Friday 19 November 2021 12:50 PM IST : By ആർക്കിടെക്ട് മനോജ് കുമാർ കിനി

നല്ലൊരു ടോയ്‌ലറ്റ് അല്ലെങ്കിൽ വാഷ്റൂം തന്നെയല്ലേ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി?

toi 2 നിർമിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ടോയ്‌ലറ്റ്

November 19 - World Toilet Day.

വീട്ടിലെ പ്രധാനപ്പെട്ട ‘ഡിസൈൻ എലമെന്റ്’ ആയി ടോയ്‌ലറ്റുകൾ മാറിയിരിക്കുന്നു. ‘കാര്യം നടത്താനുള്ള’ സ്ഥലം എന്നതിലുപരി കൂടുതൽ സമയം ചെലവഴിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്ന സുഖസൗകര്യങ്ങളുള്ള സ്ഥലമാണ് ആധുനിക ടോയ്‌ലറ്റുകൾ... ആർക്കിടെക്‌ട് മനോജ് കുമാർ കിനി എഴുതുന്നു.

ശരീരത്തിന് ചൂടു പകരുന്ന ഇരിപ്പിടങ്ങൾ, കാലുകൾ ചൂടാക്കാനുള്ള സൗകര്യം, ബ്ലൂടൂത്ത് സ്പീക്കറുകൾ വഴിയുള്ള മ്യൂസിക് സ്ര്ടീമിങ്, ആകാശം കണ്ട് കുളിക്കാവുന്ന ഒാപൻ ടു സ്കൈ തുടങ്ങിയ സംവിധാനങ്ങൾ ഏറ്റവും പുതിയ ടോയ്‌ലറ്റുകളിലുണ്ട്.

ഡിസൈനും പരിസ്ഥിതി പരിഗണനകളും സാധാരണക്കാർക്കും ശാരീരിക പരിമിതികളുള്ളവർക്കും ഒരുപോലെയായിരിക്കണം എന്നതാണ് നല്ല ടോയ്‌ലറ്റ് ഒരുക്കാനുള്ള അടിസ്ഥാന നിയമം. സുഖം, വൃത്തി, ആരോഗ്യം എന്നിവ പ്രദാനം ചെയ്യാൻ ടോയ്‌ലറ്റിനാവണം. കൂടുതൽ സമയം ടോയ്‌ലറ്റ് ബൗളിൽ ചെലവഴിക്കുന്നവരെ സംബന്ധിച്ചാണെങ്കിൽ അതിന്റെ എർഗണോമിക്സ് (ergonomics) - അതായത്, ഇരിപ്പിന്റെ ആരോഗ്യവശം  വളരെ പ്രധാനമാണ്.

toi4 ഇന്ത്യൻ ക്ലോസറ്റിലെ 100–110 ഡിഗ്രിയിലുള്ള ഇരിപ്പാണ് സുഗമമായ ശോധനയ്ക്ക് അനുയോജ്യം.

മലവിസർജ്ജനത്തിന് ഏറ്റവും പുരാതനവും പരമ്പരാഗതവുമായത് കുത്തിയിരിക്കുന്ന (squatting position) രീതിയാണ്. ദേഹത്തിനും ടോയ്‌ലറ്റിനുമിടയിൽ ഏറ്റവും കുറവ് സ്പർശനം വരുന്നത് ഇൗ രീതിയിലാണ്. സുഗമമായ രീതിയിൽ വിസർജ്ജനം നടക്കുന്ന ഇരിപ്പും ഇതുതന്നെയാണ്. ഇന്ത്യൻ ക്ലോസറ്റിലെ 100Ð110 ഡിഗ്രിയിലുള്ള ഇരിപ്പാണ് സുഗമമായ ശോധനയ്ക്ക് അനുയോജ്യം. പാശ്ചാത്യ രീതിയിലുള്ള ക്ലോസറ്റുകളിൽ ഇൗ സൗകര്യം ലഭിക്കുന്നതിന് ഒരു ചെറിയ സ്റ്റൂളിനു മേലെ കാലുകൾ വയ്ക്കുന്നതു നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

toi7 ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള യുണിസെഫ് മോഡൽ ടോയ്‌ലറ്റ്.

ടോ‌യ്‌ലറ്റിലെ പുതിയ കണ്ടുപിടിത്തങ്ങൾ ഭംഗിയുടെയോ ആഡംബരത്തിന്റെയോ കാര്യത്തിൽ മാത്രമല്ല ഉണ്ടായിട്ടുള്ളത്. പ്രവർത്തന, ഉപയോഗക്ഷമതയുടെ കാര്യത്തിലും കാര്യമായ പുരോഗമനങ്ങൾ ഇൗ രംഗത്തു നടക്കുന്നു. പ്രത്യേകിച്ച്, ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വേണ്ടിയുള്ളവ. അടിയന്തര ഘട്ടങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും ഇത്തരക്കാരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. യുണിസെഫ് ഇതിനൊരു മികച്ച പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ ക്ലോസറ്റിലും വെസ്റ്റേൺ ക്ലോസറ്റിലും കൂട്ടിച്ചേർക്കാവുന്ന ഒരു മോഡുലർ ഘടകമാണിത്. അത്തരക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് ഇവ ഒരു പരിധി വരെ സഹായകമാവും. ‘‘ഇത് അവർക്ക് സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം തുല്യതയും മാന്യതയും ഉറപ്പുവരുത്തുന്നു’’ എന്ന് യുഎൻ സെക്രട്ടറി ജനറൽ എക്സിക്യൂട്ടീവ് ഒാഫിസിലെ സീനിയർ സോഷ്യൽ അഫയേഴ്സ് ഒാഫിസറായ ഗോപാൽ മിത്ര പറയുന്നു.

toi6 സ്ത്രീ സൗഹൃദ ടോയ്‌ലറ്റിന്റെ മാതൃക.

