Wednesday 23 December 2020 06:25 PM IST

‘മോൾക്ക് എട്ടു മാസം ആയപ്പോൾ ഞാൻ പ്രസവാവധി കഴിഞ്ഞു ജോലിയിൽ തിരിച്ചെത്തി’; കുടകിലെ കണ്‍മണി പറയുന്നു

Rakhy Raz

Sub Editor

kanmani

കോവിഡ് കാലത്ത് കർണാടകയിലെ കുടക് ജില്ല 60 ദിനങ്ങൾ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെ ടാതെ പിടിച്ചു നിന്നു. രാജ്യമെമ്പാടും ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികച്ച ശ്രമത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പ്രത്യേകം പരാമർശിച്ചു.

ഈ വാർത്ത കുടകിനു മാത്രമല്ല, കേരളത്തിനും ആ ഹ്ലാദം പകരുന്നതായിരുന്നു. കാരണം നേട്ടം സ്വന്തമാക്കിയ ജില്ലാ കലക്ടർ കേരളത്തിൽ നഴ്സിങ് മേഖലയിൽ നിന്ന് ആദ്യമായി ഐഎഎസ്‌ നേടിയ ആനീസ് കൺമണി ജോയ് ആയിരുന്നു. കന്നഡയിൽ പറഞ്ഞാൽ ‘നമ്മ ഊരിന ഹുഡുഗി’ (നമ്മുടെ നാട്ടിലെ പെൺകുട്ടി).

ഈ നേട്ടം എങ്ങനെ സാധ്യമാക്കി ?

കൂട്ടായ പ്രവർത്തനത്തിന്റെ ഫലം ആയിരുന്നു അത്. മാർച്ച് 19 ന് ജില്ലയിലെ ആദ്യ കേസിനു ശേഷം രണ്ടു മാസത്തേക്ക് ഒരു കേസും റിപ്പോർട്ട് ചെയ്തില്ല. ഇപ്പോൾ കുടകിൽ ഏകദേശം 25 കേസുകളുണ്ട്. എന്നാൽ ആക്റ്റീവ് കേസുകൾ കുറവാണ്. നിയന്ത്രണത്തിൽ ആണ് പോകുന്നത്. അതിന്റെ ക്രെഡിറ്റ് ഞാൻ നൽകുന്നത് ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളുമടങ്ങുന്ന എന്റെ ടീമിനാണ്.

മലയോര മേഖല ആകുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ കുറവ് ആയിരിക്കും. ഒരുപാട് തസ്തികകൾ ഒ ഴിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് വളരെ കുറച്ചു പേരേ ജോലി ചെയ്യാൻ ഉണ്ടാകൂ. അവരെല്ലാം തന്നെ വ ളരെ ആത്മാർഥതയോടെ രാപ്പകൽ ഇല്ലാതെ ജോലി ചെയ്യാൻ തയാറുള്ളവർ ആണ്.

ഈ നേട്ടത്തിലെ യഥാർഥ ഹീറോ ഇവിടുത്തെ ജനങ്ങളാണ്. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ജനങ്ങൾ പൂർണമനസ്സോടെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. വലിയ സ്വകാര്യ ആശുപത്രിയോ ഗവൺമെന്റ് ആശുപത്രിയോ ഇല്ലാത്ത ഇടം ആണ് കുടക്. ആകെയുള്ളത് ഒരു ജില്ലാ ഹോസ്പിറ്റൽ ആണ്. അത് മെഡിക്കൽ കോളജ് ആയി ഉയർന്നിട്ടു മൂന്നോ നാലോ വർഷമേ ആയിട്ടുള്ളൂ. മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ആശയവിനിമയ സംവിധാനങ്ങളും കുറവാണ്. മലയോരമായതിനാൽ ഇന്റർനെറ്റ് - ഫോൺ കണക്റ്റിവിറ്റി കുറവാണ്.

പരാധീനതകളെ എങ്ങനെ നേരിടുന്നു ?

