Thursday 07 January 2021 01:05 PM IST : By സ്വന്തം ലേഖകൻ

പഴയ ടിവി മുതൽ വാഷ്ബേസിനെ വരെ ചെടിച്ചട്ടിയാക്കി: ഷെമീറിന്റെ ബുദ്ധിയിൽ വിരിഞ്ഞത് 255 പൂച്ചെടികൾ

sinu 1

ലോക്ഡൗൺ കാലത്ത് സമയം തളളിനീക്കാനായി ആരംഭിച്ചൊരു വിനോദം പടർന്നു പന്തലിച്ച് പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച കാണണം എങ്കിൽ കോട്ടയം സിമന്റ് കവലയിലെ പാറയിൽ വീട്ടിലേക്കെത്തുക. പൂച്ചെടികളുടെ ഉത്സവമാണിവിടെ. മതിലിൽ, ഗെയ്റ്റിൽ, ചുമരിൽ, സൺഷെയ്ഡിൽ, പാരപ്പെറ്റിൽ... എന്നുവേണ്ട കിണറിനു മുകളിൽ വരെ പൂച്ചെടികൾ. ചെടിച്ചട്ടിയുടെ എണ്ണം മാത്രം 255 കവിയും. ഇതുകൂടാതെ പഴയ ടിവി മുതൽ വാഷ്ബേസിൻ വരെ ചെടിച്ചട്ടിയായി രൂപാന്തരപ്പെട്ട വസ്തുക്കൾ വേറെയും. ഇടുക്കിയിലെ കോഴിഫാമിൽ ഉൽപാദനം കുറഞ്ഞതോടെ ചെറിയൊരു നേരംപോക്ക് എന്ന നിലയിലാണ് ഗൃഹനാഥനായ ഷെമീർ സൈനുദ്ദീൻ കൃഷി തുടങ്ങിയത്. പയറും വെണ്ടയുമൊക്കെയാണ് ആദ്യം നട്ടത്. അതു പച്ചപിടിച്ചതോടെ ആവേശം കൂടി. താൽപര്യം ചെടികളിലേക്കും നീണ്ടു. സുഹൃത്തുക്കളിൽ നിന്നും ഇടുക്കിയിലേക്ക് പോകും വഴി വഴിവക്കിൽ നിന്നും വീടുകളിൽ നിന്നുമായി ശേഖരിച്ചവയിലായിരുന്നു തുടക്കം. പിന്നീട് നഴ്സറികളിൽ നിന്നും ചെടി വാങ്ങി.

sinu3

ചെടിച്ചട്ടി തികയാതെ വന്നപ്പോൾ പഴയ ടിവിയും തടിപ്പെട്ടിയും സിങ്കും ഫ്ലഷ് ടാങ്കും എന്നുവേണ്ട പൊട്ടിയ ബക്കറ്റും മഗും വരെ ചട്ടിയാക്കി. എട്ട് സെന്റിലെ വീടിന്റെ മുറ്റത്തു സ്ഥലം തികയാതെ വന്നപ്പോഴാണ് സ്റ്റാൻഡുകളിലും ചുമരിലും പുരപ്പുറത്തുമൊക്കെ സ്ഥലം കണ്ടെത്തിയത്. ഇപ്പോൾ ചട്ടികളിൽ തന്നെ 250 ൽ അധികം ചെടികളുണ്ട്. നാലുമണി, റോസ്, മുല്ല, ഇലച്ചെടി, ഓർക്കിഡ് തുടങ്ങി നാടനും വിദേശിയുമായ ഒട്ടുമിക്ക ഇനങ്ങളും ഇവിടുണ്ട്. പൂവിടുന്ന ഇനങ്ങളാണ് കൂടുതലും.പുറത്ത് സ്ഥലം തികയാത്തതിനാൽ അടുത്തിടെ കുറേപ്പരെ വീടിനകത്തേക്ക് മാറ്റി. ലോക്ഡൗൺ കഴിഞ്ഞപ്പോഴും ഷെമീറിന്റെ ചെടിപ്രേമത്തിന് ഒരു കുറവും വന്നിട്ടില്ല. ഷെമീറും ഭാര്യ റോഷിനയും മക്കളായ മുഹമ്മദ് എസ്. മീരാനും ഹാജിറ ബീവിയും ചേർന്നാണ് വെള്ളമൊഴിക്കുന്നതും വളം ഇടുന്നതുമെല്ലാം. വീട്ടിൽ തന്നെ തയാറാക്കുന്ന ജൈവവളം മാത്രമേ ഉപയോഗിക്കാറുള്ളു. മുന്നിലെ റോഡിലൂടെ പോകുന്നവർ വണ്ടി നിർത്തി ഇവിടുത്തെ കാഴ്ചകൾ ആസ്വദിച്ചേ പോകാറുള്ളൂ. കല്യാണ ആൽബത്തിന്റെ ഫോട്ടോ ഷൂട്ടിനായും ആളുകളെത്തുന്നുണ്ട്. ചെടികൾക്കൊപ്പം അലങ്കാരപ്പക്ഷികളെയും മുയലിനെയുമൊക്കെ വളർത്താനുള്ള ഒരുക്കത്തിലാണ് ഷെമീർ.

Tags:
  • Vanitha Veedu