Thursday 14 July 2022 04:51 PM IST

‘കുഞ്ഞിന് പാൽ കൊടുത്ത് ഉറക്കി നേരെ ജിമ്മിലേക്ക്’: പ്രസവശേഷമുള്ള തടികുറച്ചിട്ടും ആ ഇഷ്ടം കുറഞ്ഞില്ല... സ്നേഹയുടെ വിജയകഥ

Vijeesh Gopinath

Senior Sub Editor

sneha-gym-trainer

പ്രസവ ശേഷം തടികൂടിയാൽ എന്തു ചെയ്യും? മിക്കവരും ഡയറ്റെടുത്തു നോക്കും, പലരും നടക്കാൻ തുടങ്ങും. കുറച്ചു പേർ ജിമ്മിൽ‌ പോകും. ഒരു ഭാഗത്ത് കുഞ്ഞ്, വീട്ടിലെ പണികൾ, ജോലി തിരക്ക്... ഇതിനിടയിൽ ചിലപ്പോൾ ആദ്യ ആവേശം ആറിത്തണുക്കും.

പ്രസവശേഷം 85 കിലോ ആയപ്പോൾ സ്നേഹ ചെയ്തതും ഇതൊക്ക തന്നെ. നടന്നു, ഭക്ഷണം കഴിച്ചു എന്നിട്ടും തടി കുറയാഞ്ഞപ്പോൾ ജിമ്മിലേക്കോടി. പക്ഷേ, തടി കുറഞ്ഞിട്ടും ജിമ്മിനോടുള്ള ഇഷ്ടം കുറഞ്ഞില്ല. വ്യായാമത്തെ ഒരു തൊഴിലും പാഷനുമാക്കി.

അങ്ങനെ ഇലക്ട്രോണിക്സിൽ ബി.ടെക് കഴിഞ്ഞ സ്നേഹ കുരിയാച്ചിറയിൽ സ്വന്തമായി ഒരു ജിം തന്നെ തുടങ്ങി. ബോഡിബിൽഡിങ് ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ സ്വർണമെ‍ഡല്‍ നേടി. ഇതിനൊക്കെ പുറമേ യോഗയിൽ പി.ജിയും പഴ്സനൽ ട്രെയ്നറാകാനുള്ള രാജ്യാന്തര കോഴ്സും ചെയ്തു.

‘‘സ്കൂൾ കാലഘട്ടം തൃശൂർ പീച്ചിയിലായിരുന്നു. അ‍ ഞ്ചു കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. അ ന്നേ ആരോഗ്യത്തിൽ അത്യാവശ്യം ശ്രദ്ധയുണ്ടായിരുന്നു. ബീ.ടെക് കഴി‍ഞ്ഞ് വിവാഹം. ഭർത്താവ് അഖിൽ എൻജിനീയറാണ്.

മോൾ ഉണ്ടായതോടെ തടി കൂടാൻ തുടങ്ങി. വയർ‌ ചാ ടി. എപ്പോഴും ഉറക്കം തൂങ്ങി ഇരിക്കും. ഒന്നു കുനിഞ്ഞാൽ നിവരാൻ‌ പോലും പ്രയാസം. നടന്നാൽ കിതയ്ക്കും. ഇഷ്ടപ്പെട്ട ഉടുപ്പു പോലും ഇടാൻ‌ പറ്റില്ല. പലരും കളിയാക്കും. തമാശയ്ക്കു പറയുന്ന പല കമന്റുകളും നന്നായി വേദനിപ്പിക്കും. ആ രൂപത്തിൽ എന്നെ കാണുന്നത് എനിക്കു തന്നെ ഇഷ്ടമായിരുന്നില്ല.

മോൾക്ക് ഒന്നരവയസായപ്പോൾ ആരോഗ്യം ശ്രദ്ധിക്കണം എന്നു തോന്നിത്തുടങ്ങി. നടക്കാൻ തുടങ്ങി, ബാറ്റ്മിന്റൻ കളിച്ചു, പക്ഷേ, ഒരു രക്ഷയുമില്ല. തടി കുറയുന്നില്ല.

ജിമ്മിലേക്ക്

ജിമ്മിൽ ചേർന്നോലോ എന്നാലോചിച്ചു. അഖിൽ അത്‍ലീറ്റ് കൂടിയായിരുന്നു. അതുകൊണ്ട് നല്ല സപ്പോർട്ട്. ആദ്യരണ്ടു മാസം ട്രെഡ്മിൽ മാത്രമായിരുന്നു. പിന്നെ, വെയ്റ്റ് എടുക്കാൻ തുടങ്ങി. ആദ്യം നല്ല ശരീരവേദനയായിരുന്നു. ക്ഷീണവും തോന്നി. അതിൽ തളർന്നില്ല. ഭാരം കുറയ്ക്കണം എന്നു മാത്രമായിരുന്നു മനസ്സിൽ. കു‍ഞ്ഞിനു പാൽ കൊടുത്ത് ഉറക്കി കിടത്തിയിട്ടാണ് ജിമ്മിലേക്കു പോകുന്നത്. തിരിച്ചു ചെന്നാൽ വീട്ടിലെ ജോലികൾ പെട്ടെന്നു തീർക്കാനും ഉണ്ട്. പക്ഷേ, ഇതെല്ലാം ജിമ്മിൽ പോകാതിരിക്കാനുള്ള കാരണങ്ങളായില്ല.

