ശരീരത്തിനെന്ന പോലെ തലച്ചോറിനും വ്യായാമം ആവശ്യമാണ്. ബ്രെയിൻ ജിം എക്സർസൈസ് പരിശീലിക്കുന്നത് തലച്ചോറിന് ഉന്മേഷമേകും. ഒപ്പം കുട്ടികളുടെ ബുദ്ധിശക്തിയും പഠനമികവും സർഗാത്മകതയും വർധിപ്പിക്കും. വീട്ടിൽത്തന്നെ ലളിതമായി ചെയ്യാവുന്ന ഈ അഞ്ച് വ്യായാമങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചോളൂ...

1.വലത് കാൽമുട്ട് മടക്കി മുകളിലേക്കുയർത്തുക. അതേ സമയം ഇടത് കൈ മടക്കി മുട്ട് കൊണ്ട് വലതുകാൽ മുട്ടിൽ തൊടാൻ ശ്രമിക്കണം. തുടർന്ന് ഇതേ രീതിയിൽ വലതു കൈമുട്ട് കൊണ്ട് ഇടത് കാൽമുട്ടിൽ തൊടാൻ ശ്രമിക്കുക. ഏകാഗ്രത വർദ്ധിപ്പിക്കാൻ ഈ വ്യായാമം സഹായിക്കും.

2. എട്ട് എന്ന അക്കം വലിയ രൂപത്തിൽ സമാന്തരമായി വരയ്ക്കുക ( ഇൻഫിനിറ്റി ചിഹ്നം വരച്ചാലും മതി). പലതവണ ഇതിന് പുറത്ത് വരയ്ക്കാൻ കുട്ടികളോട് പറയണം. വായുവിൽ വലത് കൈയുടെ തള്ളവിരൽ കൊണ്ട് പലതവണ വരച്ചാലും മതി (ഇടത് കൈ കൂടുതൽ ഉപയോഗിക്കുന്നവർ ആ കൈയിലെ തള്ളവിരൽ കൊണ്ട് വരയ്ക്കുക). ബുദ്ധിശക്തി മെച്ചപ്പെടുത്തുന്നുന്നതിനും കൈകളിലെ മസിലുകളുടെ ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനും ഈ വ്യായാമം സഹായിക്കും.

3. ഇരുകൈകളും കൊണ്ട് ഒരേ ചിത്രം വരയ്ക്കാൻ കുട്ടിയെ സഹായിക്കുക. ഒരു ചെറിയ പൂവോ നക്ഷത്രമോ അങ്ങനെ ഇഷ്ടമുള്ളതെന്തും വരയ്ക്കാം. രണ്ടും ഒരേ സമയം വരയ്ക്കണമെന്ന് മാത്രം. പഠിക്കുന്നതിനുള്ള കഴിവും കണക്കുകൂട്ടുന്ന വേഗവും മെച്ചപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും.

4.ശാന്തമായി ഒരിടത്ത് നിൽക്കുകയോ ഇരിക്കുകയോ ചെയ്യാം. വലതുകൈ കൈ ചുണ്ടുകൾക്കു മുകളിലും ഇടതു കൈപ്പത്തി പൊക്കിളിന് മുകളിൽ വയ്ക്കുക. രണ്ട് കൈകളും വൃത്താകൃതിയിൽചലിപ്പിക്കുക. ഏകാഗ്രത വർധിപ്പിക്കാൻ ഈ വ്യായാമം സഹായിക്കും.

5. തള്ളവിരലും ചൂണ്ട് വിരലും കൊണ്ട് ഇരു ചെവികളുടെയും അറ്റം തിരുമ്മുക. ഇത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും.