Saturday 09 February 2019 04:54 PM IST : By സ്വന്തം ലേഖകൻ

മുഖച്ഛായ മാറി ‘സൈഡ്‍യാർഡ്’; ഇട്ടാവട്ടത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന വീടിനെ വിശാലമാക്കിയതിങ്ങനെ

side-yard

ആർക്കും ഉപകരിക്കാതെ പാഴായിപ്പോകുമായിരുന്ന സ്ഥലം– വീടിന്റെ ഇരുവശങ്ങളിലുമുള്ളത്. അവിടമാണ് ഈ വീടിന്റെ തലവര മാറ്റിയെഴുതിയത്! ഏഴ് െസന്റിന്റെ ഇട്ടാവട്ടത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന വീട്ടകം വിശാലമാക്കിയതും അവിടെ പ്രകൃതിയുടെ ഇന്ദ്രജാലക്കാഴ്ചകൾ നിറച്ചതുമെല്ലാം ഈ ‘പ്രയോജനരഹിത സ്ഥലം’ തന്നെ.

ഇവിടെ മാത്രമല്ല, നാഗരിക പ്രകൃതമുള്ള ചെറിയ പ്ലോട്ടുകളിലെല്ലാം ഈ മാതൃക പിന്തുടരാനാകും. ഒറ്റവാക്യത്തിൽ പറഞ്ഞാൽ പരിമിതമായ സ്ഥലത്തും തുറന്ന ഇടങ്ങൾ ധാരാളമുള്ള ഓപൻ പ്ലാനിലുള്ള വീട് നിർമിക്കാം എന്നതിന് നേർസാക്ഷ്യമാണ് ‘സൈഡ്‌യാർഡ് ഹൗസ്’.

ഈ പേരിൽതന്നെയുണ്ട് വീടിന്റെ സത്തയും പൊരുളും. ഇരുവശവുമുള്ള ‘സൈഡ്‌യാർഡ്’ അഥവാ അരികുവശത്തെ മുറ്റമാണ് വീടിന്റെ കേന്ദ്രബിന്ദു. ഇതിനെ കേന്ദ്രീകരിച്ചാണ് 2730 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീടിന്റെ ഡിസൈൻ അപ്പാടെ രൂപപ്പെട്ടത്.

sy-5

കൊച്ചി നഗരഹൃദയത്തോടു ചേ ർന്നുള്ള എരൂരിലെ ഏഴ് സെന്റിലാണ് സൈഡ്‌യാർഡ് ഹൗസ്. പടിഞ്ഞാറു ഭാഗത്ത് വഴിയുള്ള വീതികുറഞ്ഞ് നീളംകൂടിയ പ്ലോട്ട്. അടുത്തടുത്ത് വീടുകൾ. സ്ഥലം ഒട്ടും പാഴാക്കാതെ പ രമാവധി ‘ഓപൻ ഗ്രീൻ സ്പേസ്’ ഉ ള്ളിൽ വരുംവിധം വീട് രൂപകൽപന ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വീടിനിരുവശവുമുള്ള സൈഡ്‌യാർഡ് സ്പേസ് കൂടി ഇന്റീരിയറിന്റെ തുടർച്ചയാകും വിധം ഉൾപ്പെടുത്തിയാണ് ഇതു സാധ്യമാക്കിയത്. ചെറിയ പ്ലോട്ടുകളുടെ കാര്യത്തിൽ വീടിനിരുവശവുമുള്ള ഒന്നോ ഒന്നരയോ മീറ്റർ വീതിയിൽ ഇടനാഴി പോലെയുള്ള സ്ഥലം ഒന്നിനും പ്രയോജനപ്പെടാതെ പാഴാകുകയാണ് പതിവ്.

sy-1

നിലവിലുള്ള മരങ്ങൾ അതേപോലെ നിലനിർത്തിക്കൊണ്ടുതന്നെ ലാ ൻഡ്സ്കേപ്പിങ് ചെയ്തു മനോഹരമാക്കി. സൈഡ്‌യാർഡ് സ്പേസിനോട് ചേർന്നുവരുന്ന ഭാഗത്ത് ഭിത്തി ഒഴിവാക്കിയതിനാൽ ഇവിടം വീടിന്റെ ഭാഗമായിത്തന്നെ തോന്നും. ചുറ്റുമതിലാണ് ഇവിടെ അക്ഷരാർഥത്തിൽ ഭിത്തി. മതിലിനെയും വീടിന്റെ ഒന്നാംനിലയുടെ മേൽക്കൂരയെയും ബന്ധിപ്പിച്ച് ഇരുമ്പ് ഗ്രി ൽ നൽകിയിട്ടുള്ളതിനാൽ സുരക്ഷാസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ല.

