Saturday 11 April 2020 01:06 PM IST

പറന്നത് ഫ്രാൻസിൽ സെറ്റിൽ ചെയ്യാൻ, മടങ്ങിയത് ജീവൻ കൈയിൽ പിടിച്ച്! രക്ഷിച്ചവർക്ക് ഫ്രഞ്ച് മുത്തം നൽകി ലക്ഷ്മിയും ഹരിയും

Binsha Muhammed

France-1

'അന്യനാടാണ്.... തീരെ പരിചയമില്ലാത്ത ആളുകളും. തൊണ്ടവേദനയാണെന്ന് പറയാനുള്ള അരമുറി ഫ്രഞ്ച് പോലും എനിക്കറിയില്ല. ആകെ അറിയാവുന്ന ഇംഗ്ലീഷ് ഇവിടെ അങ്ങനെ വിലപ്പോവാറുമില്ല. കോവിഡിനെ പേടിച്ച് നാട്ടിലേക്കുള്ള വിമാനം പിടിക്കാന്‍ തീരുമാനിക്കുന്നത് പോലും അതുകൊണ്ടാണ്. പക്ഷേ എന്തു ചെയ്യാന്‍... ചങ്ങലക്കണ്ണികള്‍ അറ്റുപോകും മുൻപ് അവനെന്നെ പിടികൂടി. കോവിഡിനെ പേടിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ ചെക്കനും പെണ്ണിനും അങ്ങനെ പുതിയൊരു പേരു കൂടി വീണു, കോവിഡ് പോസിറ്റീവ്.'

കടന്നു പോയ നാളുകളേയും നെഞ്ചിടിപ്പേറ്റിയ ഓര്‍മകളേയും തിരികെ വിളിക്കുമ്പോള്‍ ലക്ഷ്മിയെ ഒരു ടെന്‍ഷന്‍ പിടികൂടും. പിപിഇ കിറ്റില്‍ ശരീരത്തെ പൊതിഞ്ഞു നിര്‍ത്തിയ നിമിഷങ്ങളില്‍ അനുഭവിച്ച അതേ ടെന്‍ഷന്‍. ഫ്രാന്‍സില്‍ നിന്നും കോവിഡിനെ ഭയന്ന് നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്താന്‍ കൊതിച്ചതാണ് ലക്ഷ്മിയും ഭര്‍ത്താവ് ഹരിയും. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചു. ജാഗ്രതയ്‌ക്കോ മുന്‍കരുതലുകള്‍ക്കോ ഒട്ടും കുറവു വരുത്തിയതുമില്ല. പക്ഷേ എന്തിനെ അവര്‍ ഭയന്നോ അതേ ഭയം തന്നെ അവരെ പിടിമുറുക്കി. പിന്നീടങ്ങോട്ട് ഒരു പോരാട്ടമായിരുന്നു. തളര്‍ന്നു പോകരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ച്, ഇതും കടന്നു പോകുമെന്ന് മന്ത്രം പോലെ ഉരുവിട്ട് കഴിച്ചു കൂട്ടിയ നാളുകള്‍. ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന നെടുവീര്‍പ്പിന്റെ ആ നാളുകൾ ‘വനിത ഓണ്‍ലൈനു’മായി പങ്കുവയ്ക്കുമ്പോൾ അനുഭവിച്ച ഉത്കണ്ഠയും ആകാംക്ഷയും ആ വാക്കുകളിലുണ്ടായിരുന്നു. പോസിറ്റീവില്‍ നിന്നും നെഗറ്റീവിലേക്ക് നടന്നടുത്ത ഓര്‍മകളെ തിരികെ വിളിക്കുമ്പോള്‍ ലക്ഷ്മിയുടെ മനസ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ ഇടനാഴിയിലെവിടെയോ ആയിരുന്നു.

ലോക് ഡൗണ്‍, ഫ്രഞ്ച് കാലത്ത്

'വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ഹരിയോടൊപ്പം ഡിസംബറിലാണ് ഫ്രാന്‍സിലേക്ക് പോകുന്നത്. നാട്ടിലെ ടീച്ചര്‍ പണിക്ക് താത്കാലിക അവധി നല്‍കിയായിരുന്നു യാത്ര. പ്രോഡക്ട് സ്‌പെഷ്യലിസ്റ്റായി ഫ്രാൻസിൽ ജോലി ചെയ്യുകയാണ് ഹരി. ടൂറിസ്റ്റ് വീസയില്‍ എത്തി ഫാമിലി വീസയിലേക്ക് ചേഞ്ച് ചെയ്യാനായിരുന്നു പദ്ധതി. ഫ്രാൻസിൽ തന്നെ സെറ്റിൽ ചെയ്യാമെന്ന് തീരുമാനിച്ചായിരുന്നു യാത്ര. വിവാഹത്തിനു ശേഷമുള്ള ആ യാത്രയ്ക്ക് മധുവിധുവിന്റെ തിളക്കവും ഉണ്ടേ. പക്ഷേ എല്ലാം തകിടംമറിച്ച് അവന്‍ രംഗപ്രവേശം ചെയ്തു. ലോകത്തെ വിറപ്പിക്കുന്നകോവിഡ്'- ലക്ഷ്മി പറഞ്ഞു തുടങ്ങുകയാണ്.

