Saturday 04 March 2023 02:38 PM IST

‘ആണിനും പെണ്ണിനും കരിയർ ഒരുപോലെ, കുഞ്ഞിനെ നോക്കാൻ ജോലി ഉപേക്ഷിക്കുന്നതിനോട് യോജിക്കാനാകില്ല’

Rakhy Raz

Sub Editor

women-career

ലോകത്ത് ആദ്യമായി ജനപ്രതിനിധി സഭയിൽ മുലയൂട്ടിയ വനിതയായി ഒാസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സ് മാറിയപ്പോൾ സഹ സെനറ്റർ ആയ കേറ്റി ഗല്ലാഘർ പറഞ്ഞു. ‘‘സ്ത്രീകൾ ഇനിയും പ്രസവിക്കും. ജോലിയിലായിരിക്കെത്തന്നെ കുഞ്ഞുങ്ങളെ നോക്കുകയും ചെയ്യും. യാഥാർഥത്തി ൽ സംഭവിക്കാൻ പോകുന്നതു നമ്മൾ ഇത് ഉൾക്കൊള്ളേണ്ടി വരും എന്നതു മാത്രമാണ്.’’ 2017 ലായിരുന്നു ഇത്.

2016 ൽ സ്പാനിഷ് എംപി കരോളിന ബെസ്കാൻസ പാർലമെന്റിൽ കുഞ്ഞിനു മുലയൂട്ടിയത് ലോകമെമ്പാടും നിശിതമായി വിമർശിക്കപ്പെട്ടു. ലാരിസ വാട്ടേഴ്സിലേക്ക് എത്തുമ്പോൾ ലോകം മാതൃ–ശിശു സൗഹാർദത്തിലേക്ക് ചുവടുവയ്ക്കുന്നതായി കാണാം. 2018 ൽ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ അർഡൻ കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തു ചരിത്രം കുറിച്ചതു മാറ്റത്തിനു കൂടുതൽ ശക്തി പകർന്നു.

ഈ സംഭവങ്ങളെ വാനോളം പുകഴ്ത്തുമ്പോഴും പത്തനംതിട്ട കലക്ടർ ദിവ്യ എസ്. അയ്യ ർ പൊതുസഭയിൽ കുഞ്ഞിനെയുമെടുത്ത് പ്രസംഗിച്ചതിനെ വിമർശിച്ചവർ ഏറെയായിരുന്നു. സ്ത്രീസമത്വത്തിലേക്കു നാടു മുന്നേറുന്നുണ്ടെങ്കിലും അതു പൂർണമാകാൻ നമ്മളിനിെയത്ര കാതം നടക്കണം എന്നു സൂചിപ്പിക്കുന്നതാണ് ഈ വിവാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദിവ്യ എസ്. അയ്യരെ പിന്തുണച്ചുകൊണ്ടു പല മേഖലകളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും മുന്നോട്ടു വന്നു എന്നത് പ്രതീക്ഷയുണർത്തുകയും ചെയ്യുന്നു.

സ്ത്രീയെ മനസ്സിലാക്കുന്ന സമത്വമാണ് വേണ്ടത്

–സിനു രാജേന്ദ്രൻ, മക്രാമേ ആർട്ടിസ്റ്റ്, ഡിജിറ്റൽ ഇല്ലസ്ട്രേറ്റർ–

കോഴിക്കോട്

എന്തുകൊണ്ടാണു ജോലിയുള്ള സ്ത്രീ കുഞ്ഞിനെ ഓഫിസിലോ തനിക്കു പങ്കെടുക്കേണ്ട പരിപാടികളിലോ കൂടെ കൂട്ടുന്നത് എന്ന് അമ്മമാരായ സ്ത്രീകൾക്ക് ഉറപ്പായും മനസ്സിലാകും. സ്ത്രീകളെ മനസ്സിലാക്കുന്ന പുരുഷന്മാർക്കും.

ഞാൻ ഡിസൈനറും ഡിജിറ്റൽ ഇല്ലസ്ട്രേറ്ററുമായിരുന്നു. ബെംഗളൂരുവിലാണു ജോലി ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ മാക്രമേ ആർട്ടിസ്റ്റ് ആണ്. കരിയർ മാറ്റത്തിനു കാരണം മകൾ ജാൻകി ആണ്. ജാൻകി ജനിച്ചത് ആദ്യ ലോക്ഡൗൺ സമയത്തായിരുന്നു. ആ സമയം ഞാൻ നാട്ടിലും പങ്കാളി ആരോഷ് ബെംഗളൂരുവിലുമായിരുന്നു.

