പാചകകലയുടെ പെരുമപേറുന്ന പഴയിടം. മലയാളിക്ക് ആ പേര് ഒരു ബ്രാൻഡാണ്. ഫാസ്റ്റ്ഫുഡുകളുടെ കാലത്ത് തനതു കൈപ്പുണ്യം കൊണ്ട് പാചക പ്രേമികളുടെ ഹൃദയത്തിൽ കുടിയേറിയ പഴയിടം മോഹനൻ നമ്പൂതിരി മലയാളിക്ക് പൊതുസമ്മതനാണ്. ജനമൊഴുകിയെത്തുന്ന കലോത്സവ വേദികളിലുൾപ്പെടെ രുചിയോടെ ഭക്ഷണം വിളമ്പുന്ന പഴയിടത്തിന്റെ പെരുമ കടൽ കടന്നും പ്രസിദ്ധം.
വിവാദങ്ങളില്ലാതെ കൈപ്പുണ്യം മാത്രം വിളമ്പുന്ന പഴയിടത്തിനേയും അദ്ദേഹത്തിന്റെയും സദ്യയേയും ചൊല്ലി ചർച്ചകൾ ചൂടുപിടിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ തുടങ്ങിവച്ച ചർച്ചകളും തുടർന്നുണ്ടായ വിവാദങ്ങളും കേരളക്കരയൊന്നാകെ ഏറ്റുപിടിക്കുകയും ചെയ്തു. ഭക്ഷണത്തിന് മതമില്ലെന്ന് പ്രഖ്യാപിച്ച് പലരും മോഹനൻ നമ്പൂതിരിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചെങ്കിലും വിവാദങ്ങളുടെ ചൂട് മാത്രം കെട്ടടങ്ങിയില്ല. പരിധിവിട്ട വിവാദങ്ങൾ പഴയിടത്തിന് മാനസികമായി വിഷമം ഉണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇനി കലോത്സവ വേദികളിൽ ഭക്ഷണം ഉണ്ടാക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതാദ്യമായി പഴയിടം മോഹനൻ നമ്പൂതിരി മനസു തുറക്കുകയാണ്. മനോരമ ട്രാവലറിനു നൽകിയ അഭിമുഖം പഴയിടത്തിന്റെ കൃത്യമായ നിലപാടിലൂന്നിയുള്ളതായിരുന്നു.
‘കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ഉണ്ടായ ചർച്ചകളും വിവാദങ്ങളുമൊക്കെ തീർത്തും അനാവശ്യമാണ്. വിവാദങ്ങളാക്കിയ വിഷയങ്ങളൊക്കെ ഞാൻ മനസിൽ പോലും വിചാരിക്കാത്തത്. സോഷ്യൽ മീഡിയയിലെ ചർച്ചകളൊക്കെ ശരിക്കും മന:പ്രയാസമുണ്ടാക്കി. എന്തായാലും കലോത്സവ വേദിയിൽ ഇനി പാചകത്തിനില്ല എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. പുതിയ ആളുകൾക്കും അവസരംവേണ്ടേ! ഞാൻപിന്മാറുന്നു.’– പഴയിടം പറയുന്നു.
‘കമ്മലിട്ടവൻ പോയാൽ കാതു കുത്തിയവൻ വരുമെന്നേ. അത് ലോകനീതിയാണ്. വിവാദങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പേർ ഉണ്ടെന്നത് വലിയ അംഗീകാരമാണ്. പാചക രംഗത്ത് വലിയ ലെഗസിയൊന്നും അവകാശപ്പെടാനില്ലാത്ത ആളാണ് ഞാൻ. ഒരുപാട് ജോലിക്കൊക്കെ ശ്രമിച്ചു, അതൊന്നും കിട്ടിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും ഞാൻ പ്രവർത്തിക്കുന്നില്ല. ലോകാ സമസ്ത സുഖിനോ ഭവന്തു. അതാണ് എന്റെ ലൈൻ.’– പഴയിടത്തിന്റെ വാക്കുകൾ.