വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പലതരം വീടുകളെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ, കോൺക്രീറ്റ് വീട് വെള്ളത്തിൽ പൊങ്ങിക്കിടക്കും എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? സംഗതി സത്യമാണ്. കുറവിലങ്ങാട്ട് എത്തിയാൽ പ്രളയത്തിൽ ജലനിരപ്പ് ഉയരുന്നതനുസരിച്ച് മുകളിലേക്ക് പൊങ്ങുന്ന കോൺക്രീറ്റ് വീട് നേരിട്ടു കാണാം. എൻജിനീയർമാരായ നൻമ ഗിരീഷ്, ബെൻ കെ.ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ് സംരംഭമാണ് ആംഫിബിയസ് പവലിയൻ സാങ്കേതിക വിദ്യയിൽ (amphibious pavilion technology) ഇന്ത്യയിലെ തന്നെ ആദ്യ കോൺക്രീറ്റ് വീടിൻ്റെ മാതൃക നിർമിച്ചത്.

ഉള്ളിൽ വായു അറയുള്ള കോൺക്രീറ്റ് അടിത്തറയാണ് മുഖ്യ ഘടകം. ബോയൻ്റ് ഫൗണ്ടേഷൻ (buoyant foundation) എന്നാണിതിനു പറയുക. വെള്ളം പൊങ്ങുന്നതനുസരിച്ച് ഈ അടിത്തറ അപ്പാടെ മുകളിലേക്കുയരും. വെള്ളം താഴുമ്പോൾ തിരിച്ച് അതേ സ്ഥാനത്ത് ഇരിക്കുകയും ചെയ്യും. വീട് ഒഴുകിപ്പോകുകയോ സ്ഥാനം മാറുകയോ ചെയ്യാതിരിക്കാനായി സ്റ്റീലിൻ്റെയോ കോൺക്രീറ്റിൻ്റെ യോ തൂണുകളുമായി (ഗൈഡൻ്റ് പോസ്റ്റ് ) കെട്ടിടത്തെ ബന്ധിപ്പിക്കും.

പാനൽ ഉപയോഗിച്ചുള്ള ഭാരം കുറഞ്ഞ ഭിത്തിയാണ് നൻമയും ബെന്നും നിർദേശിക്കുന്നത്. വേണമെങ്കിൽ പുറംഭിത്തി കട്ട കെട്ടി നിർമിക്കാം. മേൽക്കൂര കനംകുറച്ച് കോൺക്രീറ്റ് ചെയ്യാം. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള വീട് വരെ ഇത്തരത്തിൽ നിർമിക്കാം. വേണമെങ്കിൽ ഇരുനിലയാക്കാം. ഫൗണ്ടേഷന് ഉള്ളിലെ സ്ഥലം പ്രയോജനപ്പെടുത്താനാകും എന്നതാണ് മറ്റൊരു സവിശേഷത. വീടിനുള്ളിൽ നിന്നും ഇവിടേക്ക് ഇറങ്ങാം. ഇവിടെ നിശ്ചിത ഉയരത്തിനു മുകളിലായി വാട്ടർ ടൈറ്റ് രീതിയിൽ വെൻ്റിലേഷൻ കൊടുക്കാനാകും.

ചതുരശ്രയടിക്ക് ഏകദേശം 2000 രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. നെതർലൻ്റിൽ വ്യാപകമായി പ്രചാരത്തിലുള്ള നിർമാണ രീതിയാണ് ആവശ്യമായ പരിഷ്കാരങ്ങളോടെ ഇവിടെ അവതരിപ്പിച്ചതെന്ന് നൻമയും ബെന്നും പറയുന്നു. നൂറ് ചതുരശ്രയടിയുള്ള വീടിൻ്റെ മാതൃകയാണ് കുറവിലങ്ങാട്ട് ഒരുക്കിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഇത് നേരിട്ടു കാണാം. മന്ത്രി പി. പ്രസാദ് വീടിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