ഇവിടുത്തെ ആളുകൾ സാമാന്യം വിദ്യാഭ്യാസ നിലവാരം ഉള്ളവരാണ്. ഭൂരിഭാഗം ആളുകൾക്കും പുരോഗമന ചിന്ത ഉണ്ട്. അ തിനാൽ കാര്യം പറഞ്ഞു മനസ്സിലാക്കുക ബുദ്ധിമുട്ടല്ല. ചെറിയ ജില്ല ആണെങ്കിലും മൂന്ന് നാല് ലോക്കൽ ടെലിവിഷൻ ചാനലുകൾ ഉണ്ട്. അത്യാവശ്യം നല്ല സർക്കുലേഷൻ ഉള്ള നാട്ടു പത്രങ്ങൾ ഉണ്ട്.

കുടകിൽ വളരെ കർശനമായി തന്നെ ലോക്ഡൗൺ നടപ്പാക്കി. അൺലോക്ക് ആയപ്പോൾ മറ്റു ജില്ലകളിൽ വന്നതു പോലെ കേസുകൾ കുടകിലും റിപോർട്ട് ചെയ്‌തെങ്കിലും നിയന്ത്രിക്കാനായി. ജില്ലാ കലക്ടർ വിചാരിച്ചാൽ മാത്രം ഇത് ന ടപ്പാക്കിയെടുക്കാൻ പറ്റില്ല. അതാണ് ഞാൻ പറഞ്ഞത് ഇത് ടീം വർക്കിന്റെ ഫലമാണ് എന്ന്.

ആനീസിന്റെ നേട്ടങ്ങൾ മറ്റൊരാളുടെ ചിത്രങ്ങളുടെ ചുവടെ ചേർത്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു ?

സൽവാറിട്ട ഒരു പെൺകുട്ടിക്ക് പൂക്കൾ സമ്മാനിക്കുന്നതും കാൽ തൊട്ട് വന്ദിക്കുന്നതുമായ വിഡിയോ ആയിരുന്നു അത്. ഇത് പലയിടത്തും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കലക്ടറെ സഹപ്രവർത്തകർ അനുമോദിക്കുന്നു എന്ന പേരിൽ ചർച്ച ആയി.

കുടകിലെ കോവിഡ് സ്റ്റാറ്റസിനെക്കുറിച്ചു പല തെറ്റായ വിവരങ്ങളും അതിൽ ഉണ്ടായിരുന്നു. അപ്പോൾ ‘അത് ഞാനല്ല’ എന്നു പറഞ്ഞ് ഔദ്യോഗികമായി വിവരം നൽകി.

പരമ്പരാഗത കൊടവ സാരി ഉടുത്ത ഫോട്ടോ ഫെയ്സ് ബുക്കിൽ കാണാം ?

സാരി ആണ് ഇഷ്ട വേഷം. പക്ഷേ, കുടകിൽ മഴ തുടങ്ങിയാൽ അതിവർഷം ആയിരിക്കും. സാരി ഉടുക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ല. അല്ലാത്ത സമയത്തൊക്കെ സാരിയിൽ ആയിരിക്കും ഞാൻ. ഫോട്ടോയിൽ കൊടവ സാരി ഉടുത്തു നിൽക്കുന്നത് ഞാനും എസ്പിയും ജില്ലാ പഞ്ചായത്ത് സിഇഒയുമാണ്. നമ്മുടെ പോലുള്ള സാരി തന്നെയാണത്. ഉടുക്കുന്ന രീതിയിൽ ആണ് വ്യത്യാസം. ഞങ്ങൾ മൂന്ന് ലേഡി ഓഫിസേഴ്സ് ഒന്നിച്ചുണ്ടായ സമയത്ത് ‘നമുക്കും ഉടുക്കണം’ എന്നു പ്ലാൻ ചെയ്തു. മഹിളാ ദസറ കാലത്ത് കൊടവ സാരി ഉടുത്ത് എടുത്ത ഫോട്ടോ ആണ്.

നഴ്സിങ് മേഖലയിൽ നിന്നുള്ള ആദ്യ ഐഎഎസുകാരി എന്ന അഭിമാനത്തിനും ഉടമയാണല്ലോ ആനീസ് ?

