ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വഴിയിലാണ് വെയിൽ കാണാംപാറ. ചുട്ടുപൊള്ളുന്ന ഇടവഴി തീരുമ്പോൾ കുന്നിൻപുറത്ത് സൂര്യനു തൊട്ടു താഴെയെന്ന പോലെ ഒരു കുഞ്ഞുവീട്. നെടുംതാനത്ത് ബെന്നിയുടെ ഈ വീട്ടിൽ ഏതു സന്തോഷവും എട്ടിരട്ടിയാണ്. കാരണം ജെസിയുടെയും ബെന്നിയുടെയും സ്നേഹക്കൂട്ടിലേക്ക് വിരുന്നു വന്നത് എട്ടു കൺമണികളാണ്. കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ച് അഞ്ചുവയസ്സുകാരൻ ഫ്രാൻസിസും മാലാഖക്കുഞ്ഞിനെ പോലെ ഒന്നര വയസ്സുകാരി ക്ലെയർ മരിയയും... ഇളയമക്കളെ ചേർത്തു പിടിച്ച് ജെസി ബെന്നി എന്ന 46കാരി പങ്കുവച്ചത് മാതൃത്വത്തിന്റെ അനിർവചനീയ ആനന്ദങ്ങളാണ്.
21 വയസ്സുള്ള ഡെന്നീസ് ബെന്നിയാണ് കടിഞ്ഞൂൽ കൺമണി. കാനഡയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്നു. പിന്നാലെ 19 വയസ്സുകാരൻ ഡേവിസ് ബെന്നി. െഎ ഇ എൽ ടി എസ് പഠിക്കുന്നു. പത്തു വയസ്സുകാരൻ ഡോൺ മരിയൻ ബെന്നിയാണ് മൂന്നാമൻ. നാലാം ക്ലാസ് വിദ്യാർഥിയാണ്. പിന്നാലെ ഒൻപതു വയസ്സുകാരി അൽഫോൻസാ മരിയ ബെന്നി, മൂന്നാം ക്ലാസിൽ. ഏഴര വയസ്സുകാരൻ കുര്യാക്കോസ് ബെന്നിയാണ് അഞ്ചാമൻ, രണ്ടാം ക്ലാസിൽ. ആറുവയസ്സുകാരൻ ആന്റണി മരിയൻ ബെന്നി യുകെജിയിൽ. ഫ്രാൻസിസ് നഴ്സറി വിദ്യാർഥിയാണ്.
21–ാം വയസ്സിൽ വിവാഹിതയായപ്പോൾ ആറു മക്കൾ വേണമെന്ന ആഗ്രഹം ബെന്നി ജെസിയോടു പങ്കുവച്ചു. ‘‘കുടുംബത്തിൽ കുഞ്ഞുങ്ങളെ നോക്കി എനിക്കു മുൻ പരിചയമില്ല. ഇത്രയും മക്കളുടെ അമ്മയാകാൻ കൃപയുണ്ടെങ്കിൽ അതിനൊരു ശക്തി തരണമെന്നു പ്രാർഥിച്ചു’’. ജെസി പറയുന്നു.
ഒാരോ ഗർഭകാലത്തും വിശുദ്ധരുടെ ജീവചരിത്രങ്ങളും ബൈബിൾ മുഴുവനും ജെസി വായിച്ചു. ഏഴു മക്കളെ പ്രസവിക്കുകയായിരുന്നു. എട്ടാമത്തെ കുഞ്ഞ് സിസേറിയനിലൂടെയാണ് പിറന്നത്.
ആദ്യ ഗർഭകാലം മുഴുവൻ ജെസിക്കു ഛർദി ഉണ്ടായിരുന്നു. പിന്നീടുള്ള ഗർഭകാലങ്ങളെയും കുഞ്ഞുങ്ങളെയും ഹൃദയത്തിൽ സ്വീകരിച്ചതു കൊണ്ട് ശാരീരികബുദ്ധിമുട്ടുകളും രോഗാവസ്ഥകളും കുറവായിരുന്നുവെന്നു ജെസി പറയുന്നു. ‘‘ ഗർഭകാലത്ത് എല്ലാവർക്കും ആഹാരം വിളമ്പികഴിയുമ്പോൾ ആഹാരത്തിന്റെ മണമേറ്റു കഴിഞ്ഞ് കഴിക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഒരു കുഞ്ഞിന്റെ രോഗമോ മറ്റു പ്രശ്നങ്ങളോ എല്ലാ കുഞ്ഞുങ്ങളെയും ബാധിക്കാം...അങ്ങനെ ചില പ്രതിസന്ധികളുണ്ട്. എനിക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുമോ എന്ന് എന്റെ അമ്മ പോലും ആകുലപ്പെട്ടിരുന്നു. എനിക്ക് ശാരീരികമായി ബുദ്ധിമുട്ടുകളില്ല. ഒടുവിൽ ശസ്ത്രക്രിയ ചെയ്തതിന്റേതായ ചെറിയ ബുദ്ധിമുട്ടുകളേയുള്ളൂ. സാമ്പത്തികപ്രതിസന്ധിയും രോഗാവസ്ഥകളുമൊക്കെ മക്കളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും സംഭവിക്കാം’’. ഗർഭകാലങ്ങളിൽ പാചകവും അധികം ആയാസമില്ലാത്ത വീട്ടുജോലികളും ജെസി ചെയ്തിരുന്നു.