ചെക്കപ്പിനും പ്രസവത്തിനും കൂടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് ഭീതികൊണ്ട് ആരും വീട്ടിലേക്കു വന്നിരുന്നില്ല. വല്ലാത്ത ഒറ്റപ്പെടൽ തോന്നിയിരുന്നു.

പ്രസവത്തിനു മുൻപു തന്നെ പ്രസവാനന്തര വിഷാദത്തെക്കുറിച്ച് അറിയാമായിരുന്നതു കൊണ്ട് അതിലേക്കു നീങ്ങുകയാണെന്നു പെട്ടെന്നു മനസ്സിലായി. ജോലിയിൽ തീരെ ശ്രദ്ധിക്കാൻ കഴിയാതായി. ഡോക്ടർ സുഹൃത്താണു പരിഹാരമായി ഇതുവരെ ചെയ്യാത്ത കാര്യം പരീക്ഷിക്കുന്നതിനെക്കുറിച്ചു പറയുന്നത്. അങ്ങനെയാണ് ഡിസൈനിങ് ജോലി ഉപേക്ഷിച്ചു മാക്രമേ പരീക്ഷിക്കുന്നതും വിജയിക്കുന്നതും.

പ്രസവശേഷം ആരോഷ് ബെംഗളൂരുവിലെ ജോലി വിട്ടു നാട്ടിലെത്തി. ഞങ്ങൾ രണ്ടാളും കൂടിയാണ് ജാൻകിയെ നോക്കുന്നത്. ആരൊക്കെ എത്ര നന്നായി നോക്കിയാലും മോൾക്ക് സുഖമില്ലാതെ വന്നാൽ അമ്മ വേണം എന്നു വാശിപിടിക്കും. അമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ അങ്ങനെയാരു ഇഴയടുപ്പം ഉണ്ട്. അച്ഛന്മാർക്കോ മുത്തശ്ശീമുത്തശ്ശന്മാർക്കോ നികത്താനാകാത്തൊരു അടുപ്പം.

ഇതു മനസ്സിലാക്കി സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകിയാൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മാത്രമല്ല, സമൂഹത്തിന്റെയാകെ ജീവിതം കൂടുതൽ സുന്ദ രമാകും. സ്ത്രീകളെ സമത്വത്തോടെ കാണുക എന്നാൽ അവരുടെ അവസ്ഥകളെ ഉൾക്കൊണ്ടുകൂടി നൽകുന്ന സമത്വമായിരിക്കണം.

അമ്മമാരുടെ മനസ്സറിയുന്നവർക്ക് വിമർശിക്കാനാകില്ല

–നീതുലക്ഷ്മി എ. മേനോൻ, പ്രിൻസിപ്പൽ, എറണാകുളം–

ആദ്യത്തെ മകൾ ശ്രേയക്ക് ഒൻപതു മാസം പ്രായമുള്ളപ്പോഴാണ് തിരുവാലൂർ സായ് വിദ്യാ വിഹാർ സ്ക്കൂളിൽ അധ്യാപികയായി ജോലി ലഭിക്കുന്നത്. രണ്ടാമത്തെയാൾ തനിഷ്ക്കയ്ക്കു പത്തുമാസം പ്രായമുള്ളപ്പോൾ പ്രിൻസിപ്പലായി ജോലിക്കയറ്റം ലഭിച്ചു. ഇപ്പോൾ ശ്രേയക്ക് ഏഴും തനിഷ്ക്കയ്ക്കു മൂന്നും വയസ്സായി.

പ്രിൻസിപ്പലായതിനു പുറകേയാണു കോവിഡ് ലോക്ഡൗൺ തുടങ്ങുന്നത്. ഓൺലൈൻ ക്ലാസ്സുകൾ ആദ്യമായി നമ്മുടെ നാട്ടിൽ വരുന്നു. അതുവരെയുണ്ടായിരുന്ന അധ്യാപന രീതികൾ അപ്പാടെ മാറി. ക്ലാസ്സെടുക്കുന്നതിനൊപ്പം സാങ്കേതിക പ്രശ്നങ്ങൾ, ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത്, അതെക്കുറിച്ച് അറിവുണ്ടാക്കിയെടുക്കൽ, കുട്ടികൾ ഓൺലൈൻ ക്ലാസ്സിൽ കൃത്യമായി ഇരിക്കുന്നുണ്ടോ എന്നുറപ്പാക്കൽ, തു ടങ്ങി ജോലി ഭാരം ഏറെ.

