Thursday 02 March 2023 03:56 PM IST

ഇത് മണി ഭവനം, വിക്രമൻ പിള്ളയും മണിയും ഒറ്റയ്ക്ക് പൂർത്തിയാക്കിയ പണിക്കാരില്ലാത്ത വീട്: വാടക വീട്ടിൽ നിന്നും സ്വപ്നത്തിലേക്ക്

Binsha Muhammed

mani-bhavanam

ഒരു മനുഷ്യായുസിന്റെ ഫലമാണ് പലർക്കും വീട്. പത്തനംതിട്ടയിലെ കലഞ്ഞൂർക്കാരൻ വിക്രമൻ പിള്ളയും ഒരു വീടിനു വേണ്ടി നൽകിയത് അതാണ്, ഒരു മനുഷ്യായാസുന്റെ അധ്വാനം! വീട് പണിക്ക് മനസിൽ പ്ലാനും ത്രീഡിയും വരയ്ക്കുമ്പോഴേ ആധികയറുന്നവരുടെ നാട്ടിൽ, കെട്ടിട നിർമാണ സാമഗ്രികളുടെ വില റോക്കറ്റു പോലെ ഉയരുന്ന നാട്ടിൽ ഒറ്റയ്ക്കൊരു മനുഷ്യനൊരു വീടു പണി പൂർത്തിയാക്കിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആ പറഞ്ഞ കക്ഷിയെന്താ ചിട്ടി റോബോട്ടാണോ എന്ന് ആലോചിച്ച് നെറ്റി ചുളിക്കേണ്ട. 420 ചതുരശ്രയടിയുള്ള ഈ വീടിന്റെ അടിസ്ഥാനം മുതൽ അവസാനം വരെയുള്ള പണിക്ക് പുറത്തൂന്നൊരു പണിക്കാരൻ കാലുകുത്തിയിട്ടില്ല. എന്തിനേറെ വീട് പണിയുന്നവന്റേയും ഉടമയുടേയും രക്തം വിയർപ്പാകുന്ന സുപ്രധാന ഘട്ടമായ കോൺക്രീറ്റിൽ പോലും രണ്ടേ രണ്ടു പേർ മാത്രം. വിക്രമന്‍ പിള്ളയും ഭാര്യ മണിയും. കാത്തിരിപ്പിന്റെയും കഷ്ടപ്പാടിന്റേയും 7 മാസങ്ങൾക്കൊടുവിൽ പാലു കാച്ചൽ ചടങ്ങു പൂർത്തിയാക്കി ആ കുഞ്ഞുവീടിന്റെ ഉള്ളിൽ കിടന്നുറങ്ങുമ്പോൾ വിക്രമൻ പിള്ളയുടെയും ഭാര്യ മണിയുടെയും ഉള്ളിലൊരു തണുപ്പുണ്ട്. എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഒരു ചെറുചിരിയോടെ ‘അതൊരു സ്വപ്നം പോലാ...’ എന്ന് നിഷ്ക്കളങ്കമായി മറുപടി പറഞ്ഞ് വിക്രമൻ പിള്ള ആ കഥ പറഞ്ഞു തുടങ്ങുകയാണ്. പണിക്കാരില്ലാതെ പണിത വീടിന്റെ കഥ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുന്നു.

സ്വപ്നം ഒരു ചാക്ക്

‘ആ ലോകം മുഴുവൻ എന്റെ ഈ കുഞ്ഞു വീട്ടിലേക്ക് ചുരുങ്ങും പോലെ. കഴിഞ്ഞു പോയത് എല്ലാം ഒരു സ്വപ്നം പോലെയാണ്. ഒറ്റയ്ക്ക് എന്നെക്കൊണ്ട് ഇതിനാകില്ലായിരുന്നു, ഒരു പക്ഷേ ഈ പെടാപ്പാടും പെടില്ലായിരുന്നു. ഇവളില്ലായിരുന്നെങ്കിൽ. കുഞ്ഞുങ്ങളില്ലാത്ത ഞങ്ങളുടെ കുഞ്ഞാണ് ഈ വീട്.’– അധ്വാനത്തിന്റെ തഴമ്പുവീണ കൈകളിലേക്ക് നോട്ടമെറിഞ്ഞ് വിക്രമൻ പിള്ള പറഞ്ഞു തുടങ്ങി.

