കഥകളുടെ വിരൽത്തുമ്പും പിടിച്ചു നടന്ന കുട്ടിക്കാലത്തായിരുന്നു പത്മനാഭ ദാസ ആദിത്യ വർമ. അറിഞ്ഞ കഥകളിലെല്ലാം ക്ഷീര സാഗര ശയനനുണ്ട്. പാൽക്കടലിനു മീതേ പള്ളികൊള്ളുന്ന പൊന്നുതമ്പുരാൻ. അ നന്തകോടി നിധികളുെട അധിപൻ...
ആദിത്യ വർമ പെട്ടെന്നു പറഞ്ഞു, ‘‘ സ്വർണത്തിന്റെയും സ മ്പത്തിന്റെയുമൊക്കെ ‘ഭാരം കണക്കു കൂട്ടി’ പത്മനാഭ സ്വാമിയെ നോക്കാൻ മറ്റുള്ളവർക്കേ കഴിയൂ. ഞങ്ങൾക്ക് അദ്ദേഹം കുട്ടിക്കാലം തൊട്ടേ അറിഞ്ഞ സത്യമാണ്. ഞങ്ങളുടെ കുലദേവത. എന്നെ ഇങ്ങോട്ട് അയച്ചതും ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നതും എല്ലാം അദ്ദേഹത്തിന്റെ തീരുമാന പ്രകാരമാണ്....’’ വിസ്മയത്തിന്റെ പൊൻകിരണങ്ങൾ ഉള്ളിലൊളിപ്പിച്ച ഭഗവാന്റെ പുഞ്ചിരി ആദിത്യവർമ അറിയുന്നതു പോലെ...
അമ്മയുടെയും അച്ഛന്റെയും മുഖം പോലെയായിരുന്നു ബാല്യത്തിൽ ആദിത്യ വർമ തമ്പുരാന് ശ്രീപത്മനാഭ സ്വാമിയും ക്ഷേത്രവും. വാക്കും നോക്കും ഇടറാതിരിക്കാൻ എന്നും ഒപ്പമുള്ള ശക്തി...‘‘ ഒരു വയസ്സ് തികയുമ്പോഴാണ് ഞങ്ങളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അടിമ കിടത്തുന്നത്. കൊട്ടാരത്തിലെ എല്ലാ പുരുഷന്മാരും പത്മനാഭ ദാസന്മാരാണ്. ഭഗവാന്റെ അടിമകൾ.
ഒാർമ വച്ചതു മുതൽക്കേ അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയിരുന്നു. ഏന്തി വലിഞ്ഞു നിന്ന് കൈകൂപ്പുന്നതൊക്കെ ഇ ന്നും മനസ്സിലുണ്ട്. കുഞ്ഞല്ലേ ഞാൻ, ശ്രീകോവിലിനുള്ളിലേക്ക് നോട്ടമെത്തില്ലല്ലോ... അവിടത്തെ നേർത്ത വെളിച്ചത്തിൽ കുട്ടിയായ എനിക്ക് സ്വാമിയെ കാണാൻ കഴിഞ്ഞില്ല. ഏഴുവയസ്സൊക്കെ ആയപ്പോൾ കുറച്ചു പൊക്കം വച്ചു. അപ്പോൾ മുതലാകും കണ്ണുനിറയെ ഭഗവാനെ കണ്ടു തൊഴുന്നത്.
അനന്തശയനമൊന്നും അന്നു കാര്യമായിട്ട് അറിയില്ല. ശ്രീകോവിലിൽ കയറാൻ എന്തിനാണ് മൂന്നു വാതിൽ? ഒന്നു പോ രെ എന്നൊക്കെ അന്നത്തെ ‘കുട്ടി സംശയ’ങ്ങളായിരുന്നു, അ മ്മ പറഞ്ഞു തന്നു– ‘‘ഭൂതവും വർത്തമാനും ഭാവിയുമാണ് ആ വാതിലുകൾ. സാധാരണ മനുഷ്യർക്ക് ഇത് മൂന്നും മൂന്നു കാഴ്ചകളാണ്. മൂന്നു കാലത്തിൽ മാത്രമേ അറിയാനാവൂ. പക്ഷേ, അകത്തുള്ള ഇൗശ്വരന് ഇതു മൂന്നും ഒന്നിച്ചു കാണാം’’
അമ്മ പറഞ്ഞു തന്ന ജീവിത പാഠങ്ങൾ എന്തെല്ലാമാണ്?
ചിട്ടയോടു കൂടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. വെളുപ്പിനെ എഴുന്നേൽക്കും. ഉറക്കമുണരുമ്പോഴും ഉറങ്ങുന്നതിനുമുൻപും ശ്ലോകങ്ങൾ ജപിക്കണം. കട്ടിലിൽ നിന്ന് എഴുന്നേറ്റ് നിലത്തു ചവിട്ടും മുന്നേ ഭൂമീദേവിയെ വന്ദിക്കാൻ നിലം തൊട്ട് കണ്ണിൽ വയ്ക്കണം.
എല്ലാ ദിവസവും അമ്മയ്ക്കൊപ്പം ഇരുന്ന് നാമം ജപിക്കണമെന്നത് നിർബന്ധമായിരുന്നു. ഏഴര മുതൽ എട്ടു മണിവരെ ആണ് നാമജപസമയം. ആ സമയത്ത് മറ്റൊന്നും ചെയ്യാൻ അനുവാദമില്ല. ‘‘ആരെയും ഉപദ്രവിക്കാൻ പാടില്ല, എല്ലാവ രോടും സൗമ്യമായി പെരുമാറണം. മോശമായ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല, എല്ലാവരും ഈശ്വരന്റെ കുട്ടികളാണ്. എല്ലാവരോടും ഒരുപോലെ പെരുമാറണം....’’ ഇതൊക്കെ അ മ്മ പഠിപ്പിച്ച പാഠങ്ങളാണ്.
