Wednesday 23 October 2019 05:29 PM IST

മനസ്സു പറയും കാർ ഓടും, ഡ്രൈവർ ഉറങ്ങിപ്പോയാൽ അവിടെ നിൽക്കും, മൊബൈൽ ആപ്പിലൂടെ ആളില്ലാ ഡ്രൈവിങ്ങും പാർക്കിങ്ങും!

Binsha Muhammed

jeffin

മോഡിഫൈ ചെയ്ത ബൈക്കും ഓൾട്ടർ ചെയ്ത കാറും ചെയ്ത് നിരത്തിലേക്കിറങ്ങിയ എഞ്ചിനീയറിംഗ് പിള്ളാരെ ആദ്യം പലർക്കും പുച്ഛമായിരുന്നു. ‘ഇവൻമാർക്കിത് മാത്രേ ഒള്ളോ പണി എന്ന് കുറ്റംപറഞ്ഞവരും ഉപദേശ കമ്മിറ്റിക്കാരും വരെയുണ്ട്. ചങ്കിൽ കൊണ്ടു നടന്ന ‘വണ്ടിപ്രാന്ത്’ ആ ആറ് ഓട്ടോ മൊബൈൽ എഞ്ചിനീയർമാർ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നതാണ് പിന്നെ കണ്ടത്. ‘ഓരോന്നിനും അതിന്റേതായ സമയമുണ്ടെ’ന്ന് തിരിച്ചറിഞ്ഞതും ക്ലാവു പിടിക്കാത്ത തലച്ചോറിൽ ബൾബ് മിന്നിയതും ഒരുമിച്ച്. പഠിച്ചിറങ്ങി പാട്ടുംപാടി നടക്കുന്ന സപ്ലിപ്പിള്ളേരുടെ കാലത്ത് രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ആറുപേർ അങ്ങനെ കളത്തിലിറങ്ങി.

ഡ്രൈവറില്ലാക്കാർ ഗൂഗിളുകാരൻ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന സമയം. മലയാളിയുടെ സങ്കൽപ്പത്തിലെന്നല്ല സ്വപ്നത്തിൽ പോലും അത്തനെയൊരു അത്ഭുതം ഇല്ലാത്ത നേരം. അവർ ആ വിസ്മയം ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി. എഞ്ചിനു പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാക്കാർ! ദീർഘനിശ്വാസം അൽപം ബാക്കിവച്ചേക്കണം, കഥ തീർന്നിട്ടില്ല, തലച്ചോർ തീരുമാനിക്കും വിധം വേഗവും നിയന്ത്രണവും വളവും തിരിവുമൊക്കെയായി അവർ ആ വണ്ടിയെ ‘പൊളിച്ചടുക്കി’ ദേ മുന്നിലേക്കിട്ടു തന്നിരിക്കുന്നു. സംഭവം സോഷ്യൽ മീഡിയ കണ്ട് വിജൃംഭിച്ചിരിക്കേ ആ ആറുപേരിലൊരാൾ ‘വനിത ഓൺലൈനിനോട്’ സംസാരിക്കുകയാണ്. ഹൈ മോട്ടീവ് കമ്പനിയുടെ അമരക്കാരിൽ ഒരാളായ ബിടെക്കുകാരൻ, ജെഫിൻ ഫ്രാൻസിസ് ചക്കാലയ്ക്കൽ! തലച്ചോറിൽ സ്വിച്ചിട്ട് നിരത്തിൽ പായുന്ന കാറൊരുക്കിയ കഥയിലേക്ക് റിവേഴ്സ് ഗിയറിടുകയാണ് ഈ ബുദ്ധിരാക്ഷസൻ.

