പ്രതിരോധശേഷിയുള്ള കുട്ടികളെയും യുവാക്കളെയും കൊറോണ വൈറസ് അത്ര പെട്ടെന്ന് പിടികൂടില്ലെന്ന് കരുതാം. പക്ഷെ, പ്രായമായതുകൊണ്ടുള്ള അവശതയില്‍ കഴിയുന്ന നമ്മുടെ മുത്തച്ഛന്‍മാരെയും മുത്തശ്ശിമാരെയും കൊറോണ പെട്ടെന്ന് കീഴ്‌പ്പെടുത്തിക്കളയും.. ഇവരെ കോവിഡില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ ഇത്തിരി ശ്രദ്ധ കൂടുതല്‍ കൊടുക്കണം. ഉപേക്ഷ കാണിക്കാതെ കൃത്യസമയത്ത് ഇടപെട്ടാല്‍ മതി... കോവിഡ് വരാതിരിക്കാന്‍ വീട്ടിലെ മുതിര്‍ന്നഅംഗങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ചിലത്:

ഉള്ള ആരോഗ്യം പോറല്‍ പറ്റാതെ കാത്തു സൂക്ഷിക്കുകയും മെച്ചപ്പെടുത്തുകയുമാണ് ആദ്യം വേണ്ടത്. ആന്റീ ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ഇലക്കറികള്‍ കൂടുതലായി നല്‍കുക. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ക്കു കഴിയും. മുട്ടയും മാംസവും മത്സ്യവും നല്ലപോലെ പാകം ചെയ്തു മാത്രം അവര്‍ക്കു കൊടുക്കുക. കുറച്ചുകാലത്തേക്കെങ്കിലും ഇത്തരം ഭക്ഷണങ്ങളോട് നോ പറയാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. പുറത്തു നിന്നുള്ള ഭക്ഷണം വേണ്ടേ വേണ്ട. അതുപോലെ ധാരാളം വെള്ളം (ചുരുങ്ങിയത് എട്ട് ഗ്ലാസ് ) നിര്‍ബന്ധമായും കുടിച്ചിരിക്കണം. വേണ്ടത്ര ജലാംശമില്ലെങ്കില്‍ ശരീരത്തിന് കൂടുതല്‍ ക്ഷീണം തോന്നും. ഫ്രൂട്ട് ജ്യൂസുകളോ സംഭാരമോ നാരങ്ങാവെള്ളമോ ഇടയ്ക്ക് മാറിമാറി കുടിക്കാം. നിര്‍ജലീകരണവും ഉണ്ടാവില്ല.

വീട്ടിനകത്തു തന്നെ ചെയ്യാവുന്ന ആയാസം കുറഞ്ഞ വ്യായാമങ്ങള്‍ ശീലമാക്കാന്‍ ഇതാണ് നല്ല സമയം. വെറുതെ കുറച്ചു നേരം വീടിനകത്തു നടന്നാല്‍ പോലും ശരീരം ഉഷാറാകും. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇത് തുടര്‍ന്നാലേ നല്ല ഫലം കിട്ടൂ. പുകയില പോലുളള ലഹരിവസ്തുക്കള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്നതുകൊണ്ട് പുകവലിയും മദ്യപാനവും നിര്‍ത്താന്‍ പറയാം. ആരോഗ്യത്തിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ദിവസേന വൃത്തിയായി കുളിച്ച് വസ്ത്രങ്ങള്‍ മാറ്റാം. കൈകള്‍ ഇടയ്ക്കിടെ സമയമെടുത്ത് സോപ്പിട്ടു കഴുകാനും അവരെ ഓര്‍മിപ്പിക്കുക.

പ്രതിരോധശേഷി കൂട്ടാനായി ഇന്ദുകാന്തം (സിറപ്പ്, ടാബ്ലെറ്റ്, കഷായം എന്നീ രൂപങ്ങളില്‍ കിട്ടും. സിറപ്പ് ആണ് വയസ്സായവര്‍ക്ക് കൂടുതല്‍ നല്ലത്), സി ഗ്രാന്യൂള്‍സ്, ഗോരോചനാദി ഗുളിക പോലുള്ള മരുന്നുകളിലേതെങ്കിലും ഒരു ആയുര്‍വേദ ഫിസിഷ്യന്റെ ഉപദേശമനുസരിച്ച് കഴിക്കുന്നത് നല്ലതാണ്.