പ്രിൻസിപ്പൽ ആയതിനാൽ മാസ്ക്കും ഗ്ലൗസും ധരിച്ചു സ്കൂളിലെത്തിയിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് ഏഴ് – എട്ടു മണിക്കായിരിക്കും മാതാപിതാക്കളുമായുള്ള മീറ്റിങ്. കുട്ടികളുടെ മാതാപിതാക്കൾ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുകയും സംശയ നിവാരണം ചെയ്യുകയും വേണം. അവധി ദിവസങ്ങളിലും മീറ്റിങ്ങുകളുണ്ടാകും.

ഗൂഗിൾ ക്ലാസ് റൂമിലൂടെയുള്ള നോട്സ് കറക്ഷൻ, ഹോം വർക്ക് നോക്കുക, ഉത്തരക്കടലാസ് നോക്കുക, എല്ലാം കുട്ടിയെ ഒക്കത്ത് എടുത്തുകൊണ്ടാണു ചെയ്യുക. അതിനിടയിൽ കുഞ്ഞ് ഒന്നു തൊട്ടാൽ പേജ് മാറിപ്പോകും. അതോടെ ചെയ്ത ജോലി വീണ്ടും ചെയ്യേണ്ടി വരും.

കുട്ടികളെ പരീക്ഷയെഴുതാൻ പരിശീലിപ്പിക്കുന്ന ഓ ൺലൈൻ ക്ലാസ് നടത്തേണ്ട ദിവസം സ്കൂളിൽ നിന്നെത്തിയ ശേഷം മക്കളെ ഒന്നു കാണുക പോലും ചെയ്യാതെ മീറ്റിങ്ങിന് കയറി. എല്ലാ ക്ലാസിന്റെ പരിശീലനത്തിനും ഞാൻ വേണമെന്നതിനാൽ മീറ്റിങ്ങിൽ നിന്നിറങ്ങാൻ ഒരുപാട് വൈകി. ഇറങ്ങിയപ്പോഴേക്കും കുഞ്ഞുങ്ങൾ ഉറങ്ങി.

കോവിഡ് ഒതുങ്ങിയെങ്കിലും പ്രധാനാധ്യാപികയുടെ ജോലിക്കു സമയനിഷ്ഠ ഇല്ല. ഇത്തരം ജോലികൾ ചെയ്യുന്ന അമ്മമാർക്കു കുട്ടികളുമായി ചെലവഴിക്കാൻ കിട്ടുന്ന ഏതു സമയവും ഉപയോഗിക്കേണ്ടി വരാം. അതു യാത്രയിലോ മീറ്റിങ്ങിനിടയ്ക്കോ ആയിരിക്കാം. അമ്മമാരുടെ മനസ്സ് കാണാൻ കഴിയുമെങ്കിൽ ഇത്തരം കാര്യങ്ങളിൽ വലിയ വിമർശനങ്ങൾ ഉന്നയിക്കേണ്ടി വരില്ല.

പൊതു ഇടങ്ങൾ ബാലസൗഹൃദമാകണം:

ദിവ്യ എസ്. അയ്യർ, കലക്ടർ, പത്തനംതിട്ട

ഞാൻ ഈ വിമർശനങ്ങളെ ആദ്യം മുതൽ തന്നെ പ്രതികൂല മനസ്ഥിതിയോടെയല്ല കണ്ടിരുന്നത്. എന്തു കാര്യത്തിനും അനുകൂലവും പ്രതികൂലവുമായ അഭിപ്രായം ഉള്ളവരുണ്ടാകും. സമൂഹമാധ്യമത്തിലെ പ്രതികരണങ്ങളിൽ പലതും ക്ഷണനേരം കൊണ്ടുണ്ടാകുന്നതാണ്.

