Saturday 18 June 2022 09:38 AM IST : By സ്വന്തം ലേഖകൻ

‘സർ, എന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കാമോ?’: കണ്ണീരോടെ മകന്റെ അഭ്യർഥന: ഇടപെട്ട് യൂസഫലി

yousafali- സൗദിയിൽ അപകടത്തിൽ മരിച്ച തിരുവനന്തപുരം കരകുളം സ്വദേശി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മകൻ എബിൻ, എം.എ.യൂസഫലിയുടെ സഹായം തേടി ലോക കേരള സഭയിലെത്തിയപ്പോൾ. യൂസഫലി സ്റ്റേജിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ സഹായികൾക്കു വിവരം കൈമാറുകയാണ് എബിൻ

സൗദിയിൽ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എം.എ.യൂസഫലിയുടെ ഇടപെടൽ. നിയമസഭാ മന്ദിരത്തിൽ ലോകകേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലിയോട് തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിൻ അച്ഛൻ ബാബുവിന്റെ അപകട വിവരം പറഞ്ഞത്.

‘‘ സർ, എന്റെ അച്ഛൻ സൗദിയിലെ ഖമിസ് മുശൈത്തിൽ ജോലി െചയ്യുന്നതിനിടയിൽ കഴിഞ്ഞയാഴ്ച കെട്ടിടത്തിൽ നിന്നു വീണു മരിച്ചു . ജോലി ചെയ്തിരുന്ന സ്പോൺസറുടെ കീഴിൽ നിന്നു രണ്ടു വർ‌ഷം മുൻപ് അദ്ദേഹത്തെ ഒഴിവാക്കിയതാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വഴി മാത്രമേ കഴിയൂ എന്നറിഞ്ഞ് നോർക്ക റൂട്സ് മുഖേന അപേക്ഷ നൽകിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴ‍ിയുമോ?’’– ഇതായിരുന്നു എബിന്റെ ചോദ്യം. വേദിയിൽ മൈക്കിനു മുന്നിൽ നിന്നു തന്നെ യൂസഫലി പിഎയെ വിളിച്ചു. വിവരങ്ങൾ ശേഖരിച്ച് ഉടൻ സൗദിയിൽ ബന്ധപ്പെടാൻ നിർദേശം നൽകി.

ഓപ്പൺ ഫോറത്തിന്റെ ഭാഗമായ സംവാദത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനിടയിൽ അദ്ദേഹത്തിന്റെ സഹായികൾ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണ‍ിൽ വിളിച്ച് യൂസഫലിക്കു കൈമാറി. ‘‘ ഒരു മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫിസിലും ഞാൻ നേരിട്ടു വിളിച്ചുകൊള്ളാം’’– മൈക്കിനു മുന്നിൽ എല്ലാവരെയും സാക്ഷിയാക്കി യൂസഫലി നിർദേശം നൽകിയപ്പോൾ സദസ്സിൽ കയ്യടി നിറഞ്ഞു. അച്ഛനെ അവസാനമായി കണ്ട് ആചാരപ്രകാരം വിടനൽകാൻ കഴിയുമെന്നുറപ്പായപ്പോൾ എബിനും വികാരാധീനനായി.

ebin-father അപകടത്തിൽ മരിച്ച ബാബു

11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു 3 വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ 9 ന് രാവിലെ വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിച്ച ശേഷം ജോലിക്കു പോയ ബാബുവിനെ പിന്നീട് രണ്ടു ദിവസം ഫോണിൽ ബന്ധപ്പെടാനായില്ല. കൂടെ ജോലി ചെയ്യുന്നയാളാണ് 2 ദിവസം കഴിഞ്ഞു വിളിച്ച്, ബാബു അപകടത്തിൽ മരിച്ചത് അറിയിച്ചത്. സ്പോൺസർ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു.

നോർക്കയിൽ അപേക്ഷ നൽകിയിട്ടും നടപടിയാകാത്തതിനാലാണ് ലോക കേരള സഭയിൽ യൂസഫലി ഉണ്ടെന്നറിഞ്ഞ് പ്രവാസി സംഘം നേതാവ് സജീറിനൊപ്പം എബിൻ എത്തിയത്. മാർ ഇവാനിയോസ് കോളജിൽ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ് എബിൻ. സഹോദരൻ വിപിൻ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. ബാബുവിന്റെ ഭാര്യ ഉഷ.

More