വീടിന്റെ വലതുവശത്തുള്ള സെൻട്രൽ കോർട്‌യാർഡിനെയും ഇടതുവശത്തുള്ള സൈഡ്‌യാർഡിനെയും കേന്ദ്രീകരിച്ചാണ് ലിവിങ്, ഡൈനിങ്, അടുക്കള എന്നിങ്ങനെയുള്ള പൊതുഇടങ്ങളുടെ വിന്യാസം. ഓരോ ഇടവും മറ്റൊന്നിലേക്കു വ്യാപിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നതിനാൽ വീടിനുള്ളിൽ ഇഷ്ടംപോലെ സ്ഥലം തോന്നിക്കും. ഒപ്പം ശുദ്ധവായുവും വെളിച്ചവും ധാരാളമായി എത്തുകയും ചെയ്യും. ഒരുമിച്ചു നിൽക്കുമ്പോഴും പൊതു ഇടങ്ങൾക്കെല്ലാം അതിന്റേതായ അസ്തിത്വമുണ്ടെന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

sy-2

സെൻട്രൽ കോർട്‌യാർഡിലേക്ക് തുറക്കുംവിധമാണ് ഒന്നാം നിലയിലെ ബാൽക്കണിയുടെയും ഒാപൻ ടെറസിന്റെയും ഘടന. അതിനാൽ രണ്ട് നിലകളും തമ്മിലുള്ള ‘വിഷ്വൽ കണക്ടിവിറ്റി’ തെളിമയോടെ നിലനിൽക്കുന്നു. ലിവിങ് ഡൈനിങ് സ്പേസ് ഇ രട്ടിപ്പൊക്കത്തിൽ നൽകിയതും രണ്ടു നിലകളെയും കൂട്ടിയിണക്കുന്നതിൽ സഹായിക്കുന്നു.

കിടപ്പുമുറികൾക്ക് ആവശ്യത്തിനു സ്വകാര്യത നൽകുക എന്നതാണ് ചെറിയ പ്ലോട്ടിൽ വീടൊരുക്കുമ്പോൾ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി. മുകൾനിലയിൽ രണ്ട് അറ്റങ്ങളിലായി സ്ഥാനം പിടിച്ചിരിക്കുന്ന കിടപ്പുമുറികൾ ഈ വെല്ലുവിളി ഫലപ്രദമായി മറികടക്കുന്നു. താഴത്തെ നിലയിൽ കിഴക്കുഭാഗത്തായി അടുക്കളയോട് ചേർന്നാണ് മൂന്നാമത്തെ കിടപ്പുമുറി.

കിടപ്പുമുറികളുടെ മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളു. ട്രസ് റൂഫിന് കീഴിൽ ഫോൾസ് സീലിങ് നൽകിയാണ് മറ്റു മുറികളെല്ലാം ഒരുക്കിയത്. പഴയ തടി ഉപയോഗിച്ചാണ് പൊതു ഇടങ്ങളിലെ ഫോൾസ് സീലിങ്. ഓടിനും സീലിങ്ങിനും ഇടയിൽ അകലം നൽകിയതും ചൂടുവായു പുറത്തുപോകാനായി ഇതിനിടയിൽ വിടവു നൽകിയതും വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നു.

sy-3

പഴയ തടി പുനരുപയോഗിച്ചാണ് ഒട്ടുമിക്ക വാതിലുകളും ജനലുകളും തയാറാക്കിയത്. കോർട്‌യാർഡുകളെ കേന്ദ്രീകരിച്ച് വായുപ്രവാഹം സാധ്യമാകും വിധം വാതിലുകളും ജനലുകളും ക്രമീകരിച്ചതും ചൂടകറ്റുന്നു.

sy-4

മണ്ണും മരങ്ങളും പച്ചപ്പുമുള്ള കോർട്‌യാർഡിന് ചേരുംവണ്ണം സ്വാഭാവിക നിറക്കൂട്ടിലാണ് വീടിന്റെ തറയും ചുമരും അലങ്കാരങ്ങളുമെല്ലാം. പൊതുവായ തീം അനുസരിച്ച് ഫർണിച്ചറും ലൈറ്റുകളും പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിച്ചെടുക്കുകയായിരുന്നു.

അതിനാൽതന്നെ അനാവശ്യം എന്നു തോന്നിക്കുന്ന യാതൊന്നും വീടിനുള്ളിലില്ല. സാഹചര്യങ്ങ ൾ എന്ത് ആവശ്യപ്പെടുന്നുവോ അതു മാത്രമാണ് ഇവിടെയുള്ളത്. അതാണ് സൈഡ്‌യാർഡ് ഹൗസിന്റെ സൗന്ദര്യം. ■

sy-6

വിവരങ്ങൾക്ക് കടപ്പാട്; രാജേഷ് കക്കോത് , ആർക്കിടെക്റ്റ്