വളരെപ്പെട്ടെന്ന് ഭിത്തി നിർമിക്കാൻ ഇതാ ഒരു പോംവഴി. ഉറപ്പു കുറഞ്ഞ കെട്ടിടങ്ങൾക്ക് മുകൾനില പണിയാനും ഈ ടെക്നിക് പ്രയോജനപ്പെടുത്താം.
റെഡിമെയ്ഡ് ബോർഡ് ആണ് ഇപ്പോൾ കെട്ടിടനിർമാണത്തിലെ താരങ്ങൾ! വീടുനിർമാണം വളരെവേഗം പൂർത്തിയാക്കാനും ആവശ്യാനുസരണം പൊളിച്ച് മറ്റൊരിടത്തേക്കു കൊണ്ടുപോകാൻ കഴിയുന്ന വീടുകൾ നിർമിക്കാനുെമല്ലാം റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗിക്കാം. സിമന്റ് ഫൈബർ ബോർഡ്, ബൈസൻ പാനൽ തുടങ്ങിയ റെഡിമെയ്ഡ് പാർട്ടീഷൻ ബോർഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 40– 60 ശതമാനം വരെ സിമന്റ് ആണ് ഈ ബോർഡുകളുടെ പ്രധാന നിർമാണസാമഗ്രി. സെല്ലുലോയിഡ്, മൈക്ക തുടങ്ങിയ ഘടകങ്ങളും ഇത്തരം ഷീറ്റുകളിൽ അടങ്ങിയിരിക്കുന്നു. തീ, പ്രാണികൾ എന്നിവയെ ചെറുക്കാൻ ഈ ബോർഡുകൾക്ക് കഴിവുണ്ട്.

സിമന്റ് അടിസ്ഥാനപ്പെടുത്തിയ ഷീറ്റുകൾ ആണെങ്കിലും ബൈസൻ പാനലും സിമന്റ് ഫൈബർ ബോർഡും നനഞ്ഞാൽ ബലക്ഷയമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈർപ്പത്തിന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളിലേക്കാണ് ഇത്തരം ഷീറ്റുകൾ പരിഗണിക്കുന്നത്. തറയിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ സാധ്യതയില്ല എന്ന് ഉറപ്പാക്കി വേണം താഴത്തെ നിലയിലെ ഭിത്തികൾക്കുവേണ്ടി ഇത്തരം ബോർഡുകൾ ഉപയോഗിക്കാൻ. മുകളിലെ നിലയിലെ മുറികളെ വേർതിരിക്കാനാണ് ഇത്തരം ബോർഡുകൾ കൂടുതൽ ഉപയോഗിക്കുന്നത്. പുറംഭിത്തികൾ, ബാത്റൂം ഭിത്തികൾ എന്നീ ആവശ്യങ്ങൾക്ക് ഇത്തരം ബോർഡുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഇരുനില വീടുകളിൽ മുകളിലെ നില നിർമിക്കാൻ ഈ ഷീറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. പഴയ ഒറ്റനില വീടുകളുടെ മുകളിലെ നില പണിയാനും ഡബിൾ ഹൈറ്റിൽ മുറികൾ പണിത പുതിയ വീടുകളിൽ മെസനൈൻ ഫ്ലോർ നിർമിക്കാനും ഉപയോഗിക്കാം. നാല് മുതൽ 40 എംഎം വരെ കനമുള്ള ഷീറ്റുകൾ ആയാണ് ഇവ ലഭിക്കുന്നത്. ഓരോ ഉപയോഗത്തിനും ഓരോ കനമാണ് വേണ്ടത്. ആറ്, എട്ട് എംഎം കനത്തിലുള്ള ഷീറ്റ് കൊണ്ട് ഭിത്തികൾ നിർമിക്കാം. മച്ച് പോലെ മുകളിലെ നില നിർമിക്കാൻ കുറഞ്ഞത് 16 എംഎം എങ്കിലും വേണം.

സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം ഫ്രെയിം ഉണ്ടാക്കി ഇരുവശങ്ങളിലും ബോർഡ് സ്ക്രൂ ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. വയറിങ്, ഭിത്തി നിർമാണത്തോടൊപ്പം തന്നെ ചെയ്യണം. ഫ്രെയിമിന്റെ ഒരു വശത്തുമാത്രം ബോർഡ് പിടിപ്പിക്കുന്നത് ചെലവു കുറയ്ക്കാൻ സഹായിക്കും. പക്ഷേ, അത് ശബ്ദത്തെ കടത്തിവിടുന്നതിനാൽ വീടുകളിൽ ഫ്രെയിമിന് ഇരുവശത്തും ബോർഡ് വയ്ക്കുന്നതുതന്നെയാണ് നല്ലത്. ഈ ഭിത്തികൾ നേരിട്ട് പ്രൈമർ അടിച്ച് ഇഷ്ടനിറത്തിലുള്ള പെയിന്റടിക്കുകയോ വോൾപേപ്പർ പതിക്കുകയോ ചെയ്യാം. ആവശ്യാനുസരണം അഴിച്ചെടുത്ത് പുനരുപയോഗിക്കാം എന്നത് ഇത്തരം ഭിത്തികളുടെ മറ്റൊരു പ്രത്യേകതയാണ്. സ്ക്രൂ ചെയ്യാനും മുറിക്കാനുമെല്ലാം എളുപ്പമാണ് ഇത്തരം ബോർഡുകൾ. മുകളിലെ നില പണിയുകയാണെങ്കിൽ ഫ്ലോർ ടൈൽ പതിക്കുകയോ നേരിട്ട് പെയിന്റടിക്കുകയോ ആകാം. ചെറിയ കനത്തിൽ കോൺക്രീറ്റ് ചെയ്ത് അതിനു മുകളിലാണ് ടൈൽ പതിക്കുന്നത്. അല്ലെങ്കിൽ നടക്കുമ്പോൾ ശബ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഗോവണിപ്പടികൾ, ഇരിപ്പിടങ്ങൾ എന്നിവയുടെ നിർമാണത്തിനും ഇത്തരം ഷീറ്റുകൾ ഉപയോഗിക്കാനാകും.കെട്ടിടത്തിന്റെ ഭാരം നല്ലൊരു ശതമാനം കുറയ്ക്കാൻ കഴിയും എന്നതാണ് ഇത്തര ം ഷീറ്റുകൾ ഉപയോഗിക്കുന്നതിന്റെ മറ്റൊരു പ്രധാന ഗുണം. അതുകൊണ്ടുതന്നെ, അടിത്തറയുടെ ബലത്തെക്കുറിച്ച് ഉറപ്പില്ലാത്ത പഴയ വീടുകളുടെ മുകളിലെ നില പണിയാൻ ഇത്തരം ഷീറ്റുകൾ ഉപയോഗിക്കാം. മാത്രമല്ല, ഇത്തരം ബോർഡുകളുടെ ഉപയോഗം നിർമാണത്തിനെടുക്കുന്ന സമയം കുറയ്ക്കും. നിർമാണ സാമഗ്രികളുടെയും കോൺക്രീറ്റിന്റെയും ഉപയോഗം കുറയ്ക്കും.