മൂന്നു വർഷം ഹാബിറ്റാറ്റ് വീടുകളെപ്പറ്റി പഠിച്ച ശേഷം സ്വന്തം വീടുപണിക്കിറങ്ങിയ വീട്ടുകാരൻ. ഹാബിറ്റാറ്റ് ചെയർമാനും പ്രശസ്ത ആർക്കിടെക്ടുമായ ജി. ശങ്കറിന്റെ പാത പിന്തുടരുന്ന എൻജിനീയർ. ഇവർ രണ്ടു പേരുടെയും പരസ്പര വിശ്വാസത്തിന്റെ ഫലമാണ് അഞ്ചലിലെ ‘പ്രശാന്തി’ എന്ന വീട്.
കെഎസ്എഫ്ഇ ജീവനക്കാരനായ അനീഷ് രാജിന് വേണ്ടിയിരുന്നത് കേരളീയ വാസ്തുകല നിലനിർത്തുന്നതും പ്രകൃതിക്കു ചേരുന്നതും ചെലവു നിയന്ത്രിക്കുന്നതുമായ വീടായിരുന്നു. ‘‘അനീഷിന്റെ ആവശ്യങ്ങൾ കേട്ടപ്പോൾ സങ്കീർണമായാണ് ആദ്യം തോന്നിയത്,’’എൻജിനീയർ നവീൻലാൽ പറയുന്നു. ‘‘പക്ഷേ, പിന്നീട് എനിക്കദ്ദേഹത്തിന്റെ മനസ്സ് വായിക്കാൻ പറ്റി. അതോടെ കാര്യങ്ങൾ എളുപ്പമായി.’’ അനീഷിനെപ്പോലൊരു ക്ലയന്റിനെ കിട്ടുന്നത് ഭാഗ്യമാണെന്ന് നവീൻ പറയുന്നു.

പലപ്പോഴും 30 പ്ലാനുകൾ വരെ വരയ്ക്കേണ്ട സ്ഥിതി ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ അനീഷിന്റെ കൃത്യമായ പ്ലാനിങ്ങിന്റെ പിൻബലമുണ്ടായിരുന്നതിനാൽ ഒന്നു രണ്ടു പ്ലാനുകളിൽ വ്യക്തതയുണ്ടായി എന്ന് ഓർക്കുന്നു നവീൻലാൽ.
പ്രശാന്തി പിറക്കുന്നു
കൊല്ലം അഞ്ചലിനടുത്ത് കുടുംബവീടിനോട് ചേർന്ന ഒരേക്കർ പുരയിടത്തിലാണ് വീട് പണിതിരിക്കുന്നത്. വീടിനെപറ്റി ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ പരമ്പരാഗത രീതിയിലുള്ളതു മതിയെന്ന ഏകാഭിപ്രായമായിരുന്നു അനീഷിനും ഫെഡറൽ ബാങ്കിൽ മാനേജറായ ഭാര്യ അശ്വതിക്കും. വനിത വീടിന്റെ ആദ്യ ലക്കം മുതലുള്ള വലിയൊരു ശേഖരം, തന്നെ വളരെയധികം സഹായിച്ചുവെന്ന് അനീഷ്.

മുൻവശത്ത് റോഡിനോട് ചേർന്നാണ് വീടിന് സ്ഥലം കണ്ടെത്തിയത്. 2600 ചതുരശ്രയടിയാണ് വിസ്തീർണം. പഴയ വറ്റാത്ത കിണർ നിലനിർത്തണമെന്ന അനീഷിന്റെ ആഗ്രഹം സഫലീകരിക്കുന്ന രീതിയിൽ കിണറിന്റെ സ്ഥാനം നോക്കി നിലനിർത്തി. ടെക്സ്ചർ കൊടുത്ത് പുതുമോടി കൊണ്ടുവന്നു. ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള വാസ്തു, കിണറിന്റെ സ്ഥാനം, അടുക്കളയുടെ സ്ഥാനം, നടുമുറ്റത്തിന്റെ അളവ്... തുടങ്ങിയ കാര്യങ്ങളിൽ അനീഷ് പിൻതുടർന്നു. മരങ്ങൾ മുറിക്കരുതെന്ന് വീട്ടുകാരനും എൻജിനീയർക്കും നിർബന്ധമുണ്ടായിരുന്നതിനാൽ ഒരു മരം മാത്രമാണ് മുറിച്ചുനീക്കിയത്.
കേരളീയ ശൈലിയിൽ

