Tuesday 16 April 2019 11:24 AM IST : By സായൂജ്യ സെബാസ്റ്റ്യൻ

സ്വൈപിങ് മെഷീനും ഹോം ഡെലിവറിയും; സങ്കടക്കടൽ താണ്ടി അനിതയുടെ അതിജീവനം; ‘സ്മാർട്ട് മീൻകട’ പിറന്നതിങ്ങനെ

anitha

കടലിന്റെ ആഴത്തോളം സങ്കടങ്ങളും ദുരിതങ്ങളും താണ്ടിയായിരുന്നു അനിത അജിത്കുമാർ എന്ന സ്ത്രീ മത്സ്യ വിൽപനയ്ക്കു തുനിഞ്ഞത്. പുറമേ നിന്നു കാണുന്നവർക്ക് കുണ്ടറയിലുള്ള അനിതയുടെ മത്സ്യവിൽപനക്കട വേറിട്ട അനുഭവമായിരിക്കും. കാരണം, സ്വൈപിങ് മൈഷീനും ഹോം ഡെലിവറിയും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് അനിതയുടെ ‘ജീസസ് ഫ്രഷ് ഫിഷ്’ എന്ന കടയിലുള്ളത്. എട്ടു മാസമായി മത്സ്യക്കട പ്രവർത്തനം ആരംഭിച്ചിട്ട്. ഈ സ്വയംസംരംഭകത്വത്തിലേക്ക് അനിതയെ എത്തിച്ചത് ജീവിതത്തിൽ പിന്നിടേണ്ടി വന്ന പ്രതിസന്ധികളും ദുരിതങ്ങളുമാണ്.

സങ്കടപ്പെയ്ത്ത്

ഭർത്താവും 2 മക്കളുമടങ്ങുന്ന കുടുംബമാണ് കേരളപുരം സ്വദേശിനി അനിതയുടേത്. വിദേശത്തു ഡ്രൈവറായിരുന്നു ഭർത്താവ് അജിത് കുമാർ. 10 മാസം മുൻപു ചികിത്സയുടെ ആവശ്യത്തിനായി നാട്ടിലെത്തിയ അജിത്തിനു പിന്നീടു തിരിച്ചു പോകാൻ കഴിഞ്ഞില്ല. നിതാഖത്തായിരുന്നു വില്ലൻ. മുൻപോട്ടുള്ള ജീവിതം ആ കുടുംബത്തിനു മുൻപിൽ ചോദ്യചിഹ്നമായി.

അജിത് കുമാറിനു ഭാരപ്പെട്ട ജോലികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായി. കശുവണ്ടിത്തൊഴിലാളിയായിരുന്നു അനിത. നാലു വർഷമായി ഫാക്ടറി അടഞ്ഞു കിടക്കുന്നു. മക്കളുടെ പഠനച്ചെലവും വീട്ടുചെലവുമൊക്കെ നടത്താൻ മാർഗമില്ലാതായി. മറ്റൊരു വരുമാനമാർഗം കണ്ടെത്തുക വെല്ലുവിളിയായി. ഭർത്താവിന്റെ മരുന്ന് ഉൾപ്പെടെയുള്ളവ മുടക്കമില്ലാതെ വീട്ടിലെത്തണമെങ്കിൽ ജോലി കണ്ടെത്തിയേ തീരൂ എന്നായി. 

പ്രതീക്ഷയുടെ നാമ്പ്

പല ജോലികളെപ്പറ്റി ചിന്തിച്ചു, പല കച്ചവടങ്ങളെപ്പറ്റിയും. മുടക്കുമുതലായിരുന്നു പ്രശ്നം. അവസാനം മുൻപിൽ തെളിഞ്ഞ മാർഗമാണ് മത്സ്യക്കട. ജീസസ് ഫ്രഷ് ഫിഷ് എന്ന സ്ഥാപനത്തിന്റെ തുടക്കം അതായിരുന്നു. ഒരു ലക്ഷത്തോളം രൂപയാണു മുടക്കുമുതലെന്ന് അനിത പറയുന്നു. കടയിൽ സഹായത്തിനു പോലും ആരെയും നിർത്താൻ കഴിയുന്ന അവസ്ഥയായിരുന്നില്ല അപ്പോൾ. അജിത് കുമാർ രാവിലെ പോയി മത്സ്യം എടുത്തു കടയിലെത്തിക്കും. ബാക്കി ജോലികളെല്ലാം അനിത ചെയ്യും. രാവിലെ 6.30നു തുടങ്ങുന്ന കച്ചവടം മിക്ക ദിവസവും രാത്രി വരെ തുടരും. 

അനിതയുടെ കടയ്ക്കു വ്യത്യസ്തതകളേറെയാണ്. വൃത്തിയും ശുചിത്വവും വേണ്ടുവോളം. സ്വന്തം അടുക്കള എങ്ങനെ സംരക്ഷിക്കുന്നുവോ അതുപോലെ മത്സ്യക്കടയും സൂക്ഷിക്കുന്നുവെന്ന് അനിത. തൊട്ടടുത്തുള്ള സ്ഥാപനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനേജ് സംവിധാനവും ഒരുക്കി. മാലിന്യങ്ങൾ വീട്ടിലെ കോഴികൾക്കു ഭക്ഷണമായി നൽകും. 170 കോഴികളെയാണ് അനിത വളർത്തുന്നത്.  

ആവശ്യക്കാർ വിളിച്ചു പറയുന്നതനുസരിച്ചു മത്സ്യം മുറിച്ചു വൃത്തിയാക്കിയും നൽകും. ഇതിനെല്ലാം പുറമേയാണു ഹോം ഡെലിവറി. കറിക്ക് ആവശ്യമായ മത്സ്യം വീട്ടിലെത്തിച്ചു നൽകാൻ മൾട്ടി നാഷനൽ കമ്പനികളുടെ ഓൺലൈൻ സംവിധാനമൊന്നും വേണ്ടെന്നു പറയുന്നു അനിത. ദിവസവും മുപ്പതിലധികം വീടുകളിലാണ് അനിതയുടെ സ്ഥാപനം മത്സ്യം എത്തിക്കുന്നത്.  പോരാത്തതിനു കടയിൽ സ്വൈപിങ് മെഷീനും. 

സങ്കടങ്ങൾക്കു നടുവിൽ നിന്ന്, അന്നം മുടങ്ങാതിരിക്കാൻ, ഭർത്താവിന്റെ മരുന്നുകൾക്കു മുടക്കം വരാതിരിക്കാൻ, മക്കളെ പഠിപ്പിക്കാൻ... ഇതിനൊക്കെ വേണ്ടിയായിരുന്നു അനിത സ്വയം സംരംഭകത്വത്തിലേക്കു കടന്നത്. ഇന്ന് ആരേയും അസൂയപ്പെടുത്തുന്ന രീതിയിൽ, ആർക്കും കുറ്റമൊന്നും കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ആ സ്ഥാപനത്തെ അവർ വളർത്തിയെടുത്തു. 

More