സാനിറ്റേഷന്റെ കാര്യത്തിൽ ലിംഗനീതി പാലിക്കപ്പെടുന്നുണ്ടോ എന്നതും ഈ സാഹചര്യത്തിൽ ചിന്തനീയമാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രത്യേകമായ സാനിറ്റേഷൻ ആവശ്യങ്ങൾ ടോയ്‌ലറ്റ് ഡിസൈനിൽ പരിഗണിക്കപ്പെടുന്നത് കുറവാണ്. സ്ത്രീകളുടെ ആർത്തവ ശുചിത്വവും സുരക്ഷിതത്വവും മാന്യതയും കണക്കിലെടുക്കുന്ന സ്ത്രീ സൗഹ‍ൃദ ടോയ്‌ലറ്റുകൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

toi3 പഴയകാലത്തെ ടോയ്‌ലറ്റ്.

പൊതുടോയ്‌ലറ്റുകളിൽ പലപ്പോഴും വൃത്തിഹീനതയുടെ പ്രശ്നം നേരിടുന്നതിനാൽ സ്ത്രീകൾ പ്രത്യേകിച്ച് ക്ലോസറ്റിൽ ഇരിക്കാറില്ല എന്ന് പഠനങ്ങൾ കാണിക്കുന്നു. ഇതും സ്ത്രീകൾക്ക് വൈഷമ്യവും മാനസിക സമ്മർദവും ഉണ്ടാക്കുന്ന കാര്യങ്ങളാണ്. പല ഡിസൈനർമാരും പുതുമയേറിയ പരീക്ഷണങ്ങൾ ഇക്കാര്യത്തിൽ ചെയ്തിട്ടുണ്ട്. ‘പീക്വൽ’ (Peequal) എന്നു പേരിട്ടിരിക്കുന്ന സംവിധാനം ഒരേ സമയം ആറു പേർക്ക് ഉപയോഗിക്കാവുന്നതാണ്. കുത്തിയിരുന്ന് ഉപയോഗിക്കാവുന്ന ഇൗ ടോയ്‌ലറ്റിൽ കമോഡ് ഒരു ബോട്ട് ആകൃതിയിലാണ് കൊടുത്തിരിക്കുന്നത്.

പരമാവധി ഒാട്ടമേഷൻ സൗകര്യങ്ങളാണ് വരാനിരിക്കുന്ന ടോയ്‌ലറ്റുകളിലുണ്ടാവുക. ടോട്ടോ, കോഹ്‌ലർ പോലുള്ള ബ്രാൻഡുകൾക്ക് ടച്ച് സെൻസിറ്റിവിറ്റി, രാത്രി ലൈറ്റുകൾ, സെൻസർ പിടിപ്പിച്ച ഇരിപ്പിടങ്ങൾ എന്നിവ ഉണ്ട്. പരമാവധി സൗകര്യവും വ‍ൃത്തിയുമാണ് ഇത്തരം കണ്ടുപിടിത്തങ്ങളുടെ ലക്ഷ്യം. ‘വെൽബിയിങ്’ (Wellbeing) എന്നു പേരിട്ടിരിക്കുന്ന, മികച്ച എർഗണോമിക്സ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു മോഡൽ കമ്പനികൾ തയാറാക്കിക്കൊണ്ടിരിക്കുന്നു. സുഗമമായ ശോധനയ്ക്കുള്ള ഏറ്റവും നല്ല ഇരിപ്പു മുതൽ ഗർഭാവസ്ഥയും മറ്റ് ശാരീരിക അവസ്ഥകളും മൂത്രത്തിലൂടെ പരിശോധിക്കുന്ന സൗകര്യങ്ങൾ വരെയാണ് ഇവയിലുള്ളത്.

toi1 കരിങ്കല്ലിൽ നിർമിച്ച പഴയകാല ടോയ്‌ലറ്റ്.

ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെ ബന്ധിക്കപ്പെട്ട പൊതു ടോയ്‌ലറ്റുകൾ, ഖര മാലിന്യങ്ങളിൽ നിന്ന് ജലാംശം വേർതിരിച്ച് വളമാക്കി മാറ്റുന്ന നാനോ മെമ്രേൻ ടോയ്‌ലറ്റുകൾ... എന്നിവയൊക്കെ അധികം വൈകാതെ സാക്ഷാത്കരിക്കപ്പെടും. നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളും വരാനിരിക്കുന്നു. ശരീര ഉൗഷ്മാവ് അളക്കാനും മാലിന്യങ്ങളുടെ പരിശോധന നടത്തി ആരോഗ്യ അവലോകനം നൽകാനും ഇവയ്ക്കാവും.

നല്ലൊരു ടോയ്‌ലറ്റ് സംസ്കാരം വളർത്തിയെടുക്കുക എന്ന അവബോധം എല്ലാവരിലും ഉണ്ടാക്കേണ്ടതുണ്ട്. അസമത്വങ്ങളില്ലാതെ ശുചിമുറി ലഭ്യമാക്കുക, അതു വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുക എന്നതുമാണ് നല്ല ടോയ്‌ലറ്റ് സംസ്കാരം. n

Tags:
  • Design Talk