ADVERTISEMENT

ട്രിവിയം - മൂന്നു വഴികൾ ചേരുന്നയിടം. ഇതാണ് ഈ ലാറ്റിൻ വാക്കിന്റെ അർഥം. മൂന്ന് നിരപ്പുകളിലായുള്ള പ്രോജക്ടിന് ഇതിലും നല്ലൊരു വിളിപ്പേരില്ല! കോട്ടയം പൊൻകുന്നത്തെ, വടക്കോട്ട് ചരിവുള്ള ഈ 20 സെന്റിൽ തെക്കോട്ട് അഭിമുഖമായുള്ള വീടിന് ആർക്കിടെക്ട് ടീമിന്റെ മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ മണ്ണിട്ട് നിരപ്പാക്കി വീട് പണിയുക. അല്ലെങ്കിൽ പ്ലോട്ടിനനുസരിച്ച് രൂപകൽപന ചെയ്യുക. അവർ രണ്ടാമത്തെ വഴിയേ നടന്നു.

Veedu1

അങ്ങനെ പല നിരപ്പുകളിൽ, 2250 ചതുരശ്രയടിയുള്ള ഒരുനില വീട് പിറന്നു. ലിവിങ് റൂമിന് താഴെ കോർട‌്‌യാർഡ്, അതിനു താഴെ ഊണുമുറി എന്നിങ്ങനെയാണ് ഡിസൈൻ. ഊണുമുറിയിൽ നിന്ന് പുറത്തെ പാറ്റിയോയിലേക്ക് ഇറങ്ങാം. ചില്ലുവാതിലിലൂടെ പാറ്റിയോയും അതിനോടു ചേർന്നുള്ള പിൻമുറ്റവും അകത്തു നിന്നു കാണാം. ലിവിങ്ങിൽ നിന്ന് നോക്കുന്ന ഒരാൾക്ക് നിരപ്പു വ്യത്യാസത്തിലുള്ള ഇടങ്ങളും പുറത്തെ കാഴ്ചകളും ചേർന്ന് വേറിട്ട ഒരു കാഴ്ചാനുഭവമാണ് ലഭിക്കുന്നത്. വീടിന് വലുപ്പവും വ്യാപ്തിയും തോന്നിക്കാൻ ഇതു സഹായിച്ചുവെന്ന് ആർക്കിടെക്ട് ടീം പറയുന്നു. ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ഇടങ്ങൾ തമ്മിൽ ഉയരത്തിൽ 1.5 മീറ്റർ വ്യത്യാസമുണ്ട്.

Veedu2
ADVERTISEMENT

ഊണുമുറിയിലെ വലിയ വാതിലുകൾ വടക്കോട്ടാണ് തുറക്കുന്നത്. അവിടെ നിന്നുള്ള വെളിച്ചം മുഴുവൻ ഇവ ആവാഹിക്കുന്നു. അതു മാത്രമല്ല, ഡബിൾഹൈറ്റിലുള്ള ലിവിങ് ഏരിയയിലെ ജനാലകളും വീടിനുള്ളിൽ പ്രകാശം പരത്തുന്നു. പല നിരപ്പിലാണെങ്കിലും എല്ലാ ഇടങ്ങളും കോർട്‌യാർഡുമായി കണ്ണിൽക്കണ്ണിൽ നോക്കിയിരുപ്പാണെന്നതും രൂപകൽപനാ മികവിനുദാഹരണം.  

ലിവിങ്ങിന്റെ നിരപ്പില്‍ തന്നെയാണ് മാസ്റ്റർ ബെഡ്റൂമും ഗെസ്റ്റ് ബെഡ്റൂമും. മാസ്റ്റർ ബെഡ്റൂമിന്റെ ചുമരും മുൻ    ചുമരും ഒന്നായതിനാൽ സന്ദർശകരാരെങ്കിലും എത്തിയാൽ അകത്തിരുന്നാലും അറിയാൻ സാധിക്കും. സ്വകാര്യത ഉറപ്പാക്കിയാണ് കിടപ്പുമുറികളുടെ നിർമാണം.