നാട്ടില് ഡ്രൈവർ പണിയായിരുന്നു. അതില്ലാതായപ്പോൾ മേസ്തിരിപ്പണിക്കും പോയി. കല്യാണം കഴിഞ്ഞ അന്നുതൊട്ട്, കൃത്യമായി പറഞ്ഞാൽ 30 കൊലത്തോളം വാടക വീട്ടിൽ കഴിഞ്ഞു. സത്യം പറഞ്ഞാൽ വാടക വീട്ടിൽ തലചായ്ച്ചുറങ്ങിയ ദിവസങ്ങളോയോർത്ത് കുറ്റബോധമില്ല. പക്ഷേ പണികഴിഞ്ഞ് വിയർപ്പു പുരണ്ട നോട്ടുകളുമായി വരുമ്പോൾ ഇതെല്ലാം കൂടി സ്വരുക്കൂട്ടി എന്നെങ്കിലും തലചായ്ക്കാനൊരിടം വേണമെന്ന് അതിയായി കൊതിച്ചു. പക്ഷേ കൂട്ടിയാല്‍ കൂടണ്ടേ... മാസങ്ങളും വർഷങ്ങളും അങ്ങനെ കഴിഞ്ഞുപോയി. വസ്തു വാങ്ങാനുള്ള പണം പഞ്ചായത്തും വീട് പണിയാനുള്ള പണം സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴിയും കിട്ടുമെന്ന് അറിഞ്ഞപ്പോഴാണ് ഒരു കൂരയെന്ന മോഹം മനസിലുദിച്ചത്. നാലു ലക്ഷം രൂപയ്ക്ക് വീടു പണിയാനൊക്കുമോ എന്ന് പലരും അടക്കം പറഞ്ഞിടത്ത്, . നാലു ലക്ഷം രൂപയ്ക്ക് വീടു പണി പൂർത്തിയാക്കുമെന്ന വാശിയുണ്ടായി. അതായിരുന്നു മനസിൽ കുറിച്ചിട്ട ഞങ്ങളുടെ ആദ്യത്തെ പ്ലാൻ. എൻജിനീയറേം കണ്ടില്ല, പിള്ളേര് പറയുന്ന പോലെ ത്രീഡിയിൽ പ്ലാനും വരച്ചില്ല.

പക്ഷേ ഒരു കിടപ്പാടം വേണമെന്ന ആഗ്രഹത്തിനായി വർഷങ്ങളായി ഓഫിസുകൾ കയറിയിറങ്ങി. അതായിരുന്നു വലിയ അധ്വാനം. പക്ഷേ മുട്ടിയ വാതിലുകളിലെല്ലാം നിരാശയായിരുന്നു ഫലം. ഒടുവിൽ പത്തനംതിട്ട കലക്ടറുടെ നിർദേശപ്രകാരമാണ് ലൈഫ് പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്കു വസ്തു വാങ്ങി വീട് വയ്ക്കുന്ന പദ്ധതിയിൽ ഞങ്ങളെ ഉൾപ്പെടുത്തി. വസ്തുവിന് 2 ലക്ഷം രൂപയും വീടിന് 4 ലക്ഷം രൂപയുമാണ് പദ്ധതിയിൽ അനുവദിച്ചത്. പക്ഷേ  വസ്തുവിന് തന്നെ മൂന്നേകാൽ ലക്ഷമായി. അധികം ചെലവായ ഒന്നേകാൽ ലക്ഷം രൂപയ്ക്കു വേണ്ടി ഞാൻ ഭാര്യയുടെ ആകെയുണ്ടായിരുന്ന മാലവിറ്റു.

mani-bhavanam-2 ചിത്രങ്ങൾ: മനോരമ

സർക്കാർ തന്നതിൽ കാശിന് വലിയ മെനക്കേടും കടവുമില്ലാതെ വീട് പൂർത്തിയാക്കണമെങ്കിൽ ഞാനും എന്റെ മണിയും വിചാരിച്ചാൽ മാത്രമേ നടക്കൂ എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. മുണ്ടുമുറുക്കി കെട്ടി ഞാനും മണിയും സൈറ്റിലേക്കിറങ്ങുന്നത് അങ്ങനെയാണ്.

പണിക്കാരില്ലാത്ത വീടിന്റെ പകിട്ട്

40 വർഷം മേസ്തിരി പണിക്ക് പോയ അനുഭവം, മണിക്കാണെങ്കിൽ തൊഴിലുറപ്പിന് പോയ പരിചയം. അതുമാത്രമായിരുന്നു ആകെ കൈമുതലായുണ്ടായിരുന്ന എൻജിനീയറിങ്. 4 ലക്ഷം രൂപ മാത്രം ധനസഹായം ഉള്ളപ്പോൾ പണിക്കാരെ കുറിച്ച് ചിന്തിക്കാനേ ആകുമായിരുന്നില്ല. കടംമറിച്ച് ചെയ്യാനൊക്കുമായിരിക്കും. പക്ഷേ ബാധ്യതകൾ വലിച്ചുവച്ച് എങ്ങനെ സ്വസ്ഥമായി കിടന്നുറങ്ങും.

നിർമാണ സാമഗ്രികൾക്കാണെങ്കിൽ തീ വില, പോരാത്തതിന് പണിക്ക് ആവശ്യമായ തുള്ളിവെള്ളം പോലും കിട്ടാനുമില്ല. പക്ഷേ തളർന്നില്ല, സമീപത്തൊന്നും വീടോ കിണറോ ഇല്ലാത്തതുകൊണ്ട് മഴയെ വഴിക്കണ്ണുമായി കാത്തിരുന്ന് പണി തുടങ്ങി. ഇതിനായി സെപ്റ്റിക് ടാങ്കിനായി തയാറാക്കിയ കുഴിയിൽ മഴവെള്ളം ശേഖരിച്ചു.

mani-bhavanam-4

6 മാസമെടുത്താണ് വീടിന്റെ ഇപ്പോഴുള്ള  സ്ട്രക്ചർ ഞങ്ങൾ കെട്ടി ഉയർത്തിയത്. 4 ദിവസം എടുത്താണ് വാർപ്പ് പൂർത്തിയാക്കിയത്. രണ്ടു കിടപ്പുമുറി, ബാത്റൂം, ഹാൾ, അടുക്കള എന്നിവയാണ് പ്ലാനിൽ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ഒരു സിറ്റൗട്ട് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അതും കൂട്ടിച്ചേർത്തു. മൊത്തം വീട്  420 സ്ക്വയർഫീറ്റുണ്ട്.

