Thursday 17 September 2020 04:13 PM IST : By സ്വന്തം ലേഖകൻ

ഇത്തിരി കാശേ മുടക്കിയുള്ളു; 30 വർഷം പഴക്കമുള്ള വീടിന് വന്ന മാറ്റം കണ്ടോ?

1

പരമ്പരാഗത ശൈലിയിലുള്ള വീടുകളോട് മലയാളിക്ക് പ്രത്യേക ഇഷ്ടമാണ്. പക്ഷേ, വീട് പുതുക്കുമ്പോൾ ഈ രീതി അവലംബിക്കില്ലെന്ന് മാത്രം. ഓട് മേഞ്ഞ വീട് ആണെങ്കിൽ അതു മാറ്റി കോൺക്രീറ്റ് ചെയ്യുകയും കന്റെംപ്രറി ശൈലി പരീക്ഷിക്കുകയും ചെയ്യും. എന്നാൽ ഇതിനെ തിരുത്തി എഴുതുകയാണ് കൊല്ലം അഞ്ചൽ സ്വദേശി വിഷ്ണുനാരായണൻ.  ഡിസൈനറായ വിഷ്ണുനാരായണൻ സ്വന്തം വീട് പരമ്പരാഗത ഡിസൈനിൽ ആകർഷകമായി പുതുക്കിയെടുത്തു.

2

‘‘വീട് പുതുക്കുക എന്നത് പുതിയ കാലത്തിനൊപ്പം നടക്കാൻ വീടിന് പ്രാപ്തമാക്കുക എന്നത് കൂടിയാണല്ലോ. ബലക്ഷയം ഇല്ലാതാക്കണം. പുതിയ ഉൽപന്നങ്ങൾ നൽകണം. സൗകര്യം വർധിപ്പിക്കണം. ഇക്കാര്യങ്ങൾക്ക് തന്നെയാണ് ഞാനും മുൻതൂക്കം നൽകിയത്. ഡിസൈനറുടെ വീട് എങ്ങിനെയാണ് പുതുക്കുന്നതെന്ന്   ആളുകൾ ശ്രദ്ധിക്കുന്നത് സ്വാഭാവികം. അതൊരു വെല്ലുവിളി തന്നെയായിരുന്നു. 30 വർഷം പഴക്കമുള്ള വീടായിരുന്നു. ഞാൻ കളിച്ചു വളർന്ന വീട് അതുകൊണ്ടുതന്നെ പൊളിക്കില്ല എന്ന് ആദ്യമേ തീരുമാനിച്ചു. പരമാവധി ചെലവ് കുറച്ച് പുതുക്കാമെന്നും ഉറപ്പിച്ചു.’’ വിഷ്ണു പറയുന്നു.

3

അതുകൊണ്ടുതന്നെ നിലവിലുള്ള ബെയ്സ്മെൻറ് നിലനിർത്തി മുന്നോട്ടു പോയി. അകത്തളത്തിലെ വിശാലതയ്ക്ക് വിഘാതമായ ചുമരുകൾ മാറ്റി കൂടുതൽ സൗകര്യപ്രദമാക്കി. പുതിയ വരാന്ത മുന്നിലേക്ക് നീട്ടി എടുത്തു. അടുക്കള ആധുനികവും സൗകര്യപ്രദവുമാക്കി. മോഡുലാർ കിച്ചൻ ആണ് പുതിയ അതിഥി. മേൽക്കൂരയ്ക്ക് പഴയ ഓടുകൾ വാങ്ങി ഉപയോഗിച്ചു. മുറ്റം ഇൻറർലോക്ക് കട്ട വിരിച്ച്  ഭംഗിയാക്കി. പുതുതായി പോർച്ചും പണിതു. മുൻവശത്തെ വാതിൽ മാത്രം പുതിയത് നൽകി ബാക്കിയെല്ലാം പഴയത് പുതുക്കിയെടുത്തു. ഫ്ലോറിൽ ടൈൽ നൽകി ആകർഷകമാക്കി.വിശാലമായ മുറികളാണ് അകത്തളത്തിലെ പുതിയ വിശേഷം. കോമൺ ടോയ‌്ലറ്റിനും സ്ഥാനം കണ്ടെത്തി. പഴയ വീടിന്റെ ആത്മാവ് നിലനിർത്തി വീടിന് പുതുജീവൻ നൽകിയ സംതൃപ്തിയിലാണ് വിഷ്ണു.   കടപ്പാട്: വിഷ്ണു നാരായണൻ, അഷ്ടപദ്മ, ഫോൺ: 7559933022

4