Wednesday 30 December 2020 05:19 PM IST

അവർ ഉറങ്ങിയിരുന്നത് തലയിണയ്ക്കടിയിൽ വെട്ടുകത്തി വച്ച്! കാഞ്ഞിരപ്പള്ളിയിലെ അനാഥരായ കുടുംബത്തിന് തണലായ എസ്ഐ പറയുന്നു

Binsha Muhammed

ansal-si

‘അതിനെ വീടെന്ന് പറയാൻ പറ്റില്ല. ചാക്ക് മറച്ചുള്ള കൂര. അവിടെ കട്ടിലിൽ നിന്നെഴുന്നേൽക്കാനാകാതെ കിടക്കുന്ന 45 വയസ് പ്രായമുള്ള സ്ത്രീ. കൂട്ടിനാകെയുള്ളത് 13 വയസുള്ള മകളും. കാറ്റൊന്ന് ആഞ്ഞ് വീശിയാൽ നിലംപൊത്തുന്ന ആ കൂരയ്ക്കും വീട്ടുകാർക്കും എന്ത് സുരക്ഷയെന്ന് കരുതുമ്പോൾ കയ്യിൽ തടഞ്ഞത് ഒരു വെട്ടുകത്തി. അതിലാണ് ആ അമ്മയുടേയും മകളുടേയും സുരക്ഷ.’– മനസ്സ് കല്ലാക്കിയാണ് സബ് ഇൻസ്ക്ടർ അൻസൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ ആ ചെറ്റക്കുടിലിൽ എത്തുന്നത്. കോടതി ഉത്തരവു പ്രകാരമുള്ള കുടിയൊഴിപ്പിക്കലാണ്. അഭിഭാഷക കമ്മീഷൻ അംഗങ്ങളെ അനുഗമിച്ച് അന്നവിടെ ചെല്ലുമ്പോഴുള്ള കാഴ്ച ഹൃദയ ഭേദകം. മറ്റു വഴിയില്ലാതെ മനസില്ലാ മനസോടെ അവരെ ഒഴിപ്പിച്ചു. പക്ഷേ ഒരു മുഴം കയറിലോ, ആളിക്കത്തുന്ന അഗ്നിക്കോ അവരെ വലിച്ചെറിഞ്ഞു കൊടുക്കാതെ ഹൃദയം കൊണ്ട് അവരെ ചേർത്തു പിടിച്ചു അൻസൽ.

നെയ്യാറ്റിൻകരയിലെ രാജന്റേയും അമ്പിളിയുടേയും മരണം കേരള മനസാക്ഷിയെ വെന്തുവെണ്ണീറാക്കുമ്പോൾ അൻസലെന്ന പൊലീസുകാൻ ചിലത് ഓർമ്മപ്പെടുത്തുകയാണ്. നിയമ നടപടിയെന്ന പേരിൽ പാവങ്ങളുടെ ജീവിതത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ മാത്രമല്ല കരുതലാകാനും ഇവിടെ ആളുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. അന്ന് കുടിയൊഴിപ്പിക്കപ്പെട്ട ബബിതയും മകൾ സൈനബയും അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുമ്പോൾ അൻസൽ എന്ന പൊലീസ് ഹീറോയെ വീണ്ടും സോഷ്യൽ മീഡിയ ഓർമ്മിക്കുകയാണ്. കൂരയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ രാജനും അമ്പിളിയും വെന്തുവെണ്ണീറായ നാട്ടിൽ... അച്ഛന് ആറടി മണ്ണിന് വെട്ടിയ കുഴിവെട്ടിയ രഞ്ജിത്ത് എന്ന മകനുള്ള പ്രബുദ്ധ കേരളത്തിൽ അൻസൽ എന്ന എസ്ഐ അന്ന് കാട്ടിയ വേറിട്ട മാതൃകയുടെ കഥ ഇതാണ്.

