അൻപതാം വയസ്സിൽ നീന്തൽ പഠിക്കാനെത്തിയ സ്ത്രീയെ കണ്ട് നീന്തൽ ക്ലാസിലെ കുട്ടികളുടെ മുഖത്ത് കൗതുകം. കുറഞ്ഞ കാലമേ വേണ്ടി വന്നുള്ളൂ. പതിനാറ് വയസ്സിന്റെ ഊർജത്തോടെ അതേ സ്ത്രീ നീന്തൽക്കുളം കീഴടക്കുന്നത് അവർ കണ്ടു. വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ തകർന്ന ശരീരവുമായി പുനർജന്മത്തിലേക്ക് നീന്തിയെത്തിയ ആ വനിതയുടെ അതിജീവനകഥ കൂടി കേട്ടതോടെ ഡോ. ജയലക്ഷ്മി എന്ന പേര് വിസ്മയമായി അവരുടെ മനസ്സിൽ പതിഞ്ഞു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് േഡാ. എസ്. ജയലക്ഷ്മിയെ കാണുമ്പോഴെല്ലാം മുഖത്ത് ശുഭാപ്തി വിശ്വാസത്തിന്റെ പുഞ്ചിരിയുണ്ടാകും. ജീവൻ കവർന്നെടുക്കാൻ ശ്രമിച്ച അപകടത്തെ തോൽപിച്ച് പുനർജന്മത്തിന്റെ കരയിലെത്തിയ അനുഭവം വിവരിക്കുമ്പോഴും തെളിയുന്നത് അതേ ശുഭാപ്തി വിശ്വാസം.
പുതിയ ജന്മത്തിന് പതിനേഴ് വയസ്സ്
‘അച്ഛൻ ഓർമയായ കണ്ണീർദിനം. ഒപ്പം എന്റെ രണ്ടാം ജന്മത്തിലെ പിറന്നാൾ ദിനവും.’ ജൂലൈ 19 എന്ന തീയതിയെ ഡോ. എസ്. ജയലക്ഷ്മി മനസ്സിലെ കലണ്ടറിൽ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
‘‘2003 ജൂലൈ 19. അച്ഛൻ കെ. ആർ. കെ. നായർ ഓർമയിലേക്ക് മറഞ്ഞിട്ട് ഒരു വർഷം. ആണ്ട് ബലി ദിവസമായ അന്ന് തിരുവനന്തപുരത്തെ സഹോദരന്റെ വീട്ടിലേക്ക് കാറിൽ േപാകുകയാണ് ഞങ്ങൾ. ഭർത്താവ് േഡാ. എസ്. ജയചന്ദ്രൻ ആ ണ് കാർ ഓടിച്ചിരുന്നത്. മകൻ കാർത്തിക്കും ഒപ്പമുണ്ട്. അമ്മയും സഹോദരിയുടെ കുടുംബവും മറ്റൊരു വാഹനത്തിൽ പിന്നിലായുണ്ട്.
കൊല്ലം കടപ്പാക്കടയിലെത്തിയപ്പോൾ കെഎസ്ആർടിസി ബസ് ഇടത് വശത്ത് നിന്ന് കാറിലിടിച്ചു. കാതടപ്പിക്കുന്ന ശബ്ദം കേട്ടത് മാത്രമേ ഓർമയുള്ളൂ. അപകടമുണ്ടായപ്പോൾത്തന്നെ എനിക്ക് േബാധം നഷ്ടപ്പെട്ടു. ഭർത്താവിനും മകനും വലിയ പരുക്കുകളൊന്നും പറ്റിയില്ല. പിന്നാലെ തന്നെ സഹോദരിയും കുടുംബവുമുണ്ടായിരുന്നത് തുണയായി. എല്ലാവരും കൂടെ എന്നെ അടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു. പിന്നീട് കൊല്ലത്ത് തന്നെയുള്ള വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. പ്രാഥമികപരിചരണം നൽകിയ ശേഷം ഞാനും ഭർത്താവും േജാലി െചയ്യുന്ന കോട്ടയത്തെ ആശുപത്രിയിലേക്കെത്തിച്ചു.
