ഈ ജോലി പെൺകുട്ടികൾക്ക് പറ്റിയതാണോ? കുടുംബത്തിന് താങ്ങാകാനും സ്വന്തം കാലി ൽ നിൽക്കാനും പഠനത്തിനൊപ്പം ജോലിചെയ്യാൻ തീരുമാനിച്ച ഈ പെൺകുട്ടി കേൾക്കേണ്ടി വന്ന ചോദ്യമാണിത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തും അധ്വാനിക്കാനുമുള്ള മനസ്സും കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാകുകയാണ് കെ. വൈ. റിസ്‌വാനയെന്ന മിടുക്കി...
‘പെൺകുട്ടികൾക്കും എല്ലാം ചെയ്യാനാകും’ കെ.വൈ. റിസ്‌വാന
പത്രവിതരണം, ട്യൂഷൻ, വിവാഹത്തിന് മണവാട്ടിക്ക് മൈലാഞ്ചിയിടൽ... പാഠപുസ്തകം മാത്രമായിരുന്നില്ല കെ.വൈ. റിസ്‌വാന എന്ന പ്ലസ്ടു വിദ്യാർഥിയുടെ ലോകം. ഇതിനിടയിൽ എപ്പോഴാ പ ഠിക്കാൻ സമയം എന്ന് ചോദിച്ചവർക്കുള്ള മറുപടിയായി റിസ്‌വാന നൽകിയത് പ്ലസ്ടു പരീക്ഷയിലെ മിന്നുന്ന വിജയം. േലാക്ഡൗൺ കാലത്ത് പഠനത്തിനൊപ്പം പത്രവിതരണം നടത്തിയിരുന്ന തൃശൂർ വടക്കാഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി റിസ്‌വാന ഫുൾ എ പ്ലസോടെ 1200 ൽ 1193 മാർക്ക് നേടിയാണ് വിജയിച്ചത്.
‘‘എത്ര ചെറുപ്പത്തിലേ സ്വന്തം കാലിൽ നിൽക്കാമോ അത്രയും ചെറുപ്പത്തിലേ സ്വന്തം കാലിൽ നിൽക്കണമെന്നാണ് മോഹം. ഞാൻ ചെയ്യുന്നത് വലിയ കാര്യമെന്ന് തോന്നിയതേയില്ല. പഠനത്തോടൊപ്പം പാർട് ടൈം േജാലി എ ന്നത് എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. സ്വന്തം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ പാർട് ടൈം ജോലി സഹായിക്കും. പെൺകുട്ടികൾക്ക് എല്ലാ േജാലിയും ചെയ്യാൻ കഴിയില്ല എന്നു പലരും പറയാറുണ്ട്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ പെൺകുട്ടികൾക്കും എല്ലാ കാര്യങ്ങളും ചെയ്യാനാകും.’’ റിസ്‌വാന പറയുന്നു.
പെൺമക്കളും സൂപ്പറാണ്
മലയാള മനോരമ ചാലിപ്പാടം ഏജന്റ്, തൃശൂർ വടക്കാഞ്ചേരി മംഗലം കടലക്കാട്ടിൽ ഹൗസിൽ, കെ. എ. യാക്കൂബിന്റെയും കെ.എ. റംലത്തിന്റെയും മകളാണ് റിസ്‌വാന. ‘‘ഉപ്പച്ചിയും ഉമ്മയും രണ്ട് അനിയത്തിമാരുമടങ്ങുന്നതാണ് എന്റെ കുടുംബം. അനിയത്തിമാരായ ഫർസാന ഒൻപതാം ക്ലാസിലും റൈഹാന എൽകെജി വിദ്യാർഥിയുമാണ്.’’ റിസ്‌വാന പറയുന്നു.
േലാക്ഡൗൺ തുടങ്ങിയ സമയത്ത് ഉപ്പച്ചിയുടെ വണ്ടിയുടെ പിന്നിലിരുന്ന് പത്രം വിതരണം ചെയ്യുന്ന വീടുകളെല്ലാം കണ്ടുപരിചയമുണ്ട്.
അതിനിടെയാണ് ഉപ്പച്ചി വാഹനാപകടത്തിൽപ്പെട്ടത്. വണ്ടി മറിഞ്ഞ് പരുക്ക് പറ്റി കൈകൾക്ക് സർജറി വേണ്ടി വന്നു. കൈ അനക്കാതെ വിശ്രമം വേണം. പത്രവിതരണം മുടങ്ങുന്ന അവസ്ഥയായി. ആ സമയത്താണ് ഞാൻ പത്രമിടാൻ പോകാമെന്ന് പറഞ്ഞത്. ഉപ്പച്ചി എല്ലാത്തിനും സപ്പോർട്ടാണ്. ‘നിനക്ക് ആൺമക്കളുണ്ടായിരുന്നെങ്കിൽ അവർ പത്രമിട്ടേനെ’ എന്ന് പലരും ഉപ്പച്ചിയോട് പറഞ്ഞിരുന്നു. ‘പെൺകുട്ടികൾ പത്രമിടാൻ പോയാലെന്താ കുഴപ്പം’ എന്നാണ് ഉപ്പച്ചി അവരോട് േചാദിച്ചത്.
