മകന്റെ വിവാഹം അമ്മയില്‍ നിന്നും അമ്മായി അമ്മയിലേക്കുള്ള മാറ്റമല്ലെന്ന് പറയുകയാണ് റാണി നൗഷാദ്. മകന്റെ ഭാര്യയായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് വരുമ്പോള്‍ ഹൃദയംകൊണ്ട് അവളെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണ്. അവള്‍ ഉമ്മിയെന്ന് വിളിച്ച നിമിഷം തൊട്ട് പുതിയൊരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതു പോലെ മാറുകയാണ് താനെന്നും റാണി ഹൃദ്യമായി കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് റാണി ഹൃദ്യമായകുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്;ആഹാ അമ്മായിഅമ്മ ആയല്ലോ...!!

അമ്മായിഅമ്മ ആകാൻ പോകുന്നതിന്റെ ഗമയാവും...!!

അമ്മായിഅമ്മയ്ക്ക് പഠിയ്ക്കാൻ ഏത് യൂണിവേഴ്സിറ്റിയിൽ ചേർന്നു....???

ന്റെ പൊന്നോ...!!

ചോദ്യങ്ങളാണ്..!!!

ഒരായിരം ചോദ്യങ്ങൾ

ഒരാഴ്ചകൊണ്ട് തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ...!!!

മകൻ കല്യാണം കഴിക്കാൻ പോകുന്നതുകൊണ്ട് അമ്മ എങ്ങനെയാണ് അമ്മായിഅമ്മ എന്ന വികല സങ്കല്പത്തിലേയ്ക്ക് മാറ്റപ്പെടുന്നത്...

അതൊരു പാഴ്പിന്തുടർച്ചയാണ്

അമ്മ എന്നും എപ്പോഴും അമ്മതന്നെയാണ്...

ഏറെ മനോഹരവും സ്ഥായിയുമായ

അവസ്ഥ

വീട്ടിൽ ഒരു പുതിയ അഥിതി കൂടി വരുന്നതിന്റെ സന്തോഷത്തിൽ ആണ് ഞങ്ങൾ...

മൂന്നാമതൊരു മകൾ...

അവൾ ഉമ്മിയെന്ന് വിളിച്ച നിമിഷം മുതൽ ഹൃദയം ഒരുങ്ങുകയാണ്,,,

പുതിയൊരു കുഞ്ഞിനെ ഗർഭം ധരിയ്ക്കുന്ന വിധത്തിൽ...

ഹൃദയത്തിൽ ഗർഭം ധരിയ്ക്കപ്പെടുന്ന മക്കളാണ് വീട്ടിലേക്ക് ആനയിക്കപ്പെടുന്ന മക്കൾ...!!

മറ്റൊരമ്മയുടെ, അച്ഛന്റെ ചങ്കു പറിച്ച് നമ്മുടെ കൈകളിൽ തരുമ്പോൾ ആ നെഞ്ച് പിടയുന്ന നോവ് നമ്മളും അറിയും,, കാരണം അമ്മ എന്ന രണ്ടക്ഷരത്തിന്റെ സത്യം

എക്കാലവും മഹത്വവൽക്കരിക്കപ്പെട്ടതാകയാൽ...!!

അമ്മ മാറി അമ്മായി അമ്മ ആകും എന്ന പാഴ്ലിഖിതങ്ങൾക്ക് മീതെ ആണി അടിയ്ക്കപ്പെടണം...

പകരം മകൻ ഭർത്താവ് ആകുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ....

ഉത്തരവാദിത്തങ്ങൾ,, പങ്കുവയ്ക്കപ്പെടലുകൾ,,

ചേർത്തുനിർത്തലുകൾ,, മനസിലാക്കപ്പെടേണ്ടതിന്റെ ധാർമികത,,

പരസ്പരം എന്ന വാക്കിന്റെ സ്നേഹപ്പെടലുകൾ,,

കൂടുമ്പോൾ മാത്രം ഇമ്പമുണ്ടാകുന്ന കുടുംബമെന്ന വ്യവസ്ഥയുടെ അടിസ്ഥാനം...!!

ഇതിനൊക്കെ പാകമാക്കേണ്ടതുണ്ട്...

അവിടെയാണ് മാറ്റം വരേണ്ടത്...

മകനിൽ നിന്നും ഭർത്താവിലേയ്ക്കും

മകളിൽ നിന്നും ഭാര്യയിലേക്കുമുള്ള

പരിണാമം

അമ്മ എന്നും അമ്മതന്നെയാണ്, ആയിരിയ്ക്കണം...

അവിടെയും ഇവിടെയും..