ഓമനത്തം തുളുമ്പുന്ന മുഖവും നീണ്ട മുടിയും ചന്ദനക്കുറിയും അണിഞ്ഞ മലയാളിക്കുട്ടി. യൂണിഫോമണിഞ്ഞ് നിറതോക്കുമായി അതിർത്തി കാക്കാൻ നിൽക്കുന്ന ആതിരയെ കാണുമ്പോൾ ആരും പറയും, ഇതാ ഇന്ത്യയുടെ പുലിക്കുട്ടി.
കശ്മീരിൽ അതിർത്തി കാക്കാൻ ആദ്യമായി സ്ത്രീ പട്ടാളക്കാർ നിയോഗിക്കപ്പെട്ടപ്പോൾ അതിൽ ഒരാൾ ആതിരയായിരുന്നു. അന്ന് കശ്മീരിലെ മീഡിയ വാർത്ത നൽകിയത് ആതിര കെ. പിള്ള എന്ന കായംകുളംകാരിയുടെ മുഖചിത്രത്തോടെ. അത് രാജ്യമാകെ വൈറലായി. ആതിര ഇതെല്ലാം അറിഞ്ഞത് വൈകി മാത്രം, കൂട്ടുകാരും ഭർത്താവ് സ്മിതേഷും പറയുമ്പോൾ.
‘‘കോവിഡ് കാലമായതിനാൽ മാസ്ക് അണിഞ്ഞ ഫോട്ടോ ആയിരുന്നു എല്ലായിടത്തും വന്നത്. എന്നിട്ടും നാട്ടിലുള്ളവർ എന്നെ തിരിച്ചറിഞ്ഞു. ഒരുപാട് കൂട്ടുകാർ മെസേജ് അയച്ചു. നീ ഞങ്ങളുടെ അഭിമാനമെന്ന് പറഞ്ഞു.’’
ഇന്ത്യൻ ആർമിയിൽ മലയാളി സ്ത്രീകളുണ്ടെങ്കിലും ആസാം റൈഫിൾസിൽ നിന്ന് കശ്മീരിൽ അതിർത്തി കാക്കാൻ പോകുന്ന ആദ്യ വനിതാ ബാച്ചിലെ ഏക മലയാളിയായിരുന്നു ആതിര കെ. പിള്ള.
‘‘പുതിയ ബാച്ചുകളിൽ മലയാളി കുട്ടികളുണ്ട്. ഞങ്ങളെപ്പോലുള്ളവരെ കണ്ട് കൂടുതൽ പെൺകുട്ടികൾ പട്ടാളത്തിൽ ചേരാൻ പ്രചോദിതരാകുന്നുണ്ട്. പട്ടാളത്തിൽ ചേരാൻ പെൺകുട്ടികൾ തീരുമാനിക്കുമ്പോൾ പലരും നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. അപകടം പിടിച്ച ജോലിയാണ്, പെൺകുട്ടികൾക്ക് പറ്റിയതല്ല എന്നൊക്കെ പറഞ്ഞ്.
പക്ഷേ, ധൈര്യവും മനക്കരുത്തുമുള്ള പെൺകുട്ടികൾക്ക് യൂണിഫോമിനെ ആരാധനയോടെ കാണുന്നവർക്ക് തീർച്ചയായും അഭിമാനവും സന്തോഷവും തരുന്ന ജോലിയാണിത്.’’
പരിശീലനം തന്ന കരുത്ത്
‘‘കുട്ടിക്കാലത്ത് അച്ഛനെ കണ്ടും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മലയാള സിനിമകളും ഹിന്ദിയിലെ പട്ടാള സിനിമകളും കണ്ട് യൂണിഫോമിനോട് വല്ലാത്ത ആരാധനയായിരുന്നു എനിക്ക്. പതിമൂന്നു വർഷം മുൻപ് അ ച്ഛൻ കേശവപിള്ള ഞങ്ങളെ വിട്ടു പോയി. അച്ഛൻ ആസാം റൈഫിൾസിൽ ആയിരുന്നു. അച്ഛന്റെ ജോലിയാണ് പിന്നീട് എനിക്ക് കിട്ടിയത്. എനിക്കും ചേട്ടൻ അഭിലാഷിനും അവസരം കിട്ടിയെങ്കിലും ചേട്ടന് പട്ടാളത്തിൽ ചേരാൻ താൽപര്യമില്ലായിരുന്നു. സർവീസിലിരിക്കുമ്പോൾ മരിച്ചു പോയവരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിനായി ഡിപെൻഡന്റ് റാലി നടത്തിയപ്പോഴാണ് എനിക്ക് ജോലി ലഭിച്ചത്.
പരീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റെല്ലാ പട്ടാള ട്രെയിനിങ്ങും പാസായാലേ പോസ്റ്റിങ് കിട്ടൂ. അഞ്ച് കിലോമീറ്റർ ബിപിഇടി (ബെറ്റർ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) , പന്ത്രണ്ട് കിലോമീറ്റർ പിപിടി (ഫിസിക്കൽ പ്രൊഫിഷ്യൻസി ടെസ്റ്റ്), എട്ട്, പതിനാറ്, മുപ്പത്തിരണ്ട് കിലോമീറ്റർ റോഡ് മാർച്ച്, ഫയറിങ് ഒക്കെ പാസാകണമായിരുന്നു.
ഏകദേശം ഇരുപത്തഞ്ച് കിലോ ഭാരമുള്ള ബാഗും ആ യുധങ്ങളുമുണ്ട്. ഒപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ടാണ് പരിശീലനം. ഓപറേഷനു പോകുമ്പോൾ പിന്നീട് ഇതെല്ലാം വേണം. കഠിനമായ പരിശീലനമാണ് ജോലിയിൽ ആത്മവിശ്വാസം നൽകിയത്. എങ്കിലും വീട്ടിലെത്തുമ്പോൾ ഞാന്‍ പഴയതു പോലെ തന്നെ.’’ അമ്മ ജയലക്ഷ്മിയുടെ പുന്നാരക്കുട്ടി ചിരിയോടെ പറഞ്ഞു.
പൂർണരൂപം വനിത സെപ്റ്റംബർ ലക്കത്തിൽ വായിക്കാം