ഉമ്മച്ചിക്ക് ടെൻഷനുണ്ടായിരുന്നു. തുടക്കത്തിൽ അനിയത്തി ഫർസാനയെയും കൂട്ടിയാണ് പോയിരുന്നത്. ആദ്യം നൂറ് വീടായിരുന്നു. പിന്നീട് 150 ഓളം വീടായി.
രാവിലെ അഞ്ചരയ്ക്കാണ് പത്രവിതരണം തുടങ്ങുക. ആറര – ഏഴ് മണിയാകുമ്പോഴേക്കും കഴിയും. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഓൺലൈൻ ക്ലാസിൽ കയറും. പല വീടുകളിലും പല പത്രങ്ങളും മാസികകളുമാകും ഇടേണ്ടത്. മുൻപ് ഉപ്പച്ചിയുടെ കൂടെ പോയിരുന്നത് കൊണ്ട് ഓേരാ വീട്ടിലും ഏത് പത്രമാണ് ഇടേണ്ടതെന്ന് നോക്കി വച്ചിരുന്നു. എന്നാലും ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ഓേരാ വീട്ടിലും ഇടേണ്ടത് എന്തെല്ലാമെന്ന് പേപ്പറിൽ കുറിച്ചു കൊണ്ടു പോയിരുന്നു. തുടക്കത്തിൽ രാവിലെ എഴുന്നേൽക്കാൻ മടി തോന്നിയിരുന്നു. പിന്നീട് അത് ശീലമായി. കുറച്ചു കാലം പത്രവിതരണം നടത്തിയതോടെ അത്ര ബുദ്ധിമുട്ടുള്ള ജോലിയായി തോന്നിയതേയില്ല. ഉപ്പച്ചിയുടെ പരുക്ക് ഭേദമായിട്ടും ഞാൻ പത്രമിടാൻ േപായിരുന്നു.
ഓൺലൈൻ ക്ലാസ് കഴിഞ്ഞ് അടുത്തുള്ള വീടുകളിലെ ഇരുപതോളം കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു. ചില കു ട്ടികളുടെ മാതാപിതാക്കൾ കാര്യമായ വരുമാനമില്ലാത്തവരാണ്. അവരുടെ കയ്യിൽ നിന്ന് ഫീസ് വാങ്ങിയിരുന്നില്ല. പഠിക്കാൻ ഇഷ്ടമുള്ള കുട്ടികൾക്ക് അതിനുളള അവസരമൊരുക്കാൻ കഴിയുന്നത് നല്ല കാര്യമല്ലേ?
‘റിസാത് ഹെന്ന’ എന്ന പേരിൽ ബ്രൈഡൽ മെഹന്ദി ചെയ്യാറുണ്ട്. മൈലാഞ്ചി അണിയിക്കാൻ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് കല്യാണങ്ങൾക്ക് മൈലാഞ്ചി അണിയിക്കാൻ പോയിരുന്നത്. മൈലാഞ്ചിയുടെ ചെലവ് മാത്രമാണ് വാങ്ങുക.
എല്ലാവരും ചോദിക്കാറുണ്ട്. പത്രവിതരണവും ട്യൂഷനും മൈലാഞ്ചി അണിയിക്കലും കൂടിയാകുമ്പോൾ പഠിക്കാൻ സമയം കിട്ടുമോയെന്ന്. തിരക്കിൽ മുഴുകുമ്പോഴാണ് കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്തു തീർക്കാൻ പ റ്റുകയെന്നാണ് എനിക്ക് തോന്നുന്നത്. ഈ ജോലി തീർത്തിട്ട് വേണമല്ലോ അടുത്ത ജോലി ചെയ്യേണ്ടത് എന്നോർക്കുമ്പോൾ എല്ലാ കാര്യങ്ങളും വേഗം തീർക്കാൻ നോക്കും. അതുകൊണ്ട് കൂടുതൽ നന്നായി സമയം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
പരീക്ഷയ്ക്ക് കുറച്ചു മാസം മുൻപാണ് സ്കൂൾ വീണ്ടും തുറന്നത്. ആ സമയത്ത് ഞാൻ ലീവെടുത്ത് വീട്ടിലിരുന്ന് പഠിച്ചു. അധ്യാപകരും പിന്തുണ നൽകി. അതുകൊണ്ടാണ് മികച്ച വിജയം നേടാൻ കഴിഞ്ഞത്. മെഡിക്കൽ രംഗത്തോടാണ് താൽപര്യം.
എംബിബിഎസ് എടുക്കണമെന്നാണ് മോഹം. ഇപ്പോൾ എൻട്രൻസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലാണ്. സമയം കിട്ടുമ്പോഴെല്ലാം പാർട് ടൈം ജോലി ചെയ്യണമെന്നാണ് മനസ്സിൽ.
പിന്നെ, ഒരുപാട് യാത്രകൾ ചെയ്യണം പഠനം മാത്രമാ കരുത് ജീവിതം. അനുഭവങ്ങളും കൂടി വേണമെന്നാണ് ഞാൻ ചിന്തിക്കാറ്..’’ റിസ്‌വാന പറയുന്നു.