വീട്ടില്‍ ആര്‍ക്കെങ്കിലും പനിയോ ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് മുതിര്‍ന്നവരെ പോകാന്‍ അനുവദിക്കരുത്. കഴിയുന്നതും അവരില്‍ നിന്ന് അകറ്റി നിര്‍ത്തുക. അവരുപയോഗിച്ച പ്ലേറ്റ്, ഗ്ലാസ്, ടവല്‍ തുടങ്ങിയവ തൊടാതെ നോക്കുക. പറ്റുമെങ്കില്‍ മുതിര്‍ന്നവര്‍ക്ക് പ്രത്യേകമായി മറ്റൊരു മുറിയും അവര്‍ക്കു മാത്രം ഉപയോഗിക്കാനായി പ്ലേറ്റും ഗ്ലാസും ടവലുകളും നല്‍കുക. അതുപോലെ കുടുംബാംഗങ്ങളിലാരെങ്കിലും കടയിലോ മറ്റോ പോയിട്ട് തിരിച്ചെത്തിയാല്‍ കുളിച്ചതിനു ശേഷം മാത്രം ഇവരുമായി ഇടപെടുക.

ചെറിയൊരു മൂക്കൊലിപ്പല്ലേ ഉള്ളൂ എന്ന് കരുതി അവഗണിക്കരുത്. പക്ഷെ പിന്നീടത് പനിയിലേക്കും ന്യൂമോണിയയിലേക്കും സെപ്റ്റിക് ഷോക്, സെപ്റ്റീമിയ തുടങ്ങിയ അപകടകരമായ അവസ്ഥകളിലേക്കും കടക്കാനും മുതിര്‍ന്നവരില്‍ അധികനേരം വേണ്ടിവരില്ല. ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. അതുകൊണ്ട് ചെറിയ ജലദോഷമാണെങ്കില്‍ പോലും അവഗണിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കണം. അതിനായി വലിയ ആശുപത്രികളിലൊന്നും അവരെ കൊണ്ടുപോകണമെന്നില്ല. അത് കൂടുതല്‍ അപകടം വിളിച്ചു വരുത്തുകയേ ഉള്ളൂ. സ്ഥിരമായി കാണാറുള്ള കുടുംബ ഡോക്ടറോട് കാര്യം പറയുക. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് പറയുന്നിടത്ത് നിന്നു മാത്രം പരിശോധനകള്‍ നടത്തുക.

ജീവിതശൈലി രോഗങ്ങളായ പ്രമേഹവും രക്തസമ്മര്‍ദ്ദവും നേരത്തേ ഉളളവര്‍ സാധാരണ പ്രായമേറിയവരെക്കാള്‍ അവശരായിരിക്കും. വൈദ്യപരിശോധനകള്‍ നടത്തി ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പാക്കിയിരിക്കണം. ശ്വാസം മുട്ടലോ അര്‍ബുദമോ പോലുള്ള അസുഖങ്ങളുള്ളവരും മരുന്നുകള്‍ മുടങ്ങാതെ കഴിക്കട്ടെ. കിടപ്പുരോഗികളുമായി ഇടപഴകുന്നവര്‍ പനിയും ചുമയുമൊന്നുമുള്ളവരാകരുത്. ഇടപഴകുന്നവര്‍ കുളിച്ച് വൃത്തിയായ ശേഷമേ അവരെ സ്പര്‍ശിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാവൂ.

കോവിഡ് കാലം തീര്‍ന്നാലും അല്‍പകാലത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും മരണാനന്തരചടങ്ങുകളും വിശേഷാവസരങ്ങളും വെട്ടിക്കുറച്ചോളൂ. ട്രെയിനുകളിലും ബസുകളിലുമുള്ള യാത്രകള്‍ക്ക് മൂന്നുനാലു മാസം കഴിഞ്ഞു മാത്രം അവരെക്കൂട്ടിയാല്‍ മതി.

കൊച്ചുമക്കള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കാനും കുസൃതികള്‍ക്കു കൂട്ടുനില്‍ക്കാനും കുറച്ചുകാലം കൂടി നമുക്കൊപ്പം അവര്‍ സന്തോഷത്തോടെയുണ്ടാവട്ടെ...