സർജറിയെല്ലാം അവിടെയാണ് ചെയ്തത്. ഘട്ടം ഘട്ടമായാണ് സർജറികളെല്ലാം ചെയ്തത്. ആദ്യം വയറ് തുറന്ന് ആന്തരികായവങ്ങളുടെ സർജറി. രണ്ട് ദിവസം കഴിഞ്ഞ് ഒടിവുകൾക്ക് വേണ്ട സർജറി.
അഞ്ച് ദിവസത്തിന് ശേഷം ബോധം വന്നപ്പോൾ െഎസിയുവിലാണ് ഞാൻ. ചെസ്റ്റിൽ ട്യൂബ്, വയറിൽ രണ്ട് വശത്തും ട്യൂബ്, രണ്ട് കയ്യും കാലും അനക്കാൻ പറ്റുന്നില്ല. എല്ലുകളെല്ലാം ഫിക്സ് ചെയ്തിട്ടുണ്ട്.
ആ സമയത്ത് എന്റെ ചീഫ് ആയിരുന്ന ഡോക്ടർ ജയ്പാൽ ജോൺസൺ ആണ് പറഞ്ഞു തന്നത്. ‘അപകടശേഷം ജയലക്ഷ്മി വെന്റിലേറ്ററിലായിരുന്നു. രണ്ട് കൈ, രണ്ട് കാൽ, വാരിയെല്ല് ഉൾപ്പെടെ 28 ഒടിവുണ്ട് ശരീരത്തിൽ. വാരിയെല്ല് ഓരോന്നും രണ്ട് മൂന്ന് ഭാഗമായി ഒടിഞ്ഞു. ആന്തരികായവങ്ങൾക്കും തകരാറുണ്ടായി.
സ്പ്ലീൻ, ഇടത് വശത്തെ കിഡ്നി ഇവ നീക്കം ചെയ്യേണ്ടി വന്നു. പാൻക്രിയാസ്, ലിവർ ഇവയ്ക്കൊക്കെ പരുക്കേറ്റു. തലയ്ക്കും സ്പൈനൽ കോഡിനും പരുക്കൊന്നുമില്ല. അത് വലിയ ഭാഗ്യമാണ്. ഇത്ര വലിയ അപകടത്തെ ജയിക്കാൻ കഴിഞ്ഞല്ലോ.’ മനസ്സിനെ ആശ്വസിപ്പിക്കുന്ന രീതിയിലാണ് ഡോക്ടർ എന്റെ അവസ്ഥ വിശദമാക്കിയത്. എനിക്ക് ഇത്രയും പരുക്കുണ്ടല്ലോ എന്ന അറിവ് ഷോക്ക് ആയി തോന്നിയെന്നതാണ് സത്യം. ഡോക്ടർ ആയത് കൊണ്ടും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളെ കണ്ട അനുഭവമുള്ളതു കൊണ്ടും ഈ പരുക്കുകളെല്ലാം മറികടക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. രോഗിയുടെ ഭാഗത്ത് നിന്നുള്ള സഹകരണം പ്രധാനമാണെന്ന് നന്നായറിയുന്നത് കൊണ്ട് പരുക്കുകളെ അതിജീവിക്കാൻ എന്റെ മനസ്സ് സന്നദ്ധമായിരുന്നു.
