആക്കി മാറ്റാം. വീടിന് കിഴക്കുഭാഗത്തുള്ള ഒഴിഞ്ഞ പ്ലോട്ടിൽ‌ നിന്ന് കാറ്റ് കയറിയിറങ്ങും വിധമാണ് മുറികളുടെ ഡിസൈൻ. വെയിലും ചൂടും തടയാനായി പടിഞ്ഞാറു ഭാഗത്ത് നൽകിയ ഇഷ്ടിക കൊണ്ടുള്ള ജാളി ഭിത്തിയാണ് ഇന്റീരിയറിന്റെയും മുഖ്യ ആകർഷണം.

PROJECT FACTS:

Area: 3030 sqft Owner: വിമൽ വിജയൻ & ലക്ഷ്മി രാമചന്ദ്രൻ Location: ഇടപ്പള്ളി, കൊച്ചി

Design: സൗമ്യ & ജിൽസ് ആർക്കിടെക്ട്സ്, കൊച്ചി Email: soumya.jills@gmail.com