സംവിധായകൻ ബ്ലെസി ആയിരുന്നു അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവമേളയുടെ ഉദ്ഘാടകൻ. എ ന്റെ പ്രസംഗം കഴിഞ്ഞ ശേഷം ബ്ലെസി പറഞ്ഞത്. ‘എത്ര മനോഹരമായ അനുഭവമായിരിക്കുന്നു ഇത്’ എന്നാണ്. ആ വേദിയിലുണ്ടായിരുന്ന ആർക്കും ഞാ ൻ മകൻ മല്‍ഹാറിനെയുമെടുത്തു പ്രസംഗിച്ചതിൽ ഒരസ്വസ്ഥതയും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഏൽപിക്കാൻ ആളില്ലാത്തതു കൊണ്ടല്ല, മകനോടൊപ്പം ഇ രിക്കണം എന്ന ആഗ്രഹം കൊണ്ടാണു ഞാനവനെ ഔദ്യോഗികമല്ലാത്ത പരിപാടികളിൽ കൊണ്ടുപോകുന്നത്. അതെന്റെ അവകാശമാണ്.

കുട്ടികളുടെ കാര്യത്തിൽ എല്ലായ്പ്പോഴും അമ്മയും കുഞ്ഞും അല്ലെങ്കിൽ കുഞ്ഞും കുടുംബവും എന്ന രീ തി നല്ലതല്ല. അമ്മ എന്ന നിലയിലല്ലാതെ ഞാൻ ഏതു തരം വ്യക്തിയാണ്, എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കുന്നു, മറ്റുള്ളവരുമായി എങ്ങനെ ആശയവിനിമയം ചെയ്യുന്നു ഇതെല്ലാം അവൻ അറിഞ്ഞിരിക്കണം. ഇ തെല്ലാം കണ്ടാവണം അവർ വളരേണ്ടത്.

വിവാദ പോസ്റ്റിനു ശേഷമുള്ള സ്വകാര്യ സംഭാഷണത്തിൽ ഞാനും ശബരിനാഥും പങ്കുവച്ച ചിന്ത ഒരച്ഛനായിരുന്നു കുട്ടിയെയും കൊണ്ടു വേദിയിൽ കയറിയിരുന്നതെങ്കിൽ ‘എന്തു നല്ലൊരച്ഛനാണ്’ എന്നായിരിക്കും പ്രതികരണം. അതൊരു വലിയ കാര്യമായി ആളുകൾ മനസ്സിലാക്കും. ഒരു സ്ത്രീ അതു ചെയ്യു മ്പോൾ അതിനെ നിസാരവൽക്കരിക്കുന്ന പ്രവണതയാണു സമൂഹത്തിനുള്ളത്.

പൊതു ഇടങ്ങൾ ബാല സൗഹൃദമാകണം. മുലയൂട്ടാൻ ഇടവും ഊഞ്ഞാലും സ്ലൈഡും ഒരുക്കലും മാത്രല്ല അത്. കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ സഹായിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന വിധത്തിലാകണം പൊതു ഇടങ്ങൾ.

divya-s-iyer

മനസ്സിലാക്കണം അമ്മയുടെ ഉത്തരവാദിത്തം അഞ്ജലി നായർ, അഭിനേത്രി

വളരെ സ്വകാര്യമായ നിമിഷം ഞങ്ങളുടെ സന്തോഷത്തിനായി പകർത്തുകയും കൗതുകത്തിന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിധത്തിലൊരു സ്നേഹം ആ ചിത്രത്തിനു കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. (സിനിമാ ഡബ്ബിങ് ജോലിക്കിടയിൽ മൂന്നു മാസം പ്രായമായ മകൾക്കു പാലൂട്ടുന്ന അഞ്ജലിയുടെ ചിത്രം വാർത്തയായിരുന്നു.)

