Saturday 11 April 2020 11:34 AM IST

‘കുഞ്ഞ് കഴിച്ചു കഴിയുമ്പോൾ ഭക്ഷണം ബാക്കി വന്നാലെ കുഞ്ഞിനു നിറഞ്ഞു എന്നു പറയാനാകൂ’; കുഞ്ഞിന്റെ വളർച്ചയിൽ അമ്മ ശ്രദ്ധിക്കേണ്ടതെന്തെല്ലാം...

Ammu Joas

Sub Editor

baby-image

കുഞ്ഞുവാവ വളരുമ്പോൾ അമ്മയ്ക്ക് നൂറു സംശയമാണ്. വാവയുടെ വയറു നിറയുന്നുണ്ടോ, വാവയ്ക്കു തൂക്കം കൂടുന്നുണ്ടോ, കുഞ്ഞിക്കാൽ വളരുന്നുണ്ടോ... എന്നിങ്ങനെ അമ്മ മനസ്സിലെ ചില സംശയങ്ങൾക്കുള്ള മറുപടി ഇതാ...

ആരോഗ്യമുള്ള കുഞ്ഞിന് ഓരോ പ്രായത്തിലും എത്ര തൂക്കം ഉണ്ടാകണം?

ആദ്യ മൂന്നു മാസങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളർച്ച കൂടുതലായിരിക്കും. ഈ സമയത്ത് ആഴ്ചയിൽ ഏകദേശം 200 ഗ്രാം വീതം ഭാരം കൂടും. ഒരു മാസം മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ ഭാരം ഇങ്ങനെ കൂടാം. മൂന്നു മാസം മുതൽ ആറു മാസം വരെയുള്ള സമയത്ത് ആഴ്ചയിൽ ഏകദേശം 100 ഗ്രാം വീതവും അതുകഴിഞ്ഞ് ഒരു വയസ്സുവരെ ആഴ്ചയിൽ ഏകദേശം 50 ഗ്രാം വീതവും ഭാരം കൂടണം.

ഒരു വയസ്സാകുമ്പോൾ കുഞ്ഞിന് ജനനസമയത്തുള്ളതിന്റെ മൂന്നിരിട്ടി തൂക്കം വേണം എന്നാണ് കണക്ക്. അതായത് മൂന്നു കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞിന് നാലു മാസമാകുമ്പോൾ ആറ് കിലോയും ഒരു വയസ്സാകുമ്പോൾ ഒമ്പത് കിലോയും ഭാരം വേണം.

കുഞ്ഞിന്റെ ഉയരവും പരിശോധിക്കേണ്ടതുണ്ടോ?

കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി തൂക്കവും ഉയരവും പരിശോധിക്കുക എന്നതാണ്. ഉയരത്തിന്റെ കാര്യത്തിലും കണക്കുണ്ട്. ജനിക്കുമ്പോൾ 50 സെന്റീമീറ്റർ ഉയരമുള്ള കുഞ്ഞിന് ഒരു വയസ്സെത്തുമ്പോൾ 75 സെന്റീമീറ്റർ ഉയരം വയ്ക്കണം. മൂന്നു വയസ്സിൽ 87 സെന്റീമീറ്ററും നാലു വയസ്സിൽ ഒരു മീറ്ററും. രണ്ടു വയസ്സു വരെയാണ് കുഞ്ഞിന് കാര്യമായി വളർച്ച കൂടുന്നത്. രണ്ടു വയസ്സു കഴിഞ്ഞാൽ ഇതിന്റെ വേഗത കുറയും. എന്നാൽ അഞ്ചു വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള പ്രായത്തിൽ രണ്ടാം ഘട്ടമായി വളർച്ചയുടെ വേഗം കൂടും. ചില കുഞ്ഞുങ്ങൾക്കു പൊക്കം കൂടുമെങ്കിലും ശരീരഭാരം കാര്യമായി കൂടാറില്ല. ശരീരത്തിലെത്തുന്ന പോഷകഘടകങ്ങൾ ആദ്യം ഉപയോഗിക്കുക പൊക്കം കൂട്ടാനാണ്. ഇതു കഴിഞ്ഞിട്ടുള്ളതേ വണ്ണം വയ്ക്കാനായി ഉപയോഗിക്കൂ എന്നതാണ് കാരണം. അതിനാൽ പോഷകങ്ങൾ ആവോളം നൽകണം.