എക്സ്റ്റീരിയറിൽ കേരളീയ ശൈലി പിന്തുടർന്നെങ്കിലും ഇന്റീരിയറിൽ മോഡുലർ കിച്ചനും ബാത്റൂമും ഉൾപ്പെടെ എല്ലാം ആധുനിക രീതിയിലാണ് ചെയ്തിരിക്കുന്നത്.
എക്സ്പോസ്ഡ് ബ്രിക് രീതിയിലാണ് നിർമാണം. കായംകുളത്തിനടുത്ത് കറ്റാനത്തു ചുട്ടെടുക്കുന്ന കട്ടകളാണ് ഉപയോഗിച്ചത്. ഇവിടത്തെ കട്ടകൾക്ക് സ്വാഭാവികമായ നിറമുണ്ടെന്നതാണ് നവീൻലാലിന്റെ അഭിപ്രായം. ഫില്ലർ സ്ലാബ് വച്ചാണ് മേൽക്കൂര വാർത്തത്. റസ്റ്റിക് ഫിനിഷ് ഉള്ള ഫ്ലോറിങ് ടൈലുകളും കൊടുത്തു.
വീട്ടിലേക്ക് കയറുമ്പോൾ പൂമുഖവും വരാന്തയുമാണ് ആദ്യം. കയറുമ്പോൾതന്നെ കേരളീയ ശൈലിയിലുള്ള നടുമുറ്റം കാണാം. അതിനു ചുറ്റും സ്ഥലം കൊടുത്തിട്ടുള്ളതിനാൽ അകത്തളം വിശാലമാണ്. നടുമുറ്റത്തു വീഴുന്ന വെളിച്ചവും ചേരുമ്പോൾ അകം പ്രകാശപൂരിതം. വെളിച്ചം മാത്രമല്ല, മഴയും അകത്തെത്തുന്ന രീതിയിൽ ആകാശത്തേക്കു തുറന്നിരിക്കുകയാണ് നടുമുറ്റം. നടുമുറ്റത്തിന് ചുറ്റും ഇരിപ്പിടമായി ബെഞ്ച് കൊടുത്തിട്ടുണ്ട്. പറമ്പിൽതന്നെയുള്ള ആഞ്ഞിലിയും തേക്കുമൊക്ക തടിപ്പണികൾക്ക് ഉപയോഗിച്ചു.

കേരളീയ രീതിയിലുള്ള നാലുകെട്ട്, പൂമുഖം, വരാന്ത, മുഖപ്പ്, ആകാശത്തേയ്ക്കു തുറക്കുന്ന നടുമുറ്റം, അതിനു ചുറ്റുമുള്ള ഇരിപ്പിടം, സീലിങ്ങിലെ തടി കൊണ്ടുള്ള തട്ട്... തുടങ്ങി നിരവധി കേരളീയ അംശങ്ങൾ ഇൗ ഡിസൈനിൽ കൊണ്ടുവന്നിട്ടുണ്ട്.
ഫ്ലാറ്റ് ആയി വാർത്ത മേൽക്കൂരയ്ക്കു മീതെ ട്രസ്സിട്ട് കൂര കൊടുക്കുക എന്ന ആശയം നവീൻലാലിന്റേതാണ്. അതിന് കാരണങ്ങളുമുണ്ട്: മിക്ക വീടുകളിലും ചെയ്യുന്ന പോലെ ഭാവിയിൽ ഷീറ്റിട്ട് വീടിന്റെ ഭംഗി കളയേണ്ട, ചൂട് കുറയ്ക്കാം, കൂടാെത മൾട്ടിപർപ്പസ് ആയ ഒരു ഏരിയയും കിട്ടും. ഇവിടെയാണ് വാഷിങ് മെഷീൻ വയ്ക്കാനും തുണി വിരിച്ചിടാനും തുണി തേയ്ക്കാനുമുള്ള സ്ഥലം. കൂടാതെ, കുട്ടികളുടെ ഇൻഡോർ ഗെയിംസും ഇവിടെ അരങ്ങേറും.

നാല് കിടപ്പുമുറികളാണ് വീടിനുള്ളത്. അതിൽ ഒരെണ്ണം മാത്രം മുകളിൽ കൊടുത്തിരിക്കുന്നു. കബോർഡുകളും കിച്ചനിലെ കാബിനറ്റുകളുമെല്ലാം മൾട്ടിവുഡിലാണ്.
പഴയ വീട് കഴിയുന്നത്ര നിലനിർത്തണമെന്ന അനീഷിന്റെ ആഗ്രഹവും സാധിച്ചു. പഴയ ഒാടും മറ്റും പുതിയ വീടിന് ഉപയോഗിക്കാൻ കഴിഞ്ഞു.

‘‘പഴയ കെട്ടിടങ്ങളിലെ നിർമാണവസ്തുക്കൾ പുനരുപയോഗിക്കാവുന്നതേയുള്ളൂ. അങ്ങനെ വേസ്റ്റ് പലയിടങ്ങളിൽ കൊണ്ടു കളയാതിരിക്കാം. നല്ല നിർമാണവസ്തുക്കൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ഇൗ സമയത്ത് അനാവശ്യമായി ഉൗർജവിനിയോഗം ചെയ്യുന്നതും നല്ലതല്ല, ’’ എന്ന സന്ദേശമാണ് ഇൗ വീടിലൂടെ നവീൻലാൽ പറയാൻ ഉദ്ദേശിക്കുന്നത്.
ഒരിഞ്ച് സ്ഥലം പോലും നഷ്ടപ്പെടുത്താതെ വേണം വീട് ഡിസൈൻ ചെയ്യാൻ എന്ന് ‘പ്രശാന്തി’ ഒാർമിപ്പിക്കുകയും ചെയ്യുന്നു. n