അതിൽ അതിശയിക്കാനൊന്നുമില്ല. അംഗീകൃത ബിരുദ യോഗ്യതയുള്ള ആർക്കും എഴുതിയെടുക്കാവുന്ന പരീക്ഷ ആണ് സിവില്‍ സര്‍വീസ്. ബിഎയും ബിടെകും എംബിബിഎസും േപാെല ബിരുദമുള്ളവര്‍ക്ക് എഴുതി എടുക്കാൻ കഴിയുന്നതുപോലെ നഴ്സിങ് വിദ്യാർഥിക്കും സിവില്‍ സര്‍വീസ് എഴുതി ജയിക്കാം.

എന്റെയൊപ്പം നഴ്സിങ് പഠിക്കാൻ 57 പേരുണ്ടായിരുന്നു. എല്ലാവരും എംബിബിഎസ്‌ കിട്ടാതെ നഴ്സിങ് തിരഞ്ഞെടുത്തവർ. എനിക്ക് ഉറപ്പാണ് അവരിൽ ആര് നന്നായി തയാറായി സിവിൽ സർവീസ് എഴുതിയാലും കിട്ടുമായിരുന്നു. അവർ തിരഞ്ഞെടുത്തില്ല എന്നു മാത്രം.

എംബിബിഎസ്‌ ലക്ഷ്യമായിരുന്നു ?

സിവിൽ സർവീസിനെക്കുറിച്ച് എനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. ബുദ്ധിമതി എന്നു സ്വയം തോന്നിയിട്ടും ഇല്ല. സ്കൂളിലും കോളജിലും നന്നായി പഠിക്കുന്ന കുട്ടികളിൽ ഒ രാൾ ആയിരുന്നു ഞാൻ. ചിലപ്പോൾ ടോപ്പർ ആകും, ചിലപ്പോ ൾ ആകില്ല.

പ്ലസ് ടു കഴിഞ്ഞപ്പോൾ എല്ലാവരും ചെയ്യുന്നതു പോലെ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതി. പക്ഷേ, എംബിബിഎസ് സീറ്റ് കിട്ടാനുള്ള റാങ്ക് ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവർ നഴ്സിങ്ങിലേക്ക് പോകുന്ന ട്രെൻഡ് ഉണ്ടായിരുന്നു. അന്ന് മെഡിക്കൽ കോഴ്‌സുകൾക്കും പാരാ മെഡിക്കൽ കോഴ്‌സുകൾക്കും എംബിബിഎസ്‌ പ്രവേശന പരീക്ഷ തന്നെ ആയിരുന്നു അടിസ്ഥാനം.

ഞാനും നഴ്സിങ് പഠിക്കാൻ തീരുമാനിച്ചു. അതിനു ശേഷമാണ് സിവിൽ സർവീസ്‌ എഴുതാൻ ഏതെങ്കിലും ബിരുദം മതി എന്നു മനസ്സിലാക്കുന്നത്. വീട്ടിൽ എല്ലാവരും പ്രോത്സാഹിപ്പിച്ചു. ഡൽഹിയിൽ പോയി കോച്ചിങ് ക്ലാസിൽ ചേർന്നു. അവിടെ നിന്നാണ് ഐഎഎസ് എന്ന വ്യക്തമായ ലക്ഷ്യത്തിലേക്ക് വരുന്നത്. ആദ്യ ശ്രമത്തിൽ 580 ആയിരുന്നു റാങ്ക്. അപ്പോൾ ഇന്ത്യൻ സിവിൽ അക്കൗണ്ട് സർവീസിൽ സെലക്‌ഷൻ കിട്ടി. അടുത്ത ശ്രമത്തിൽ 65 ലേക്ക് റാങ്ക് മെച്ചപ്പെടുത്തി ഐഎഎസ് നേടി കർണാടക കാഡറിൽ പ്രവേശിച്ചു.

kanmani-2

2019ലെ പ്രളയകാലം?

