Tuesday 30 March 2021 04:10 PM IST

ഗ്യാസ് ലാഭിക്കാം, അലുമിനിയം പോലെ ഹാനികരവുമല്ല: ചട്ടി മുതൽ പുട്ടുകുറ്റി വരെ മണ്ണിൽ നിന്ന്: ഇക്കോ ഫ്രണ്ട്‍ലി അടുക്കളയിൽ നിറയുന്നത്

Sunitha Nair

Sr. Subeditor, Vanitha veedu

teracotta 1

 മൺപാത്രങ്ങളിലേക്കുള്ള തിരിച്ചുപോക്കിനാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മൺചട്ടി മാത്രം കണ്ടുശീലിച്ച നമ്മുടെ മുന്നിലേക്ക് മൺപാത്രങ്ങളുടെ വിശാല ലോകമാണ് വിപണി തുറന്നിടുന്നത്. ടെറാക്കോട്ട ഗ്ലാസ് കോംബിനേഷനിൽ കുക്ക് ആൻഡ് സർവ് പാത്രങ്ങൾ മുതൽ ഡിസൈനർ പാത്രങ്ങൾ വരെ ലഭ്യമാണ്. ഇഡ്ഡലി പാത്രം, പുട്ട് കുറ്റി തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കുള്ള പാത്രങ്ങളും മണ്ണു കൊണ്ടുള്ളത് ഉപയോഗിക്കാം.

ഗുണങ്ങൾ: അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങൾ പോലെ ആരോഗ്യത്തിനു ഹാനികരമായ യാതൊന്നും മൺപാത്രങ്ങളിൽ അടങ്ങുന്നില്ല എന്നതാണ് പ്രധാന ഗുണം. മൺപാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ചെറിയ തീയിൽ പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇതിൽ പാചകപ്രക്രിയ മെല്ലെ സംഭവിക്കുന്നതിനാൽ ആഹാരസാധനങ്ങളുടെ പോഷകം നഷ്ടപ്പെടുന്നില്ല. മൺപാത്രങ്ങളിൽ ചൂട് നിലനിൽക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾ 80 ശതമാനം വേവ് ആയിക്കഴിഞ്ഞാൽ തീ അണയ്ക്കാം. പാത്രത്തിന്റെ ചൂട് കൊണ്ട് ബാക്കി വെന്തുകൊള്ളും. അങ്ങനെ പാചകവാതകം ലാഭിക്കുകയുമാകാം.

teracotta 3

മയപ്പെടുത്താൻ: പാത്രങ്ങൾ വാങ്ങിയതിനു ശേഷം മയപ്പെടുത്തി (സീസണ്‍ ചെയ്ത്) വേണം ഉപയോഗിക്കാൻ. മയപ്പെടുത്താൻ പാത്രത്തിൽ കഞ്ഞിവെള്ളം ഒഴിച്ചോ കുടംപുളിയിട്ടോ ചെറുതീയിൽ നന്നായി തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കണം. ഉണങ്ങിക്കഴിഞ്ഞ് അകത്തും പുറത്തും വെളിച്ചെണ്ണ പുരട്ടിയെടുക്കണം. അതിനുശേഷം പാത്രത്തിൽ അൽപം തേങ്ങ വറുത്തെടുക്കുന്നതും നല്ലതാണ്. ചട്ടി മാത്രല്ല, ഇഡ്ഡലി പാത്രം (വില: 950 രൂപ), പുട്ടുകുറ്റി (വില: 350 രൂപ) തുടങ്ങി എല്ലാവിധ മൺപാത്രങ്ങളും മയപ്പെടുത്തിയിട്ടേ ഉപയോഗിക്കാവൂ. ഇഡ്ഡലി പാത്രം കഞ്ഞിവെള്ളമൊഴിച്ച് തിളപ്പിച്ച് മയപ്പെടുത്തണം. പക്ഷേ, ഇഡ്ഡലിത്തട്ട് കഞ്ഞിവെള്ളത്തിൽ മുക്കിവച്ച് കഴുകിയുണക്കി വെളിച്ചെണ്ണ തൂത്തെടുത്താൽ മാത്രം മതി; അടുപ്പിൽ വച്ച് തിളപ്പിക്കേണ്ടതില്ല. അടുപ്പിൽ വയ്ക്കേണ്ടാത്ത പാത്രങ്ങളും വിളമ്പുന്ന പാത്രങ്ങളും ഇങ്ങനെ വേണം മയപ്പെടുത്താൻ. ചില വിൽപനക്കാർ മൺപാത്രങ്ങൾ മയക്കി നൽകുന്നുമുണ്ട്.

