കോവിഡിന്റെ ഭീതിയിലായിരുന്നു നാട്. റാന്നിയിലെ ഒരു കുടുംബത്തിനും കോട്ടയം ചെങ്ങളത്തുള്ള കുടുംബത്തിലെ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലാകെ കനത്ത ജാഗ്രത. എല്ലാ ആശുപത്രികളും കോവിഡിനെ നേരിടാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ അതിനും മുൻപ് തന്നെ വിേദശത്ത് നിന്ന് വന്ന വിദ്യാർത്ഥികൾ സർക്കാർ നിർദേശപ്രകാരം ഐസോലേഷനിൽ കഴിയാനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. അന്ന് തുടങ്ങിയതാണ് അവിടുത്തെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും കോവിഡിനെതിരെയുള്ള പോരാട്ടാം. അവരിൽ ഒരാളാണ് ആശുപത്രിയിലെ ഹെഡ് നഴ്സായ ശുഭ ഹരി. മാസങ്ങളായി തുടരുന്ന, കോവിഡിനെതിരെയുള്ള യുദ്ധം ശുഭ ആത്മവിശ്വാസത്തോടെ നേരിടുകയാണ്. ആ അനുഭവം അവർ മനോരമ ആരോഗ്യവുമായി പങ്കുവയ്ക്കുന്നു.
നേരിടാൻ തയാറായി
ജില്ലാ ആശുപത്രിയിൽ കോവിഡ് സംശയിച്ച് ഒട്ടേറെ പേർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അതിൽ രണ്ട് പേരാണ് കോവിഡ് പൊസിറ്റീവ് ആയത്. കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും രോഗീപരിചരണത്തിനും സ്വയരക്ഷയ്ക്കും പിപിഇ കിറ്റ് കൈകാര്യം െചയ്യാനും പരിശീലനവും നൽകിയിരുന്നു.
മാർച്ച് എട്ടിനാണ് ഐസോലേഷൻ വാർഡിൽ രോഗികൾ എത്തിതുടങ്ങിയത്. ഇറ്റലി കുടുംബവുമായി കൂടുതൽ അടുത്തിടപഴകിയ ഒരു കുടുംബത്തിലെ അമ്മയ്ക്കും മകൾക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവർ ആശുപത്രിയിൽ എത്തിയ മാർച്ച് എട്ടിന് എനിക്കു നൈറ്റ് ഡ്യൂട്ടിയായിരുന്നു. അന്നുതന്നെ അവരുെട സ്രവം എടുത്തു പരിശോധനയ്ക്കു അയച്ചു. 48 മണിക്കൂറിനുശേഷമാണ് ഫലം പൊസിറ്റീവ് എന്നു വന്നത്. സാധാരണ ഓരോ രോഗിക്കും പ്രത്യേകം മുറിയാണ് നൽകുന്നത്. ഇവർ അമ്മയും മകളുമായതു കൊണ്ട് ഇരുവരെയും ഒരു മുറിയിൽ കിടത്തി. 25 ദിവസം കഴിഞ്ഞപ്പോൾ മകൾ കോവിഡ് നെഗറ്റീവ് ആയി. പക്ഷേ അമ്മ പൊസിറ്റീവായി തന്നെ തുടർന്നു. മകളെ വേറൊരു മുറിയിലേക്ക് മാറ്റി.
41-ാം മത്തെ ദിവസമാണ് അമ്മ കോവിഡ് നെഗറ്റീവ് ആയത്. അമ്മയ്ക്കു കോവിഡ് നെഗറ്റീവ് ആകുവാൻ വേണ്ടി ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. അമ്മയ്ക്കു രോഗം ഭേദമാകാതിരുന്നപ്പോൾ അവർ മാനസികസമ്മർദ്ദത്തിലായി. പ്രത്യേക കൗൺസിലിങ് നൽകി. അതുവഴി അമ്മയുെട ആത്മവിശ്വാസം വർധിച്ചു. അമ്മ ഞങ്ങളുമായി നന്നായി സഹകരിക്കുകയും െചയ്തു.
ഒരു നഴ്സിനു 4 മണിക്കൂറായിരുന്നു ഡ്യൂട്ടി. ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഞങ്ങൾ എപ്പോഴും രോഗി ഉള്ള മുറിക്കുള്ളിൽ ആയിരിക്കില്ല. ഞങ്ങളുടെ ഫോൺ നമ്പർ നൽകിയിരുന്നു. അമ്മയ്ക്ക് ഞങ്ങളുടെ ശബ്ദവും പേരും മാത്രമല്ല മുഖം തിരിച്ചറിയാമായിരുന്നു. കാരണം ഇവർ കിടന്നിരുന്നത് ആശുപത്രിയിലെ മൂന്നാം നിലയിൽ ആയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ റോഡിനു അരികിലായിരുന്ന കെട്ടിടം. മുറിയിലെ ജനലിൽ നിന്ന് നോക്കിയാൽ ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞ് നടന്ന് പോകുന്നത് കാണാമായിരുന്നു. അങ്ങനെ നടന്നു പോകുമ്പോൾ അമ്മ മുകളിൽ നിന്ന് ഞങ്ങളുടെ പേര് ചൊല്ലി വിളിക്കും, സംസാരിക്കും. ഒടുവിൽ അമ്മയുടെ രോഗം മാറിയപ്പോൾ ഞങ്ങൾക്കെല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മ ആശുപത്രിയിൽ തുടർ പരിശോധനയ്ക്ക് വന്നിരുന്നു. അന്ന് ഞാൻ ലീവായിരുന്നു. വൈകുന്നേരം അമ്മ ഫോണിൽ വിളിച്ചു. ഒരുപാട് നന്ദി പറഞ്ഞു. ഇനിയും ഇടയ്ക്ക് വിളിക്കും, വീട്ടിൽ വരും എന്ന് പറഞ്ഞാണ് ഫോൺ വച്ചത് .
