Wednesday 26 September 2018 04:29 PM IST : By

വാട്സ് ആപ്പും ഫെയ്സ്ബുക്കുമല്ല, ജാസ്നയുടെ ഹോബി കൃഷി; വീട്ടുമുറ്റത്ത് പൊന്നുവിളയിച്ച പെൺകൊടിയെ പരിചയപ്പെടാം

home

സാധാരണ ടീനേജ് പെൺകുട്ടികളെപ്പോലെ വാട്സ്ആപ്പും ഫെയ്സ്ബുക്കുമൊന്നുമല്ല എറണാകുളം നെട്ടൂരുള്ള ജാസ്നയുടെ നേരംപോക്കുകൾ. പുറത്തിറങ്ങി മണ്ണു കിളച്ച് നന്നായി കൃഷി ചെയ്യും ജാസ്ന. ഫലമോ? മുറ്റത്ത് നാനാതരം പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നു, വീട്ടിനകത്തെ ഷെൽഫ് നിറയെ യുവകർഷകയ്ക്കു ലഭിച്ച പുരസ്കാരങ്ങളും. പച്ചക്കറികൃഷി ഹരമായി പടർന്നുകയറാൻകാരണമായ ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിറങ്ങിയ സമയത്ത് ജാസ്ന സ്കൂളിൽ പഠിക്കുകയായിരുന്നു. എല്ലാവരും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുന്നതു കേട്ടപ്പോൾ ജാസ്നയും പതിയെ കൃഷിയിലേക്കു തിരിഞ്ഞു.

home-1

വെള്ളം നന്നായി വാർന്നുപോകുന്ന മണ്ണാണ് നെട്ടൂരിലേത്. പക്ഷേ, മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകും. അതുകൊണ്ടുതന്നെ ചട്ടിയിലും ചാക്കിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമെല്ലാമാണ് കൃഷി. വീടിനോടു ചേർന്ന നാലു സെന്റിലും വീടിനു ചുറ്റുമുള്ള സ്ഥലത്തുമാണ് ജാസ്നയുടെ പച്ചക്കറിത്തോട്ടം. കൂട്ടിന് അനിയത്തി പത്താംക്ലാസുകാരി ആഷ്നയുണ്ട്. ചീരയാണ് പ്രധാനകൃഷി. വെണ്ട, വഴുതന, മുളക്, പയർ, പടവലം, കുമ്പളം, ചേന, ചേമ്പ്, അമര, തക്കാളി, കൂവ, കറിവേപ്പ് എന്നിവയെല്ലാം പ്ലാസ്റ്റിക് കവറുകളിൽ കൃഷി ചെയ്തിരിക്കുന്നു. കുപ്പിവെള്ളം വിതരണം ചെയ്യുന്നവരിൽനിന്ന് ഉപയോഗശൂന്യമായ കുപ്പികൾ വാങ്ങി മണ്ണു നിറച്ച് പച്ചക്കറി നടുന്നുണ്ട്. തോരന് ഉപയോഗിക്കുന്ന ചീരച്ചേമ്പ്, അരക്കിലോയോളം വരുന്ന തായ‌്ലൻഡ് തക്കാളി, പലതരം കോവലുകൾ ഇങ്ങനെ സമൃദ്ധമാണ് ജാസ്നയുടെ വീട്ടുവളപ്പ്.

home-4

പച്ചക്കറി കൂടാതെ, കുറച്ചു പഴവർഗങ്ങളും തോട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധതരം മാവുകൾ, പാഷൻഫ്രൂട്ട് എന്നിവയെല്ലാം പറമ്പിലുണ്ട്. പൂക്കാതെ നിന്നിരുന്ന ബഡ്മാവുകളിൽ മോതിരവണ്ണത്തിൽ പുറംതൊലിചെത്തിക്കളഞ്ഞപ്പോൾ പൂത്തു കായ്ക്കാൻ തുടങ്ങിയ അനുഭവം പങ്കിടുന്നു ജാസ്ന. ഇപ്പോൾ കോഴിവളർത്തലിലും ഒരു കൈ നോക്കുന്നുണ്ട്.

home-6

പൈപ്പ് കംപോസ്റ്റും പുളിപ്പിച്ച പിണ്ണാക്കും ചാണകവുമാണ് പ്രധാന വളങ്ങൾ. കീടങ്ങളുടെ ആക്രമണം കുറയ്ക്കാൻ ബന്തി പോലുള്ള ചെടികളും പച്ചക്കറിത്തോട്ടത്തിൽ നട്ടിട്ടുണ്ട്. ജൈവകീടനാശിനികളാണ് ഇതുകൂടാതെ ഉപയോഗിക്കുന്നത്. ചീര കൊടുത്ത് പകരം ചാണകം വാങ്ങിയാണ് കൃഷി നടത്തുന്നതെന്ന് ജാസ്ന. നല്ല വിത്തും തൈകളും കൃഷിഭവനിൽനിന്നു വാങ്ങും. സർക്കാരിൽനിന്നുൾപ്പെടെ മികച്ച കർഷകവിദ്യാർഥിക്കുള്ള ഒട്ടേറെ പുരസ്കാരങ്ങൾ ജാസ്നയെ തേടിവന്നിട്ടുണ്ട്.

home-2

ജാസ്നയുടെ അച്ഛൻ ജാഫറിന്റെ കടയിൽ ജൈവച്ചീര വാങ്ങാൻ മാത്രം ഒട്ടേറെപ്പേർ എത്താറുണ്ട്. അടുത്ത അധ്യയനവർഷത്തെ ഫീസ് കൊടുക്കാൻ പച്ചക്കറി വിറ്റുണ്ടാക്കിയ പണം ഉപയോഗിക്കണമെന്നാണ് ജാസ്നയുടെ ആഗ്രഹം. #■

honme-3