Tuesday 04 February 2020 05:41 PM IST

രാജാക്കൻമാർക്ക് കൂട്ടായി ഇനി റാണിമാരും! ഇന്ത്യൻ കോഫി ഹൗസിൽ വിളമ്പാൻ വളയിട്ട കൈകൾ; കോട്ടയത്ത് ചരിത്രമായി രണ്ടു പെണ്ണുങ്ങൾ

Binsha Muhammed

coffee-house-cover

മൊരു മൊരാ മൊരിഞ്ഞ കട്‍ലറ്റും ആവി പറക്കുന്ന മസാല ദോശയുമായി പുഞ്ചിരി തൂകി എത്തുന്നവർ. അവരെ ആദ്യമായി കണ്ട അന്ധാളിപ്പിൽ ‘രാജാവേ’ എന്ന് വിളിച്ച നിഷ്ക്കളങ്കർ എത്രയോ പേർ. പ്ലേറ്റിൽ വിളമ്പി വച്ച നെയ്റോസ്റ്റിലേക്ക് നോക്കാതെ ആ രാജാപ്പാർട്ട് വേഷം കണ്ട് കിളിപറന്ന പിന്നേയും കുറേ പേർ. മലയാളിയുടെ നൊസ്റ്റാൾജിയയിൽ തലപ്പാവു ചൂടി നിൽക്കുന്ന ഇന്ത്യൻകോഫീ ഹൗസിന്റെ കഥ ഇങ്ങനെ വേണം പറഞ്ഞു തുടങ്ങാൻ.

രുചിയുടെ കിരീടം ചൂടിയ കോഫീഹൗസിന്റെ ചരിതം തുടങ്ങി വയ്ക്കുന്നത് ശരിക്കും അവരാണ്. വിശറി പോലത്തെ തൊപ്പിയും, അരപ്പട്ടപോലത്തെ പച്ചയും ചുവപ്പും ബെൽറ്റും, രാജാപ്പാർട്ട് വേഷവും ധരിച്ചെത്തുന്ന വെയ്റ്റർമാർ‌. അഥവാ രുചി തേടി ചെല്ലുന്നവനു മുന്നിൽ വൈവിധ്യങ്ങളുടെ തട്ടു നിരത്തുന്ന ‘രാജാക്കൻമാർ.’ പക്ഷേ ഇവിടെയിതാ രണ്ട് ‘രാജ്ഞിമാർക്കു’ മുന്നില്‍ കോഫി ഹൗസിന്റെ ചരിത്രവും ആ പതിവ് കാഴ്ചയും വഴിമാറുകയാണ്. ആണുങ്ങൾ കയ്യടക്കി വച്ചിരുന്ന കോട്ടയത്തെ കോഫി ഹൗസിൽ രുചി വിളമ്പാൻ രണ്ട് സിങ്കപ്പെണ്ണുങ്ങൾ!

ഇന്ത്യൻ കോഫിഹൗസിന്റെ ജാതകവും 61 വർഷത്തെ ചരിത്രവും മാറ്റിയെഴുതുന്ന ആ രണ്ട് ‘റാണിമാരെ’ കാണണമെങ്കിൽ കോട്ടയം വൈഎംസിഎയിലെ കോഫി ഹൗസിലേക്ക് വണ്ടി പിടിക്കണം. അവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത് രണ്ട് സ്ത്രീകളായിരിക്കും കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സുരാൻസയും ഇല്ലിക്കൽ സ്വദേശി പ്രീതിയും. രണ്ട് പെണ്ണുങ്ങൾ കാലെടുത്തു വച്ചപ്പോൾ പിറവി കൊണ്ട പുതുചരിത്രത്തിനു നടുവിൽ നിന്ന്...കോഫീ ഹൗസിൽ പെണ്ണുങ്ങളെ കണ്ട് കിളി പറന്ന ഭക്ഷണ പ്രേമികൾക്കു നടുവിൽ നിന്ന് വനിത ഓൺലൈൻ വായനക്കാർക്കാരോട് അവർ അവരുടെ കഥ പറയുകയാണ്.

coffee-2

കെട്ട്യോനാണ് ഞങ്ങളുടെ മാലാഖ‍

ഓരോ പുരുഷന്റെ വിജയത്തിനു പിന്നിലും സ്ത്രീകളുണ്ടാകും എന്ന് പറയാറില്ലേ. ഞങ്ങളുടെ ഈ റാണിമാരായുള്ള മാറ്റത്തിനു പിന്നിലുള്ള മുഴുവന്‍ ക്രെഡിറ്റും ഞങ്ങളുടെ കെട്ട്യോൻമാർക്കാണ്. അവരുടെ ശ്രമവും പ്രോത്സാഹനവുമാണ് ഞങ്ങളെ ഇവിടേക്കെത്തിച്ചത്. അവരാണ് ഈ നേട്ടത്തിനു പിന്നിൽ– കോഫി ഹൗസ് ജീവനക്കാർ കൂടിയായ ഭർത്താക്കൻമാർക്ക് മത്സരിച്ച് ക്രെഡിറ്റ് നൽകി സുരാൻസയും പ്രീതിയും ‘ചൂടോടെ’ പറ‍ഞ്ഞു തുടങ്ങുകയാണ്.