സ്വപ്നമൊരു ചാക്ക്

ഞങ്ങൾ ആറു പേർ. ജെഫിൻ, ജസ്വന്ത് മാത്യു, അലൻ ജോൺസ് ഊക്കൻ, അനുപമ ജോൺസൺ, അബി ബിജു, ആനന്ദ് കൃഷ്ണൻ. അത്യാവശ്യം വണ്ടിപ്രാന്തൊക്കെ ഉള്ളതു കൊണ്ടാണ്, വണ്ടി മോഡിഫിക്കേഷനിലേക്ക് തിരിഞ്ഞത്. പഠനകാലത്തെ അതെല്ലാം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇന്നീ കാണുന്ന കലാപരിപാടികളിലേക്കുള്ള തുടക്കം മാത്രമായിരുന്നു അത്. –ജെഫിന്റെ വാക്കുകൾക്ക് കിക്ക് സ്റ്റാർട്ട്!

jeffin-5

സങ്കൽപ്പങ്ങളെ സങ്കൽപ്പങ്ങളായി കാണാതെ അത് നടപ്പിൽ വരുത്താനുള്ള ആത്മവിശ്വാസം കിട്ടിയത് പഠനകാലത്ത്. ആശയം പലരോടും പറഞ്ഞപ്പോള്‍ ഞങ്ങളെ ആവേശ കുമാരൻമാരാക്കിയവരൊക്കെ ഉണ്ട് കേട്ടോ. പക്ഷേ ഞങ്ങളാ സ്വപ്നത്തെ ഉടുമ്പു പിടിക്കും പോലെ പിടിച്ചു. ഗൂഗിളും റോൾസ് റോയ്സും ബിഎംഡബ്ല്യൂവും പണിപ്പുരയിലേക്ക് കയറ്റിയ ഡ്രൈവറില്ലാ കാർ ഞങ്ങളെക്കൊണ്ടും സാധിപ്പിച്ചു കൊടുക്കാൻ പറ്റുമെന്നുറപ്പിച്ച് കളത്തിലേക്കിറങ്ങി. അതിന്റെ ആദ്യ പടിയായിരുന്നു ഹൈമോട്ടീവ് എന്ന ഞങ്ങളുടെ കമ്പനി.

ഡ്രൈവർ പിന്നിലിരിക്കട്ടെ!

പുതുമയും പരീക്ഷണങ്ങളും നേരിട്ട് കണ്ടാലേ മലയാളിക്ക് ദഹിക്കൂ. ഇനി 10 വർഷം കഴിഞ്ഞാലും ഇത്തരം ടെക്നോളജികൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും. ഓട്ടോ മൊബൈൽ രംഗത്തെ പൊടിപിടിച്ച പഴയ ധാരണകൾ തിരുത്തിക്കൊണ്ടായിരുന്നു ഞങ്ങളുടെ വരവ്. എഞ്ചിനു പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിന്റെ പണിപ്പുരയിലേക്ക് ഞങ്ങളുടെ സംഘം കയറി.

jeffin-1

കാറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഡിജിറ്റൽ പാനലിലൂടെ കാറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രീതിയിലായിരുന്നു നിർമാണം. അതിനു തെരഞ്ഞെടുത്തതാകട്ടെ പഴയ പടക്കുതിര മാരുതി 800! കാർ സ്റ്റാർട്ട് ആകാൻ താക്കോൽ മാറ്റി നിർത്തി പകരം ഫിംഗർ സെൻസറിങ് കൊണ്ടു വന്നു. എല്ലാ കാറിലേയും പോലെ ബ്രേക്കും ക്ലച്ചും ആക്സിലറേറ്ററും ഞങ്ങളുടെ കാറിലുമുണ്ടായിരുന്നു. പക്ഷേ അതിനൊപ്പം ഇജ്ജാതി സംഗതികൾ നിയന്ത്രിക്കാൻ ടെക്നോളജിയുടെ സഹായം തേടി. ഉദാഹരണത്തിന് കാറിന്റെ വേഗത കൂടാൻ ഡിജിറ്റൽ പാനലിൽ ക്രൂയിസ് കണ്ട്രോൾ എന്നൊരു ഓപ്ഷൻ ഉണ്ടാകും. പല ഡ്രൈവർമാരും ബുദ്ധിമുട്ടുന്ന പാർക്കിംഗിനും ഉണ്ടായിരുന്നു ടെക്നോളിജിയിലൂടെ മറുപടി. കൃത്യമായ സ്പേസ് കണ്ടെത്തി, പ്രതിബന്ധങ്ങളെ തിരിച്ചറിയും വിധം പാർക്കിങ് നിയന്ത്രിക്കുന്ന പാർക്കിങ് അസിസ്റ്റൻസിസ് മോഡ് മറ്റൊരു ഓപ്ഷൻ. റിവേഴ്സ് ഗിയറിടാൻ ഗിയർ ലിവറുമായി ഗുസ്തി പിടിക്കേണ്ട, റിവേഴ്സ് ഗിയറിനുമുണ്ട് മറ്റൊരു ഓപ്ഷൻ. പിടിച്ചാൽ പിടിച്ചിടത്തു നിൽക്കുന്ന ബ്രേക്കിംഗ് സിസ്റ്റവും ഡിജിറ്റൽ പാനലിലുണ്ടാകും അതു കൊണ്ട് ആ പേടി വേണ്ട. പുതിയ കാറുകളിലെ ഓട്ടോമോറ്റിക് ഗിയറിന് സമാനമായ പ്രവർത്തനമാണ് ഞങ്ങളുടെ ഡിജിറ്റൽ പാനലിലുമുള്ളത്.