France-2

ജനുവരിയും ഫെബ്രുവരിയും കോവിഡ് തലപൊക്കിയിട്ടു തിരികെ പോയ മാസങ്ങളാണ്. പക്ഷേ മാര്‍ച്ചിലെ രണ്ടാം വരവിലാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. ആദ്യമൊക്കെ ഫ്രാന്‍സ് സേഫ് ആയിരുന്നു. ഞങ്ങളെ ഇതൊന്നും പിടികൂടില്ല എന്നൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്തായി. മാര്‍ച്ചോടെ ഫ്രാന്‍സിലും അങ്ങിങ്ങായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. അപ്പോഴേക്കും എന്റെ വീസയുടെ കാലാവധിയും അവസാനിച്ചിരുന്നു. എന്ത് ചെയ്യും...എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് അഭയം... ഇനി നാട്ടിലേക്ക് പോയാല്‍തന്നെ അച്ഛനേയും അമ്മയേയും ബാധിക്കുമോ, ആകെ ടെന്‍ഷന്‍. അതിനിടെ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതോടെ വര്‍ക് ഫ്രം ഹോമിലേക്ക് ഹരിയുടെ കമ്പനി മാറി. അപ്പോഴും ഞങ്ങള്‍ താമസിക്കുന്ന പ്രദേശം സേഫ് ആയിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോകും മുന്നേ നാട്ടിലേക്ക് എത്താന്‍ അപ്പോഴും ഞങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. വര്‍ക് ഫ്രം ഹോം ഫ്രാന്‍സില്‍ തന്നെയായിരിക്കണം എന്നായിരുന്നു ഹരി ജോലി ചെയ്യുന്ന കമ്പനി മുന്നോട്ടു വച്ച നിബന്ധന. അതോടെ നാട്ടിലേക്കുള്ള പോക്ക് പിന്നേയും അനിശ്ചിതത്വത്തിലായി. രോഗം വ്യാപിച്ചതോടെ നാട്ടിലേക്ക് പോകാന്‍ കമ്പനി അനുവദിച്ചു. അങ്ങനെ ഞങ്ങള്‍ നാട്ടിലേക്കുള്ള വിമാനം കയറാനുള്ള തയ്യാറെടുപ്പിലായി.

നാടിന്റെ സുരക്ഷിതത്വത്തിലേക്ക്

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്ത് അറിയിപ്പ് വന്നെങ്കിലും ഞങ്ങളുടെ ഫ്ലൈറ്റ് പറക്കാനൊരുങ്ങിയിരുന്നതിനാൽ തടഞ്ഞില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ഫ്രാന്‍സില്‍ നിന്ന് ദുബായിലേക്ക്. അവിടുന്ന് കൊച്ചിയിലേക്ക്. യാത്രയിലുടനീളം എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഞങ്ങള്‍ പാലിച്ചു. മാര്‍ച്ച് 17ന് നാട്ടിലെത്തുമ്പോള്‍ ആശുപത്രിക്ക് സമാനമായിരുന്നു എയര്‍പോര്‍ട്ടിലെ കാര്യങ്ങള്‍. ഞങ്ങളേയും തെര്‍മല്‍ ചെക്കിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാക്കി. ഒരു കൂട്ടം ആള്‍ക്കാര്‍ക്കു നടുവില്‍ ഞങ്ങളേയും കൊണ്ടിരുത്തുമ്പോള്‍ മനസ്സിൽ വല്ലാത്തൊരു പേടി പിടികൂടി. ഞങ്ങള്‍ രോഗികളാണ് എന്നൊരു ഫീല്‍. ഞങ്ങള്‍ മാസ്‌കൊക്കെ ധരിച്ചിരിക്കുമ്പോള്‍ കുറേ പേര്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിൽ കൂളായി ഇരിക്കുന്നു. കോവിഡ് രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങി എല്ലാ നാട്ടില്‍ നിന്നു വന്നവരും അക്കൂട്ടത്തില്‍ ഉണ്ട്. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തതു കൊണ്ടാകണം. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഞങ്ങളെ വീട്ടിലേക്ക് തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ വീട്ടിലേക്ക് വിട്ടു. 14 ദിവസം ഹോം ക്വാറന്റിന്‍!

