Thursday 08 July 2021 04:13 PM IST : By സ്വന്തം ലേഖകൻ

ട്രെഡീഷനൽ, എത്‌നിക് തീം പിന്തുടരുന്ന ഇന്റീരിയറിന് മൊറോക്കൻ ടൈൽ, പ്രിന്റഡ് ടൈലിന് ആരാധകരേറുന്നു

floor 1

പ്രിന്റഡ് ടൈലുകൾ ട്രെൻഡ് ആയി മാറുകയാണ്. മൊറോക്കൻ ടൈലുകൾ എന്നറിയപ്പെടുന്ന ടൈലുകളാണ് പ്രിന്റഡ് ഭംഗിയുമായി വിപണി വാഴുന്നത്. പുതിയ വീടുകളിൽ കുറച്ചിടത്തെങ്കിലും മൊറോക്കൻ ടൈലിന്റെ ഭംഗി നിര്‍ബന്ധമാണ്. ആത്തംകുടി ടൈലിന്റെ അതേ ഭംഗി തുളുമ്പുന്നവയാണ് ഇവ എന്നതാണ് മൊറോക്കൻ ടൈലിന്റെ പ്രത്യേകത. തറയിൽ മാത്രമല്ല ചുമരിനും ഇവ അനുയോജ്യമാണ്. സ്പെയിൻ, ഇറ്റലി, ചൈന എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ടൈലുകൾ വരുന്നത്. ആത്തംകുടി ടൈൽ വേണമെങ്കിൽ അവ നേരിട്ടുപോയി വാങ്ങണമെന്നതാണ് ഒരു പോരായ്മ. അവയ്ക്ക് ഡീലർമാരില്ല. ഈ പോരായ്മ മറികടക്കാമെന്നതാണ് മൊറോക്കൻ ടൈലിന്റെ ഗുണം.

ആത്തംകുടി ടൈലിന് വിലക്കുറവാണ്. പക്ഷേ, മൊറോക്കൻ ടൈലിന് വില കൂടും. മുംബൈയിൽ നിർമിക്കുന്ന, സിമന്റ് ഫിനിഷിലുള്ള പ്രിന്റഡ് കോൺക്രീറ്റ് ടൈലിനും ആരാധകരുണ്ട്. ഡീലർമാരില്ലാത്തതിനാൽ ഇതും നേരിട്ടു വാങ്ങണം. എങ്കിലും ഇതുതന്നെ വേണമെന്ന് നിഷ്കർഷിക്കുന്നവരുണ്ട്.ട്രെഡീഷനൽ, എത്‌നിക് തീം പിന്തുടരുന്ന ഇന്റീരിയറിന് മൊറോക്കൻ ടൈൽ കൂടുതലായി യോജിക്കും. തറയിലോ ചുമരിലോ ഡിസൈനിന്റെ സ്വഭാവം പ്രതിഫലിക്കണമെന്നുണ്ടെങ്കിൽ ഈ ടൈലിനെ കൂട്ടുപിടിക്കാം. കന്റെംപ്രറി ശൈലിയിലുള്ള വീടുകളിലും ഇവ ഉപയോഗിക്കാറുണ്ട്. ട്രെഡീഷനൽ വീടുകളിൽ എല്ലാ മുറികളിലും പ്രിന്റ‍ഡ് ടൈലിന്റെ ഭംഗി നിറയ്ക്കാം. എന്നാൽ ആധുനിക ശൈലിയിലുള്ള വീടുകളിലേക്കു വരുമ്പോൾ ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങളിൽ മാത്രം ഇവ ഉപയോഗിക്കാം.

floor 2

വീടു മുഴുവനും ഈ ടൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അങ്ങനെയുള്ളപ്പോൾ ഇളം നിറങ്ങളും ലളിതമായ ഡിസൈനുകളും തിരഞ്ഞെടുക്കണം. ഈ ടൈലുകൾ കൊണ്ട് പാറ്റേണുകൾ നിർമിക്കാൻ സാധിക്കും. പ്ലെയിൻ ബോർഡർ കൊടുത്ത് അതിനുള്ളിൽ പ്രിന്റഡ് ടൈൽ ഇടുന്നത് കാഴ്ചയ്ക്ക് ഭംഗിയായിരിക്കും. ഫർണിച്ചർ വരുന്നയിടങ്ങളിൽ ഇവ ഒഴിവാക്കാം. നല്ല വില കൊടുത്ത് വാങ്ങുന്ന ടൈൽ ഫർണിച്ചർ കാരണം മറയുമല്ലോ. ഫർണിച്ചറിന്റെ സ്ഥാനം ഒഴിച്ച് മറ്റിടങ്ങളിൽ പ്രിന്റഡ് ടൈൽ നൽകുമ്പോൾ ഫർണിച്ചറിന്റെ ഭംഗി എടുത്തുകാണിക്കുകയും ചെയ്യും. വരാന്ത, ബാൽക്കണി, പാഷ്യോ പോലെയുള്ള വിശാലമായ ഇടങ്ങളിൽ പ്രിന്റഡ് ടൈൽ വിരിക്കുന്നത് ഭംഗി കൂട്ടും.

20x20 സെമീ, 25x25 സെമീ, 30x30 സെമീ, 60x60 സെമീ എന്നീ വലുപ്പത്തിലും വിവിധ നിറങ്ങളിലും ഇവ ലഭ്യമാണ്. 30x30 സെമീ (1x1 അടി)യാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്. പാറ്റേൺ അനുസരിച്ചാണ് വില. ചതുരശ്രയടിക്ക് 250 – 500 രൂപ വരെ വിലയുണ്ട്. ചില പാറ്റേണിന് ഒരു പീസിനാണ് വില. 150 – 200 രൂപ വരെ പീസിന് വില വരും. ഇന്ത്യൻ നിർമിത പ്രിന്റഡ് ടൈലും ലഭ്യമാണ്. 30x30 സെമീ, 60x60 സെമീ വലുപ്പത്തിൽ ലഭ്യമാണ്.