പ്രയാസങ്ങൾ ഉണ്ടായിരുന്നു
രോഗികൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ദിവസേന മാറ്റേണ്ടതാണ്. ലോക്ഡൗൺ സമയമായതിനാൽ കടകൾ അടഞ്ഞുകിടക്കുകയായിരുന്നു. സൂപ്രണ്ട് ഡോ. പ്രതിഭ കടയുടമകളുെട ഫോൺ നമ്പർ സംഘടിപ്പിച്ച് പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു. രോഗികൾക്കുള്ള ഭക്ഷണവും സാമൂഹികസംഘടനാ പ്രവർത്തകരുെട സഹായത്തോടെയാണ് നൽകിയിരുന്നത്. അതിനോടൊപ്പം ജീവനക്കാരുെട ആത്മാർത്ഥമായ സഹകരണവും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയിരുന്നു. പിപിഇ ഊരിക്കഴിഞ്ഞ് കുളിച്ച് വേഷം മാറിയാണ് വീട്ടിൽപോകുന്നത്. വീട്ടിലേക്ക് കയറും മുൻപ് വീണ്ടും കുളിക്കും.
ആരോരുമില്ലാതെ...
ഇത്രയും കാലത്തെ സേവനത്തിനിടെ മറക്കാനാവാത്ത വേറെയും അനുഭവങ്ങൾ ഉണ്ട്.അതിൽ ഒരു അനുഭവം പങ്കുവയ്ക്കാം. ആറ് മാസം മുൻപാണ് . 55 വയസുള്ള ഒരു വ്യക്തിയെ ഒരാൾ ആശുപത്രിയിൽ എത്തിച്ചു. തനിച്ച് താമസിക്കുന്ന വ്യക്തി. കാഴ്ച ഇല്ല. ചെവി കേൾക്കാം. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ കാലിൽ വലിയ മുറിവ് . അതിൽ നിന്ന് പുഴുക്കൾ ചാടുന്നു . അദ്ദേഹത്തെ ജനറൽ വാർഡിലാണ് കിടത്തിയിരുന്നത്. മുറിവും മറ്റും കണ്ട് ആ വാർഡിലെ ബാക്കിയുള്ള രോഗികളും കൂട്ടിരിപ്പുകാരും ബഹളം വച്ചു. അദ്ദേഹത്തെ അവിടെ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട്. ഞാൻ അന്ന് നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ മറ്റൊരു മുറിയിലേക്ക് മാറ്റി. ശരീരം വൃത്തിയാക്കി. മുറിവിൽ നിന്ന് പുഴുക്കളെ ഒക്കെ എടുത്തു കളഞ്ഞ് മരുന്നുവച്ചു. ഞാനും ഉണ്ടായിരുന്നു ഇതെല്ലാം ചെയ്യാൻ. പിന്നീട് രണ്ടാഴ്ചയോളം അദ്ദേഹം അവിെട ഉണ്ടായിരുന്നു. നല്ല സ്നേഹത്തോടെയായിരുന്നു പെരുമാറ്റം. നന്നായി സംസാരിക്കും. ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ആ രോഗിയുെട മുഖം മറക്കാൻ കഴിഞ്ഞിട്ടില്ല.
കോവിഡ് വാർഡിൽ ഡ്യൂട്ടി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ പേടിയൊന്നും തോന്നിയില്ല. നമ്മുടെ വീട്ടിൽ ആർക്കെങ്കിലും കോവിഡ് രോഗം വന്നാൽ നമ്മൾ പരിചരിക്കില്ലേ.. അത്രയേ ഓർത്തുള്ളൂ. എന്റെ ഭർത്താവ് മുൻ പട്ടാളക്കാരനാണ്. അദ്ദേഹം നന്നായി പിന്തുണച്ചു. കുടുംബത്തിന്റെയും സഹപ്രവർത്തകരുെടയും പിന്തുണ ഉള്ളതുകൊണ്ടാണ് നഴ്സിങ് ഞാൻ ആത്മാർത്ഥമായി ചെയ്യുന്നത്. പിന്നെ നഴ്സിങ്ങിനെ ഒരു ജോലിയായിട്ടല്ല ഞാൻ കാണുന്നത്, ഒരു സേവനമായിട്ടാണ്...