ADVERTISEMENT

വീടുപണി കഴിഞ്ഞല്ലേ ഫർണിച്ചർ ആവശ്യമായി വരുന്നുള്ളൂ എന്നു കരുതി ഇരിക്കാതെ ആദ്യം മുതലേ കൃത്യമായ പ്ലാനിങ്ങോടെ സമീപിച്ചാൽ ഫർണിച്ചർ കൊക്കിലൊതുങ്ങും.

1. ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയേക്കാൾ പ്രാധാന്യം ഉപയോഗത്തിനു നൽകുക. ഭംഗിക്കു പിന്നാലെ പോയി വില കൂടിയ ഫർണിച്ചർ വാങ്ങി കഴിയുമ്പോഴാവും ഉപയോഗിക്കാൻ സുഖമുണ്ടാവില്ല എന്നറിയുക. 

ADVERTISEMENT

2. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫർണിച്ചറിന് കേടുപാടൊന്നുമില്ലെങ്കിൽ അപ്ഹോൾസ്റ്ററി മാറ്റി പുതുഭംഗിയോടെ ഉപയോഗിക്കാം. കയ്യിലുള്ള ഫർണിച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം തന്നെ ആർക്കിടെക്ടിനെ അറിയിക്കുകയും വേണം.

3. ഫർണിച്ചറിന്റെ എണ്ണം, അളവുകൾ, സ്ഥാനം എന്നിവയെല്ലാം അടയാളപ്പെടുത്തിയ ഫർണിച്ചർ ലേ‌ഔട്ട് ഡിസൈനറോട് തയാറാക്കി തരാൻ പറയണം. അതനുസരിച്ച് ഫർണിച്ചർ പണിയിക്കുകയോ വാങ്ങുകയോ ചെയ്യാം.

ADVERTISEMENT

4. തേക്ക്, വീട്ടി എന്നീ വില കൂടിയ തടികൾ ഒഴിവാക്കി ചെറുതേക്ക്, പുളിവാക, പൂവരശ്‍, പ്ലാവ് തുടങ്ങിയവ ഉപയോഗിച്ചാൽ ഫർണിച്ചറിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാം. തടി നഷ്ടപ്പെടുന്ന രീതിയിൽ വളവും കൊത്തുപണികളുമുള്ള ഡിസൈൻ ഒഴിവാക്കിയാൽ വീണ്ടും ലാഭിക്കാം. ‘സ്ട്രെയിറ്റ് ലൈൻ’ ഡിസൈനിലുള്ള ഫർണിച്ചറാണ് പണിയുന്നതെങ്കിൽ മെഷീനിങ് സാധ്യതകൾ പ്രയോജനപ്പെടുത്തി പണിക്കൂലി ഇനത്തിലും ലാഭം നേടാനാകും.

5. തടിക്കു പകരം ജിെഎ പോലെയുള്ള മെറ്റൽ ഫർണിച്ചർ, എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മൾട്ടിവുഡ് തുടങ്ങിയവ കൊണ്ട് ഫർണിച്ചർ പണിയുന്നത് ലാഭം നൽകും. പക്ഷേ, ഗുണനിലവാരമുള്ളവ വാങ്ങാൻ ശ്രദ്ധിക്കണം. 

ADVERTISEMENT

6. പല കടകൾ കയറി വിലകളും ഗുണനിലവാരവും താരതമ്യപ്പെടുത്തിയ ശേഷം റെഡിമെയ്ഡ് ഫർണിച്ചർ വാങ്ങുക. പുതിയ വീടുപണിയുന്നവരെ ലക്ഷ്യമാക്കി മിക്ക ഫർണിച്ചർ കമ്പനികളും ‘പാക്കേജ് സ്കീം’ നടപ്പിലാക്കാറുണ്ട്. വീട്ടിലേക്കാവശ്യമായ എല്ലാ ഫർണിച്ചറും ഇതിൽപ്പെടും. ഉൽസവ സീസൺ, എക്സിബിഷനുകൾ എന്നിവയോടനുബന്ധിച്ചുള്ള വിലക്കിഴിവുകളും പ്രയോജനപ്പെടുത്തുക. 

7. പഴയ ഫർണിച്ചർ വാങ്ങി പോളിഷ് ചെയ്തോ ചെറിയ മിനുക്കുപണികൾ നടത്തിയോ ഉപയോഗിക്കാം.

8. പോളിഷ് ചെയ്തു തേക്കിന്റെയും വീട്ടിയുടെയും ഫിനിഷ് വരുത്തിയ വ്യാജ ഫർണിച്ചർ ലഭ്യമാണ്. വിശ്വാസ്യതയുള്ള കടകളിൽ നിന്നു വാങ്ങുക. തടിയെപ്പറ്റി ഗ്രാഹ്യമുള്ളവരെ ഒപ്പം കൂട്ടുക.

9. മൂന്നു രീതിയിൽ ഫർണിച്ചർ തിരഞ്ഞെടുക്കാം. തടി വാങ്ങി പണിയിച്ചെടുക്കുക, റെഡിമെയ്ഡ് ഫർണിച്ചർ വാങ്ങുക, പഴയ ഫർണിച്ചർ പുനരുപയോഗിക്കുക എന്നിവയാണത്. നമ്മുടെ പണം, സമയം, അഭിരുചി എന്നിവയ്ക്കനുസരിച്ച് ഇതിൽ ഇണങ്ങിയത് തിരഞ്ഞെടുക്കാം. കുറേയധികം ഫർണിച്ചർ ആവശ്യമാണെങ്കിൽ തടി വാങ്ങി പണിതെടുക്കുന്നതാണ് ലാഭം.

10. ഇൻബിൽറ്റ് ഫർണിച്ചർ പണിയുന്നതും ലാഭകരമാണ്. അവ ആവശ്യാനുസരണം മാറ്റാൻ പറ്റില്ല എന്നേയുള്ളൂ. കട്ടിലും സോഫയുമെല്ലാം കുറഞ്ഞ ചെലവിൽ സ്േറ്റാറേജ് സൗകര്യങ്ങളോടെ പണിയാൻ സാധിക്കും.