ADVERTISEMENT

പഴയ ബാത്റൂമുകളുടെ ഏറ്റവും വലിയ പ്രശ്നമാണ് വെള്ളം ഇറങ്ങുന്നതും ഭിത്തികൾ നനയുന്നതും. മേൽക്കൂരയുടെ ചോർച്ചയാണെന്നുവരെ ബാത്റൂം ചോർച്ച തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വാട്ടർപ്രൂഫിങ്ങിന്റെ ഗുണഫലങ്ങളെക്കുറിച്ചുള്ള അറിവ് സമൂഹത്തിൽ എത്തുന്നതിനു മുൻപു നിർമിച്ച വീടുകളിലാണ് ചോർച്ച ഏറ്റവുമധികം കാണപ്പെടുന്നത്. ടൈലുകൾക്കിടയിലെ ഇപോക്സി കാലക്രമേണ നഷ്ടപ്പെടുമ്പോഴാണ് ടൈലുകൾക്കിടയിലൂടെ വെള്ളം ഇറങ്ങുന്നത്. ഇത്തരത്തിൽ വെള്ളമിറങ്ങൽ പതിവാകുമ്പോൾ ആ ഭാഗത്തെ ഇഷ്ടികകൾ കുതിരാനും വെള്ളം പുറത്തേക്ക് തള്ളി പ്ലാസ്റ്റൽ വീർത്തുപൊട്ടാനും സാധ്യതയുണ്ട്.

bathroomleak2

ടൈൽ ഇളക്കാതെ ബാത്റൂം വൃത്തിയാക്കും എന്നു കേൾക്കുമ്പോൾ ഈ പ്രശ്നം അനുഭവിക്കുന്ന ആരും സന്തോഷിക്കും. എന്നാൽ അത് ശാശ്വതമായ പരിഹാരമാണോ എന്നു പരിശോധിച്ച ശേഷം വേണം പണി ഏൽപ്പിക്കാൻ. പലപ്പോഴും വീണ്ടും ഇപോക്സി ചെയ്ത് ദ്വാരങ്ങൾ അടയ്ക്കുമ്പോൾ താൽക്കാലികമായി ചോർച്ച നിന്നു എന്ന തോന്നൽ ഉണ്ടാകാം. പഴയ ടൈലിനു മുകളിൽ മറ്റൊരു ടൈൽ ഒട്ടിച്ച് ചോർച്ച മാറ്റാൻ നോക്കിയാലും ഇരട്ടി പണിയാകുകയേയുള്ളൂ. പ്രധാന കാര്യം ആസിഡ് വാഷ് ചെയ്ത ടൈലിനു മുകളിൽ നേരിട്ട് ടൈൽ ഒട്ടിക്കരുത്. സോപ്പുവെള്ളം (ആൽക്കലി) കൊണ്ട് കഴുകിയതിനു ശേഷമേ ഒട്ടിക്കാവൂ. പശയ്ക്കു വില കൂടുതലാണ് എന്നതുകൊണ്ട് സിമന്റ് ചേർക്കുന്നത് മണ്ടത്തരമാണ്. പശയാണ് ടൈൽ നന്നായി ഒട്ടാൻ സഹായിക്കുക.

ADVERTISEMENT

ചോർച്ചയുള്ള ബാത്റൂമുകളിൽ ടൈൽ പൂർണമായും മാറ്റി പുതിയതായി ഒട്ടിക്കുകയാണ് വേണ്ടത്. തറയിലെ ടൈൽ നിർബന്ധമായും മാറ്റി ഒട്ടിക്കണം. ചുമരിലെ ടൈൽ മാറ്റുമ്പോൾ ചെറിയ വിള്ളലുകൾ വരാം. ടൈൽ മാറ്റുമ്പോൾ പ്ലാസ്റ്റർ അടർന്നു വരാനും സാധ്യതയുണ്ട്. അപ്പോൾ റീപ്ലാസ്റ്റർ ചെയ്യണം. അതിനു ശേഷം വാട്ടർ പ്രൂഫിങ് നിർബന്ധമായും ചെയ്യണം. അതിനു ശേഷം ടൈൽ ഒട്ടിക്കാം. വിടവ് വരാത്ത വിധത്തിൽ ടൈലിനു പിന്നിൽ പശ തേച്ച് വേണം ഒട്ടിക്കാൻ. വിടവ് ഭാവിയിൽ വായു അറകൾ ഉണ്ടാകാനും ടൈൽ പൊള്ളച്ചുപൊട്ടാനും കാരണമാകാം. അതായത്, ബാത്റൂമിന്റെ ചോർച്ച മാറ്റൽ അത്ര എളുപ്പത്തിലൊന്നും നടക്കില്ല എന്നു ചുരുക്കം.

ADVERTISEMENT