2019ൽ ഞാൻ കുടകിൽ വരുമ്പോൾ 2018 ലെ ഉരുൾ പൊട്ടലുകൾക്ക് ശേഷമുള്ള പുനരുജ്ജീവന പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ആദ്യ അനുഭവം ആയതിനാൽ എന്തു ചെയ്യണം എന്നൊന്നും ആർക്കും അറിവുണ്ടായിരുന്നില്ല. കുടകിൽ 95 ശതമാനവും മലമ്പ്രദേശമായതിനാൽ കർണാട resകയിൽ മറ്റു ഇടങ്ങളിൽ കാര്യങ്ങൾ നടപ്പിലാക്കുന്ന രീതി ഇവിടെ മതിയാകില്ല. നാടിന്റെ സ്വഭാവം അറിഞ്ഞുള്ള പുതിയ രീതികൾ അവലംബിക്കേണ്ടി വന്നു.

നാട്ടുകാരായ ചെറുപ്പക്കാരെയും ജനപ്രതിനിധികളെയും പൊലീസിനെയും പരിശീലിപ്പിച്ചു. സൗകര്യങ്ങളുടെ ആവശ്യാനുസരണമുള്ള നീക്കം എങ്ങനെയാകണം, ബോട്ടുകൾ എവിടെ നിന്നു വരണം, ഏത് ടീം ആദ്യം പോകണം തുടങ്ങിയ കാര്യങ്ങൾ. അതിനാൽ 2019–2020 കാലത്ത് വ്യക്തമായ ദുരന്തനിവാരണ മാർഗങ്ങൾ കുടകിന് ഉണ്ടായിരുന്നു.

സാമ്പത്തിക സ്ഥിതി കുറഞ്ഞ വീട്ടിൽ നിന്ന് ഐഎഎസ് നേടി എന്നു പല വാർത്തകളിലും കാണാം?

അത് ശരിയല്ല. മധ്യ വർഗ കുടുംബത്തിൽ നിന്നുള്ള ആളാണ് ഞാൻ. ആദ്യം പെരുമ്പാവൂരും പിന്നെ, പിറവത്തും ആയിരുന്നു താമസം. അച്ഛൻ ജോയ് പോൾ, അമ്മ ലീല ജോയ്. അനിയത്തി എൽസ അശ്വതി ജോയ് വിവാഹം കഴിഞ്ഞു ഭർത്താവുമൊത്ത് ചങ്ങനാശ്ശേരിയിൽ താമസിക്കുന്നു.

എവിെട താമസിച്ചാലും ഏറ്റവും നല്ല സ്കൂളില്‍ പഠിപ്പിക്കാന്‍ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്‍കെജി മുതല്‍ പ്ലസ് ടു വരെ നാല് സ്കൂളുകളില്‍ പഠിച്ചു. പെരുമ്പാവൂർ വിമല സ്കൂൾ, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ്, പിറവം ഫാത്തിമ മാതാ, പ്ലസ് ടു കോട്ടയം മൗണ്ട് കാർമൽ സ്കൂൾ. നഴ്സിങ്, തിരുവനന്തപുരം മെഡിക്കൽ കോളജിലും. ഡൽഹിയിലെ മികച്ച ഐഎഎസ് കോച്ചിങ് സെന്ററിൽ പഠിക്കണം എന്നു പറഞ്ഞപ്പോൾ അതും സാധിച്ചു തന്നു.

പേരിലെ കൺമണി?

അന്ന എന്നായിരുന്നു പള്ളിയിലെ പേര്. വീട്ടിലും നാട്ടിലും ബന്ധുക്കളും സ്വന്തക്കാരും ഒക്കെ വിളിച്ചുകൊണ്ടിരുന്ന ചെല്ലപ്പേരാണ് കൺമണി. സ്കൂളിൽ ചേർത്തപ്പോൾ കൺമണി എന്ന പേര് വിടാൻ അച്ഛന് തോന്നിയില്ല. അതുകൊണ്ട് അന്നയെ ആനീസ് ആക്കി കൺമണി എന്ന വിളിപ്പേര് കൂടി ചേർത്ത് അച്ഛൻ എന്റെ ഔദ്യോഗിക പേരാക്കി.