വീട്ടിലെത്തി രണ്ടാം ദിനമാണ് പനി തുടങ്ങുന്നത്. യാത്രാക്ഷീണമെന്നാണ് ആദ്യം കരുതിയത്. ഹരിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. എങ്കിലും സംശയത്തിന്റെ പേരില്‍ ഞങ്ങള്‍ രണ്ടും ആശുപത്രിയിലേക്ക്. ട്രാവല്‍ ഹിസ്റ്ററിയും കോണ്ടക്റ്റ്‌സും പറഞ്ഞപ്പോഴേ പരിശോധന മുറിയിലേക്ക് ഞങ്ങളെ കൊണ്ടു പോയി. . സ്രവ പരിശോധനക്ക് വിധേയയാകുമ്പോഴും ഞാന്‍ കരുതിയില്ല ഈ പരിശോധന എനിക്കുള്ള കോവിഡിന്റെ പണിയാണെന്ന്. ഒടുവില്‍ പേടിപ്പിച്ചഫലം പുറത്തു വന്നു. ഞാനും ഹരിയും കോവിഡ് പോസിറ്റീവ്. അതോടെ ഐസൊലേഷന്‍ വാര്‍ഡിന്റെ ഒറ്റപ്പെടലിലേക്ക്.

France-3

മനുഷ്യരാണോ അവര്‍ ?

വേണ്ടപ്പെട്ടവരെല്ലാം കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുമ്പോഴും ഞങ്ങള്‍ കുറേ കാര്യങ്ങള്‍ മിസ് ചെയ്തു. ആരെയും കാണാതെ എങ്ങനെയാണ് പിടിച്ചു നില്‍ക്കുന്നതെന്ന് ചിന്തിച്ചു പോയി. പുറത്തിറങ്ങിയാല്‍ മനുഷ്യ ജീവികളെ ആരെയെങ്കിലും നേരിട്ട് കാണണമെന്ന് മാത്രമായി ആഗ്രഹം. നമ്മളുടെ ആഗ്രങ്ങള്‍ എത്രമാത്രം ചുരുങ്ങിപ്പോയി എന്നോര്‍ക്കണേ...ഭക്ഷണമൊക്കെ അടിപൊളിയായിരുന്നു. ഞങ്ങളെ നന്നായി പരിചരിച്ചു. പക്ഷേ ദിനങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ എന്തെന്നില്ലാത്ത മടുപ്പ് പിടികൂടി. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ നാളുകള്‍ ഒരിക്കലും മറക്കില്ല. പിപിഇ കിറ്റില്‍ ഉരുകിയൊലിച്ച് അന്യഗ്രഹ ജീവികളെ പോലെ ആശുപത്രിയിലേക്ക്. പേടിയും ടെന്‍ഷനും സമം ചേരുന്ന ദിനങ്ങള്‍ അങ്ങനെ കടന്നു പോയി. ഒരുപാട് നാളുകള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കോവിഡിന് എന്തായാലും ഭാവം ഇല്ലായിരുന്നു. ദിവസങ്ങള്‍ക്കൊടുവില്‍ ലഭിച്ച നെഗറ്റീവ് ഫലം ഞങ്ങളുടെ പുഞ്ചിരി തിരികെ തന്നു. പക്ഷേ ഈ കാലത്തെപ്പോഴോ കോവിഡിനെക്കാളും വലിയൊരു വൈറസ് വാട്‌സാപ്പില്‍ അടക്കം പാറി നടപ്പുണ്ടായിരുന്നു. ഫ്രാന്‍സില്‍ നിന്ന് കുറേപേര്‍ വന്നിട്ടുണ്ടെന്നും അവരൊക്കെ കറങ്ങി നടപ്പാണെന്നും. ആ അസുഖത്തിന് മാത്രം മരുന്ന് കണ്ടുപിടിക്കും എന്നു തോന്നുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ വീര്‍പ്പുമുട്ടലുകളില്‍ നിന്നും ഒഴിഞ്ഞ് ശുദ്ധവായു ശ്വസിക്കുകയാണ്. ക്വാറന്റിന്‍ നാളുകള്‍ കടന്ന്. അനുഭവത്തിന്റെ കരുത്തിൽ എല്ലാവരോടും ഒന്നേ പറയാനുള്ളൂ, ഒന്നും നഷ്ടപ്പെടില്ല, അതിജീവിക്കും നമ്മള്‍.- ലക്ഷ്മിയുടെ വാക്കുകളിൽ ദുരിതക്കടൽ നീന്തക്കയറിയവളുടെ ആത്മവിശ്വാസം.