Wednesday 17 June 2020 04:50 PM IST

നമ്മുടെ ‘ഐശ്വര്യ റായിയുടെ അഭിഷേക് ബച്ചൻ’ ഇതാണ്; നാടൻ പെണ്ണല്ല, മോഡേൺ ലുക്കിലും തിളങ്ങി അമൃത

Binsha Muhammed

amritha

സുന്ദരിപ്പെണ്ണുങ്ങളെ നോക്കി ‘നീയാരാ ഐശ്വര്യാ റായിയോ...’ എന്ന് ചോദിക്കാത്തവർ ചുരുക്കം. അഴകിന്റെ അവസാന വാക്കായി പലരും അന്നും ഇന്നും ആഘോഷിക്കുന്നതും ഈ ബോളിവുഡ് സുന്ദരിയെയാണ്.

പൂച്ചക്കണ്ണും വശ്യമായ പുഞ്ചിരിയും കാലത്തെ ജയിച്ച സൗന്ദര്യവുമായി തിളങ്ങി നിൽക്കുന്ന ആഷിന് തുല്യം ആഷ് മാത്രം. അങ്ങ് ഹോളിവുഡിലും കാൻ‌ ചലചിത്ര വേദിയിലും വരെ സൗന്ദര്യധാമമായി ജ്വലിച്ചു നിന്ന ഐശ്വര്യയ്ക്ക് നമ്മുടെ കൊച്ചു കേരളത്തിൽ ഒരു അപരയുണ്ടായി എന്നു പറഞ്ഞപ്പോൾ പലർക്കും അത് അവിശ്വസനീയമായിരുന്നു. പക്ഷേ ആ അപരയെക്കണ്ടപ്പോൾ പലരുടേയും കിളിപറന്നു. ഇങ്ങനെയുമുണ്ടോ ഒരു ‘മുഖസാദൃശ്യം’ എന്നായി അടുത്ത ചോദ്യം. ഐശ്വര്യയുടേതു പോലുള്ള പൂച്ചക്കണ്ണുകളും പ്രണയനോട്ടവും പുഞ്ചിരിയും കൈമുതലായുള്ള ആ സുന്ദരിയുടെ പേര് അമൃത, തൊടുപുഴ സ്വദേശി.

അമൃതയുടെ അമ്പരപ്പിക്കുന്ന രൂപ സാദൃശ്യം അതിരുകൾ താണ്ടി ഹൃദയം കീഴടക്കുമ്പോൾ ഇതാ വൈറലായി ഒരു അമൃതയുടെ കിടലൻ ഫൊട്ടോഷൂട്ട്. ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനിലെ’ ഐശ്വര്യ റായിയയുടെ ക്യൂട്ട് പെർഫോമൻസ് പഴുതുകളില്ലാതെ പുനരാവിഷ്ക്കരിച്ചാണ് അമൃത താരമായത്. ആ നാട്ടിൻ പുറത്തുകാരി ലുക്കിലാണ് അമൃത സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയതെങ്കിൽ ഇവിടെയിതാ ഐശ്വര്യ റായിയുടെ അപരയുടെ മോഡേൺ ലുക്ക് പരിചയപ്പെട്ടുത്തുകയാണ് അനുലാൽ ഫൊട്ടോഗ്രഫി. അനുലാൽ ഫൊട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രം വൈറലാകുമ്പോൾ അനുലാൽ വനിത ഓൺലൈനോടു സംസാരിക്കുകയാണ് അമൃത.