ഇപ്പറഞ്ഞതെല്ലാം ഡ്രൈവർ തന്നെ നിയന്ത്രിക്കും വിധം കാറിലുണ്ടാകും. അതേസമയം സമയം തന്നെ മൊബൈൽ ആപ്ലിക്കേഷൻ വഴി കാറിന്റെ എ ടു ഇസഡ് നിയന്ത്രണം ഏറ്റെടുക്കുന്നതാണ് നെക്സ്റ്റ് ലെവൽ ഓഫ് എക്സ്പെരിമെന്റ്. നിങ്ങളുടെ കയ്യിലുള്ള മൊബൈൽ ഫോൺ വഴി കാർ സ്റ്റാർട്ട് ചെയ്യാം, റിവേഴ്സ് ഗിയറിടാം, ബ്രേക്ക് ചവിട്ടാം...എന്നു വേണ്ട ഡ്രൈവർ ചെയ്യുന്ന പണിയെല്ലാം നിങ്ങളുടെ വിരൽത്തുമ്പിലൂടെ ചെയ്യാം. നോട്ട് ദ് പോയിന്റ് ഇജ്ജാതി പണികൾക്ക് നിങ്ങൾക്ക് കാറിൽ കയറണമെന്നില്ല. എല്ലാം ടെക്നോളജി നിയന്ത്രിക്കും. ഡ്രൈവറില്ലാതെ റിമോട്ടിങ് സംവിധാനത്തിലൂടെ കാർ നിരത്തിലോടും എന്ന് ചുരുക്കം.

jeffin-3

തലച്ചോർ പറയും കാർ കേൾക്കും

മനസു പറയുന്നത് കാർ അനുസരിച്ചാൽ എങ്ങനെയിരിക്കും. ഞങ്ങളുടെ ടീമിന്റെ അടുത്ത കടമ്പ അതായിരുന്നു. പരീക്ഷണം അതേ, മാരുതി 800ൽ! ആശുപത്രിയിൽ തലച്ചോറിലെ തരംഗങ്ങൾ അളക്കുന്ന ഇഇജി (ഇലക്ട്രോ എൻസഫലോ ഗ്രാം) എന്ന ടെക്നോളജിയാണ് ഇവിടെ അപ്ലൈ ചെയ്തത്. ഒരു ഡ്രൈവർ തങ്ങളുടെ സ്വയം നിയന്ത്രിത കാറിന് നൽകാൻ സാധ്യതയുള്ള നിർദ്ദേശങ്ങൾ കമ്പ്യൂട്ടറിനെ പറഞ്ഞ് പഠിപ്പിക്കും. വേണ്ട സമയത്ത് അത് നടപ്പിലാക്കും. ഡ്രൈവിങ് സീറ്റിലേക്ക് കയറും മുമ്പ് ഇഇജി ഘടിപ്പിച്ച ഒരു ഹെഡ്സെറ്റ് തലയിൽ ഘടിപ്പിക്കുക. ബാക്കി കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഹെഡ്സെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറായിരിക്കും. ഉദാഹരണത്തിന് ബ്രേക്ക് ചവിട്ടണമെന്ന് മനസിൽ ആലോചിച്ച് അത് തലച്ചോറിലേക്ക് പായുമ്പോഴേക്കും കാർ ആ നിർദ്ദേശം അനുസരിക്കും. വണ്ടിയുടെ വേഗം കൂട്ടാൻ ഒന്നു മനസിൽ തോന്നേണ്ട താമസം സെൻസർ അതു തിരിച്ചറിഞ്ഞ് നടപ്പിലാക്കും. പാർക്കിങ് ചെയ്യേണ്ട സമയം വണ്ടി സ്ലോ ഡൗൺ ചെയ്താൽ മതി. നിങ്ങളുടെ കമാൻഡ് സെൻസർ തിരിച്ചറിയും. ഡ്രൈവിങ്ങിൽ നിങ്ങൾ ഉറങ്ങുകയോ മറ്റോ ചെയ്താൽ വണ്ടി ഓട്ടോമാറ്റിക് ആയി ഓഫാകും അതാണ് സിസ്റ്റം.

