Friday 18 January 2019 05:49 PM IST : By സ്വന്തം ലേഖകൻ

ഭിത്തിയും കോൺക്രീറ്റും വേണ്ട, ആവശ്യത്തിന് സ്പേസും; മൂന്നരലക്ഷത്തിന്റെ ആറ്റിക് ലാബിൽ രാപ്പാർക്കാം

attic

ഏതാവശ്യത്തിനും പരുവപ്പെടുത്താവുന്ന തീർത്തും ഫ്ലെക്സിബിൾ ആയ ഓഫിസ് സ്പേസ്, സംഗീതവും നൃത്തവും പരിശീലിക്കാൻ ഇടം, പിന്നെ ചെറിയൊരു കുടുംബത്തിന് താമസിക്കാനുള്ള അത്യാവശ്യം സൗകര്യങ്ങൾ. ആവശ്യങ്ങളുടെ നീണ്ടനിരയിൽ നിന്നാണ് ആറ്റിക് ലാബിന്റെ പിറവി.

ആവശ്യങ്ങളുടേതു പോലെ തന്നെ നീണ്ടതായിരുന്നു പ്രതികൂല ഘടകങ്ങളുടെ പട്ടികയും. ആകെയുള്ളത് മൂന്ന് സെന്റ് മാത്രം. പരപ്പനങ്ങാടിയിൽ കടൽത്തീരത്തിന് അടുത്തുള്ള സ്ഥലമായതിനാൽ മണ്ണിന് ഉറപ്പും ഉണ്ടായിരുന്നില്ല. അതിനാൽ സാധാരണ രീതിയിലുള്ള കോൺക്രീറ്റ് കെട്ടിടം അത്ര പ്രായോഗികമല്ല. ഇനി അഥവാ നിർമിക്കണമെങ്കിൽതന്നെ പൈലിങ്ങും ഡീപ് ഫൗണ്ടേഷനുമൊക്കെയായി ചെലവ് കുതിച്ചു കയറും. രൂപകൽപന, നിർമാണവിദ്യ, നിർമാണവസ്തു ക്കൾ എന്നീ മൂന്ന് ഘടകങ്ങളിലൂടെ ഈ പ്രതിസന്ധികളെയെല്ലാം മറികടന്നു എന്നതാണ് ആറ്റിക് ലാബിന്റെ വിജയം.

a8

സുന്ദരം സമഭുജ ത്രികോണം

പഴയ വീടുകളിലെ തട്ടിൻപുറങ്ങളിൽ നിന്ന് സ്വീകരിച്ചതാണ് ആറ്റിക് ലാബിന്റെ ത്രികോണാകൃതി. ഭിത്തി ഇല്ലാതെ മേൽക്കൂര മാത്രമുള്ള ഇടം എന്ന ആശയമായിരുന്നു പ്രചോദനം. ഭിത്തി ഒഴിവാക്കിയാൽ കെട്ടിടത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്നും അതുവഴി സങ്കീർണമായ രീതിയിലുള്ള അടിത്തറ നിർമാണം ഒഴിവാക്കുകയും മൊത്തത്തിൽ നിർമാണച്ചെലവ് നിയന്ത്രിക്കുകയും ചെയ്യാമെന്ന പ്രായോഗിക പാഠമാണ് ഇവിടെ പരീക്ഷിച്ചത്. ഏറ്റവുമധികം ഉറപ്പും സ്ഥിരതയുമുള്ള ജ്യാമിതീയ രൂപങ്ങളിലൊന്നാണ് ത്രികോണം. ഒട്ടും വൈരൂപ്യം തോന്നിപ്പിക്കാതെ തന്നെ വളരെയധികം ഭാരം താങ്ങാനാകുമെന്നതാണ് ത്രികോണാകൃതിയിലുള്ള കെട്ടിടത്തിന്റെ (Triangular Structure) സവിശേഷത. അതാണ് ഇവിടെ മുതലാക്കിയത്.

a5

ഓരോ കോണിനും 5.82 മീറ്റർ വീതം നീളമുള്ള രണ്ട് സമഭുജത്രികോണങ്ങൾ ചേർത്തുവച്ച രൂപമാണ് ആറ്റിക് ലാബിന്. രണ്ട് ത്രികോണങ്ങൾക്കുമിടയിൽ 6.2 മീറ്റർ അകലമുണ്ട്. ജിഐ പൈപ്പ് കൊണ്ട് ത്രികോണാകൃതിയിലുള്ള സ്ട്രക്ചർ നിർമിച്ച ശേഷം തറ, മേൽക്കൂര, ഫർണിച്ചർ എന്നിവയെല്ലാം മോഡുലാർ യൂണിറ്റുകളായി കൂട്ടിച്ചേർക്കുകയായിരുന്നു.