Veedu4
ADVERTISEMENT

അടുത്ത നിരപ്പിൽ കോർട്‌യാർഡും സ്റ്റെയർകേസുമാണ്. കല്ലു പാകി പെബിൾസ് വിരിച്ച കോർട്‌യാർഡ് ലളിതമായാണ് ഒരുക്കിയത്. ഡബിൾഹൈറ്റുള്ള ചുമരിൽ സിമന്റ് ഫിനിഷ് ടെക്സ്ചർ നൽകി. മുകളിലെ സ്കൈലൈറ്റ് വെളിച്ചമെത്തിക്കുക എന്ന ജോലി ഭംഗിയായി ചെയ്യുന്നു. കല്ലിൽ കൊത്തിയ ബുദ്ധനും മുളയും ശാന്തതയുെട പരിവേഷം നൽകുന്നു.

അടുത്ത നിരപ്പിലാണ് ഊണുമുറി, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവ. ഡൈനിങ് ഏരിയയും അടുക്കളയും തമ്മിൽ വേർതിരിക്കുന്നത് ബ്രേക്ഫാസ്റ്റ് കൗണ്ടറാണ്. ഊണുമുറിയുടെ മറ്റേ അറ്റത്തായി രണ്ട് കിടപ്പുമുറികൾ വരുന്നു.

Veedu3
ADVERTISEMENT

പല ലെവലുകളിലേക്കുമുള്ള പടികൾ ഇരിപ്പിടമായി ഉപയോഗിക്കും വിധം ഡിസൈൻ ചെയ്തു. ചെടികൾ വച്ച് പടികൾ മനോഹരമാക്കുക കൂടി ചെയ്തതോടെ അവ ഇന്റീരിയറിന്റെ ഭംഗിയിലും പങ്കുവഹിക്കുന്നു. കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള സൗകര്യം വരെ കണക്കിലെടുത്തിട്ടുണ്ട്.

തേക്കും ആഞ്ഞിലിയുമാണ് തടിപ്പണിക്ക് ഉപയോഗിച്ചത്. ഫർണിച്ചർ വാങ്ങിയതും പണിയിപ്പിച്ചതുമുണ്ട്. വാ‍ഡ്രോബുകൾക്കും അടുക്കളയിലെ കാബിനറ്റുകൾക്കും ലാമിനേറ്റ് ചെയ്ത ഡബ്യൂപിസി (WPC) ഉപയോഗിച്ചു. ചുമരുകൾ സോളിഡ് ബ്ലോക്ക് കൊണ്ട് നിർമിച്ചപ്പോൾ മേൽക്കൂരയ്ക്ക് സെറാമിക് ടൈൽ തിരഞ്ഞെടുത്തു. ട്രസ്സ് ഇട്ട് ഓട് പാകിയിരിക്കുകയാണ്. വെള്ള നിറത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ മറ്റൊരു നിറത്തെയും ഇവിടെ അനുവദിച്ചിട്ടില്ല. ടി.പി. പ്രമുത്ത്, ഡോ. എസ്. ഹരിപ്രിയ ദമ്പതികളുടെ വീടാണിത്.

ആർക്കിടെക്ട് ടീം:  ടോമിൻ ടോം, അശോക് ടി. കല്ലംപള്ളി, നൈറിക റോബി വെട്ടൂർ Habiqube Architecture Studio, കോട്ടയം. habiqube@gmail.com

കോൺട്രാക്ടർ: വിപിൻ ജോസ്, സെയിന്റ് ആന്റണീസ് കൺസ്ട്രക്‌ഷൻസ്

ചിത്രങ്ങൾ: യെക്സർ, സ്പിരിറ്റ് വോൾ സ്റ്റുഡിയോ