ഉള്ളൊഴുക്ക്’ സിനിമയുടെ നിർമാതാക്കളിലൊരാളായ സഞ്ജീവ് കുമാർ നായരുടെ മുംെബെയിലെ പുതിയ ഫ്ലാറ്റ് ഇന്റീരിയർ
മുംബൈ മലാടിലെ 30 ാമത്തെ നിലയിലുള്ള ഫ്ലാറ്റ് മലയാള സിനിമയ്ക്കു വേണ്ടപ്പെട്ട ഒരാളുടേതാണ്. ഇൗയിടെ റിലീസ് ചെയ്ത ‘ഉള്ളൊഴുക്കി’ന്റെ നിർമാതാക്കളിലൊരാളായ സഞ്ജീവ് കുമാർ നായരുടേത്. കൊൽക്കത്തയിൽ ജനിച്ചു വളർന്ന് സിനിമാ ഭ്രാന്തുമായി മുംൈബയിൽ സ്ഥിരതാമസമാക്കി ഉത്തരേന്ത്യക്കാരിയായ ബൈശാഖിയെ വിവാഹം കഴിച്ചെങ്കിലും മലയാളിത്തം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു സഞ്ജീവ്.
മുംൈബയിലെ പുതിയ ഫ്ലാറ്റ് മോടിയാക്കാൻ സഞ്ജീവ് തിരഞ്ഞെടുത്തത് ഏറെക്കാലം അടുപ്പമുള്ള മലയാളി ആർക്കിടെക്ടിനെയാണ്. ആർക്കിടെക്ട് സനിൽ ചാക്കോയും, ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഷിജയും, മകനും ആർക്കിടെക്ടുമായ ചാക്കോ സനിലും ചേർന്ന ടീം ആണ് ഫ്ലാറ്റ് ഇന്റീരിയർ ഗംഭീരമാക്കിയത്.
സ്വാഗതം ചെയ്യുന്ന ആർച്ച് - പ്രധാന വാതിൽ തുറക്കുമ്പോൾ ചുമരിൽ ആർച്ചിന്റെ ഭംഗി. ഗണപതിയെ ഒാർമിപ്പിക്കുന്ന കൺസോൾ ടേബിളിലാണ് കണ്ണുകൾ ആദ്യം ഉടക്കുക. ടേബിളിൽ ഗണപതിയുടെ ചെറിയ വിഗ്രഹവും സ്ഥാനം പിടിച്ചിട്ടുണ്ട്. ആർച്ച് ഭിത്തിയിൽ നിന്ന് സൂക്ഷ്മമായ രീതിയിൽ പ്രോജക്ട് ചെയ്തു നിൽക്കുന്ന മനോഹരമായ ആർട്‌വർക്ക്.
‘‘താജ്മഹലിന്റെ പ്രവേശന കവാടമായിരുന്നു മനസ്സിൽ. അവിടെ നിന്നാൽ താജിനെ കാണുകയില്ല, അതുപോലെ വീടിന്റെ പ്രധാന വാതിലിൽ നിൽക്കുമ്പോൾ ആർച്ച് ആണ് കാണുന്നത്. അകത്തേക്കു കടക്കുമ്പോഴാണ് ഹാളിലെ വിശാലമായ ഗ്ലാസ് ഭിത്തികളിലൂടെ ദൂരെയൊഴുകുന്ന പുഴയുടെ കാഴ്ച കിട്ടുന്നത്. ഇന്റീരിയറിന്റെ ഉള്ളൊഴുക്കുകൾ ഒരുക്കുന്ന സർപ്രൈസ് പോലെ....’’ നയം വ്യക്തമാക്കുന്നു ആർക്കിടെക്ട്.
ഇവിടം ഗംഭീരമാക്കാൻ രണ്ട് ഘടകങ്ങൾ കൂടിയുണ്ട് -പ്രത്യേകം ഡിസൈൻ ചെയ്ത രണ്ട് ഇരിപ്പിടങ്ങളും കുലീനമായ ഡിസൈനിലുള്ള കാർപെറ്റും. ഇന്റീരിയറിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. വീട്ടുകാരന്റെ സ്പെഷൽ വ്യക്തിത്വത്തിന്റെ െതളിമയാർന്ന ഫ്രെയിം പോലെ...
രണ്ടെണ്ണം ചേർത്ത് ഒന്നാക്കി... ഏറ്റവും മുകളിലുള്ള ഫ്ലോറിലെ രണ്ട് കുട്ടി ഫ്ലാറ്റുകൾ ഒന്നിച്ചാക്കിയാണ് ഏകദേശം 2000 ചതുരശ്രയടിയിലുള്ള ഇന്റീരിയറിന് കളമൊരുക്കിയത്. ആർക്കിടെക്ടിന്റെ ഉപദേശം കൂടി കണക്കിലെടുത്താണ് രണ്ട് കുട്ടി ഫ്ലാറ്റുകൾ ഒന്നിച്ചാക്കാമെന്ന് സഞ്ജീവ് തീരുമാനത്തിലെത്തിയത്. ടോപ് ഫ്ലോർ മുഴുവനായി ആസ്വദിക്കാനായതിന്റെ ത്രില്ലിലാണ് ദമ്പതികളിന്ന്.