ആ പാഠങ്ങൾ ചിലപ്പോൾ പ്രവർത്തിക്കാൻ പറ്റിയിട്ടില്ല. ചിലരോട് ദേഷ്യം കാണിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും അന്നു പറഞ്ഞതൊക്കെ ഉള്ളിൽ തന്നെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ‘ആ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതിൽ നിന്നൊരു തരി പോലും ഞങ്ങൾക്കു വേണ്ട...’ എങ്ങനെയാണ് ഇതിനെ കാണുന്നത്?
അദ്ദേഹം പറഞ്ഞത് വളരെ സത്യമായിരുന്നു. ഞങ്ങളും അതിനെക്കുറിച്ച് അന്വേഷിച്ചിട്ടേയില്ല. ചിത്തിര തിരുനാൾ മഹാരാജാവ് ഇതെല്ലാം കണ്ടു വളർന്ന ആളാണ്. ആ കാലത്തും അതിന്റെ ഉള്ളിൽ എന്താണെന്ന് ഒരിക്കൽപോലും അദ്ദേഹം മറ്റുള്ളവരോടു പറഞ്ഞതായി കേട്ടിട്ടില്ല.
കുട്ടിക്കാലത്ത് ക്ഷേത്രത്തിൽ പോകുമ്പോൾ ഒരിക്കലും തുറക്കാത്ത കുറെ വാതിലുകൾ ഞാൻ കണ്ടിട്ടുണ്ട്. അതെന്താ തുറക്കാത്തത് എന്ന സംശയം അമ്മയോടൊക്കെ ചോദിച്ചിട്ടുണ്ട്. അത് തുറക്കാത്ത വാതിലുകളാണെന്നേ പറഞ്ഞിട്ടുള്ളൂ. െഎതിഹ്യങ്ങളിലെ മുറികളായിട്ടേ എന്റെ തലമുറ അതു കണ്ടിരുന്നുള്ളൂ. കേസ് വന്നപ്പോഴാണ് അതിനുള്ളിൽ ഇത്രയേറെ സ്വത്തുക്കൾ ഉണ്ടെന്ന് മനസ്സിലായത്.
ആ സ്വത്ത് ഭഗവാന്റെതാണ്. ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ചാൽ അത് ഭഗവാന്റേതാണ്. കുറച്ചു നാളുകൾ കഴിഞ്ഞ് അന്ന് അർപ്പിച്ച കാണിക്ക തിരിച്ചു വേണമെന്നു പറയാനാകുമോ? ക്ഷേത്രത്തിലെ സമ്പത്തു കൊണ്ട് പല കാര്യങ്ങളും ചെയ്യാൻ ഇപ്പോൾ പലരും പറയുന്നു. പക്ഷേ, ഈശ്വരന്റെ സ്വത്ത് എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ...
കുടുംബത്തെക്കുറിച്ച്?
ഭാര്യ രശ്മി വർമ മറിയപ്പള്ളി കൊട്ടാരത്തിലെ അംഗം. ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. ഗൗരി വർമ്മയും പ്രഭ വർമയും. പത്താംക്ലാസിൽ ആയതിന്റെ ഗൗരവത്തിലാണ് രണ്ടു പേരും.
ബി നിലവറയെക്കുറിച്ചു കേൾക്കുന്ന കഥകളിലെ വാസ്തവം എന്തൊക്കെയാണ്?
ബി നിലവറയുടെ വാതിലിൽ പാമ്പുകൾ കാവലുണ്ടെന്നും പാട്ടു പാടിയാൽ തുറക്കുന്ന വാതിലുണ്ടെന്നുമൊക്കെയുള്ള കഥകളുണ്ട്. അത് ഒരു സാധാരണ വാതിൽ ആണ്. അവിടെ പാമ്പുകൾ കാവൽ ഇല്ല. െഎതിഹ്യങ്ങൾ െഎതിഹ്യങ്ങളായി കേൾക്കുന്നതല്ലേ നല്ലത്. പലരും ബി നിലവറ ഇതിനു മുന്നേ തുറന്നെന്നു പറയുന്നുണ്ട്. പക്ഷേ, എന്റെ അറിവിൽ തുറന്നിട്ടില്ല. നിലവറ രണ്ടു മുറിയാണ്. പുറത്ത് ഒരു ചെറിയ മുറി. പിന്നെ, ഒരു മെയിൻ ചെംബർ. ചെറിയ മുറി പലപ്പോഴും തുറന്നിട്ടുണ്ട്.
ബി നിലവറകൾ ഒഴികെയുള്ള അഞ്ച് അറകൾ തുറന്ന് ക ണക്കെടുക്കാനായി കോടതി നിയോഗിച്ച സംഘത്തിലെ ഒരാളായിരുന്നു ഞാൻ. എനിക്ക് അത് കാണാൻ ഭാഗ്യമുണ്ടായി. വിവിധ തരത്തിലുള്ള അപൂർവമായ രത്നങ്ങളും വജ്രങ്ങളും സ്വർണ, വെള്ളി നാണയങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നു.
വിശദമായ വായന വനിത ഓഗസ്റ്റ് ആദ്യ ലക്കത്തിൽ