Tuesday 08 June 2021 03:26 PM IST : By സ്വന്തം ലേഖകൻ

വക്കീലായി കഴിഞ്ഞാലും അന്തസായി ഈ പണിചെയ്യും: പൊറോട്ട മലര്‍ത്തിയടിച്ച് അനശ്വര: വൈറല്‍

porotta-anaswara

ഗ്ലാമര്‍-വൈറ്റ് കോളര്‍ ജോലികള്‍ക്കു പിന്നാലെ പരക്കം പായുന്ന പുതുതലമുറയ്ക്കു മുന്നില്‍ വഴികാട്ടിയായി ഇതാ ഒരു പെണ്ണ്. എരിയുന്ന അടുപ്പിനരികില്‍ പൊറോട്ടയെ 'അടിച്ചമര്‍ത്തുന്ന' അനശ്വരയാണ് കഠിനാദ്ധ്വാനം കൊണ്ട് ഏവരെയും ഞെട്ടിക്കുന്നത്. നിയമ വിദ്യാര്‍ത്ഥിയുടെ പേരും പെരുമയും മേല്‍വിലാസവും സൈഡിലേക്ക് മാറ്റിനിര്‍ത്തിയാണ് ഈ  കാഞ്ഞിരപ്പള്ളിക്കാരി അധ്വാനത്തിന്റെ നല്ലപാഠം പകരുന്നത്. 

എരുമേലി കാഞ്ഞിരപ്പള്ളി റൂട്ടില്‍ കുറുവാമുഴി (കൊരട്ടി) എന്ന സ്ഥലത്താണ് അനശ്വരയുടെ ഭക്ഷണശാല. വറുതിയുടെ കോവിഡ് കാലത്ത് കുടുംബത്തിന് കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അനശ്വര പാചകക്കാരിയുടെ വേഷമണിഞ്ഞത്. അനശ്വരയുടെ കഠിനാദ്ധ്വാനത്തിന്റെ കഥ സോഷ്യല്‍ മീഡിയയിലും വൈറലാണ്. 

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജില്‍ അവസാന നിയമ വിദ്യാര്‍ഥിയാണ് അനശ്വര. കുടുംബ വീടിനോടു ചേര്‍ന്ന് ഹോട്ടല്‍ നടത്തുന്ന അമ്മയെ സഹായിക്കാന്‍ അനശ്വര വര്‍ഷങ്ങളായി ചെയ്യുന്ന ജോലിയാണിത്. 

പൊറോട്ടയടിക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്. ആദ്യം ചെറിയ ബോളുകള്‍ ഉരുട്ടാന്‍ പഠിപ്പിച്ചു, പിന്നെ പതിയെ വീശാനും ചുട്ടെടുക്കാനും. രണ്ട് അനിയത്തിമാരുണ്ട്. അമ്മയില്‍ നിന്നാണ് പൊറോട്ടയടിയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഇതിന്റെ എല്ലാം മാസ്റ്റര്‍ അമ്മയും അമ്മയുടെ ചേച്ചിയുമാണെന്നും അനശ്വര പറയുന്നു. 

രണ്ട് സഹോദരിമാരാണ് അനശ്വരയ്ക്ക്. മാളവികയും അനാമികയും. പ്ലസ് വണ്ണിലും ആറാംക്ലാസിലും പഠിക്കുന്നു. അനശ്വര പഠിക്കാന്‍ പോകുമ്പോള്‍ അവരാണ് അമ്മയെ സഹായിക്കുന്നത്. 

നിയമനവിദ്യാര്‍ത്ഥി എങ്ങനെ പൊറോട്ട എക്‌സ്‌പേര്‍ട്ടായി എന്ന ചോദ്യത്തിനും അനശ്വരയുടെ പക്കല്‍ മറുപടിയുണ്ട്. 

'ഇത് എന്റെ അമ്മ ചെയ്യുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ, അഭിഭാഷകയായാലും ഈ ജോലി ചെയ്യാന്‍ എനിക്കു മടിയില്ല. എല്ലാവരോടും ഒരു കാര്യമേ പറയാനുള്ളൂ- സ്ത്രീകളെ ജോലി ചെയ്യാന്‍ സമ്മതിക്കുക, സമൂഹത്തില്‍ മുന്നോട്ട് വരാന്‍ സഹായിക്കുക. ഇത്തരം ജോലികള്‍ ചെയ്യുന്നതില്‍ പെണ്‍കുട്ടികള്‍ അഭിമാനിക്കണം. അത് മോശമാണെന്നു വിചാരിക്കരുത്.'- അഭിമാനത്തോടെ അനശ്വരയുടെ വാക്കുകള്‍.