ഇത് പുതിയ മുഖം

പ്രതീക്ഷിക്കാത്ത വിധമുള്ള സ്വീകാര്യതയും സ്നേഹവുമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ എനിക്കു തരുന്നത്. പങ്കുവച്ച ചിത്രങ്ങളിലും ഷെയർ ചെയ്ത ടിക് ടോക് വിഡിയോകളിലും ഐശ്വര്യ മാമിനെ പോലെയാണ് ഞാൻ എന്നു പറയുമ്പോൾ വലിയ സന്തോഷമുണ്ട്. അങ്ങനെ ലഭിക്കുന്ന കമന്റുകളെ വലിയ അംഗീകാരമായി കാണുന്നു. പക്ഷേ ഞാൻ ഐശ്വര്യ റായിയെ പോലെയാണ് എന്ന് പറയാനും വിധമുള്ള കോൺഫിഡൻസ് എനിക്കായിട്ടില്ല. അത് ചിലപ്പോൾ സാദൃശ്യം മാത്രമാകാം. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനിലെ അടക്കമുള്ള ചിത്രങ്ങളിലെ ആഷ് മാമിന്റെ നാടൻ ലുക്കുകളാണ് ഞാൻ ട്രൈ ചെയ്തത്. അതിൽ നിന്നും ഒരു ചെയ്ഞ്ച് നിർദ്ദേശിച്ചത് ഫൊട്ടോഗ്രാഫർ അനുലാലാണ്. അങ്ങനെയാണ് പുതിയ ലുക്ക് ആൻഡ് സ്റ്റൈൽ പരീക്ഷിക്കുന്നത്.

മനസിലുണ്ട് സിനിമ

ചിത്രങ്ങൾ വൈറലായതോടെ സിനിമ അവസരങ്ങൾ നിരവധി വരുന്നുണ്ട്. പക്ഷേ ഒന്നിലും കമ്മിറ്റ് ആകാത്തതു കൊണ്ട് ഒന്നും പറയാറായിട്ടില്ല. അവസരം വരുമ്പോൾ ഉറപ്പായും അറിയിക്കാം.

ഇതാ എന്റെ അഭിഷേക് ബച്ചൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പ്രണയവും സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. സസ്പെൻസില്ലാതെ അക്കാര്യം പറയാം. പുള്ളിക്കാരന്റെ പേര്, അഖിൽ നാഥ്. ഹോട്ടൽ മാനേജ്മെന്റൊക്കെ കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് അഖിൽ. വിവാഹം ഉറപ്പിച്ചിട്ടില്ലെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെ ഞങ്ങളിപ്പോ പ്രണയിച്ചു നടക്കുകയാണ്. അഖിലിനൊപ്പം നിരവധി ടിക് ടോക് വിഡിയോകളും ഞാൻ ചെയ്തിട്ടുണ്ട്. അവയെല്ലാം വൈറലാണ്.

amz

ചിത്രം പകർത്തിയ അനുലാൽ പറയുന്നു

‘ടിക് ടോക്കിൽ വൈറലായതും സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റിയതും അമൃതയുടെ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനിലെ ടിക് ടോക് പ്രകനമായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രണയം പറയുന്ന രംഗം വളരെ ക്യൂട്ടായിരുന്നു. ഇവിടെ ഞാൻ ശ്രമിച്ചത്, അമൃതയിലെ ‘ഐശ്വര്യ ലുക്കിന്’ ഒരു പുതുഭാവം നൽകാനമാണ്. നാടൻ പെണ്ണായി ഹൃദയം കീഴടക്കിയ അമൃതയെ മോഡേൺ ലുക്കിൽ അവതരിപ്പിച്ചു. പാറിപ്പറക്കുന്ന തലമുടിയും ജീൻസും സ്ലീവ്‍ലെസുമിട്ട് പുള്ളിക്കാരി എത്തിയപ്പോൾ സംഭവം കലക്കനായി. ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വലിയ സ്വീകാര്യതയുണ്ടായി. ചിത്രം കണ്ട് കേരളത്തിലെ ലീഡിങ് ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ചിത്രം കണ്ട് കോണ്ടാക്റ്റ് ചെയ്തു. എന്തായാലും ചിത്രം നിരവധി പേർ ഏറ്റെടുത്തു എന്നറിയുമ്പോൾ ഏറെ സന്തോഷം.