കുഞ്ഞിന് പോഷകക്കുറവ് ഉണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാം?

ഓരോ പ്രായത്തിലും വേണ്ട ശരീരഭാരവും ഉയരവും കുഞ്ഞിന് ഉണ്ടെങ്കിൽ പേടിക്കേണ്ടതില്ല. ഒരു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങളിൽ കൈമുട്ടിന്റെയും തോളിന്റെയും ഇടയിലുള്ള (മിഡ് അപ്പർ ആം) വണ്ണം പോഷകപ്രശ്നങ്ങൾ നിർണയിക്കുന്നതിൽ പ്രധാനമാണ്. മിഡ് അപ്പർ ആം സെർക്കംഫറൻസ് (MUAC) എന്നാണ് ഇത് അറിയപ്പെടുന്നത്. 14.5 മുതൽ 16.5 സെന്റീമീറ്റർ വരെയാണ് നോർമൽ അളവ്. 12.5–13.5 സെന്റീമീറ്റർ പേടിക്കേണ്ടതില്ലാത്ത ബോർഡർ ലൈൻ ആണ്. ഇതിൽ താഴെ വരുന്നത് അപകടസൂചനയായി കരുതണം. കാലിൽ നീര്, തലയുടെ ചുറ്റളവിൽ കുറവ്, തുടരെയുണ്ടാകുന്ന അസുഖങ്ങൾ എന്നിവയുമുണ്ടെങ്കിൽ ഗുരുതരമായ പോഷണക്കുറവ് (സിവിയർ അക്യൂട്ട് മാൽന്യൂട്രീഷൻ) ആകാം. ഈ കുഞ്ഞുങ്ങൾക്ക് കൂടുതൽ കാലറിയും പോഷകങ്ങളും നൽകി ഭാരം കൂട്ടി പരിഹാരം കാണണം.

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ആദ്യ ആറുമാസം മുലപ്പാൽ മാത്രം മതി. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്കു മറ്റു കുഞ്ഞുങ്ങളേക്കാൾ ആരോഗ്യവും പ്രതിരോധശക്തിയും കൂടുതലായിരിക്കും. ആറുമാസം മുതൽ മുലപ്പാലിനൊപ്പം കുറുക്ക് രൂപത്തിലുള്ള ഭക്ഷണവും കൊടുത്തു തുടങ്ങാം. കുറഞ്ഞ അളവിൽ കൊടുത്താലും കൂടുതൽ ഊർജം പ്രദാനം ചെയ്യുന്നവ വേണം നൽകിത്തുടങ്ങാൻ. പഞ്ഞപ്പുല്ല് കുറുക്കിയത്, ഏത്തയ്ക്ക ഉടച്ചത് പോലുള്ളവ നല്ലതാണ്. ഒമ്പതു മാസം മുതൽ ചവച്ചു തിന്നാൻ പറ്റുന്നവ നൽകിത്തുടങ്ങാം. പച്ചക്കറികളും പഴങ്ങളും ഈ പ്രായം മുതലേ ശീലിപ്പിക്കുക. ഒരു വയസ്സു മുതൽ വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും കുഞ്ഞിനു നൽകാം. മുട്ടയുടെ മഞ്ഞ, മീൻ, ചിക്കൻ എന്നിവ എട്ട്– ഒമ്പത് മാസമാകുമ്പോൾ മുതൽ കൊടുക്കാം. മുട്ടവെള്ള ഒരു വയസ്സായിട്ടു മതി. മട്ടൻ, ബീഫ് എന്നിവ ദഹിക്കാൻ പ്രയാസമായതിനാൽ രണ്ടു വയസ്സു വരെ കൊടുക്കരുത്. ഏതു ഭക്ഷണവും ആദ്യമായി നൽകുമ്പോൾ രണ്ടാഴ്ചത്തെ ഇടവേള നൽകണം. പുതിയ ഭക്ഷണം നൽകി രണ്ടാഴ്ച നിരീക്ഷിച്ച് അലർജിയോ ദഹനപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വീണ്ടും നൽകുക. ഒന്നിച്ച് രണ്ടു രുചികൾ പരീക്ഷിക്കുകയുമരുത്.

