രാരീ... രാരിരം രാരോ... എന്ന്  അനന്യ യുടെ വിരലുകൾ കീ ബോർഡിൽ വായിക്കുന്നതു കേട്ട് അതിശയപ്പെട്ടവർ ഏറെ. കാരണം.ഇരിപ്പും മട്ടും കണ്ടാൽ ഇത്രയും നന്നായി അവളത് കീ ബോർഡിൽ വായിക്കും എന്ന് ആരും കരുതില്ല. ഓട്ടിസം എന്ന പ്രശ്നം അവളുടെ ചില കഴിവുകൾ കുറച്ചു കളഞ്ഞെങ്കിലും ചില കഴിവുകൾ അവൾക്ക് വാനോളം നൽകി. ഓട്ടിസം എന്ന പ്രശ്നം നേരിടുന്ന ഓരോ കുഞ്ഞിന്റെ ഉള്ളിലും ഇതുപോലെ കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ടാകും. ഓട്ടിസം ബാധിച്ച ഒരു കുഞ്ഞ് നിങ്ങളുടെ ജീവിതത്തിലേക്ക് എത്തിയാൽ അവരെക്കുറിച്ചോർത്ത് വിഷമിച്ചും വിധിയെ പഴിച്ചും കഴിയാതെ അവരിലെ കഴിവുകൾ കണ്ടെടുക്കൂ എന്നു പറയുകയാണ് അനന്യയുടെ അച്ഛൻ എയർഫോർസ് ഉദ്യോഗസ്ഥനായിരുന്ന  ബിജേഷും അമ്മ അനുപമയും.

കീബോർഡ് വായിക്കുന്നതിലും പാട്ടു പാടുന്നതിലും അസാമാന്യ കഴിവാണ് അനന്യ ഇപ്പോൾ പ്രകടിപ്പിക്കുന്നത്. അത് ഈ അച്ഛന്റെയും അമ്മയുടെയും ശ്രമത്തിന്റെ കൂടി ഫലമാണ്.

മരുന്നല്ല വേണ്ടത് പിന്തുണ

‘‘തന്റെ കുഞ്ഞ് ഓട്ടിസ്റ്റിക്കാണ് എന്നറിയുന്ന അച്ഛനമ്മമാരിൽ പലരും മരുന്നുകളുടെയും ചികിത്സകളുടെയും പുറകേ ഓടുകയാണ് പതിവ്. ഓട്ടിസത്തിന് മരുന്നില്ല.  അത്തരം കുട്ടികളെ ശരിയായി പെരുമാറാനും ജീവിക്കാനും പരിശീലനത്തിലൂടെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അതിന് ക്ഷമയും സ്നേഹവും സമർപ്പണവും വേണം.’’ അനുപമ പറയുന്നു. 

‘‘നല്ല തെറപ്പി സെന്ററുകൾ കണ്ടെത്തി ഓട്ടിസ്റ്റിക് കുട്ടികളെ എങ്ങിനെ പരിശീലനം ചെയ്യിക്കണം എന്ന് അച്ഛനും അമ്മയും പഠിച്ചെടുക്കണം. അവരിലെ കഴിവുകൾ കണ്ടെത്തി അതിനു വളരാൻ അവസരമൊരുക്കണം.’’ ബിജേഷ് പറയുന്നു.

തിരിച്ചറിഞ്ഞത് രണ്ടര വയസ്സിൽ

രണ്ടു വയസ്സുവരെ അമ്മ, കാക്ക, പൂച്ച, തുടങ്ങിയ വാക്കുകൾ അനന്യ പറയുമായിരുന്നു. പക്ഷേ വസ്തുക്കൾ ചൂണ്ടിക്കാണിക്കാതിരിക്കുകയും  മുതിർന്നവർ കളിക്കുന്നതിനിടയിലേക്ക് ഭയമില്ലാതെ കയറിപ്പോകുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട അനുപമയുടെ അച്ഛനാണ്  അനന്യയെ പരിശോധിപ്പിക്കണം എന്നു പറയുന്നത്.

 അച്ഛനിത് പറയുമ്പോൾ പോലും കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകും എന്നു ഞങ്ങൾക്ക് തോന്നിയിരുന്നില്ല.  കാരണം നഴ്സറി ഗാനങ്ങളെല്ലാം അവൾ നന്നായി പാടുമായിരുന്നു. എന്നാൽ പരിശോധിപ്പിച്ചപ്പോൾ പീഡിയാട്രീഷ്യൻ പറഞ്ഞു അവൾക്ക് ഓട്ടിസം ആണെന്ന്..

അന്നു മുതൽ അവൾ ശബ്ദങ്ങളോടാണ് കൂടുതൽ അടുപ്പം കാണിക്കുന്നതെന്നും തിരിച്ചറിയുന്നതെന്നും മനസിലാക്കിയതാണ് നേട്ടമായത്. അതോടെ ടാബിൽ ലേണിങ് ആപ്പുകളും  കീ ബോർഡ് ആപ്പും ഇട്ട് മോൾക്ക് കൊടുത്തു.  അതിലെ കീ ബോർഡ് ആപ്പ് അവൾ പെട്ടെന്ന് പഠിച്ചെടുത്തപ്പോൾ കീ ബോർഡ് വാങ്ങിക്കൊടുത്തു.  കീ ബോർഡ് പഠിപ്പിക്കാൻ ഒരാളെ ഏർപ്പാടാക്കിയെങ്കിലും പഠിപ്പിക്കാൻ സാധിച്ചില്ല.  ഓട്ടിസം ഉള്ള കുട്ടികൾ മറ്റുള്ളവർ പഠിക്കുന്ന രീതിയിലല്ല, അവരുടേതായ രീതിയിലാണ് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്.  കീ ബോർഡ് സ്വയം പഠിച്ച് ആദ്യമായി തുമ്പീ വാ തുമ്പക്കുടത്തിൻ എന്ന പാട്ട് വായിച്ചപ്പോൾ ഞങ്ങൾ അതിശയിച്ചു.  പിന്നീട് യു ട്യൂബിൽ സെർച്ച് ചെയ്ത് അവൾക്കിഷ്ടമുള്ള പാട്ടുകളെല്ലാം പഠിച്ചെടുത്തു.  ബിജേഷ് പറയുന്നു.

 തിരുവനന്തപുരം  വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ    ചില്ൽഡ്രൺ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിലാണ് അനന് ഇപ്പോൾ പഠിക്കുന്നത്. കെ.എസ് ചിത്രയോടൊപ്പം വേദി പങ്കിടാനായതാണ് അനന്യയ്ക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം എന്നു പറയുന്നു അനുപമ. പൊതുവേ ആളുകളോട് അടുക്കാൻ മടികാണിക്കുന്ന അനന്യ ചിത്രച്ചേച്ചിയെ കണ്ടപ്പോൾ ചെന്ന് കെട്ടിപ്പിടിച്ചു. ചേച്ചിയും അവളെ സ്നേഹത്തോടെ പുണർന്നു.  അനന്യയുടെ  രാരീ രാരീരം  കീ ബോർഡ് വായന ഗായകൻ ജി വേണുഗോപാൽ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു.