Monday 26 September 2022 11:01 AM IST : By സ്വന്തം ലേഖകൻ

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം: 20 മീറ്ററിൽ അധികം വലിച്ചിഴച്ചു കൊണ്ടുപോയി

car-accident എൻജി ജയിംസ്

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം. കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ എൻ.ജി.ജയിംസ് (61) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.10ന് നടന്ന അപകടത്തിൽ മരിച്ചത്. സമീപത്തെ കവലയിൽ നടത്തുന്ന ചായക്കട തുറക്കാനായി പോകുകയായിരുന്നു ജയിംസ്. ഈ സമയം ജയിംസ് സഞ്ചരിച്ച അതേ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കാറിന്റെ മുകളിലേക്ക് തെറിച്ചുവീണ ജയിംസിനെയും കൊണ്ട് 20 മീറ്ററിൽ അധികം മുന്നോട്ടുപോയ ശേഷമാണ് കാർ നിന്നത്. 

ഇതിനിടയിൽ സമീപത്തെ കലുങ്കിന്റെ കൽക്കെട്ടിലും എതിർ ദിശയിൽ വന്ന യുവാവിന്റെ ബൈക്കിലും സമീപത്തെ വീടിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന 2 ഇരുചക്രവാഹനങ്ങളിലും കാർ ഇടിച്ചു. 3 വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ജയിംസിനെ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയിംസിന്റെ സംസ്കാരം നാളെ  2ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:കുഞ്ഞുമോൾ.

മലയാലപ്പുഴ തൈപ്പറമ്പിൽ രജിഷ് (36) ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം മറ്റൊരു യുവതിയും കാറിലുണ്ടായിരുന്നു. ഇവർക്കും അപകടത്തിൽ പരുക്കേറ്റു. കാർ പൂർണമായും തകർന്നു. കാറിനുള്ളിൽനിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. പരിശോധനയിൽ രജിഷ് മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവതിയെ, ബന്ധുക്കളെ വരുത്തി അവർക്കൊപ്പം വിട്ടു.

സായാഹ്ന സാന്നിധ്യം യാത്രയായി

പത്തനംതിട്ട ∙ നാട്ടിലെ എല്ലാവർക്കും സുപരിചിതനായ ജയിംസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കൈപ്പട്ടൂർ മൂന്നാം കലുങ്ക് നിവാസികൾ. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം 3 മണിയോടെയാണ് ജയിംസ് കടതുറക്കാൻ പോകാറുള്ളത്. ഇന്നലെയും പതിവ് തെറ്റിക്കാതെ കടതുറക്കാനായി പോയ വഴിയിലാണ് അപകടം സംഭവിച്ചത്. ജയിംസിനെ ഇടിച്ച ശേഷം മുന്നോട്ട് നീങ്ങിയ കാർ എതിർദിശയിൽ വന്ന പാലക്കാട് ആലത്തൂർ സ്വദേശി ഷിജു ശിവദാസന്റെ ഇരുചക്രവാഹനത്തിലും ഇടിച്ചിരുന്നു. തലനാരിഴയ്ക്കാണ് ഷിജു രക്ഷപ്പെട്ടത്. ഷിജുവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കൊല്ലാട്ടുതറയിൽ വി. പ്രസാദിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന 2 ഇരുചക്രവാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചത്. 

മൂന്ന് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജയിംസിനെ ഇടിച്ചിടത്തുനിന്ന് 20 മീറ്ററോളം മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായാണ് കാർ നിന്നത്. കാറിന്റെയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു ജയിംസ് കിടന്നിരുന്നത്. അപകടം നടന്ന ഉടൻതന്നെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ യാത്രികരെ നാട്ടുകാർ പിടികൂടിയാണ് പൊലീസിൽ ഏൽപിച്ചത്. പൊലീസിന്റെ നേതൃത്വത്തിലാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടമുണ്ടാക്കിയ കാർ രാവിലെ മുതൽതന്നെ പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായതായി നാട്ടുകാർ പറഞ്ഞു.

More