സിംഗിൾ ബെല്ലടിച്ച് കോവിഡ് വന്നതോടെ ലോകം മുഴുവൻ കട്ടപ്പുറത്തായി. ബിസിനസ് രംഗം സെൽഫ് എടുക്കാതെ കിതച്ചു നിന്നു. എല്ലാവർക്കുമൊപ്പം സ്വകാര്യ ബസ്സ് ഒാട്ടോ തൊഴിലാളികളുടെ ജീവിതവും ദുരിതത്തിന്റെ ഗട്ടറിൽ വീണു . പലർക്കും ജോലി നഷ്ടമായി. ലോക്ഡൗൺ കഴിഞ്ഞ് ബസ് ഒാടാൻ തുടങ്ങിയെങ്കിലും കയറുന്ന ആളുകളുെട എണ്ണം കുറഞ്ഞതോടെ നഷ്ടക്കണക്കിലേക്ക് വീണു. പേരാമ്പ്ര ലാസ്റ്റ് കല്ലോടും സ്വകാര്യ ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്. ഒരുപാടു വർഷം ഡ്രൈവറായും ക്ലീനറായും കണ്ടക്ടറായുമൊക്കെ ജോലി ചെയ്തവർ. പെട്ടെന്നാണ് എല്ലാവര‍്ടക്കും വീട്ടിലിരിക്കേണ്ടി വന്നത്.വെറുതെയിരിപ്പ് ദിവസങ്ങൾ നീണ്ടതോടെ ആധി കയറി. ജോലിയില്ല. വരുമാനം നിലച്ചു. പലർക്കും ലോണുകൾ, കടങ്ങൾ. അന്നന്നത്തെ ചിലവു പോലും എങ്ങനെ കടന്നുകൂടും എന്നറിയാത്ത അവസ്ഥ. പരസ്പരം സംസാരിക്കുമ്പോഴെല്ലാം അനിശ്ചിതത്വം നിറഞ്ഞു നിന്നു. ഒടുവിൽ കൂട്ടത്തിലെ ആരോ പറഞ്ഞു നമുക്ക് ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ഒമേഗ എസ് ആർ ബസ്സിലെ ഡ്രൈവറായിരുന്ന സജീഷ് പറയുന്നു.
‘‘ പല ബസ്സുകളിലായി ജോലി ചെയ്യുന്ന എട്ടു പേരുണ്ട്. ലോക്ഡൗണായതോടെ ബസ്സുകൾ ഒാടതായി. എല്ലാവർക്കും ആധിയായി. എന്തു ചെയ്യണെന്ന് പല ആലോചനകളും വന്നു. അപ്പോഴാണ് ബിരിയാണി ഉണ്ടാക്കി വിറ്റാലോ എന്ന ചിന്ത വരുന്നത്.
എന്തായാലും ഹോട്ടലുകൾ തുറക്കുന്നില്ല. ആളുകൾക്കു മുന്നിലേക്ക് ഭക്ഷണം എത്തിച്ചു കൊടുത്താൽ എല്ലാവരും വാങ്ങും എന്ന പ്രതീക്ഷ വന്നു.’’ അങ്ങനെയാണ് കല്ലോട് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഭാഗമായി ബസ് ജീവനക്കാരുടെ ബിരിയാണി വിൽപന തുടങ്ങുന്നത്.
കൈയിൽ പണമില്ലാത്തപ്പോൾ ബിരിയാണി ഉണ്ടാക്കാനുള്ള പാത്രം മുതൽ വിറകു വരെ ഒരുപാടു കാര്യങ്ങൾ ചോദ്യ ചിഹ്നമായി നിന്നു.
അപ്പോഴാണ് നാട്ടിലെ ഹോട്ടൽ ഉടമയായ ദാമോദരൻ വൈദ്യർ സഹായിക്കാനുള്ള മനസ്സ് കാണിച്ചത്. ദാമോദരൻ വൈദ്യരുടെ ഹോട്ടൽ ലോക്ഡൗൺ കാരണം അടഞ്ഞു കിടക്കുകയാണ്. ബിരിയാണിച്ചെമ്പ് ഉൾപ്പെടെ എല്ലാ പാത്രങ്ങളും വെറുതെയിരിക്കുന്നു. അതെല്ലാം ജീവനക്കാർക്കു കൊടുത്ത് വൈദ്യർ സഹായിച്ചു. കൂട്ടത്തിലെ സുനിലും പ്രഭാകരനും നല്ല പാചകക്കാരായിരുന്നു. ഇടയ്ക്കൊക്കെ നാട്ടിലെ കല്യാണ പാചകങ്ങൾക്ക് പോയി പരിചയവും ഉണ്ട്.
ആദ്യം ചെറിയ രീതിയിൽ തുടങ്ങാമെന്നു കരുതി നൂറു പേർക്കുള്ള ബിരിയാണിയാണ് ഉണ്ടാക്കിയത്. ആവശ്യക്കാരുടെ അരികിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ഇങ്ങനൊരു കൂട്ടായ്മയുണ്ടെന്ന വിവരം വാട്സ് ആപിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു.
ആദ്യ ദിവസം ഉണ്ടാക്കിയ ബിരിയാണി മുഴുവനും തീർന്നു. അതോടെ ധൈര്യമായെന്ന് കൂട്ടായ്മ പറയുന്നു. പാക്കറ്റില്‍ ഒരു കഷണം ചിക്കനും ഒരു കോഴിമുട്ടയും ഉണ്ട്. അറുപതു രൂപയാണ് വില. നാലു കിലോമീറ്ററിനു പുറത്താണെങ്കിൽ സർവീസ് ചാർജുണ്ട്.അറുപതു രൂപയ്ക്ക് ഒരു ചിക്കൻ ബിരിയാണി. അതിൽ എന്തു ലാഭം ഉണ്ടാവും? സജീഷ് പറയുന്നു. ‘‘ഇത് ലാഭം നോക്കിയല്ല ചെയ്യുന്നത്. നാട്ടിൽ ആരുടെ കൈയിലും പൈസിയില്ലാതിരിക്കുകയാണ്. ഈ അവസ്ഥയിൽ നല്ല ബിരിയാണി കൊടുക്കുകയാണ് ഞങ്ങൾ വിചാരിക്കുന്നത്. പിന്നെ അത്യാവശ്യം ഞങ്ങളുടെ ചിലവും നടന്നു പോണം. ഇപ്പോൾ ദിവസം അഞ്ഞൂറിനടുത്ത് ബിരിയാണി വിറ്റു പോവുന്നുണ്ട്. കുറ്റിയാടി, ഉള്ള്യേരി ഭാഗത്താണ് വിതരണം.
തുടക്കത്തിൽ എട്ടു പേർ ചേർന്നാണ് തുടങ്ങിയതെങ്കിലും ബസ്സ് ഒാടാൻ തുടങ്ങിയതോടെ രണ്ടു പേർ മടങ്ങി പോയി. എങ്കിലും ഇപ്പോഴും ഇടയ്ക്ക് പാചകത്തിനായി ഇറങ്ങാറുമുണ്ട്.
കോവിഡിനൊപ്പം ജീവിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നു മനസ്സിലായി. ലോകം പഴയതു പോലെ ആവും വരെ ഇങ്ങനെ ജീവിക്കാനല്ലേ പറ്റൂ’’ സജീഷ് ചോദിക്കുന്നു.