ഓരോ പ്രായത്തിലും നൽകേണ്ട ഭക്ഷണത്തിന്റെ അളവ് എത്ര?

ഭക്ഷണത്തിന്റെ അളവ്‍ കുഞ്ഞിന്റെ വിശപ്പ് അനുസരിച്ചാണു നിർണയിക്കേണ്ടത്. കുഞ്ഞ് കഴിച്ചു കഴിയുമ്പോൾ അൽപം ഭക്ഷണം പാത്രത്തിൽ ബാക്കി വരണം. എങ്കിലേ കുഞ്ഞിനു നിറഞ്ഞു എന്നു പറയാനാകൂ. ഈ അളവ് അമ്മമാർ തന്നെ കണ്ടുപിടിക്കണം. ആദ്യ ദിവസം രണ്ടു സ്പൂൺ കുറുക്ക് കുഞ്ഞ് കഴിച്ചെങ്കിൽ അടുത്ത ദിവസം മൂന്ന് നൽകാം. അപ്പോൾ ഒരു സ്പൂൺ ബാക്കിയായാൽ കുഞ്ഞിനു വിശപ്പടങ്ങാൻ രണ്ടു സ്പൂൺ മതിയെന്നു മനസ്സിലാക്കാം. കുഞ്ഞു വളരും തോറും വിശപ്പും കൂടും. അപ്പോൾ അളവും കൂട്ടാം.

ഒരു വയസ്സുള്ള കുഞ്ഞുങ്ങൾക്ക് പ്രതിദിനം 1000 കാലറി വേണം. ഒന്നു മുതൽ മൂന്ന് വയസ്സു വരെ ദിവസവും 1500– 2000 കാലറി നൽകണം. ഒരു ഗ്രാം – ഒന്നര ഗ്രാം /കിലോ അളവിൽ പ്രോട്ടീനും ഉള്ളിലെത്തണം. രണ്ടു വയസ്സു വരെയെങ്കിലും മുലപ്പാൽ നൽകണം. മൂന്നു പ്രധാന ആഹാരവും രണ്ട് ലഘുഭക്ഷണവും എന്ന കണക്കിൽ വേണം മൂന്നു വയസ്സു വരെയുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ.

വളർച്ചയുടെ കാര്യത്തിൽ പ്രധാന ഘടകമല്ലേ നാഴികക്കല്ലുകൾ?

ജനനം മുതലുള്ള എല്ലാ നാഴികക്കല്ലുകളും കൃത്യമായി സംഭവിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഇവ ഓർത്തിരിക്കാൻ രണ്ടു മാസം കണക്ക് മനസ്സിൽ സൂക്ഷിച്ചാൽ മതി. രണ്ടു മാസമാകുമ്പോൾ കു‍ഞ്ഞ് മുഖത്ത് നോക്കി ചിരിക്കും. നാലു മാസമാകുമ്പോൾ കഴുത്തുറയ്ക്കും ആറു മാസമാകുമ്പോൾ പിടിച്ചിരിക്കും എട്ടു മാസത്തിൽ പിടിക്കാതെ ഇരിക്കും, പത്തു മാസത്തിൽ പിടിച്ചു നിൽക്കും, പന്ത്രണ്ട് മാസമാകുമ്പോൾ പിടിക്കാതെ നിൽക്കും. ഒന്നേകാൽ വയസ്സാകുമ്പോൾ ചുവടു വച്ചു തുടങ്ങും. ഒന്നര വയസ്സിൽ കുഞ്ഞ് തനിയെ നടക്കും.

നാഴികക്കല്ലുകൾ എത്തുന്നതിൽ ചില ഏറ്റക്കുറച്ചിലുകൾ വരാം. ഓരോ പ്രായത്തിലും ചെയ്യേണ്ട 75 ശതമാനം കാര്യങ്ങളെങ്കിലും കുഞ്ഞ് ചെയ്യുന്നുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. ഇവയോടൊപ്പം കുഞ്ഞിന്റെ കാഴ്ചയും കേൾവിയും പരിശോധിക്കണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ശോഭ കുമാർ

പ്രഫസർ ഓഫ് പീഡിയാട്രിക്സ്

ശ്രീ അവിട്ടം തിരുന്നാൾ ആശുപത്രി

മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Spotlight