പ്രൈവറ്റും പബ്ലിക്കും വെവ്വേറെ... അകത്തേക്കു കടക്കുമ്പോൾ ഇടതു ഭാഗത്ത് പ്രൈവറ്റ് ഏരിയകളും വലതു ഭാഗത്തായി പബ്ലിക് ഏരിയകളുമായാണ് ആർക്കിടെക്ട് വിഭാവനം െചയ്തത്. മാസ്റ്റർ ബെഡ്റൂം, കിച്ചൻ-കം-പാൻട്രി-കം-ബാർ ഏരിയയും സഞ്ജീവിന്റെ ജോലി ആവശ്യങ്ങൾക്കായി ഒരു AV റൂമും ഇടതുഭാഗത്തൊരുക്കി. അതിഥികളുടെയും മകന്റെയും ബെഡ്റൂമുകൾ വലതു ഭാഗത്താണ്. മധ്യത്തിലെ ഹാൾ ആണ് ലിവിങ്, ഡൈനിങ്, ടിവി എന്നിവ ഉൾപ്പെടുന്ന പാർട്ടി ഏരിയ.
നിറയെ അതിഥികളും കൂട്ടുകാരുമൊക്കെ വരുന്നതിനാൽ ലിവിങ്ÐകംÐഡൈനിങ്ങാണ് പാർട്ടി വൈബ് പകരുന്നത്. ടിവി മാത്രമല്ല, മ്യൂസിക് സിസ്റ്റവും സ്പീക്കറുകളുമെല്ലാം ചേർന്ന് ഇവിടംആകാശക്കാഴ്ചകളുടെ പറുദീസയായി മാറുന്നു.
ആകാശം മുട്ടുന്ന ഫ്ലാറ്റിന്റെ മുകൾനിലയിൽ ഹാളിനകത്ത് ഒരു ഗ്രീൻ കോർണർ ഉള്ളതും രസകരമായി തോന്നും. ബയോഫിലിക് ആശയങ്ങൾ ഇഷ്ടപ്പെടുന്ന വീട്ടുകാരനു വേണ്ടി ആർക്കിടെക്ട് ഒരുക്കിയ സ്പെഷൽ ഇഫക്ടാണീ പച്ചപ്പു നിറഞ്ഞ ‘ഗ്രീൻ കോർണർ’.
ഡൈനിങ് കാഴ്ചകൾ- പുഴയും പ്രകൃതിയുമൊക്കെ കാണാൻ പറ്റുന്ന ചില്ലു ജാലകങ്ങളാണ് ഡൈനിങ്ങിന്റെ ആസ്വാദ്യത. ടേബിളിനു മുകളിലെ ഹാങ്ങിങ് ലൈറ്റുകൾ കാഴ്ചയിലും അപാരത പകരുന്നുണ്ട്. സുഷിരങ്ങളുള്ള ലോഹപ്പാളിയിലാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയായാണ് മലയാളിത്തമുള്ള ഒരു ‘വാഴക്കുല’ ആർക്കിടെ്ക്ട് സൃഷ്ടിച്ചിരിക്കുന്നത്. മലയാളിത്തത്തിന്റെ ഗൃഹാതുരത മനസ്സിൽ സൂക്ഷിക്കുന്ന വീട്ടുകാരനുവേണ്ടി...
ടീനേജ് ഹരമായ ബ്ലാക്ക്... മാസ്റ്റർ ബെഡ്റൂമിന് ലെതർ ഫിനിഷിലുള്ള ആഢ്യത്വമാണ് െകാടുത്തിരിക്കുന്നത്. ബെയ്ജ് നിറത്തിന്റെ പരിഷ്കൃത ഭാവം ഹെഡ്ബോർഡിലും ചുമരിലും കാണാം. നാല് ചെറിയ കാലുകളുള്ള ബെഡ് ഗ്ലാസ് ജനലുകളിലൂടെ വിദൂര കാഴ്ചകളിലേക്ക് നയിക്കുന്നു. അതിഥിമുറിയിൽ ചൂരലാണ് ഇഷ്ടതാരം.
മകന്റെ കിടപ്പുമുറിക്ക് അവന് പ്രിയപ്പട്ട ബ്ലാക്ക് വൈബ് ആ ണ്. ഗ്രേ കൂടുതലുള്ള കറുപ്പ് നിറമാണ് മുറിക്ക് ആകപ്പാടെ. കയറ്റം കയറുന്ന മെറ്റൽ ആൾരൂപങ്ങൾ ഉയർച്ചക്കു വേണ്ട പ്രയത്നങ്ങളെയും ആഗ്രഹങ്ങളെയും ഒാർമിപ്പിക്കുന്നു. ഒന്ന് രണ്ട് പടികൾക്കു മേലെയൊയി പ്ലാറ്റ്ഫോം കൊടുത്താണ് ബെഡ് ഇട്ടിരിക്കുന്നത്.
കിച്ചനൊപ്പം പാൻട്രിയും- ചെറിയ കിച്ചനിൽ സ്പേസ് കൂട്ടിയെടുത്ത് പാൻട്രിയും ഹോം ബാറും ആകർഷകമായ രീതിയിൽ ചെയ്തു. ലൈറ്റിങ്ങിനും കുപ്പി ആകൃതിയിലുള്ള ഫിക്സ്ചറുകൾ തിരഞ്ഞുകണ്ടുപിടിച്ചു.
സഞ്ജീവ് ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ഇതുതന്നെയാണ്. തിളക്കമുള്ളതും മിന്നിത്തിളങ്ങുന്നതുമായ ആഡംബരമല്ല, പകരം ലളിതവും അതേസമയം കുലീനവുമായ ലുക്ക്... ട്രെൻഡുകൾക്ക് അതീതമായി, ഒരിക്കലും മടുക്കാത്ത ഒരു ലുക്ക്.