പിന്തുണയ്ക്കുന്ന ഭർത്താവും കുടുംബവും ഉള്ള സ്ത്രീകൾക്ക് പ്രശ്നങ്ങളില്ലാതെ കരിയർ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഭർത്താവ് അജിത്തും അ ജിത്തിന്റെ അമ്മയും എല്ലായ്പ്പോഴും ഒപ്പം നിൽക്കുന്നു. എന്നാലും കുഞ്ഞിന് അമ്മ പരമാവധി സമയം കൂടെ വേണം എന്നതു പ്രധാനമാണ്. അതുകൊണ്ടാണു ജോലിക്കു പോകുമ്പോഴും കുഞ്ഞിനെ കൂടെ കൊണ്ടുപോകുന്നത്. ഇക്കാര്യം സഹപ്രവർത്തകരും സമൂഹവും മനസ്സിലാക്കിയാൽ സ്ത്രീകളുടെ സാമൂഹിക ജീവിതം കൂടുതൽ നല്ലതാകും. മൂത്ത മകൾ ആവണി ജനിച്ച സമയത്ത് കരിയർ തുടരില്ല എന്നാണു വിചാരിച്ചത്. എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞിനെയും കൂട്ടി അഭിനയിക്കാൻ അവസരം ലഭിച്ചു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ. ആവണി വന്ന ശേഷമാണു മുൻപത്തെക്കാൾ സിനിമയിൽ സജീവമായത്. ആദ്വികയ്ക്കു രണ്ടു മാസം ഉള്ളപ്പോൾ ലിക്കർ ഐലൻഡ് എന്ന ചിത്രം ചെയ്തു. മുൻപ് പകുതി ചെയ്തു വച്ച സിനിമയുടെ ബാക്കി ഭാഗമാണു ചെയ്തത്. അതിന്റെ ഡബ്ബിങ്ങിനിടയിലാണു ഫോട്ടോ പകർത്തിയത്.

anjali-nair-story

അനാവശ്യ വിമർശനങ്ങളെ തള്ളിക്കളയണം

സുമം തോമസ്, മാധ്യമ പ്രവർത്തക, തിരുവനന്തപുരം

പ്രസവ അവധി കഴിഞ്ഞ് ഏഴാം മാസത്തിൽ ജോലിക്കു തിരികെ കയറി. ഭർത്താവ് സുനിലൻ ജോലി ഓൺലൈൻ എഴുത്തുകളിലേക്കു മാറ്റി മകൾ പൊന്മയെ നോക്കാനായി വീട്ടിലുണ്ടായിരുന്നു. സഹായത്തിന് ഒരു ബന്ധുവും.

കൈക്കുഞ്ഞിനെ വീട്ടിൽ വിട്ടു ജോലിക്കു വരിക സ്ത്രീകളെ ശാരീരികമായും വൈകാരികമായും ബാധിക്കുന്ന സ ങ്കടമാണ്. ഓഫിസിലേക്ക് ഇറങ്ങുന്നതു കാഴ്ചയിൽ നിന്ന് അവളെ മാറ്റിയ ശേഷമായിരിക്കും. ഓഫിസിനടുത്തു തന്നെയായിരുന്നു താമസം. എന്നാൽ പോലും കുഞ്ഞിനെക്കുറിച്ചുള്ള വിചാരം ബാധിക്കും. ഇത് ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രയാസമാണ്. പൊന്മയ്ക്ക് ഇപ്പോൾ മൂന്നു വയസ്സായി. അംഗൻവാടിയിൽ പോയിത്തുടങ്ങി.

സുനിലന് അത്യാവശ്യമായി യാത്ര പോകേണ്ട അവസരങ്ങളിൽ, മോൾ അൽപം വലുതായശേഷം ഓഫിസിലേക്ക് കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ തവണ. ഇത്തരം ഘട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ഥാപനവും സഹപ്രവർത്തകരും സ്ത്രീകളോട് അനുഭാവത്തോടെ പെരുമാറുകയാണു വേണ്ടത്. എനിക്കതു ലഭിച്ചിട്ടുണ്ട്.

സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രധാനമാണ് കരിയർ. കഷ്ടപ്പെട്ടും കാത്തിരുന്നുമായിരിക്കും ഒരാൾ ഇഷ്ടപ്പെട്ട കരിയറിലേക്ക് എത്തുന്നത്. അതുകൊണ്ടു കുഞ്ഞിനെ നോക്കാനായി ജോലി ഉപേക്ഷിക്കുക, വീട്ടിലിരിക്കുക തുടങ്ങിയ കാര്യങ്ങളോട് യോജിക്കാനാകില്ല.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണ്. തുടക്കക്കാലത്തു സ്ത്രീകൾക്ക് അൽപം കൂടുതലായി ഉത്തരവാദിത്തം എടുക്കേണ്ടി വരാം എന്നു മാത്രം. ആദ്യത്തെ മൂന്നോ നാലോ വർഷമേ ഇതാവശ്യമുള്ളൂ. ഈ കാലയളവിൽ ഇതിനെ അനുഭാവപൂർവം പരിഗണിക്കേണ്ടി വരും.