coffee-4

കോഫി ഹൗസ് തിരുവനന്തപുരം ശാഖയില്‍ ജോലിയിലിരിക്കേ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ ജോലിക്കായുള്ള പോരാട്ടമാണ് ഞങ്ങൾക്കു മുന്നിലും ഈ വാതിൽ തുറക്കാൻ കാരണമായത്. അവരെ ദൈവം അനുഗ്രഹിക്കട്ടേ. പിന്നുള്ള നന്ദിയും കടപ്പാടും ഭർത്താവ് ശ്യാം ലാലിനാണ്. അദ്ദേഹം കോഫി ഹൗസ് മെഡിക്കൽ കോളജ് ശാഖയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ കോഫി ഹൗസിൽ 30 കൊല്ലത്തോളം ജോലി ചെയ്താണ് വിരമിച്ചത്. ശരിക്കും പറഞ്ഞാല്‍ ഞങ്ങൾ ഇപ്പോൾ ശരിക്കും കംപ്ലീറ്റ് കോഫി ഹൗസ് കുടുംബമായി. മുൻപ് കൊച്ചി ഇൻഫോ പാർക്കിൽ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. ദിനവും പോയി വരുന്നത് ബുദ്ധിമുട്ടായപ്പോഴാണ് ആ ജോലിക്കായി ശ്രമിച്ചത്. ദൈവാനുഗ്രഹം പോലെ ഇവിടെ ജോലി കിട്ടി. എനിക്ക് രണ്ട് മക്കൾ ആദിത്യനും ആദിദേവും. എട്ടും ഒന്നരവയസും വീതം പ്രായം– സുരാൻസ പറയുന്നു.

coffee-1

റാണിമാരുടെ രാജകീയ എൻട്രി

പലർക്കും ഇനിയും അന്ധാളിപ്പ് മാറിയിട്ടില്ല. ഓർഡർ എടുക്കാൻ ഞാനും സുരാൻസയും എത്തുമ്പോൾ പലർക്കും ഒരു അന്ധാളിപ്പാണ്. ശ്ശെടാ..ഇവർ ഇതെവിടുന്നു വന്നു എന്ന ഭാവം. മറ്റ് ചിലർ അദ്ഭുതത്തോടെ നോക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും ഈ പെണ്ണുങ്ങൾ എന്താ ഇവിടെ എന്ന ഭാവത്തിൽ ചിലർ ഒളികണ്ണിട്ട് നോക്കുന്നത് കാണാം. കോഫി ഹൗസിലെ ‘രാജായെ’ കണ്ട് ശീലിച്ചവർക്ക് എന്തായാലും ഞങ്ങളുടെ വരവ് വല്ലാത്തൊരു അദ്ഭുതം തന്നെയാണ്. തുടക്കത്തിൽ ചെറിയ ടെൻഷനൊക്കെ ഉണ്ടായിരുന്നു. പതിയെ പതിയെ അത് മാറി വരുന്നു. പിന്നെ എന്റെ ഭർത്താവ് ഇതേ കോഫീ ഹൗസിൽ കാഷ്യറാണ്. അതു കൊണ്ട് തന്നെ കാര്യങ്ങൾ യഥാവിധം പഠിപ്പിക്കാനും തെറ്റുതിരുത്താനും, വഴക്കു പറയാനുമൊക്കെ അധികം ആൾക്കാർ വേണ്ടേ വേണ്ട. പുള്ളിക്കാരൻ തന്നെയാണ് എന്റെ മാഷും ട്രെയിനറും – ആദ്യമായി കയറിയ ജോലിയിലൂടെ താരമായി മാറിയതിന്റെ ത്രില്ലിൽ 36വയസുകാരിയായ പ്രീതി പറയുന്നു.

coffee-3

എന്തായാലും കോഫിഹൗസ് രാജാക്കൻമാരെ നോക്കും പോലെ അന്തംവിട്ടൊന്നും ഞങ്ങളെ നോക്കില്ലായിരിക്കും. അവരിൽ നിന്നൊക്കെ സിമ്പിളാണ് ഞങ്ങളുടെ യൂണിഫോം. നീല ചുരിദാറിനു മേലെ ഓവർകോട്ട്. പിന്നെ ഭക്ഷണം വിളമ്പുന്നതിന്റേയും ഓർഡർ എടുക്കുന്നതിന്റേയും രാജകീയ കലകളെക്കുറിച്ച് ഞങ്ങളുടെ സീനിയർമാർ തന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. പിന്നെ രുചിക്കു മുന്നിൽ ആൺ പെൺ വേർതിരിവൊന്നും ഇല്ലല്ലോ. മനസു നിറഞ്ഞു കഴിക്കാൻ ഇങ്ങോട്ടു പോര്. രാജാക്കൻമാർക്കൊപ്പം നിങ്ങളെ സ്വീകരിക്കാൻ‌ ഞങ്ങളും ഇവിടെയുണ്ടാകും.– സുരാൻസ പറഞ്ഞു നിർത്തി.

Tags:
  • Inspirational Story