Thursday 14 January 2021 01:06 PM IST

പ്രത്യേകം പരിചരിക്കേണ്ട, ചെടി മണ്ണിൽ പിടിച്ചാൽ നന പോലും വേണ്ട: ഈഴേ ചെമ്പകം പൂന്തോട്ടത്തിൽ ഓൾറൗണ്ടർ

Sreedevi

Sr. Subeditor, Vanitha veedu

plumeria

എല്ലാത്തരം പൂന്തോട്ടങ്ങൾക്കും അനുയോജ്യമാണ് പ്ലുമേറിയ എന്ന ഈഴേച്ചെമ്പകം. ഉദ്യാനസസ്യങ്ങളിലെ ഓൾറൗണ്ടർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹതയുള്ള ചെടിയാണ്. ഫ്രാങ്കിപനി, പ്ലുമേറിയ, ടെംപിൾ ട്രീ, പഗോഡ ട്രീ എന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടുന്നുണ്ട്. ഏഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലെ കാലാവസ്ഥയിൽ നന്നായി വളരും. വെള്ള, പിങ്ക്, ചുവപ്പ് എന്നീ ഒറ്റനിറമുള്ള പൂക്കൾ ഉള്ളവയും രണ്ടോ മൂന്നോ നിറങ്ങൾ ഇടകലർന്ന പൂക്കളുണ്ടാകുന്നവയും നമ്മുടെ നാട്ടിൽ കാണാം. പൂവിതളുകളുടെയും ഇലയുടെയും ആകൃതിയിൽ വ്യത്യാസമുള്ള ഇനങ്ങളുമുണ്ട്. കുലയായിവിരിയുന്ന പൂക്കൾ രണ്ടോ മൂന്നോ ദിവസം വാടാതെ നിൽക്കും. പൂക്കൾക്ക് നല്ലസുഗന്ധവുമുണ്ട്. അതുകൊണ്ടുതന്നെ പെർഫ്യൂ നിർമാണത്തിന് ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്. ഏകദേശം പത്ത് വ്യത്യസ്ത ഇനങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ലഭിക്കും.

polumeria2

കമ്പ് മുറിച്ചുനട്ടാണ് പ്രജനനം. മഴ കുറഞ്ഞ സമയത്ത് നടുന്നതാണ് നല്ലത്. കമ്പ് കോതുന്നതും മഴ കഴിഞ്ഞ ശേഷം വേണം. മഴക്കാലത്ത് കമ്പ് കോതുമ്പോൾ തായ്ത്തടിയിൽ വെള്ളമിറങ്ങി ചീ‍ഞ്ഞുപോകാൻ ഇടയുണ്ട്.ഏത് ശൈലിയിലുള്ള വീടുകളുടെയും പൂന്തോട്ടത്തിലേക്കു ചേരുന്ന ചെടിയാണ് ഈഴേച്ചെമ്പകം. ട്രെഡീഷനൽ മുതൽ മിനിമലിസ്റ്റിക് വരെയുള്ള എല്ലാതരം ശൈലികളുമായി ചേർന്നുപോകും. അഞ്ചോ ആറോ മണിക്കൂർ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താകണം ഈ ചെടി നടാൻ. നീർവാർച്ചയുള്ള മണ്ണ് നിർബന്ധമാണ്‌. മുറ്റത്ത്‌ മാത്രമല്ല, കോർട്‌യാർഡിലുംപാഷ്യോയിലും ടെറസിലും ബാൽക്കണിയിലും നന്നായി വളരും. ഉദ്യാനവൃക്ഷം, അതിരുചെടി, ജൈവവേലി... ഇങ്ങനെ എല്ലാ റോളുകളിലും നന്നായി തിളങ്ങും ഈ ചെടി. പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ല. ചെടി നന്നായി പിടിച്ചു കഴിഞ്ഞാൽ പിന്നെ നന പോലും ആവശ്യമില്ല. ചെടിച്ചട്ടിയിലോ നിലത്തോ നടാം. ചട്ടിയിൽ ആണെങ്കിൽ വർഷത്തിൽ ഒരിക്കൽ മുകളിലെ മാത്രം പോട്ടിങ് മിശ്രിതം മാറ്റി പുതിയതു നിറയ്ക്കാം. ഫ്ലോട്ടിങ് അറേഞ്ച്മെന്റുകളിലും അകത്തളം അലങ്കരിക്കാനും അനുയോജ്യമാണ് ഇതിന്റെ പൂക്കൾ.

Tags:
  • Vanitha Veedu