കോട്ടയം∙ എൻജീനീയറിങ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്താൻ വനിത വീട് മാസികയും രാംകോ സൂപ്പർക്രീറ്റും കൈകോർക്കുന്നു. വീട് എൻജിനീയർ അവാർഡ്സ് സീസൺ രണ്ടിൽ 15 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുക. സിവിൽ, സ്ട്രക്ചറൽ വിഭാഗങ്ങളിൽ പ്രത്യേകം പുരസ്കാരങ്ങൾ ഉണ്ടായിരിക്കും. മലയാളി എൻജിനീയർമാർക്കാണ് അവസരം.
തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജ് സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. വി. ജയ, കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ്, എൻഐടി കോഴിക്കോട് സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ.എ.എസ്. സജിത്ത്, ഐഐടി പാലക്കാട് സിവിൽ എൻജീനീയറിങ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. എം.വി. അനിൽ കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ നിശ്ചയിക്കുക. എൻജിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡ് സംസ്ഥാന സമിതിയുമായി ചേർന്നാണ് അവാർഡ് നൽകുന്നത്.
വീട് എൻജിനീയർ അവാർഡ് സീസൺ ഒന്നിൽ അഞ്ഞൂറിലധികം എൻജിനീയർമാരാണ് പങ്കെടുത്തത്. അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറുപേരുടെ പ്രോജക്ടുകൾ പ്രത്യേകം വിലയിരുത്തിയാണ് വിജയികളെ നിശ്ചയിച്ചത്.
മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ വഴിയാണ് എൻട്രി അയക്കേണ്ടത്. ഓഗസ്റ്റ് 31 ആണ് അവസാന തീയതി. താഴെക്കാണുന്ന ലിങ്ക് വഴി പ്രോജക്ടുകൾ അയക്കാം. www.vanitha.in/veeduengineerawards