കുടുംബം ?

ഭർത്താവ് സ്റ്റീഫൻ മാണി ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ കൊളംബോയിൽ. ഞങ്ങൾക്ക് മൂന്നര വയസ്സ് ഉള്ള മകൾ ഉണ്ട്, േപര് അപൂർവ. മോൾക്ക് എട്ടു മാസം ആയപ്പോൾ ഞാൻ പ്രസവാവധി കഴിഞ്ഞു ജില്ലാ പഞ്ചായത്ത് സിഇഒ ആയി ജോലിയിൽ തിരിച്ചെത്തി. എന്റെയും സ്റ്റീഫന്റെയും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ആ സമയത്ത് ഫീൽഡ് പോസ്റ്റിങ് എടുക്കാനായത്. ഒന്നര വർഷത്തിന് ശേഷം ഡിസി ( ഡെപ്യൂട്ടി ക മ്മിഷനർ - ജില്ലാ കലക്ടറുടെ ചുമതല ) ആയി.

കന്നഡ പഠിച്ചെടുത്തോ ?

കേരളത്തിലെ സബ് കലക്ടർ സ്ഥാനത്തിനെ ഇവിടെ അസിസ്റ്റൻറ് കമ്മിഷനർ (എസി) എന്നാണ് പറയുന്നത്. എസി ആ യിരിക്കുന്ന ഒന്നു രണ്ട് വർഷത്തിനുള്ളിൽ കർണാടക സ്റ്റേറ്റ് സിലബസിൽ ഉള്ള പത്താം ക്ലാസ് കന്നഡ എഴുത്തു പരീക്ഷയും വൈവയും പാസ്സായാലേ കലക്ടർ ആയി ആദ്യ പ്രമോഷൻ കിട്ടൂ. അക്ഷരങ്ങൾ നമ്മുടേതിൽ നിന്നു വ്യത്യസ്തമാണ്. ‘അ’ മുതൽ എഴുതി പഠിക്കുകയാണു ചെയ്തത്.

കന്നഡ പറയാനുള്ള ശ്രമത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവർ ആണ് ഇവിടത്തുകാർ. പറയുമ്പോൾ തെറ്റിപ്പോയാലും കളിയാക്കില്ല. ഞാൻ വളരെ ആത്മവിശ്വാസത്തോടെ കിട്ടുന്ന വേദിയിൽ എല്ലാം കന്നഡ പറയുമായിരുന്നു. ഇപ്പോൾ ഭാഷ വായിച്ചു മനസ്സിലാക്കാനും അത്യാവശ്യം എ ഴുതാനും ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കാനും പ്രസംഗിക്കാനും സാധിക്കും.

കുടകിലെ ജീവിതം എങ്ങനെയാണ് ?

രാവിലെ വ്യായാമം നിർബന്ധമാണ്. ഓഫിസിൽ ചില ദിവസം ഫീൽഡ് ഇൻസ്പെക്ഷൻ ഉണ്ടാകും. ചിലപ്പോൾ അതിർത്തി തർക്കങ്ങളും മറ്റും പരിഹരിക്കാൻ കോർട്ട് എടുക്കേണ്ടി വരും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഓഫിസിൽ തന്നെയുണ്ടാകും. എവിടെയും പോകില്ല, മീറ്റിങ്ങും വയ്ക്കില്ല. അതിന് ഒരു കാരണമുണ്ട്. കുടകിലെ ജനങ്ങൾ എന്നും പുറത്തേക്ക് ഇറങ്ങില്ല. മടിക്കേരി മാർക്കറ്റ് ദിവസമായ വെള്ളിയും പിന്നെ, ചൊവ്വാഴ്ചയിലുമാണ് അവർ പുറത്തിറങ്ങുക. അന്ന് സർക്കാർ ഓഫിസുകളിൽ പോകുകയും ഓഫീസേഴ്‌സിനെ കാണുകയും ആവശ്യങ്ങൾ പറയുകയും ചെയ്യും. അതുകൊണ്ട് ആ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നര വരെ ഒരു കാരണവശാലും പുറത്തു പോകില്ല.