a4

രണ്ട് നിലകളിലായി 470 ചതുരശ്രയടിയാണ് ആകെ ഫ്ലോർ ഏരിയ. ആർക്കിടെക്ടിന്റെ ഓഫിസ് സ്പേസ്, ചർച്ചകൾക്കും മറ്റുമുള്ള ‘ഡിസ്കഷൻ സ്പേസ്’, പാട്ടും നൃത്തവുമൊക്കെ പരിശീലിക്കാനുള്ള ഇടം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ജിഐ സ്റ്റെയർകെയ്സ് വഴി മുകൾനിലയിലെത്താം. ബെഡ്റൂം, റീഡിങ് സ്പേസ്, ഹോംതിയറ്റ‍ർ എന്നിവയാണ് മുകളിലത്തെ നിലയിൽ. ഇതിനോട് ചേർന്ന് ബാത്റൂം നൽകിയില്ല. പുറത്ത് പ്രത്യേക മുറിയായാണ് ബാത്റൂം നൽകിയത്.

a2

ഭിത്തി ഇല്ല എന്നതാണ് ആറ്റിക് ലാബിന്റെ പ്രധാന സവിശേഷത. 60 ഡിഗ്രി ചരിവിലുള്ള മേൽക്കൂര തന്നെയാണ് ഭിത്തി. ജിഐ ഫ്രെയിമിൽ അലുമിനിയം ഷീറ്റ് പിടിപ്പിച്ചാണ് മേൽക്കൂര തയാറാക്കിയത്. കെട്ടിടത്തിനുള്ളിൽ ചൂട് അനുഭവപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അലുമിനിയം ഷീറ്റിന് താഴെ ‘പൂവോട്’ എന്നു വിളിക്കുന്ന പ്രാദേശികമായി ലഭ്യമായ ‘സീലിങ് ഓട്’ പാകി. രണ്ടിനും ഇടയിൽ ആവശ്യമായ വിടവ് (Vacuum Space) നൽകിയതും ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാ മുറികൾക്കും മുകളിലേക്ക് ഉയർത്തിവയ്ക്കുന്ന തരം ജനാലകളാണുള്ളത്. ഉയർത്തി വയ്ക്കുമ്പോൾ ജനാല തന്നെ സൺഷെയ്ഡ് ആയും പ്രവർത്തിക്കും.

a6

സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡ് പിടിപ്പിച്ചാണ് രണ്ട് നിലയുടെയും തറ നിർമിച്ചത്. ഇതിനു മുകളിൽ ചെറിയ കനത്തിൽ കോൺക്രീറ്റ് ചെയ്ത ശേഷം പോളിഷ് ചെയ്തു മിനുസപ്പെടുത്തി.

a7

മുൻഭാഗത്ത് മുഴുവനായി ഗ്ലാസ് വരുംവിധമാണ് ആറ്റിക് ലാബിന്റെ ഘടന. ഉള്ളിൽ ആവശ്യത്തിന് വെളിച്ചമെത്തിക്കാനും കെട്ടിടത്തിന്റെ ഭംഗി കൂട്ടാനും ഇതു സഹായിക്കുന്നു. ക്രോസ് വെന്റിലേഷനായി എക്സ്ഹോസ്റ്റ് ഫാൻ നൽകിയിട്ടുണ്ട്.

a3

ലാമിനേറ്റഡ് എംഡിഎഫും പ്ലൈവുഡും ഉപയോഗിച്ചാണ് മുറികൾ വേർതിരിച്ചിരിക്കുന്നത്. ഇത്തരം ഷീറ്റുകളുടെ സ്റ്റാൻഡേർഡ് അളവ് കണക്കാക്കി മുറികളുടെ വലുപ്പം നിശ്ചയിച്ചതിനാൽ മെറ്റീരിയൽ ഒട്ടും പാഴാക്കേണ്ടി വന്നില്ല. ജിഐ ഫ്രെയിമിൽ പ്ലൈവുഡ് പിടിപ്പിച്ചാണ് മിനിമലിസ്റ്റിക് ഡിസൈനിലുള്ള ഫർണിച്ചർ മുഴുവൻ തയാറാക്കിയത്.

a1

അപ്രതീക്ഷിതമായെത്തിയ മഴ ബുദ്ധിമുട്ടിച്ചെങ്കിലും മൂന്ന് മാസത്തിനുള്ളിൽതന്നെ നിർമാണം പൂർത്തിയായി. നിർമാണച്ചെലവ് മൂന്നര ലക്ഷം രൂപയിൽ താഴെ മാത്രം.

a9

കേരളീയ വാസ്തുകലയുടെ നന്മകൾക്ക് കാലാനുസൃത വ്യാഖ്യാനം ചമയ്ക്കുന്നതിനൊപ്പം സ്ഥലപരിമിതിയും ചെറിയ ബജറ്റും അടക്കമുള്ള വെല്ലുവിളികൾക്ക് മറുപടിയും നൽകുന്നു ആറ്റിക് ലാബ്.