നാല് ലക്ഷം രൂപ ചെലവിലാണ് ഞങ്ങൾ ഈ മോഡിഫിക്കേഷൻ എല്ലാം ചെയ്തിരിക്കുന്നത്. സെൻസറിനു മാത്രം 120,000 രൂപയോളം ചെലവായി. പ്രവർത്തന ശേഷി കുറഞ്ഞ ഒരു സെൻസർ മാത്രമാണ് നിലവിൽ ഉപയോഗിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഒത്തിണങ്ങിയ പുതിയ സെൻസറുകൾ വലിയ വിലകൊടുത്ത് സ്വന്തമാക്കുന്ന പക്ഷം ഇതിലും മികച്ച വിസ്മയം ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കും ഉറപ്പ്.

jeffin-4

പണിപ്പുരയിലൊരുങ്ങുന്നു സ്വപ്നം

പരീക്ഷണ ഘട്ടം കഴിഞ്ഞു സാധാരണക്കാരിലേക്ക് ഈ സാങ്കേതിക വിദ്യ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൊമേഴ്സ്യൽ ലെവലിൽ ഈ ടെക്നോളജി എത്തിക്കാനുള്ള പണിപ്പുരയിലാണ് ഞങ്ങൾ. പെട്രോളിനു പകരം ഹൈഡ്രജനിലൂടെ പ്രവർത്തിക്കുന്ന കാറുകൾ നിരത്തിലിറക്കുക എന്നതാണ് മറ്റൊരു പരീക്ഷണം. യുഎസ് കമ്പനിയായ ഹിമോണികുമായി ചേർന്നാണ് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്. പെട്രോളിന് റോക്കറ്റ് പോലെ വില കുതിച്ചുയരുന്ന കാലത്ത് ഇലക്ട്രിക് കാറുകൾ എന്ന ആശയവും മനസിലുണ്ട്. ഇലക്ട്രിക് ചാർജ്, ഹൈബ്രിഡ് എഞ്ചിൻ മോട്ടോർ എന്നിങ്ങനെ രണ്ടു തരത്തിലുള്ള കാറുകളും നിർമ്മിച്ചു വരികയാണ്. ഹൈ മോട്ടീവ് എംഡി ഐപ്പ് കോശിയാണ് എല്ലാ ഫിനാ‍ൻഷ്യല്‍ സപ്പോർട്ടും തന്ന് ഞങ്ങൾക്കൊപ്പം ഉള്ളത്. എല്ലാം സാധ്യമായിക്കഴിഞ്ഞാല്‍ അടുത്ത കടമ്പ ഒരു അംഗീകൃത ഏജൻസിയുടെ സർട്ടിഫിക്കേഷനാണ്ണ്. പബ്ലിക്കിന് ഇത്തരം കാറുകൾ ഉപയോഗിക്കാമെന്നും, യാതൊരു വിധ സുരക്ഷാ പ്രശ്നങ്ങളും ഇല്ലാ എന്നുള്ള അനുമതി. ഇത്രയും നേടിയില്ലേ. അതും നേടും. ഞങ്ങളുടെ ഈ സ്വപ്നസാക്ഷാത്കാരം ലോകം അറിയും ഉറപ്പ്– ജെഫിൻ പറഞ്ഞു നിർത്തി.

Tags:
  • Inspirational Story