ഹോസ്പിറ്റലിലെ സഹപ്രവർത്തകരും മെഡിക്കൽ കോളജിലെ അധ്യാപകരും സഹപാഠികളും വിഷമഘട്ടത്തിൽ താങ്ങായെത്തി. കോട്ടയം മെഡിക്കൽ കോളജിലെയും എറണാകുളത്തെയും കോയമ്പത്തൂരിലെയും സ്വകാര്യആശുപത്രികളിലെ സുഹൃത്തുക്കളായ ഡോക്ടർമാരും സർജറിയിൽ ഒപ്പം ചേർന്നിരുന്നു. തിരക്കിട്ട ജീവിതത്തിനിടെ വിലപ്പെട്ട സമയം എനിക്കു വേണ്ടി മാറ്റി വച്ച ഓരോരുത്തരോടും പറഞ്ഞ് തീർക്കാനാകാത്ത കടപ്പാടുണ്ട്. ഭർത്താവ് ഡോ. എസ്. ജയചന്ദ്രൻ കൺസൽറ്റന്റ് പ്ലാസ്റ്റിക് സർജനാണ്. അദ്ദേഹവും മകൻ കാർത്തിക്കും റിട്ടയേർഡ് കോളജ് പ്രഫസറായ അമ്മ സൗഭാഗ്യവതിയമ്മയും ധൈര്യം നൽകി ഒപ്പം തന്നെയുണ്ടായിരുന്നു.
പ്രസവമെടുക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ കയ്യിൽ രണ്ട് ജീവനാണ് സുരക്ഷിതമാകേണ്ടത്. അമ്മയുടേതും കുഞ്ഞിന്റേതും. എല്ലാത്തിനും അതീതമായ ശക്തിയിൽ വിശ്വസിക്കുന്നുണ്ട് ഞാൻ. അമ്മയുടെ പുഞ്ചിരിയായി ഓരോ കുഞ്ഞും എന്റെ കയ്യിലൂടെ ഈ ഭൂമിയിലേക്കെത്തുമ്പോഴെല്ലാം ആ ശക്തിയി ൽ വിശ്വാസം കൂടും. അപകടമുണ്ടായ സമയത്തെ പ്രതിസന്ധി കാലത്തും ദൈവവിശ്വാസമാണ് തുണയായത്. അടുപ്പമുള്ളവരെല്ലാം എനിക്ക് വേണ്ടി ദൈവത്തോട് അപേക്ഷിച്ചിരുന്നു. അമ്പലങ്ങളിലും പള്ളികളിലും പ്രിയപ്പെട്ടവർ നേർന്ന വഴിപാട് നടത്തി തീർക്കാൻ ആറ് മാസത്തോളമെടുത്തു.
സർജറിയെല്ലാം കഴിഞ്ഞ് വിശ്രമത്തിന്റെ നാളുകൾ തുടങ്ങിയപ്പോൾ മടുപ്പ് തോന്നിത്തുടങ്ങി. വെറുതെ വീട്ടിലിരിക്കാൻ തോന്നിയില്ല. പത്ത് ആഴ്ചത്തെ വിശ്രമത്തിനു ശേഷം ഞാൻ ഹോസ്പിറ്റലിൽ പോകാൻ തുടങ്ങി. തുടക്കത്തിൽ വാക്കർ ഉപയോഗിച്ചാണ് നടന്നത്. ആദ്യം ഇരുന്നുള്ള േജാലികൾ മാത്രം ചെയ്തു. സ്കാനിങ് ആണ് ആ സമയത്ത് ഞാൻ േനാക്കിയത്. പിന്നീട് സ്റ്റിക് ഉപയോഗിച്ചു നടക്കാൻ തുടങ്ങി. ഒരു വർഷമെടുത്തു ശരീരം നേരെ നിൽക്കാൻ. കുറച്ചു നാൾ കഴിഞ്ഞ് നട്ടെല്ലിന് ഒരു സർജറി കൂടി വേണ്ടി വന്നു.