വാനമെടുപ്പ് മുതൽ വാർപ്പുവരെ ഞങ്ങൾ രണ്ടുപേരും ചേർന്നാണ്  ചെയ്തതെന്ന് പറഞ്ഞിട്ടും പലരും ഇപ്പോഴും വിശ്വസിക്കുന്നില്ല. നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലും വേണ്ട കോൺക്രീറ്റ്, മെറ്റൽ, മണൽ എന്നിവയുടെ ചുമടെടുപ്പ് മുതൽ കൂട്ടുന്നതു വരെയുള്ള കാര്യങ്ങളിൽ മറ്റൊരാളുടെ സഹായം തേടിയിട്ടില്ല. നിർമാണ സാമഗ്രികൾ ഉയരത്തിൽ എത്തിക്കാൻ തടി ഏണിയിൽ കപ്പി കെട്ടി സംവിധാനം ഒരുക്കി.

ചോര നീരാക്കി മുന്നോട്ടുള്ള യാത്രയിൽ കനിവു കാട്ടിയവരെയും മറക്കാന്‍ ഒക്കത്തില്ല. ‘കിടുവെന്ന്’ നാട്ടുകാർ വിളിക്കുന്ന അശോകൻ അവന്റെ പിക്കപ്പിൽ നിർമാണ സാമഗ്രികൾ സൈറ്റിലെത്തിച്ചു തന്നു. കാശില്ലാതെ വന്നപ്പോൾ കടത്തിനും ഇറക്കി തന്നു. ആ കടമെല്ലാം വീട്ടി. തേപ്പ്, ഇലക്ട്രിക്കൽ, പ്ലമിങ്, ഫ്ളോറിങ് ഫർണിഷിങ് അടക്കമുള്ള സുപ്രധാന ഘട്ടങ്ങളിലും സഹായങ്ങളെത്തി. ഫെയ്സ്ബുക്കിലൂടെയും മറ്റും ഞങ്ങളുടെ കഥകളറിഞ്ഞ പലരും ഓരോന്നായി വാഗ്ദാനം ചെയ്തു. കട്ടിള ഒരാൾ തന്നെങ്കിൽ ജനാലകൾ മറ്റൊരാളുടെ സംഭാവന ആയിരിക്കും. അതുപോലെ ഫ്ളോറിങ്ങിനു വേണ്ട ടൈലുകൾ തന്ന് സഹായിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവരോടൊക്കെ തീർത്താൽ തീരാത്ത കടപ്പാടുണ്ട്.

mani-bhavanam-1

മൂന്നു മാസങ്ങൾക്കു മുമ്പാണ് ഞങ്ങൾ കാത്തിരുന്ന സുദിനമെത്തിയത്. എന്റെയും മണിയുടെയും അധ്വാനത്തിന് ഫലമുണ്ടായി. വീടിന് എന്തു പേരിടുമെന്ന കാര്യത്തിൽ തെല്ലും സംശയമുണ്ടായിരുന്നില്ല, എനിക്കൊപ്പം തോളോടു തോൾ ചേർന്നു നിന്ന മണിയുടെ പേര് നൽകി, ‘മണി ഭവനം.’ അതാണ് ഞങ്ങളുടെ വീടിന്റെ പേര്. പഴയതു പോലെ ഇപ്പോൾ വെള്ളത്തിന്റെ ബുദ്ധിമുട്ടില്ല. കിണർ കുത്തി, ആവശ്യം പോലെ വെള്ളമുണ്ട്. എല്ലാം പൂർത്തിയാക്കി ഈ കൊച്ചു കൂരയിൽ തലചായ്ച്ചുറങ്ങുമ്പോൾ ഒരു സുഖമുണ്ട്, ആദ്യം പറഞ്ഞതു പോലെ എല്ലാം ഒരു സ്വപ്നം പോലെ. ഈ സ്വപ്നം കൊണ്ടൊന്നും ഞങ്ങളുടെ അധ്വാനം അവസാനിച്ചിട്ടില്ല. ഇനിയും മേസ്തിരിപ്പണിക്കും പോകും. അവൾ തൊഴിലുറപ്പിനും പോകും. ചേട്ടൻ കയറിക്കിടക്കാൻ ഒരു വീടായല്ലോ എന്ന ആശ്വാസമാണ് ഇപ്പോൾ മനസു നിറയെ.- വിക്രമന്‍ പിള്ള പറഞ്ഞു നിർത്തി.  

mani-bhavanam-6