teracotta 4

കഴുകുമ്പോൾ: പാചകം ചെയ്തതിനു ശേഷം പാത്രം ഒരിക്കലും ചൂടോടെ കഴുകുകയോ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുകയോ ചെയ്യരുത്. പാത്രത്തിന്റെ ചൂടാറിയതിനു ശേഷം മാത്രമേ കഴുകാവൂ. മൺപാത്രങ്ങൾ ഒരിക്കലും ഡിഷ്‌വാഷിങ് സോപ്പുപയോഗിച്ച് കഴുകരുത്. പാത്രത്തിലെ സുഷിരങ്ങൾ സോപ്പ് വലിച്ചെടുക്കും. പിന്നീട് പാത്രം ചൂടാകുമ്പോൾ ഇത് പുറത്തേക്കു വന്ന് ഭക്ഷണത്തിൽ കലരും. സോപ്പില്ലാതെ സ്ക്രബർ ഉപയോഗിച്ച് ഉരച്ച് ചൂടുവെള്ളത്തിൽ കഴുകിയെടുക്കാം. ആവശ്യമെങ്കിൽ ബേക്കിങ് സോഡയും നാരങ്ങാനീരും ഇട്ടുരച്ച് കഴുകിയെടുക്കാം. കഴുകാൻ മെറ്റൽ സ്ക്രബർ ഉപയോഗിക്കരുത്. കഴുകി ഉണക്കി വേണം പാത്രം സൂക്ഷിക്കാൻ. വെയിലത്തു വച്ച് ഉണക്കാം; അതുമല്ലെങ്കിൽ അടുപ്പിൽ വച്ച് ഈർപ്പം കളയാം. പാത്രത്തിൽ നനവുണ്ടെങ്കിൽ പൂപ്പൽ വരും. ആഴ്ചയിലൊരിക്കൽ മൺപാത്രങ്ങൾ വെയിലത്തു വച്ച് ഉണക്കുന്നത് നല്ലതാണ്.

teracotta 2

നിറം: ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് മൺപാത്രങ്ങൾ ലഭിക്കുന്നത്. ചൂളയിലിട്ട് ചുട്ടതിനു ശേഷം വീണ്ടും ഉമിയിട്ട് കരിച്ചെടുക്കുമ്പോഴാണ് കറുപ്പ് നിറം വരുന്നത്. അതിനാൽ കറുത്ത പാത്രങ്ങൾക്ക് കൂടുതൽ ഉറപ്പുണ്ടാകാൻ സാധ്യതയുണ്ട്. ചുവന്ന പാത്രങ്ങൾ വീട്ടിലും ഉമിയിട്ട് കരിച്ചെടുക്കാം. 60 രൂപ മുതലാണ് മൺചട്ടികളുടെ വില. മൺപാത്രങ്ങൾ കൈകൊണ്ടു നിർമിക്കുന്നവയും മെഷീൻ നിർമിതവുമുണ്ട്. മെഷീനിൽ നിർമിക്കുന്നവ കൂടുതലും കേരളത്തിനു പുറത്തുനിന്നു വരുന്നവയാണ്. ഇവയ്ക്കു വിലയും കൂടും. കൈകൊണ്ടു നിർമിക്കുന്നവയാണ് കൂടുതൽ നല്ലത്. തൃശൂർ, ആലുവ, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ മൺപാത്രങ്ങൾ നിർമിക്കുന്നുണ്ട്. 

teracotta 3

കടപ്പാട്:

ശ്രീദേവി പത്മജം, ഓർഗാനോഗ്രാം,

തിരുവനന്തപുരം.

sreedevip.amc@gmail.com

ക്യാപിറ്റൽ ക്ലേ പ്രോഡക്ട്സ്, തിരുവല്ല.