മനസ് കല്ലാക്കിയ ആ തീരുമാനം

2017ലാണ് സംഭവം. ഞാൻ കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ർ. അന്നൊരു ശനിയാഴ്ചയാണെന്നാണ് എന്റെ ഓർമ്മ.– ഓർമ്മകളിൽ മങ്ങാതെ നിൽക്കുന്ന ദിവസത്തെ കുറിച്ച് അൻസൽ പറഞ്ഞു തുടങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ ദേശീയ പാതയോട് ചേർന്നാണ് ബബിതയെന്ന അമ്മയും സൈനബയെന്ന മകളും താമസിച്ചിരുന്നത്. അവരുടെ ഭർതൃസഹോദരനുമായുള്ള സ്വത്തു തർക്കം. കോടതി വിധി ആ അമ്മയ്ക്കും മകള്‍ക്കും എതിരായിരുന്നു. അവരെ അവിടുന്ന് കുടിയൊഴിപ്പിക്കണമെന്ന് കോടതിയുടെ അന്തിമ വിധി. കോടതി സ്റ്റാഫിനെ അനുഗമിച്ച് വനിത പൊലീസ് അടങ്ങുന്ന ഞങ്ങളുടെ സംഘം അവിടെയെത്തുമ്പോൾ കാണുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

ആ വീടിന്റെ ദൃശ്യം ഞാൻ ഒരിക്കലും മറക്കില്ല. അത്രയ്ക്കും പരിതാപകരമായ അവസ്ഥ. ഒത്തിരി അസുഖങ്ങൾ അലട്ടുന്ന ബബിതയെന്ന അമ്മയും സൈനബയെന്ന ഒമ്പതാം ക്ലാസുകാരി മകളും അവിടെ താമസിക്കുന്നു എന്നത് തന്നെ ഞങ്ങൾക്ക് അദ്ഭുതമായിരുന്നു. പഴകി ദ്രവിച്ച ഒരു കട്ടിൽ മാത്രമാണ് ആ വീട്ടിലെ ഏക ആഡംബരം. കോടതിയിലെ സ്റ്റാഫ് കയറി ഒഴിപ്പിക്കൽ നടപടി ക്രമങ്ങളെ കുറിച്ച് അവരെ ബോധിപ്പിച്ചു. പക്ഷേ അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. പോകാനൊരു ഇടമില്ലെന്നായിരുന്നു അവരുടെ മറുപടി. അതോടെ ഞങ്ങൾക്ക് ഇടപെടേണ്ടി വന്നു. കോടതി ഉത്തരവാണെന്നും നടപ്പാക്കിയെ തീരുവെന്നും ആവുന്നതു പറഞ്ഞുനോക്കി. പക്ഷേ അവർ വഴങ്ങുന്നില്ല. കണ്ണീരും ആവലാതികളും കൊണ്ട് മുഖരിതമായ ആ വീട്ടിൽ നിന്ന് അന്ന് ഞങ്ങൾക്ക് പിൻവാങ്ങേണ്ടി വന്നു.

അടുത്ത പ്രവർത്തി ദിനമായ തിങ്കളാഴ്ച വീണ്ടുമെത്തി. അന്നേരവും അതു തന്നെയായിരുന്നു സ്ഥിതി. പക്ഷേ മനസില്ലാ മനസോടെ അവരെ അന്ന് അവിടുന്ന് പുറത്തിറക്കേണ്ടി വന്നു. പലകയും തുണിയും കൊണ്ട് മറച്ച ആ കൂരയ്ക്കകത്തു നിന്നും കിടന്ന കിടപ്പിൽ അവരെ എടുത്ത് കൊണ്ട് പുറത്തേക്ക് കൊണ്ടു പോകേണ്ടി വന്നു എന്നത് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഉള്ളുലയ്ക്കുന്ന സംഭവം. കാക്കിയിട്ടവൻ നിസഹായനായി പോകുന്ന അവസ്ഥ. അവരെ നേരെ ആശുപത്രിയിലേക്കാണ് പൊലീസുകാർ എത്തിച്ചത്. പക്ഷേ ആ ഉമ്മയ്ക്ക് ഞാൻ അന്നൊരു വാക്ക് കൊടുത്തു. നിങ്ങൾ വഴിയാധാരമാകില്ല. ഞങ്ങളുണ്ടാകും കൂടെ.