ഭക്ഷണത്തിലും മാറ്റം വരുത്തി. ചോറ് കുറച്ചു. മുട്ടയുടെ വെള്ള, പാൽ എന്നിവ കൂടുതൽ കഴിച്ചു. കൃത്യമായ വ്യായാമവും ഭക്ഷണവും ആയപ്പോൾ ശരീരത്തിൽ വ്യത്യാസങ്ങൾ വന്നു തുടങ്ങി അതോടെ ആവേശമായി. എട്ടുമാസം കൊണ്ട് ശരീര ഭാരം 55 കിലോ ആയി കുറഞ്ഞു. അത് നൽകിയ ആത്മവിശ്വാസവും ആശ്വാസവും വലുതായിരുന്നു.

ജീവിതത്തിൽ വലിയ മാറ്റം വന്നു. കൂടുതൽ ഊർജം കിട്ടിയതു പോലെ. കൗമാരകാലത്തേതു പോലെ ഒാടി നടന്ന് എല്ലാം ചെയ്യാൻ തുടങ്ങി. ഇനിയൊരിക്കലും ധരിക്കാനാ കില്ലെന്നു കരുതി മാറ്റിവച്ച വസ്ത്രങ്ങൾ വരെ പാകമാകുന്നു. ഞാൻ കൂടുതൽ പോസിറ്റീവ് ആയി.

sneha-2

വ്യായാമം എന്ന പാഷൻ

ജിമ്മിനോട് പാഷൻ ആയി. കൂടുതൽ അറിയണം എന്നു തോന്നി. ഫിറ്റ്നസിന്റെ രാജ്യാന്തരകോഴ്സായ റെപ്സ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് നേടി. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗയിൽ പി.ജി ചെയ്തു. ഫിറ്റ്നെസുമായി ബന്ധപ്പെട്ട് സ്റ്റെഡ് കൗൺസിലിന്റെ സർട്ടിഫിക്കറ്റും ലഭിച്ചു.

സുഹൃത്തുക്കൾക്ക് എന്റെ മാറ്റം വലിയ പ്രചോദനമായി. ഇതെങ്ങനെയെന്നായിരുന്നു പലർക്കും അദ്ഭുതം. പരിശീലിപ്പിക്കാമോ എന്ന് പലരും ചോദിച്ചു തുടങ്ങി. അങ്ങനെ വീട്ടിൽ ജിം തുടങ്ങി. അധികം സ്ഥലം ഇല്ലാത്തതു കൊണ്ടു ട്രെഡ്മില്ലും ഡംബൽസും കുറച്ച് മെഷീനും വാങ്ങി. എല്ലാവർക്കും നല്ല റിസൽറ്റ്. അപ്പോഴാണ് നല്ലൊരു ജിം തുടങ്ങാനുള്ള ആത്മവിശ്വാസം കിട്ടിത്തുടങ്ങുന്നത്.

ഒല്ലുരിൽ ഒരു ഫ്ലോർ വാടകയ്ക്കെടുത്തു. കൂടുതൽ വ്യായാമ മെഷീന്‍ ഒാർഡർ ചെയ്തു. ഉദ്ഘാടനത്തിന് ഒ രു മാസം കൂടിയെയുള്ളു. അപ്പോഴാണ് കോവിഡ്. എല്ലാം അടച്ചിട്ടു. ആ പ്രോജക്ട് ഉപേക്ഷിച്ചു.

പക്ഷേ, സ്വപ്നം പൂർണമായി ഉപേക്ഷിക്കാൻ എനിക്ക് മനസ്സുവന്നില്ല. അങ്ങനെയാണ് തൃശൂർ സ്പോർട്സ് സെന്ററിൽ ഡാർക്ക് ജിം സിറ്റി ആരംഭിച്ചത്. സ്ത്രീകൾക്കു മാത്രമായ ജിം വിജയിക്കുമോ എന്നു സംശയം തോന്നി. അ തുകൊണ്ട് യുണിസെക്സ് ജിം ആക്കിമാറ്റി. സ്ത്രീകൾക്ക് പ്രത്യേക സമയം കൊടുത്തു. പക്ഷേ, ഇപ്പോൾ സ്ത്രീകളാണ് കൂടുതലും വരുന്നത്.

തിരിച്ചു പിടിക്കുന്ന സന്തോഷങ്ങൾ

അരമണിക്കൂറെങ്കിലും വ്യായാമം ശീലമാക്കണം. അത് നമ്മളെ മാത്രമല്ല, നമുക്കു ചുറ്റുമുള്ളവരിലേക്ക് കൂടി സന്തോഷം പകരും. ഒരു ഇടവേള വന്നാൽ പിന്നെ, വ്യായാമം മുടക്കുന്നവരെയും കണ്ടിട്ടുണ്ട്. ജിമ്മിലും അങ്ങനെയുള്ളവരെ കാണാറുണ്ട്. പക്ഷേ, നിങ്ങൾ ഒരു ബ്രേക്ക് എടുക്കുകയാണെന്ന് മാത്രം ചിന്തിച്ചാൽ മതി. വീണ്ടും തുടങ്ങാൻ മടിക്കരുത്.

തടികൂടിയാൽ കളിയാക്കാൻ ഒരുപാടു പേരുണ്ടാകും.തടി കൂടുന്നതല്ല ശരിക്കുമുള്ള പ്രശ്നം. അത് നമ്മുടെ ആ രോഗ്യത്തെയും ആത്മവിശ്വാസത്തേയും ബാധിക്കുമെന്നതാണ്. അതാണ് തിരിച്ചു പിടിക്കേണ്ടത്.