പ്ലോട്ടിന്റെ ‘L’ ആകൃതി നല്ല വീട് വയ്ക്കുന്നതിനു തടസ്സമാകുമോ എന്നായിരുന്നു ധന്യയുടെ ടെൻഷൻ. കണ്ടുപരിചയിച്ചതെല്ലാം ചതുരത്തിലുള്ള പ്ലോട്ടും വിശാലമായ അകത്തളങ്ങളും. എന്നാൽ, എല്ലാവർക്കുമുള്ളതുപോലെയുള്ള വീട് വേണമെന്ന് ധന്യയുടെ ഭർത്താവ് സജീഷിന് യാതൊരു നിർബന്ധവുമുണ്ടായിരുന്നില്ല. അതേസമയം പ്ലോട്ടിന്റെ ‘L’ ആകൃതി, വ്യത്യസ്തമായ വീടുവയ്ക്കാൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആർക്കിടെക്ട് ഷമ്മി എ. ഷരീഫ് ആലോചിച്ചത്. മൂന്ന് വ്യത്യസ്ത ചിന്തകളുടെ ആകെത്തുകയാണ് ഷമ്മി പ്ലാൻ ആക്കി മാറ്റിയത്.
വീടുപണിക്കു വേണ്ടി പ്ലോട്ട് വൃത്തിയാക്കുന്നതിനു മുൻപ് സർവേ ചെയ്ത് കഴിയുന്നത്ര മരങ്ങൾ നിലനിർത്താൻ തീരുമാനിച്ചിരുന്നു. തെങ്ങ് കൂടാതെ പടർന്നു നിൽക്കുന്ന ഒരു ആൽമരം ആയിരുന്നു ഈ പ്ലോട്ടിലെ പ്രധാന പച്ചപ്പ്. ആലിനു ചുറ്റും മുറികൾ വിന്യസിക്കുന്ന രീതിയിലാകാം വീട് എന്ന ഷമ്മിയുടെ ആശയം എല്ലാവർക്കും സ്വീകാര്യമായി. ‘ബാനിയൻ ട്രീ ഹൗസ്’ എന്ന പ്രോജക്ട് പേരിലാണ് അതിനുശേഷം ഈ വീട് അറിയപ്പെട്ടത്.
ഗോവണി കയറുന്നതിനോട് വീട്ടുകാർക്ക് വലിയ താൽപര്യമില്ലായിരുന്നു. അതേസമയം ഒറ്റനില വീടുവയ്ക്കാനുള്ള ഇടം പ്ലോട്ടിൽ ഇല്ലതാനും. പകുതി പടികൾ കയറിയെത്തുമ്പോഴുള്ള ഇന്റർമീഡിയേറ്റ് ലെവലിൽ ഗെസ്റ്റ് ബെഡ്റൂം വരുന്ന വിധത്തിൽ മുറികൾ പ്ലാൻ ചെയ്ത് ഈ പ്രശ്നം പരിഹരിച്ചു. കാർപോർച്ചിനു മുകളിലാണ് ഗെസ്റ്റ് റൂം വരുന്നത്. സ്വീകരണമുറിയിൽ നിന്ന് പെട്ടെന്ന് കാണാവുന്ന രീതിയിൽ ജനലുകൾ ക്രമീകരിച്ചതിനാൽ താഴത്തെ നിലയുടെ തുടർച്ചയായാണ് ഗെസ്റ്റ് ബെഡ്റൂം തോന്നിക്കുക. എല്ലാം കയ്യെത്താവുന്ന ദൂരത്തിൽ കിട്ടണം എന്ന വീട്ടുകാരുടെ ആവശ്യവും സാധിച്ചു കൊടുക്കാൻ ആർക്കിടെക്ട് ശ്രമിച്ചു.
ജനൽ തുറന്നാൽ ആൽമരം കാണാവുന്ന വിധത്തിലാണ് മുറികൾ ക്രമീകരിച്ചത്. അതേസമയം സുരക്ഷ കണക്കിലെടുത്ത് മരത്തിൽ നിന്ന് ഏകദേശം 11 അടി അകലെയാണ് വീടിനു സ്ഥാനം നൽകിയത്. മുറികളിൽ നേരിട്ട് വെയിൽ അടിക്കുന്നതു തടയാനും തണുത്ത ശുദ്ധവായു പകരാനും ആലിന്റെ സാന്നിധ്യം ഉപകരിക്കുന്നു. മാത്രവുമല്ല, പകൽ ഊർജ ഉപയോഗം കുറയ്ക്കുന്ന വിധത്തിൽ ക്രോസ് വെന്റിലേഷനും കോർട്യാർഡുകളും ധാരാളം ഉൾപ്പെടുത്തിയാണ് വീടിന്റെ ഡിസൈൻ.
സ്വീകരണമുറിയിൽ നിന്നുതന്നെയാണ് ഗോവണി. ഗോവണി മറയ്ക്കേണ്ടതില്ല എന്ന ആർക്കിടെക്റ്റിന്റെ ചിന്ത വീട്ടുകാർക്കും സ്വീകാര്യമായി. ടിവിക്കു പിന്നിലെ പശ്ചാത്തലഭംഗി എന്ന രീതിയിൽ കൈവരികൾ ഡിസൈൻ ചെയ്ത് ഭംഗിയാക്കി.
ഡൈനിങ്ങിന്റെ പ്രധാന ആകർഷണം ത്രികോണാകൃതിയിലുള്ള കോർട്യാർഡ് ആണ്. ഫ്ലോറിങ്ങിലും ഡൈനിങ് ടേബിളിലുമെല്ലാം ഈ ഡിസൈൻ ആവർത്തിക്കുന്നതു കാണാം. വയർകട്ട് കട്ടകൾ കൊണ്ടുള്ള ജാളി എക്സ്റ്റീരിയറിന്റെ കൂടി ഭംഗിയാണ്.
ചിതലിന്റെ ശല്യം നിയന്ത്രിക്കാൻ ജിഐ കൊണ്ടുള്ള കട്ടിളകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തിൽ ജിഐ ഫ്രെയിമുകൾ ഉപയോഗിച്ച എല്ലായിടവും ഏകദേശം ഒരേ നിറത്താൽ അടയാളപ്പെടുത്തിയിരിക്കുന്നു. ‘ഗ്രീൻ മെഡോ’എന്ന ഷേഡ് ജനൽ-വാതിൽ ഫ്രെയിമുകൾക്കും ഹാൻഡ് റെയ്ലിങ്, സൺലിറ്റുകളുടെ ഫ്രെയിം, ഗേറ്റ് എന്നിവയ്ക്ക് ‘ബ്ലൂ ക്ലോവർ’ എന്ന നിറവും നൽകി. പ്ലോട്ടിന്റെ ആകൃതി പോലെത്തന്നെ വീടിന്റെ ഡിസൈനിലും അനൗപചാരികത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നേരത്തേ പ്ലാൻ ചെയ്ത് ഡിസൈനിന്റെ ഭാഗമാക്കിയ ചില വിടവുകളിൽ (niches) ജനലും ഇൻബിൽറ്റ് ഇരിപ്പിടങ്ങളും നിർമിച്ചിട്ടുണ്ട്.
ചിത്രങ്ങൾ: ടർട്ടിൽ ആർട് ഫൊട്ടോഗ്രഫി