കാക്കി കരുതലാകുന്നു

അതൊരു വെറും വാക്കല്ലായിരുന്നു. അവരെ അങ്ങനെ അങ്ങ് ഉപേക്ഷിച്ചാൽ മനസമാധാനവും കിട്ടില്ലായിരുന്നു. അവർക്ക് അഭയമൊരുക്കുക എന്ന ഉറച്ച തീരുമാനത്തിന് എന്റെ സഹപ്രവർത്തകർ ഉറച്ച പിന്തുണയോടെ നിന്നു. ഞങ്ങളുടെ സിഐ ഷാജു സാര്‍ കുറച്ച് കാശ് എടുത്ത് തന്നിട്ട് ‘എടോ... അവരെ അങ്ങനെ അങ്ങ് ഉപേക്ഷിക്കരുത്, എന്തെങ്കിലും വഴി കാണണം എന്നു പറഞ്ഞു.’ ഡിവൈഐസ്പി ഇമ്മാനുവൽ സാറും ആ അമ്മയ്ക്കും മകൾക്കും അഭയമൊരുക്കാൻ കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകി. കാഞ്ഞിരപ്പള്ളി ജുമാ മസ്ജിദിന് കീഴിലുള്ള ഒരു വാടക കെട്ടിടത്തിലാണ് അവരെ ആദ്യം താമസിപ്പിച്ചത്. ഞങ്ങൾ പൊലീസുകാരും നാട്ടുകാരും അവർക്ക് ആവശ്യമുള്ള വീട്ടു സാധനങ്ങളും വാങ്ങി നൽകി. അവർക്ക് വീടിനാനായുള്ള സഹായധനം രൂപീകരിക്കുന്നതിനുള്ള ഓട്ടത്തിനിടയിലാണ് ടേക്ക് ഓഫ് സിനിമയുടെ പ്രവർത്തകർ 5 ലക്ഷം രൂപ സഹായം നൽകുന്നത്. ആ കാശ് കൊണ്ട് എവിടെങ്കിലും കുറച്ച് സ്ഥലം വാങ്ങണം എന്നത് എന്റെ തീരുമാനമായിരുന്നു.

പട്ടിമറ്റം എന്ന സ്ഥലത്ത് തീരെ കുറഞ്ഞ വിലയിൽ കുറച്ചു സ്ഥലം തരാമെന്ന് ഒരു വ്യക്തി അറിയിച്ചു. ഒരർഥത്തിൽ ആ അമ്മയ്ക്കും മകൾക്കുമായി സ്ഥലം വിട്ടു നൽകുകയായിരുന്നു അദ്ദേഹം. എന്റെയും സൈനബയുടേയും പേരിൽ ജോയിന്റ് അക്കൗണ്ട് എടുത്ത് സംഭാവന സ്വരൂപിക്കാനായി അടുത്ത ശ്രമം. ആദ്യമൊക്കെ എല്ലാവരും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ പതിയെ എല്ലാവരും പിൻവാങ്ങി. ബബിതയുടേയും സൈനബയുടേയും അവസ്ഥ പിന്നെയും കഷ്ടത്തിലായി. പക്ഷേ ഞങ്ങൾ വിടാൻ ഒരുക്കമല്ലായിരുന്നു. ആയിടയ്ക്കാണ് സിനിൽ എന്ന വ്യക്തിയെ ഈ വിഷയം ധരിപ്പിക്കുന്നത്. ക്രഷർ ഉൾപ്പെടെ ഒരുപാട് സ്ഥാപനങ്ങൾ ഉള്ള വ്യക്തിയാണ് അദ്ദേഹം. ബബിതയുടെ വീടെന്ന സ്വപ്നം പൂർത്തിയാക്കുന്നതു വരെയും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി.

വീടിനെ തറയിട്ടു നൽകുന്നത് ഉൾപ്പെടെ വിവിധ ജോലികൾ ഏറ്റെടുക്കാനും വ്യക്തികൾ പിന്നാലെയെത്തി. അണമുറിയാത്ത സഹായ പ്രവാഹം ആ വീടിനായി ഒഴുകുന്നതാണ് പിന്നെ കണ്ടത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ഞങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. ഒടുവിൽ സ്വപ്നം പോലെ ആ വീടുയർന്നു. ആ വീടെന്ന സ്വപ്നത്തിലേക്ക് ബബിതയുടെ കൈപിടിച്ച് സൈനബ നടന്നു കയറിയ ആ മുഹൂർത്തം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു. ഇന്ന് ശാരീരിക അവശതകൾക്കിടയിലും തുന്നൽ ഉപജീവനമാര്‍ഗമാക്കി ബബിത പ്രതീക്ഷയുടെ മറുകര നേടുന്നു. സൈനബ ഡിഗ്രി വിദ്യാർത്ഥിയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

കാഞ്ഞിരപ്പള്ളിയോട് വിടപറഞ്ഞ ഞാൻ ഇന്ന് ഞാൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എസ്ഐയാണ്. ഞാനും എന്റെ സഹപ്രവർത്തകരും ഹൃദയം നല്‍കി കൂടെ നിന്ന നന്മ ഒരാൾക്ക് തണലായി എന്നതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ പ്രമോഷൻ.– അൻസലിന്റെ വാക്കുകളിൽ തികഞ്ഞ ചാരിതാർഥ്യം.