ഞങ്ങളൊക്കെ സാധാരണ വഴിയിലാണ് കാറിടുന്നത്... ഇവിടെങ്ങനാ പുരപ്പുറത്താണോ കാറിടുന്നത്. ആണോ നമ്പീശാ...? കാക്കക്കുയിൽ സിനിമയിലെ ഈ ചോദ്യത്തിന് അതേ ലാലേട്ടാ എന്നു മറുപടി പറഞ്ഞുപോകും പയ്യന്നൂർ മമ്പലത്തെ പ്രസൂൺ മൈത്രിയുടെ വീട് കണ്ടാൽ. നല്ല ഒന്നാംതരമൊരു സ്വിഫ്റ്റ് കാറാണ് വീടിന്റെ ടെറസിൽ കിടക്കുന്നത്! ഇവിടേക്ക് കാറ് കയറ്റാനുള്ള റാംപോ വഴിയോ ഒന്നുമില്ല. പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്നു തലപുകയ്ക്കുകയാണ് വീടിനു മുൻപിലൂടെ പോകുന്നവർ. ചിലർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് വീട്ടുകാരോട് തിരക്കും. സംഗതിയുടെ ഗുട്ടൻസ് പിടികിട്ടി കഴിയുമ്പോൾ പുരപ്പുറത്തെ കാറിനൊപ്പം സെൽഫിയും എടുക്കും.

ഇനി കാര്യത്തിലേക്കു വരാം. പയ്യന്നൂർ മമ്പലം ജംക്‌ഷന് അടുത്താണ് പുരപ്പുറത്ത് കാറുള്ള വീട്. ജംക്‌ഷനിൽ നിന്ന് നോക്കുമ്പോൾ കണ്ണു പതിയുന്ന സ്ഥലത്തായിരുന്നു പുതിയ വീടിന്റെ അടുക്കളയുടെ ചിമ്മിനി. കാഴ്ചയ്ക്ക് ആകെപ്പാടെ ഒരു അഭംഗി. വാസ്തുശാസ്ത്രപ്രകാരം അടുക്കളയുടെ സ്ഥാനം മാറ്റാനും കഴിയില്ല. എന്തു ചെയ്യും എന്നാലോചിച്ച് വീട്ടുകാർ വശംകെട്ടു. ഒടുവിൽ വീട്ടുകാരൻ പ്രസൂണിന് ഐഡിയ മിന്നി. ‘ചിമ്മിനിയെ കാറാക്കി മാറ്റുക.’ അഭംഗി മാറുമെന്നു മാത്രമല്ല, ആരും ഒന്നു നോക്കുകയും ചെയ്യും!

70 തച്ച് വേണ്ടിവന്നു ചിമ്മിനി കാർ ആയി രൂപാന്തരപ്പെടാൻ. ശിൽപിയായ രാജീവന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം. ചിമ്മിനി പൂർണമായും ഉള്ളിൽ വരുന്ന രീതിയിൽ സിമന്റ്, മെറ്റിൽ, കമ്പി എന്നിവ ഉപയോഗിച്ചാണ് കാർ നിർമിച്ചത്. അവസാനഘട്ടത്തിൽ പുട്ടിയിട്ട് പെയിന്റ് ചെയ്ത ശേഷം കണ്ണാടി, ലൈറ്റ്, ടയർ, നമ്പർ പ്ലേറ്റ് തുടങ്ങിയവ എല്ലാം വരച്ചു ചേർത്തു. എല്ലാത്തിനും കൂടി ഒന്നര ലക്ഷം രൂപയോളം ചെലവായി. ടെറസിനും കാറിന്റെ ടയറിനും ഇടയിലുള്ള വിടവിലൂടെ പുക പുറത്തേക്ക് പോകാനുള്ള സംവിധാനമുണ്ട്.

മാർച്ച് 31 നായിരുന്നു 2300 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീടിന്റെ പാലുകാച്ചൽ. കാസർകോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രസൂൺ മൈത്രി.