പ്രസവശേഷം ആദ്യകാലത്ത് അമ്മയുടെ സഹായം ലഭിച്ചു. എന്നാൽ കുട്ടികളെ വളർത്തലൊക്കെ ജെസി തനിച്ചാണ്. ഭർത്താവു ബെന്നിയുടെ പൂർണപിന്തുണയുണ്ട്. മൂത്ത കുട്ടികൾ വലുതായപ്പോൾ ഇളയകുട്ടികളെ നോക്കാൻ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുൾപ്പെടെ സഹായമായി. ഒരാൾക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ എല്ലാവരും കൂടി അതു പരിഹരിക്കുന്നതു കാണുമ്പോൾ മനസ്സു നിറയും– ജെസിയുടെ വാക്കുകളിൽ നിറയെ അഭിമാനം.
‘‘കൂടുതൽ മക്കൾ ഉള്ളപ്പോൾ അവർ എല്ലാകാര്യങ്ങളും തനിയെ പഠിക്കും. സ്കൂളിലെ പാഠങ്ങളും. അറിയാൻ വയ്യാത്തവ പരസ്പരം ചോദിച്ചു പഠിക്കും. ഞങ്ങളുടെ മ ക്കൾക്ക് സ്നേഹം കൂടുതലാണ്. എന്തു കിട്ടിയാലും പരാതികളില്ലാതെ അവർ പങ്കു വയ്ക്കും. കുസൃതികളൊക്കെയുണ്ട്, കുസൃതിയില്ലാത്ത കുട്ടികളില്ലല്ലോ. അതു സഹനമായൊന്നും കണക്കാക്കുന്നില്ല’’.
ഗർഭകാലത്തെ അമ്മയുടെ ചിന്തയും ചെയ്തിയുമാണ് കുഞ്ഞ്. അങ്ങനെ കരുതി പ്രാർഥിച്ച ഒാരോ ഗുണങ്ങളും ഒാരോ കുഞ്ഞിനും ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് ജെസിയുടെ വിശ്വാസം. ‘‘കുഞ്ഞുങ്ങൾ ചെറുതാണെങ്കിലും അവർക്കു പറ്റുന്ന ജോലി ചെയ്യിച്ചു വളർത്തണം. അതവരുടെ നൻമയ്ക്കുവേണ്ടിയാണ്.
ഞങ്ങളുടെ മക്കൾ മൊബൈൽഫോണിൽ കളിക്കാറില്ല. പരസ്പരം സഹായിക്കുമ്പോൾ കുഞ്ഞുങ്ങളിൽ സ്നേഹം രൂപപ്പെടുന്നുണ്ട്’’. ജെസി പറയുന്നു.
മക്കളെ വീട്ടിൽ തനിച്ചാക്കി പുറത്തു പോയാലും കുഞ്ഞുങ്ങൾ വീഴ്ചകളോ, മുറിവുകളോ, വഴക്കോ ഉണ്ടാക്കാറില്ല. ചെയ്യരുതാത്തത് എന്താണെന്ന് മക്കൾക്കു വേർതിരിച്ചറിയാം. ദൈവത്തെ സ്നേഹിക്കുന്ന കുഞ്ഞുങ്ങളാകണം. ബാക്കി നൻമകൾ ദൈവം കൊടുത്തോളും– ജെസിയുടെ സ്വപ്നവും
പ്രാർഥനയും ഇങ്ങനെയാണ്.
ഒന്നും ചിന്തിക്കാനുള്ള നേരമില്ല. എപ്പോഴും ഈ കുട്ടികൾക്കു വേണ്ടി ഒാരോ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെന്നു നിറചിരിയോടെ പറയുന്ന ഒരു പാവം വീട്ടമ്മ. ഗർഭകാലത്ത് ഉള്ളിൽ നിന്നു കിട്ടുന്ന തിളക്കത്തിന്റെ മാറ്റ് കുഞ്ഞു വളരും തോറും കൂടിവരണമെന്ന് അവർ പറയുന്നത് മാതൃത്വം നൽകിയ ഉൾക്കരുത്തു കൊണ്ടാണ്.