ബിൽഡർ കൂടിയായ ഷൈജുവിന് സ്വന്തം വീടിന്റെ ഡിസൈൻ വരയ്ക്കാൻ വേറെ സഹായത്തിന്റെ ആവശ്യമില്ലായിരുന്നു. കോട്ടയം പള്ളത്ത് ആറേമുക്കാൽ സെന്റിലാണ് ഷൈജുവിന്റെ 2650 ചതുരശ്രയടിയുള്ള പുതിയ വീട്. അതിനു പുറമേ, ഒാപൻ ടെറസിലെ 400 ചതുരശ്രയടി ഹോം തിയറ്ററായും മാറ്റിയെടുത്തു.

ഗേറ്റ് മുതലേ ആരുടെയും ശ്രദ്ധ കവരും ഷൈജുവിന്റെ വീട്. മെറ്റലിൽ സിഎൻസി കട്ടിങ് ചെയ്തെടുത്തതാണ് വലിയ ഗേറ്റ്. ചെറിയ ഗേറ്റിലാണെങ്കിൽ രാധയുടെയും കൃഷ്ണന്റെയും ചിത്രമാണുള്ളത്. ജിെഎ പൈപ്പ് വച്ചാണ് മതിൽ ചെയ്തിരിക്കുന്നത്. നാല് അറ്റാച്ഡ് ബാത്റൂമുകളുള്ള ഇരുനില വീടാണിത്. ജിപ്സം കൊണ്ട് സീലിങ് ചെയ്താണ് ഇന്റീരിയർ തകർപ്പനാക്കിയത്. എന്നാൽ ഒരു കിടപ്പുമുറി തടി മച്ചും തടി ഫ്ലോറിങ്ങും വെട്ടുകല്ലിന്റെ ടെക്സ്ചർ ചെയ്ത ഭിത്തിയും ആട്ടുകട്ടിലും വുഡൻ പാനലിങ്ങുമൊക്കയായി പഴമയുടെ ലുക്കിൽ ചെയ്തെടുത്തു. ജിപ്സം സീലിങ്ങിലാണ് ഇൗ തടി മച്ച് എന്നതാണ് കൗതുകകരം.

ഫ്ലോറിങ്ങിന് ഇറ്റാലിയൻ മാർബിളിന്റെ ഡിസൈനിലുള്ള വിട്രിഫൈഡ് സ്ലാബ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ടാൽ ഇറ്റാലിയൻ മാർബിൾ അല്ലാന്ന് ആരും പറയുകയില്ല. െഎലൻഡ് കിച്ചൻ ഒരുക്കി അടുക്കളയെ മോഡേൺ ആക്കിയിട്ടുണ്ട്. വാതിലുകൾക്ക് തേക്കിന്റെ പ്രൗഢിയും സുരക്ഷയും കൊടുത്തു. അലമാരകൾക്ക് പ്ലൈയും മൈക്ക ഷീറ്റുമാണ് ഷട്ടർ ഒരുക്കിയത്. ഗ്ലാസ്സും തേക്കിൻതടിയും ചേർന്നതാണ് ഗോവണി റെയ്‌ലിങ്. കിടപ്പുമുറികളിൽ ഒരു ഭിത്തി നിറയെ അലമാരകളാണ്.

ഉരുണ്ട കോണുകളുള്ള ത്രികോണാകൃതിയിലുള്ള മേൽക്കൂരയാണ് മറ്റു വീടുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. നീളത്തിലുള്ള ഗ്ലാസ് റെയ്‌ലിങ്ങും ഒരു കാഴ്ച തന്നെ. ബാൽക്കണിയിൽ അരുവി പോലെ ഒരു കുഞ്ഞ് വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട് ഇൗ വീട്ടുകാരൻ. ബെസ്റ്റ് ഹോംസ് ആൻഡ് ഡവലപേഴ്സ്, പള്ളം ആണ് ഇതിന്റെ നിർമാണം.