നീന്തലിലൂടെ വീണ്ടെടുത്ത ആരോഗ്യം
പതിനേഴ് വർഷമാകുന്നു ആ അപകടം കഴിഞ്ഞിട്ട്. ശാരീരികമായ ബുദ്ധിമുട്ടുകളെ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുന്നതിന് വ്യായാമം ഏറെ സഹായിച്ചു. പ്രാണായാമവും ശീലിച്ചിരുന്നു. പ്രമേഹമുള്ളത് കൊണ്ട് വ്യായാമം കൂടിയേ തീരൂ എന്നതായി അവസ്ഥ. അപകടത്തിനു ശേഷം കാലുകൾക്ക് അൽപം നീള വ്യത്യാസമുണ്ടായി. അതുെകാണ്ട് ഓടുക പോലെയുള്ള ആയാസമുള്ള വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടാണ്. വെള്ളത്തിനടിയിൽ ഭാരം തോന്നാത്തത് കൊണ്ട് നീന്തൽ ആയാസരഹിതമായ വ്യായാമമാണ്. അങ്ങനെയാണ് ഒന്നര വർഷം മുൻപ് ഞാൻ നീന്തൽ പരിശീലിക്കാൻ തീരുമാനിച്ചത്.
ഭർത്താവിന് നീന്തൽ അറിയാം. മകനും ചെറുപ്പത്തിലേ പഠിച്ചതാണ്. കുടുംബാംഗങ്ങളുടെ പ്രോത്സാഹനം കൂടിയായതോടെ ഞാനും പരിശീലനം തുടങ്ങി. പാലായിലെ സെന്റ് തോമസ് കോളജിലെ നീന്തൽക്കുളത്തിലായിരുന്നു ആദ്യം പരിശീലനം. പിന്നീട് കോട്ടയം കെജിഎസ് ക്ലബിലെ നീന്തൽക്കുളത്തിലെത്തി.
തുടക്കത്തിൽ നീന്തൽ പഠിക്കാൻ നല്ല പ്രയാസം തോന്നി. കുറച്ചുനാളുകൾക്കുള്ളിൽ നീന്തൽ മെച്ചപ്പെട്ടു. കൃത്യമായ ടെക്നിക് മനസ്സിലാക്കിയാൽ അനായാസം നീന്താം. നീന്തുമ്പോൾ ശരീരത്തിലെ എല്ലാ മസിലുകൾക്കും വ്യായാമത്തിന്റെ ഗുണം ലഭിക്കും. സന്ധികൾക്ക് വേദനയോ പ്രശ്നങ്ങളോ ഉണ്ടാകുകയുമില്ല. ഇപ്പോൾ ഒട്ടും ബുദ്ധിമുട്ടില്ലാതെ നീന്താൻ കഴിയും. 45 മിനിറ്റ് സ്വിമ്മിങ് ചെയ്താൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഊർജം ലഭിക്കും. ഉന്മേഷത്തോടെ ജോലി ചെയ്യാം. അതാണ് നീന്തലിന്റെ ഗുണം.
ഗൈനക്കോളജി ഒപിയിൽ എത്തുന്ന നാൽപതിൽ പത്ത് പേർക്കും പിസിഒഡിയുള്ളതായാണ് കണ്ടിട്ടുള്ളത്. ആർത്തവവിരാമം വരെയുള്ള ഏത് കാലത്തും പിസിഒഡി വരാം. ഈ അവസ്ഥയ്ക്ക് ഏറ്റവും നല്ല വ്യായാമമാണ് സ്വിമ്മിങ്. പിസിഒഡി ഉള്ളവരോട് കഴിയുമെങ്കിൽ ചികിത്സയ്ക്കൊപ്പം വ്യായാമമായി നീന്തൽ പരിശീലിക്കണമെന്ന് നിർദേശിക്കാറുണ്ട്.
കോവിഡിനെ പ്രതിരോധിക്കാൻ നീന്തൽക്കുളങ്ങൾ അടച്ചിട്ടതോടെ നീന്തൽ മുടങ്ങി. എല്ലാം സാധാരണ നിലയിലെത്താൻ കാത്തിരിക്കുകയാണ് ഞാൻ. നീന്തിത്തുടിക്കുന്ന ആ നിമിഷങ്ങളിലെ ലോകം തിരികെ കിട്ടാൻ...’’