വേണ്ടത്ര പരിഗണന ലഭിക്കാഞ്ഞിട്ടും കരിയറും കുഞ്ഞുങ്ങളുടെ പരിപാലനവും വിജയകരമായി മുന്നോട്ടുപോകുന്ന സ്ത്രീകളുണ്ട്. കുഞ്ഞിനെ നോക്കാൻ അമ്മയ്ക്ക് സമയമില്ല, കുഞ്ഞിനേക്കാളും വലുതാണ് ജോലി തുടങ്ങിയ വിമർശനങ്ങളാണ് ജോലിയുള്ളവർ പൊതുവേ നേരിടാറുള്ളത്. കുടുംബത്തിൽ നിന്നായിരിക്കും കൂടുതലും. അക്കാദമിക് സ്വഭാവമുള്ള ചടങ്ങുകളിൽ കുഞ്ഞിനെ കൊണ്ടുപോകേണ്ടി വരുമ്പോൾ ‘ഇത് നിങ്ങളുടെ വീട്ടു കാര്യമല്ലേ’ എന്നായിരിക്കും വിമർശനം. ഇത്തരം വിമർശനങ്ങളെ തള്ളിക്കളയുക.

കുഞ്ഞുങ്ങളെ വളർത്താൻ കരിയർ നഷ്ടപ്പെടുത്തേണ്ടതില്ല

ശ്രീവിദ്യ രാജീവ്, എച്ച് ആർ മാനേജർ, എറണാകുളം

കേരളത്തിലെ സാഹചര്യത്തിലും സാമൂഹിക അവസ്ഥയിലും സ്ത്രീകൾ തന്നെയാണ് അടുക്കളജോലികൾ പ്രധാനമായും ചെയ്യുന്നത്. ജോലിയുള്ള സ്ത്രീകൾക്കു വീട്ടുകാര്യങ്ങളും കുട്ടികളുടെ ആവശ്യങ്ങളും കരിയറും വേണ്ട വിധത്തിൽ മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ ഭർത്താവിന്റെ പിന്തുണ കൂടിയേ തീരൂ. ഇപ്പോൾ അവർ അതു ചെയ്യാൻ തയാറാകുന്നുമുണ്ട്.

സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു പ്രശ്നം പങ്കാളിയുടെ സഹായത്തിൽ പെർഫെക്‌ഷൻ പ്രതീക്ഷിക്കുന്നതാണ്. മുറി വൃത്തിയാക്കുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും നമ്മുടെ പ്രാപ്തി അവർക്കുണ്ടാകണമെന്നില്ല. അപ്പോൾ സ്ത്രീകൾ സ്വയം ഏറ്റെടുത്തു ചെയ്യും. അത്ര പൂർണതയില്ലാതെ കാര്യം നടക്കട്ടേ എന്നു കരുതിയാൽ ഭാരം കുറയും. സാവധാനം അവർ കാര്യങ്ങൾ നന്നായി ചെയ്യാൻ പഠിക്കും.

കുട്ടികളെ എത്രയും പെട്ടെന്ന് സ്വയം പര്യാപ്തരാക്കുക. സ്വന്തം കാര്യം അവർ സ്വയം ചെയ്യട്ടേ. കരുതൽ വേണ്ടയിടത്തു മാത്രം കൊടുത്താൽ മതിയാകും. കുട്ടികൾക്കു സുഖമില്ലാതെ വരുമ്പോഴും മറ്റും അമ്മയാണു ലീവെടുക്കേണ്ടത് തുടങ്ങിയ പ്രവണതകൾ ഇപ്പോൾ മാറി വരുന്നുണ്ട്.

എനിക്ക് രണ്ട് ആൺകുട്ടികളാണ്. മൂത്തയാൾ ആര്യനാഥ് നാലാം ക്ലാസ്സിലാണ്. ഇളയ മകൻ കാശിനാഥ് യുകെജിയിലും. പങ്കാളി രാജീവ് പണിക്കർ.

സ്ത്രീകൾ കരിയർ കളഞ്ഞു കുട്ടികളെ നോക്കട്ടേ എന്ന വിചാരം പലർക്കും ഇപ്പോഴുമുണ്ട്. കരിയറിന് കോട്ടം വരാതെ കുട്ടികളെ നോക്കാൻ അവർക്ക് ഇടം ഒരുക്കിക്കൊടുക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. കുടുംബമായാലും സമൂഹമായാലും.

രാഖി റാസ്