Monday 17 July 2023 04:47 PM IST

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സമാധാനം വേണം; ഇതിന് പ്രകൃതിയോടു ചേർന്ന വീടുതന്നെ വേണം

Sunitha Nair

Sr. Subeditor, Vanitha veedu

ar1

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടർമാരായ രാജീവും രേഖയും വീടുപണിയാനായി രോഹിത്– നിവേദിത ദമ്പതികളെ സമീപിച്ചപ്പോൾ പ്രധാനമായും ആവശ്യപ്പെട്ടത് ‘എർത്തി’ ഫിനിഷിലുള്ള വീടു വേണമെന്നായിരുന്നു. അത്തരത്തിൽ ഒരുക്കിയ ഈ വീട് ട്രെഡീഷനൽ, മോഡേൺ ശൈലികളുടെ സമന്വയമാണെന്ന് പറയാം. ഈ പ്ലോട്ട് ആദ്യം കണ്ടപ്പോൾ തന്നെ രോഹിത്തിന്റെ മനസ്സിൽ ഈ മാതൃകയാണ് ഉടലെടുത്തത്. വീട്ടുകാരും അതേ ആവശ്യം ഉന്നയിച്ചപ്പോൾ പിന്നെ പറയാനില്ല. രാജകീയ ഭവനം എന്നയർഥത്തിൽ The Stately Abode എന്നാണ് ഈ പ്രോജക്ടിന് ആർക്കിടെക്ട് ടീം പേരിട്ടത്.

ar2

വിസ്താരമേറിയ ദീർഘചതുരാകൃതിയിലുള്ള 30 സെന്റ് ആണിത്. അതിന്റെ ഒരറ്റത്തു നിന്നാണ് പ്ലോട്ടിലേക്കു പ്രവേശനമെങ്കിൽ മറ്റേ അറ്റത്താണ് വീടു വരുന്നത്. മാത്രമല്ല, വീടു വരുന്ന ഭാഗം അൽപം ഉയർന്നാണ് ഇരിക്കുന്നതെന്നത് മനോഹരമായ എലിവേഷനുള്ള സാധ്യതയും വർധിപ്പിച്ചു.

അഞ്ച് കിടപ്പുമുറികളും പാർട്ടി ഏരിയയും മുന്നിലും പിന്നിലും വലിയ മുറ്റവും വീട്ടുകാരുടെ ആവശ്യമായിരുന്നു. ദീർഘചതുരത്തിന്റെ രണ്ടറ്റത്തായി വരുന്നതിനാൽ മുന്നിലും പിന്നിലും മുറ്റം നന്നായി ലഭിച്ചു. ഊണുമുറിയിൽ നിന്ന് ഫ്രഞ്ച് ജനാല വഴി പുറത്തേക്കിറങ്ങാം. ഇവിടെ പാർട്ടി ഏരിയയായി ഉപയോഗിക്കാവുന്ന വിശാലമായ ഗാർഡൻ സ്പേസ് നൽകി. ഇടയ്ക്കിടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന വീട്ടുകാർക്ക് ഈയിടം വളരെ ഉപകാരപ്രദമാണ്.

ar2

കിഴക്ക് അഭിമുഖമായാണ് വീട്. അതിനാൽ പൊതുഇടങ്ങളിലെല്ലാം പകൽ നല്ല വെളിച്ചമാ ണ്. വൈകുന്നേരം ഗാർഡൻ ഏരിയയിലാണ് കൂടുതൽ വെളിച്ചം ലഭിക്കുന്നത്. സായാഹ്നങ്ങളിൽ തെക്കുകിഴക്കൻ കാറ്റിന്റെ ലഭ്യതയും ഇവിടെയാണ്. ഈ ഗാർഡൻ സ്പേസിൽ സ്റ്റഡി ഏരിയയും ഒരുക്കിയിട്ടുണ്ട്. അതുകാരണം കാറ്റും വെളിച്ചവും പച്ചപ്പുമെല്ലാമായി സുഖദമായ അന്തരീക്ഷത്തിലിരുന്ന് പഠിക്കാം. ചുറ്റിനും വേറെ കെട്ടിടങ്ങളില്ലാത്തതിനാൽ സ്വകാര്യതയും ലഭിക്കും. പിൻമുറ്റത്ത് ബാഡ്മിന്റൻ കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.

ar3

എലിവേഷനിൽ മുള കൊണ്ടുള്ള ട്രെല്ലിസ് നൽകിയിട്ടുണ്ട്. അതിൽ വള്ളിച്ചെടി പടർത്താനാണ് ചെടികളെ സ്നേഹിക്കുന്ന വീട്ടുകാരുടെ തീരുമാനം. മഴയുള്ളപ്പോൾ അടുക്കളയ്ക്കു മുകളിലുള്ള ഓപ്പൻ ടെറസ് പാർട്ടി ഏരിയയാക്കാം. അല്ലാത്തപ്പോൾ യൂട്ടിലിറ്റി ഏരിയ ആയും ഉപയോഗിക്കാം. ഓപ്പൻ ടെറസിന്റെ സീലിങ്ങിനും മുള കൊണ്ടുള്ള മേൽക്കൂരയാണ്.

പ്രകൃതിദത്ത ഫിനിഷിനുള്ള മുൻഗണന കാരണം സിറ്റ്ഔട്ടിൽ ടെറാക്കോട്ട ടൈൽ വിരിച്ചു. വീടിനുള്ളിൽ ഇറ്റാലിയൻ മാർബിൾ ആണ്. പല ചുമരുകൾക്കും തേക്കാത്ത ഇഷ്ടിക, കരിങ്കല്ല് എന്നിവ ഉപയോഗിച്ചു. സീലിങ്ങിൽ പൈൻവുഡിന്റെ ഭംഗി ദർശിക്കാം.

ar4

പൂർണമായും വാസ്തു നിയമങ്ങൾ പാലിച്ചാണ് പണിതത്. അഞ്ച് വർഷം മുൻപ് തുടങ്ങിയ വീടുപണി പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ അതിജീവിച്ചാണ് പൂർത്തിയായത്.

Area: 4400 sqft Owner: ഡോ. എം. പി. രാജീവ് & ഡോ. രേഖ Location: കോഴിക്കോട് Design: നെസ്റ്റ്ക്രാഫ്റ്റ് ആർക്കിടെക്ചർ, കോഴിക്കോട് Email: info@nestcraftarchitecture.com

ar5